Friday 15 March 2019 11:55 AM IST : By സ്വന്തം ലേഖകൻ

പൊടിപാറുന്ന പ്രകടനവുമായി വീണ്ടും ‘ഡാൻസിംഗ് അങ്കിൾ’; ഇക്കുറി കക്ഷി നല്ല ഫോമിലാ

dance

സോഷ്യൽ മീഡിയയുടെ പ്രിയപ്പെട്ട ‘ഡാൻസിംഗ് അങ്കിൾ’ എന്തായാലും വിടുന്ന മട്ടില്ല. പ്രായത്തെ വെല്ലുന്ന മാരക എനർജിയും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി ന്യൂജെൻ പിള്ളേരുടെ മനസിൽ കുടിയേറിയ അങ്കിൾ ഇതാവീണ്ടും തിരിച്ചെത്തിയിരിക്കുന്നു. മറ്റൊരു തട്ടുപൊളിപ്പൻ നൃത്തവുമായി.

ഇക്കുറി സ്വന്തമായി ഒരു മ്യൂസിക് വിഡിയോ തന്നെ ഇറക്കിയിരിക്കുകയാണ് അദ്ദേഹം. ഇത്തവണ ആരെയും അനുകരിക്കുന്നില്ല എന്നുള്ളതാണ് ശ്രദ്ധേയം. എല്ലാം സ്വന്തം സ്റ്റെപ്പുകൾ തന്നെ. പ്രശസ്ത ഗായകൻ ബെന്നി ദയാലുമായി ചേർന്നാണ് വിഡിയോ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഗീത സംവിധായകൻ ജസീമാണ് ‘ചാച്ചാ നാചാ’ എന്ന മ്യൂസിക് വിഡിയോയ്ക്ക് ഈണം പകർന്നിരിക്കുന്നത്. അങ്കിളിന്റെ കാര്യത്തിൽ വയസ്സ് എന്നതൊരു സംഖ്യ മാത്രമാണെന്നാണ് ആരാധകരുടെ പ്രതികരണം.

ഗോവിന്ദയുടെ തകർപ്പൻ ചുവടുമായി എത്തി നേരത്തെ സോഷ്യൽ മീഡിയയിൽ വലിയ തംരഗമാണ് സഞ്ജീവ് ശ്രീ വാസ്തവ എന്ന ഡാൻസിങ് അങ്കിൾ സൃഷ്ടിച്ചത്. ഗോവിന്ദയുടെ ‘ആപ് കെ ആ ജാനെ സെ’ എന്ന ഗാനത്തിന്  ചുവടുവെക്കുന്ന അങ്കിളിന്റെ വിഡിയോ വൈറലായിരുന്നു.

ഗോവിന്ദയുടെ ഗാനത്തിനുള്ള ഡാൻസിങ് അങ്കിളിന്റെ ചുവടുവെപ്പിന് അർജുൻ കപൂർ, രവീണ ടെന്റൻ, അനുഷ്ക ശർമ, ദിയ മിർസ എന്നിങ്ങനെയുള്ളവർ സമൂഹമാധ്യമങ്ങളില്‍ അഭിനനന്ദന പ്രവാഹവുമായി എത്തിയിരുന്നു. ഒരുലക്ഷത്തിലധികം ആളുകളാണ് വിഡിയോ കണ്ടത്. ഏതായാലും അങ്കിളിന്റെ പുതിയ മ്യൂസിക് വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.