Monday 26 July 2021 04:58 PM IST

‘അത്രയും വേദന ചേച്ചി സഹിച്ചത് താൻ ആഗ്രഹിച്ച ശരീരത്തിനു വേണ്ടി’: ദയ ഗായത്രി പറയുന്നു

Binsha Muhammed

daya-gayathri

‘നെഞ്ചുനീറുന്ന വേദനയിലും പുഞ്ചിരി മാത്രമായിരുന്നു ആ മുഖത്ത്. അനന്യ ചേച്ചി എല്ലാം അവസാനിപ്പിച്ച ആ നശിച്ച ദിവസത്തിന്റെ തലേന്ന് ഞാനും കൂടെയുണ്ടായിരുന്നു.  ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ച് ഞങ്ങൾക്കു മുന്നില്‍ തൂങ്ങിയാടി നിൽക്കാൻ പോകയാണെന്ന് ആ കണ്ണുകൾ ഞങ്ങളോട് പറഞ്ഞിരുന്നില്ല. ആത്മഹത്യയുടെ സൂചന പോയിട്ട് വിഷാദത്തിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്റെ അനന്യചേച്ചി പോയി. ചങ്കുനീറിപ്പിടയുന്ന ഞങ്ങളുടെ മനസിൽ തീകോരിയിട്ട് ഇപ്പോ ജിജു ചേട്ടനും. എന്തിനു വേണ്ടിയായിരുന്നു. ഒരുവാക്ക് പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പൊന്നുപോലെ പൊതിഞ്ഞു പിടിക്കില്ലായിരുന്നോ? ഒരു മരണത്തിനും വിട്ടുകൊടുക്കാതെ.’

ആ വാക്കുകൾ മുഴുമിക്കും മുന്നേ ദയയുടെ കവിളുകളെ കണ്ണീർ നനച്ചു. ആദ്യം അനന്യ, പിന്നാലെ വേദനകളില്ലാത്ത ലോകത്തേ ജിജുവും. ഭൂമിയിലെ സ്നേഹത്തിന്റെ വേരുകൾ ഒന്നായി പിഴുതെറിഞ്ഞ് മരണത്തിന്റെ വിളികേട്ട് പോയ അവരെയോർത്തുള്ള കണ്ണീർ ഇനിയും ദയയിൽ തോർന്നിട്ടില്ല. വേദന തോരാത്ത നിമിഷത്തിൽ വീണ്ടും ദയ ആ വാക്കുകൾ ആവർത്തിച്ചു.

‘എന്റെ ചേച്ചിക്ക് നീതി കിട്ടണം.’

അനന്യയുടെ വഴിയേ ഒരു മുഴംകയറിൽ എല്ലാം അവസാനിപ്പിച്ച് ജിജുവും പോയ്മറയുമ്പോൾ ആ സ്നേഹത്തിന്റെ ആഴവും പരപ്പും അടുത്തു നിന്നുകണ്ട ദയ ഗായത്രി ആ കണ്ണീരോർമ്മകളെ തിരികെ വിളിക്കുകയാണ്. വനിത ഓൺലൈനു വേണ്ടി.

നീതി വേണം എന്റെ ചേച്ചിക്ക്

ഒരു കുഞ്ഞ് പനി വന്നാൽ പോലും താങ്ങില്ല.സൂചി കുത്താൻ പോലും പേടിയായിരുന്നു.  സർജറിയെന്നൊക്കെ കേൾക്കുമ്പോഴേ ചേച്ചിക്ക് പേടിയാണ്.  എങ്കിലും മരവിപ്പിച്ചിട്ടല്ലേ സർജറി ചെയ്യുന്നത് എന്ന് സ്വയം ആശ്വസിക്കുമായിരുന്നു.. അങ്ങനെയുള്ള ചേച്ചിയെയാണ് അലക്ഷ്യമായി കുത്തിക്കീറി സർജറി പിഴവെന്ന് നിസാരവത്കരിച്ച് പറഞ്ഞയച്ചത്. അതിന്റെ ആ വേദന  അനുഭവിച്ചത് ഒരു കൊല്ലത്തോളം. ചികിത്സാ പിഴവിനെ തുടർന്ന് റീസർജറിക്ക് ചേച്ചി ഒരുങ്ങിയതാണ്. അപ്പോഴും ചേച്ചിക്ക് സർജറിയുടെ വേദനയും ഇനിയെന്ത് സംഭവിക്കുമെന്നും ഓർത്തുള്ള ടെൻഷനായിരുന്നു. അപ്പോഴും ഞങ്ങൾ ആശ്വസിപ്പിച്ചതാണ്. പക്ഷേ എന്തോ ചേച്ചി കാത്തു നിന്നില്ല. പൊയ്ക്കളഞ്ഞു. ചിലപ്പോൾ അത്രയ്ക്കും ആ പാവം അനുഭവിച്ചിട്ടുണ്ടാകും...

ananya

ലിംഗമാറ്റ ശസ്ത്രക്രിയ പിഴവിന്റെ പേരിൽ ചേച്ചി അനുഭവിച്ചത് വീണ്ടും ആവർത്തിക്കുന്നില്ല. പക്ഷേ അവരെ ഈ നിലയിലെത്തിച്ച പിഴവിനെ നിസാരവത്കരിക്കുന്നത് അംഗീകരിക്കാൻ ആകുന്നില്ല. വിഷയത്തിന്റെ ഗൗരവത്തെ ലഘൂകരിക്കുകയും അരുത്. ആ പിഴവിന്റെ പേരിൽ ഒരാൾക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവിതമാണ്. സർജറി കഴിഞ്ഞ അന്നുതൊട്ട് വ്രണവും വേദനയും പേറി ജീവിച്ച അനന്യ ചേച്ചിയുടെ ആത്മാവ് നമ്മുടെ മനസാക്ഷിക്കു മുന്നിൽ നിൽപ്പുണ്ട്. ആ വേദന കാണാതെ പോകരുത്. പിന്നെ ട്രാൻസ്ജെൻഡറുകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവെന്നു പറഞ്ഞുള്ള ന്യായീകരണങ്ങൾ. അതാരുടെയും സൗജന്യമല്ലെന്ന് ഇനിയെങ്കിലും മനസിലാക്കൂ.

jiju-ananya

ചേച്ചിയുടെ ലോകത്തേക്ക് ജിജു ചേട്ടനും

ട്രാൻസ്ജെൻഡറുകളെ വെറും മാംസക്കഷണങ്ങളായി കാണുന്ന ലോകത്ത് മനസു കൊണ്ടു ചേച്ചിയെ ചേർത്തു നിർത്തിയ മനുഷ്യനായിരുന്നു ജിജു ചേട്ടൻ. വെറും സെക്സിന് വേണ്ടി മാത്രം പലരും ട്രാൻസ് ജെൻഡറുകളെ സമീപിക്കുമ്പോൾ ജിജു ചേട്ടനും അനന്യയും സ്നേഹിച്ചത് മനസു കൊണ്ടായിരുന്നു.

നാലുമാസത്തോളമായി അവർ തമ്മിൽ ലിവിംഗ് റിലേഷനിലായിരുന്നു. ലൈംഗിക ജീവിതതത്തേക്കാളുപരി മാനസികമായ അടുപ്പത്തിന് പ്രാധാന്യം നൽകിയവർ ആണവർ. ചേച്ചിയുടെ ഓരോ വേദനയിലും സാന്ത്വനമായി, തണലായി ജിജു ചേട്ടൻ കൂടെ നിന്നു. ഞാന്‍ പറഞ്ഞില്ലേ... അവർ പരസ്പരം സ്നേഹിച്ചത് ശരീരത്തെയല്ല, മനസുകളെയായിരുന്നു.

ചേച്ചി മരിച്ചതോടെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു ജിജു ചേട്ടൻ. ആ നഷ്ടപ്പെടൽ ആ മനുഷ്യനെ വല്ലാതെ തളർത്തി. മരണത്തിനോ ഭ്രാന്തിനോ അല്ലാതെ എന്നിലെ നിന്റെ ഓർമ്മകളെ മായ്ക്കാനാകില്ലെന്ന വാട്സാപ്പ് സ്റ്റാറ്റസുമിട്ട് ചേട്ടനും അങ്ങുപോയി. വേദനകളും നഷ്ടപ്പെടലുകളും ഇല്ലാത്ത ലോകത്തേക്ക്. എന്റെ അനന്യ ചേച്ചിയുടെ അടുത്തേക്ക്.– വേദനയോടെ ദയ ഗായത്രി പറഞ്ഞു നിർത്തി.