Tuesday 06 August 2019 04:22 PM IST

നിവർന്ന് നിൽക്കാന്‍ നൃത്തം ചെയ്തവൾ! സ്കോലിയോസിസ് രോഗത്തെ ഉൾക്കരുത്താൽ അതിജീവിച്ച ഭവ്യയുടെ കഥ

Nithin Joseph

Sub Editor

bhavya-dancer5556 ഫോട്ടോ: അജിത് കൃഷ്ണൻ പ്രയാഗ്

കാലുറയ്ക്കുന്ന കാലം മുതൽ നൃത്തമാണ് ഭവ്യയ്ക്ക് എല്ലാം. സ്വന്തം പേരിനൊപ്പം ‘കലാമണ്ഡലം’ എന്നു കൂടി ചേർക്കണം, അതായിരുന്നു ജീവിതത്തിലെ ഏറ്റവും  വലിയ ലക്ഷ്യം. സ്കൂൾതലം മുതൽ മോഹിനിയാട്ടത്തിലും ഭരതനാട്യത്തിലുമെല്ലാം സമ്മാനങ്ങൾ വാരിക്കൂട്ടിയ നർത്തകി, സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്പ് നേടിയ നൃത്ത അധ്യാപിക, ലക്ഷ്യങ്ങളെല്ലാം വിരൽത്തുമ്പിലെത്തിയപ്പോഴാണ് വിധി ഒരു വിലങ്ങുമായി വന്നത്. സ്കോലിയോസിസ് രോഗത്തിന്റെ രൂപത്തിൽ. നട്ടെല്ലു വളഞ്ഞുപോകുന്ന സ്കോലിയോസിസ് രോഗത്തോട് പൊരുതാൻ ഭവ്യയ്ക്ക് പ്രചോദനമായതും ഹൃദയത്തോട് ചേർത്തുപിടിച്ചിരുന്ന നൃത്തമാണ്.

‘‘നാലാം വയസ്സില‍്‍ നൃത്തം അഭ്യസിച്ചുതുടങ്ങി. തിരുവനന്തപുരം ജില്ലയിലെ വലിയകുന്നിലാണ് വീട്. ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയി. അമ്മ രേണുക തയ്യൽ ജോലി ചെയ്താണ് എന്നെയും ചേച്ചിയെയും വളർത്തിയതും പഠിപ്പിച്ചതും.

ചേച്ചി ദിവ്യയാണ് ആദ്യം ഡാൻസ് പഠിക്കാൻ പോയത്. ഞാൻ കൂട്ട് പോയതാണ്. പക്ഷേ, ചേച്ചി കുറച്ചുകാലമേ പഠിച്ചുള്ളൂ. ഞാൻ തുടർന്നും പഠിച്ചു. അന്ന് എല്ലാവരും അമ്മയോട് ചോദിച്ചത് ‘അവനവന്റെ കൊക്കിലൊതുങ്ങുന്നത് കൊത്തിയാൽ പോരേ’ എന്നാണ്. പക്ഷേ, എല്ലാ കഷ്ടപ്പാടുകൾക്കുമിടയിൽ അമ്മ എന്നെ നൃത്തം പഠിപ്പിച്ചു.

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആദ്യമായി കലാതിലകമായി. കലാമണ്ഡലം സത്യഭാമ ടീച്ചറായിരുന്നു ഗുരു. നൃത്തത്തിൽ ടീച്ചറാണ് എന്റെ റോൾ മോഡൽ. ടീച്ചറെപ്പോലെ എനിക്കും പേരിനു മുന്നിൽ കലാമണ്ഡലം എന്ന് ചേർക്കണമെന്നായിരുന്നു മോഹം. മനസ്സിലെ ആഗ്രഹം ഈശ്വരൻ അറിഞ്ഞിട്ടാകണം, പത്താം ക്ലാസ് കഴിഞ്ഞിട്ട് കലാമണ്ഡലത്തിൽ നൃത്തം അഭ്യസിക്കാനുള്ള ഭാഗ്യം ഉണ്ടായി. പക്ഷേ, ആ സന്തോ ഷത്തിന് ദൈർഘ്യം കുറവായിരുന്നു.’’

പ്രശ്നങ്ങളുടെ തുടക്കം

ചെറുപ്പം മുതൽക്കേ ഭവ്യയ്ക്ക് നട്ടെല്ല് വളയുന്ന പ്രശ്നമുണ്ടായിരുന്നു. എന്നാൽ രോഗം തിരിച്ചറിയാൻ ഒരുപാട് വൈകിയത് സ്ഥിതി ഗുരുതരമാക്കി.

‘‘കലാമണ്ഡലത്തിലെ പഠനം തുടങ്ങി അധികം വൈകാതെ നട്ടെല്ലിനും കഴുത്തിനും വേദന തുടങ്ങി. പുലർച്ചെ മുതൽ വൈകുന്നേരം വരെ പ്രാക്ടീസ് ചെയ്യുന്നതുകൊണ്ടുള്ള വേദനയാണെന്ന് ആദ്യം കരുതി. മെഡിക്കൽ കോളജിൽ പോയി എക്സ്–റേ എടുത്തപ്പോൾ നട്ടെല്ലിന് വളവുണ്ടെന്ന് തിരിച്ചറിഞ്ഞു. വെല്ലൂർ ആശുപത്രിയിൽ പോയി എത്രയും വേഗം സർജറി ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു.

കരഞ്ഞുകൊണ്ടാണ് ഞാനും അമ്മയും ആശുപത്രിയിൽനിന്നു വീട്ടിലേക്ക് പോന്നത്. എനിക്ക് നൃത്തമാണ് ജീവിതത്തിൽ എല്ലാം. അത് ഇനി തുടരാൻ കഴിയില്ലെന്ന് ഏറക്കുറെ ഉറപ്പായി.

വീണ്ടും ഡോക്ടറെ കണ്ടപ്പോൾ സർജറി പേടിയാണെങ്കിൽ ഫിസിയോതെറപ്പി ചെയ്യാമെന്നും എല്ലുകളുടെ വളർച്ച നിൽക്കുന്നതോടെ എല്ലാം ശരിയാകുമെന്നും  പറഞ്ഞു. അന്നെനിക്ക് പതിനാറു വയസ്സാണ്. പിന്നെയും  പല ഡോക്ടർമാരെ കണ്ടു. ഓരോരുത്തരും ഓരോ അഭിപ്രായമാണ് പറഞ്ഞത്.

എന്റെ വിഷമം കണ്ട്, ഉള്ളൂരുള്ള മുത്തുകൃഷ്ണൻ എന്നൊരാളാണ് മെഡിക്കൽ കോളജിൽ നിന്ന് റിട്ടയർ ചെയ്ത ഡോക്ടർ ഹരിഹരനെ പോയി കാണാൻ പറഞ്ഞത്. അദ്ദേഹവും പറ‍ഞ്ഞത് ഫിസിയോതെറപി ചെയ്ത് ഭേദമാക്കാമെന്നാണ്. വീണ്ടും നൃത്തം തുടരാൻ പറ്റുമെന്നും ഡോക്ടർ ഉറപ്പു തന്നു. അടുത്ത രണ്ടു മാസത്തേക്ക് എല്ലാ ദിവസവും ആശുപത്രിയിൽ പോകണമായിരുന്നു. അതിനു ശേഷം വീണ്ടും കലാമണ്ഡലത്തിലേക്ക് തിരിച്ചുപോയി. പിന്നീട് ഇടയ്ക്കിടെ വേദന ഉണ്ടാകുമെങ്കിലും അതെല്ലാം ആരോടും പറയാതെ പഠനം തുടർന്നു.’’

വേദനയെക്കാൾ ഭവ്യയെ ഭയപ്പെടുത്തിയത് വേദനമൂലം നൃത്തം അവസാനിപ്പിക്കേണ്ടി വരുമോയെന്ന ചിന്തയാണ്. ‘‘ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് അമ്മ എന്നെ വളർത്തിയത്. കലാമണ്ഡലത്തിൽ ചേര്‍ന്നതിനു ശേഷമാണ് ഞാൻ സ്വന്തമായി ചിലങ്ക വാങ്ങുന്നത്. കൂട്ടുകാരുടെ ചിലങ്കയാണ് അതുവരെ ഉപയോഗിച്ചിരുന്നത്. ഡാൻസ് ചെയ്യാൻ സ്‌റ്റേജിൽ കയറുമ്പോൾ ടീച്ചർക്ക് ദക്ഷിണ കൊടുക്കാൻ അൻപതു രൂപ കടം വാങ്ങിയിട്ടുണ്ട്. പക്ഷേ, അതൊന്നും അധികം ആർക്കും അറിയില്ല. എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നൃത്തം ഉപേക്ഷിക്കാൻ മാത്രം കഴിയില്ലായിരുന്നു. അതുകൊണ്ടാണ് വേദനയും കഷ്ടപ്പാടുമെല്ലാം സഹിച്ച് പിടിച്ചുനിന്നത്.’’

തണലായ് മാറിയ പ്രണയം

bhavya-dancer-1

ഏത് പ്രതിസന്ധിയിലും തളരാതെ തണലായ ജീവിതപങ്കാളി വിനോദിനെ ഭവ്യ കണ്ടുമുട്ടിയതും രസകരമായൊരു സംഭവമാണ്. ആ കഥ വിനോദ് പറയുന്നു.

‘‘കലാമണ്ഡലത്തിലെ പഠനം കഴിഞ്ഞ സമയത്ത് എന്റെ സുഹൃത്തിന്റെ ഡാൻസ് സ്കൂളിൽ ഇടയ്ക്ക് നൃത്തം ചെയ്യാൻ ഭവ്യ വരുമായിരുന്നു. അങ്ങനെ നടന്ന ഒരു പ്രോഗ്രാമിന്റെ അവതാരകൻ ഞാനായിരുന്നു. സ്‌റ്റേജിൽ പേര് അനൗൺസ് ചെയ്തത് ഭവ്യ എന്നു മാത്രമാണ്. ‘കലാമണ്ഡലം ഭവ്യ’ എന്ന് അനൗൺസ് ചെയ്തില്ലെങ്കിൽ സ്‌റ്റേജിൽ കയറില്ലെന്നായി. ഞാൻ വീണ്ടും മൈക്കെടുത്ത് ‘കലാമണ്ഡലം ഭവ്യ’ എന്ന് മൂന്നു പ്രാവശ്യം അനൗൺസ് ചെയ്തു. പരസ്പരമുള്ള ആദ്യത്തെ സംസാരം അതാണ്. പിന്നീട് ആ പരിചയം വളർന്നു പ്രണയമായി.’’

പ്രാരബ്ധമായിരുന്നു തങ്ങൾക്കിടയിലെ ഏറ്റവും വലിയ സാമ്യമെന്ന് ഭവ്യ.‘‘രണ്ടാൾക്കും വീട്ടിലെ പ്രാരബ്ധങ്ങൾ ഒരുപാടുണ്ടായിരുന്നു. പോരാത്തതിന് ജാതി പ്രശ്നവും. പരസ്പരം ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും വീട്ടിൽ അറിയിച്ചെങ്കിലും ഏട്ടന്റെ അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ട് നടത്താമെന്ന് വീട്ടുകാർ തീരുമാനിച്ചു. ആ സമയത്ത് കുവൈത്തിൽ ഒരു ഡാൻസ് സ്കൂളിൽ എനിക്ക് ജോലി ശരിയായി. അതൊരു വലിയ ആശ്വാസമായിരുന്നു. പക്ഷേ, ഹൗസ് മെയ്ഡ് വീസയിലാണ് കൊണ്ടുപോയത്.

ഞാൻ അവിടെ എത്തുമ്പോൾ എനിക്ക് ജോലി തന്നയാൾ ജയിലിലാണ്. അമ്മയ്ക്കും അവിടെത്തന്നെ ജോലി ശരിയാക്കി തരുമെന്ന് അവർ പറഞ്ഞെങ്കിലും അതൊന്നും നടന്നില്ല. ഒരു വർഷത്തോളം അവിടെ ജോലി ചെയ്തു. കൃത്യമായ ശമ്പളമോ സൗകര്യങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടികൾ ദക്ഷിണ തരുന്ന പൈസ പോലും അവർ വാങ്ങിച്ചെടുക്കും. മൂന്നാലു മാസത്തെ ശമ്പളം  ഇപ്പോഴും കിട്ടാനുണ്ട്. നാട്ടിലേക്കു തിരിച്ചുപോരുമ്പോൾ എയർപോർട്ടിൽ വച്ച് 5000 രൂപയാണ് അയാൾ എന്റെ കയ്യിൽ തന്നത്. നാട്ടിലെത്തിയ ഉടൻ കല്യാണം.

വിവാഹത്തിനു ശേഷമാണ് ഭവ്യ ‘ഭാവാഞ്ജലി’ എന്ന ഡാൻസ് സ്കൂൾ തുടങ്ങിയത്. ‘‘പഠിക്കാൻ അധികം കുട്ടികളൊന്നും ഉണ്ടായിരുന്നില്ല.  ഉള്ളവർക്കാണെങ്കിൽ പൈസ തരാനുള്ള നിവൃത്തിയും ഇല്ല. എങ്കിലും ക്ലാസുകൾ തുടർന്നു. ആ സമയത്ത് ഇടുപ്പിന്റെ വേദന വീണ്ടും കൂടുതലായി. പക്ഷേ, ഞാനത് അത്ര കാര്യമാക്കിയില്ല. വിശ്രമിക്കാൻ തീരെ ഇഷ്ടമില്ലാത്ത ആളാണ് ഞാൻ. വിശ്രമിച്ചാൽ ആകെയുള്ള വരുമാനം നഷ്ടപ്പെടുമല്ലോ. വേദന സഹിക്കാൻ പറ്റാതാകുമ്പോൾ പെയിൻ കില്ലറും ഓയിന്റ‍്മെന്റുമൊക്കെ ഉപയോഗിക്കും. നട്ടെല്ല് വീണ്ടും മുൻപത്തെക്കാൾ വളയാൻ തുടങ്ങി.’’

വേദനയെക്കാൾ കഠിനമായിരുന്നു മറ്റുള്ളവരുടെ ചോദ്യങ്ങൾക്കും കളിയാക്കലുകൾക്കും കൊടുക്കേണ്ടി വന്ന മറുപ ടിയെന്ന് ഭവ്യ ഓർക്കുന്നു. ‘‘ചെറുപ്പം മുതൽക്കേ എന്റെ ഡാൻ സിന്റെ ഡ്രസെല്ലാം തയ്ക്കുന്നത് അമ്മയാണ്. അതിൽ അമ്മയൊരു സൂത്രപ്പണി ഒപ്പിക്കും. ഡാൻസ് ചെയ്യുമ്പോൾ നട്ടെല്ലിന്റെ വളവ് മറ്റുള്ളവർ കാണാതിരിക്കാൻ വേണ്ടി ഡ്രസിന്റെ ഉൾവശത്ത് ഒരു കഷ്ണം സ്പോഞ്ച് തയ്ച്ചു വയ്ക്കും. പക്ഷേ, സാരിയും ചുരിദാറുമൊക്കെ ധരിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കും. അരമണ്ഡലത്തിൽ നിൽക്കുന്ന സമയത്തു ടീച്ചർമാർ എന്നോട് നേരെ നിൽക്കാൻ പറയും. നട്ടെല്ലിന്റെ വളവിനെക്കുറിച്ച് പറയുമ്പോഴേ അവർക്ക് കാര്യം മനസ്സിലാകൂ. ചില കൂട്ടുകാരൊക്കെ കളിയാക്കിയിട്ടുണ്ട്.

 48 ഡിഗ്രി വരെ വളവുണ്ടായിരുന്നു. സ്ഥിരമായി ചെരിഞ്ഞുള്ള നടത്തം കാരണം ചെറിയ കൂനു പോലെയായി. ശരീരം ഒരു വശത്തേക്ക് വളയുമ്പോൾ ഇപ്പുറത്തെ കാലിന് നീളം കുറയും. അത് മറ്റുള്ളവർ അറിയാതിരിക്കാൻ വളരെ ശ്രദ്ധിച്ചേ നടക്കൂ. അങ്ങനെയാണ് കാൽമുട്ടിനു തേയ്മാനം വന്നത്.’’

ഇനിയും നൃത്തം ചെയ്യണം

ഓരോ തവണ വേദന അലട്ടുമ്പോൾ പലരും ഭവ്യയെ ഉപദേശിച്ചത് നൃത്തം എന്നെന്നേക്കുമായി ഉപേക്ഷിക്കാനാണ്. സർജറിയല്ലാതെ മറ്റ് മാർഗങ്ങളൊന്നും ഇല്ലെന്നറിയിച്ച ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണനോട് ഭവ്യ ചോദിച്ചത്, ‘സർജറിക്കു ശേഷം എനിക്ക് നൃത്തം ചെയ്യാൻ പറ്റുമോ’ എന്നാണ്. എത്രയും പെട്ടെന്ന് ആത്മവിശ്വാസത്തോടെ സർജറിയെ നേരിട്ടാൽ തീർച്ചയായും നൃത്തം ചെയ്യാൻ സാധിക്കുമെന്ന ഡോക്ടറുടെ ഉറപ്പ് വിശ്വസിച്ച് ഭവ്യ തയാറായി. ഒപ്പം, പൂർണ പിന്തുണയുമായി മാധ്യമപ്രവർത്തകനായ ഭർത്താവ് വിനോദും.

‘‘നല്ല ഭയമുണ്ടായിരുന്നു. ഞാൻ വീണ്ടും ഡോക്ടറെ പോയിക്കണ്ട് കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചറിഞ്ഞു. ഭവ്യയെ ഓപ്പറേഷൻ തിയറ്ററിൽ കയറ്റിയതിനു ശേഷം എന്റെ ക യ്യില്‍ കുറെ പേപ്പറുകൾ തന്നു. മുഴുവനായി വായിച്ച് മനസ്സിലാക്കിയിട്ട് ഒപ്പിടാൻ പറഞ്ഞു. അത് വായിച്ചാൽ എത്ര ധൈര്യശാലിയുടെയും മുട്ടിടിക്കും. ഒപ്പിടുമ്പോൾ തീർച്ചയായും കൈവിറയ്ക്കും.’’ വിനോദ് പറയുന്നു.

ഏറ്റവും ഭയന്ന ദിനം

‘‘ശസ്ത്രക്രിയ 10 മണിക്കൂറോളം നീണ്ടുനിന്നു. പ്രാർഥനയോടെ കാത്തിരുന്ന നിമിഷങ്ങൾ. മകൻ നിരഞ്ജന് മൂന്നു വയസ്സേ ആയിട്ടുള്ളൂ. ശസ്ത്രക്രിയയിൽ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ, അത് ആലോചിക്കാൻ പോലും പേടി തോന്നി. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ ഒരാൾക്ക് അകത്തു കയറി ഭവ്യയെ കാണാമെന്ന് പറ‍ഞ്ഞു.

വിറച്ചുകൊണ്ടാണ് ഞാൻ അന്ന് റൂമിൽ കയറിയത്.  അബോധാവസ്ഥയിൽ കിടക്കുന്ന ഭവ്യയുടെ രൂപമാണ് ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, കണ്ടത് പാതിമയക്കത്തിലായിരുന്ന ഭവ്യയെ പതിയെ നടത്തിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരെയാണ്. പ്രാണൻ തിരികെ കിട്ടിയ പോലെയായിരുന്നു അപ്പോൾ. സർജറി കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി. ഒരുമാസം കഴിഞ്ഞപ്പോൾ ഭവ്യ വീണ്ടും കുട്ടികൾക്കു ക്ലാസെടുക്കാൻ തുടങ്ങി.’’

ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചപ്പോൾ ഭവ്യയും വിനോദും ചേർന്നൊരു തീരുമാനമെടുത്തിരുന്നു. പഴയ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധിച്ചാൽ 100 അമ്പലങ്ങളിൽ നൃത്തം അവതരിപ്പിക്കും. അതിന്റെ തുടക്കമെന്നോണം, ഗുരുവായൂർ ക്ഷേത്രത്തിൽ നൃത്തം ചെയ്തു.

‘‘ജീവിതകാലം മുഴുവൻ നൃത്തം തുടരണം. വീണുപോയാ ൽ ചിലപ്പോൾ പഴയതിനെക്കാൾ മോശം അവസ്ഥയാകാം. ശ സ്ത്രക്രിയയ്ക്കു ശേഷമാണ് ഇളയ മകൻ നീരവ് ജനിച്ചത്. ഇതുവരെ ആറു ക്ഷേത്രങ്ങളിൽ നൃത്തം ചെയ്യാനുള്ള ഭാഗ്യം  ലഭിച്ചു. ഇനിയും ഒരുപാട് മുന്നോട്ടു പോണം. നൃത്തം കൂടുതൽ പഠിക്കണം, ഒരുപാട് കുട്ടികളെ പഠിപ്പിക്കണം. ദിവസവും ഒരുപാടു പേർ വിളിക്കാറുണ്ട്, രോഗത്തെ എങ്ങനെ അതിജീവിച്ചുവെന്ന് അറിയാന്‍. അതിനുള്ള ഉത്തരമിതാ, നൃത്തം അതാണ് എന്റെ ഔഷധം.’’

Tags:
  • Spotlight
  • Inspirational Story