Tuesday 05 January 2021 02:52 PM IST : By സ്വന്തം ലേഖകൻ

‘ഞാൻ വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ?’; മകളുടെ ചോദ്യത്തിന് പൂർണ പിന്തുണ നൽകിയ ഒരമ്മ, ഹൃദ്യമായ കുറിപ്പ്

usha-kurariii6677gf

‘ഞാൻ വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ’ എന്ന മകളുടെ ചോദ്യത്തിന് പൂർണ പിന്തുണ നൽകിയ ഒരമ്മയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഫൊട്ടോഗ്രഫി പഠിക്കണം എന്ന് മകൾ പറഞ്ഞപ്പോൾ അത് ആൺകുട്ടികൾക്കുള്ള മേഖലയാണെന്ന് പറഞ്ഞ് മകളെ പിന്തിരിപ്പിക്കാൻ നോക്കിയിരുന്നു. ഒടുവിൽ മകളുടെ ആഗ്രഹത്തിന് അമ്മ പച്ചക്കൊടി കാണിച്ചു. ഉഷ കുമാരി എന്ന അമ്മയാണ് വേൾഡ് മലയാളി സർക്കിളിന്റെ ഫെയ്സ്ബുക് പേജിലൂടെ അനുഭവം കുറിച്ചത്. 

ഉഷ കുമാരി പങ്കുവച്ച കുറിപ്പ് വായിക്കാം; 

വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ? ഈ ചോദ്യം കുറച്ചുനാളായി കേൾക്കുന്നു. ഇന്ന് അതിന് ഒരു തീരുമാനം ആയി.

മകൾ ഫോട്ടോഗ്രാഫി പഠിക്കണം എന്ന് പറഞ്ഞപ്പോൾ അത് ആൺകുട്ടികൾക്കുള്ള ഫീൽഡ് ആണ് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അവളുടെ ചോദ്യങ്ങൾക്കു എനിക്ക് മറുപടിയില്ലായിരുന്നു. പെൺകുട്ടികൾ എന്നും മുന്നോട്ട് വരണം എന്നു പറയുന്ന അമ്മയാണോ ഇങ്ങനെ ചിന്തിക്കുന്നത് സാമൂഹ്യമാറ്റം ആഗ്രഹിക്കുന്നവർ പുരോഗമന ചിന്താഗതിക്കാർ എന്നിവരുടെ പ്രവർത്തങ്ങളിൽ സജ്ജീവമായിരുന്ന അമ്മയെ പോലുള്ളവർ ഇങ്ങനെ ചിന്തിച്ചാൽ മറ്റുള്ള സ്ത്രീകളുടെ കാര്യം പറയണമോ?

അങ്ങനെ പല പരീക്ഷണഘട്ടങ്ങളും താണ്ടി തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും നല്ല മാർക്കോടുകൂടി ഫോട്ടോഗ്രാഫി ജേർണലിസം പാസ്സായി. അപ്പോൾ ഞാനൊരു മുന്നറിയിപ്പ് കൊടുത്തിരുന്നു. ഫീൽഡിൽ ഇറങ്ങുമ്പോൾ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും അതൊക്കെ നേരിടാൻ ധൈര്യം ഉണ്ടെങ്കിൽ മാത്രം ഈ ഫീൽഡിൽ ഇറങ്ങാവൂ. ഒന്നിനും പുറകെ ഓടാൻ മറ്റുള്ളവർ എപ്പോഴും കാണില്ല എന്ന്.

ushall54345

ഒരു സ്ത്രീ എന്ന നിലയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ സ്വന്തമായി തന്നെ കൈകാര്യം ചെയ്തു മുന്നോട്ടുപോകുന്ന ഒരു ലേഡി ഫോട്ടോഗ്രാഫർ ആണ് ഇന്ന് എന്റെ മകൾ രേഷ്മ മോഹൻ. ആദ്യമൊക്കെ എല്ലാവർക്കും എതിർപ്പ് ഉണ്ടായിരുന്നു എങ്കിലും അവളുടെ കഠിനാധ്വാനവും പരിശ്രമങ്ങളും കണ്ടില്ല എന്ന് നടിക്കാൻ ഞങ്ങൾക്കും കഴിയുന്നില്ല. ഞങ്ങളും വിമർശനങ്ങൾ നേരിടേണ്ടി വന്നു. എന്നിരുന്നാലും ഞങ്ങൾ അവളോടൊപ്പം ഉണ്ടായിരുന്നു. ഒന്ന് ചീഞ്ഞാലേ അടുത്തതിന് വളം ആകൂ. അങ്ങനെ കിട്ടിയ വളത്തിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട്‌ അവൾക്കു പ്രവർത്തിക്കാൻ അവളുടെ മനസ്സ് അതിനു പാകമായിരുന്നു.

വെഡിങ് കമ്പനി തുടങ്ങിയാൽ അമ്മയ്ക്ക് നാണക്കേട് ആകുമോ എന്ന ചോദ്യത്തിന് ഇന്ന് ഇല്ല എന്ന് ധൈര്യത്തോടെ എനിക്ക് പറയാൻ സാധിക്കും. എല്ലാം കത്തിയമർന്ന ചാരത്തിൽ നിന്ന് എന്റെ മകൾ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റ അവൾ അവളുടെ പ്രവർത്തന മണ്ഡലത്തിൽ ഒരു പുതിയ കാൽവയ്പ്പ് നടത്തുന്നു ഒരു വെഡിങ് കമ്പനി "Wed Queen Wedding company" അതിനായ് എന്റെ എല്ലാ കൂട്ടുകാരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവണം. 

uss4433ggh
Tags:
  • Spotlight
  • Social Media Viral