Friday 18 January 2019 06:02 PM IST

ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! അധ്യാപകന്റെ ആക്രോശം കേട്ടു പകച്ചു പോയ നിമിഷത്തെക്കുറിച്ച് ഡെയ്ൻ

Binsha Muhammed

dd

 ‘ഒന്നുമില്ലെങ്കിലും ഞാനൊരു സെലിബ്രിറ്റിയല്ലേ... ഇങ്ങനെ ചെയ്യാമോ? ഇനി ചെയ്യരുത് കേട്ടോ...’ മഴവിൽ മനോരമയിലെ കോമഡി റിയാലിറ്റി ഷോയിൽ ഡെയ്ൻ ഡേവിസിന്റെ ഈ ഡയലോഗ് കേട്ടു ചിരിക്കാത്തവരില്ല. ഇന്നലെ പക്ഷേ മലപ്പുറത്തെ കോളജിൽ ആർട്സ് ഡേ ഉദ്ഘാടനം ചെയ്യാനെത്തിയ ഡെയ്ൻ അവിടുത്തെ പ്രിൻസിപ്പലിനോട് യഥാർത്ഥത്തിൽ ഇങ്ങനെ ചോദിക്കാതിരുന്നത് അവസരം ലഭിക്കാഞ്ഞിട്ടാകും. ബ്ലോസം കോളജിലെ പ്രിൻസിപ്പൽ സെലിബ്രിറ്റിയെ ഗെറ്റൗട്ട് അടിച്ചു വാർത്ത സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ അതേക്കുറിച്ച് ‘വനിത ഓൺലൈനോട്’ വിശദീകരിക്കുകയാണ് ആരാധകരുടെ ഡിഡി.

‘ഇതെന്റെ കോളേജാണ്... ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാണ്... ഗെറ്റൗട്ട് ഐ സേ...’–ദേഷ്യം കൊണ്ട് വിറച്ച് നിൽക്കുന്ന പ്രിൻസിപ്പലിന്റെ ഈ വാക്കുകളും കുറേ കോലാഹലങ്ങളും മാത്രമേ ഡെയ്ൻ ഡേവിസിന് ഓർമ്മയുള്ളൂ. ഇക്കണ്ട പുകിലുകള്‍ക്കു പിന്നിലുള്ള കാരണമെന്തോന്നോ, തന്റെ നേർക്ക് പാഞ്ഞടുക്കാൻ മാത്രം എന്ത് സംഭവിച്ചുവെന്നോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

മലപ്പുറം കൊണ്ടോട്ടി വലിയ പറമ്പ് ബ്ലോസം കോളേജിന്റെ ആർട്സ് ഡേ പരിപാടിയിൽ മുഖ്യാതിഥിയായെത്തിയ നടനും അവതാരകനുമായ ഡെയ്ൻ ഡേവിസിനെ വേദിയിൽ നിന്നും ഇറക്കിവിട്ടു എന്ന വാർത്ത മാധ്യമങ്ങൾ കാട്ടുതീ പോലെയാണ് പടർത്തിയത്. ആർട്സ് ഡേയിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലും കുട്ടികളുമായി വാക്കേറ്റം ഉണ്ടാകുകയും ചടങ്ങിലെ അതിഥിയായ ഡെയ്നിനെ ഇറക്കി വിടുന്നതിലേക്ക് എത്തിച്ചുവെന്നുമായിരുന്നു മാധ്യമങ്ങളിലെ വാർത്ത.

ശ്വാസമടക്കി പിടിച്ചേ ഇത് കാണാനാകൂ; ഞെട്ടിക്കുന്ന നൃത്തവുമായി മൂന്ന് പ്രതിഭകൾ; വിഡിയോ

ഇത് ജീവിതം തകർത്തവനോടുള്ള ചലഞ്ച്; ലക്ഷ്മിയുടെ ടെൻ ഇയർ ചലഞ്ച് ചിത്രം; കണ്ണീരണിഞ്ഞ് സോഷ്യൽ മീഡിയ

അരയ്ക്കു താഴെ തളർന്നു പ്രവാസി മലയാളി; ചലനശേഷി തിരികെ കിട്ടില്ല! ഭാര്യയും മൂന്നു കുട്ടികളുമടങ്ങുന്ന കുടുംബം പട്ടിണിയിൽ‍

‘പാന്റ്സ് ഇടാൻ മറന്നു പോയോ’; അശ്ലീല കമന്റിൽ പൊട്ടിത്തെറിച്ച് രാകുൽ പ്രീത്; താരത്തിന്റെ മറുപടിയിൽ രോഷം

തോമസ് ജോസഫിന്റെ ആറടി മണ്ണും പ്രിയപ്പെട്ട മകന്; മൃതശരീരം മെഡിക്കൽ കോളജ് ആശുപത്രിയ്ക്ക് കൈമാറും!

dd3

ഒരേ തരത്തിലുള്ള വസ്ത്രമണിഞ്ഞ് കോളേജ് ഡേയ്ക്ക് എത്താനിരുന്ന വിദ്യാർത്ഥികളുടെ തീരുമാനത്തെ പ്രിൻസിപ്പൽ എതിർക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രിൻസിപ്പലിന്റെ വാക്ക് മറികടന്ന് വിദ്യാർത്ഥികൾ കോളജ് ഡേയ്ക്ക് എത്തുക കൂടി ചെയ്തതോടെ രംഗം വഷളാകുകയായിരുന്നുവത്രേ.

സംഭവത്തിന്റെ നിജസ്ഥിതി ആരാഞ്ഞ് ‘വനിത ഓൺലൈൻ’ ഡെയ്നുമായി ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത് കേട്ടതിലും വലിയ സത്യം. പ്രിൻസിപ്പലിന്റേയും മറ്റ് സഹ അധ്യാപകരുടേയും ഭാഗത്ത് നിന്ന് അങ്ങേയറ്റം മോശമായ പെരുമാറ്റമാണ് തനിക്കുണ്ടായതെന്ന് ഡെയ്ൻ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘ഈ പ്രശ്നങ്ങളൊന്നും അറിയാതെ ഒരു ആഘോഷത്തിനിടെയിലേക്കാണ് ഞാനിറങ്ങി ചെല്ലുന്നത്. പ്രധാന കവാടം തൊട്ട് വേദിക്കരികിൽ വരെ പിള്ളേർ ആഘോഷപൂർവം എന്റെ വണ്ടിക്ക് അകമ്പടിയായി വന്നു. പാട്ടും ഡാൻസും കരഘോഷവുമാക്കെയായി ഫുൾ കളറായിരുന്നു. ഉള്ളത് പറയാല്ലോ...അപ്പോഴും പ്രിൻസിപ്പലും കുട്ടികളും തമ്മിലുള്ള  വിഷയം എനിക്കറിയില്ലായിരുന്നു.’–ഡെയ്ൻ പറയുന്നു.

dd-1

വേദിയിലേക്ക് കയറുമ്പോൾ ആങ്കർ ചെയ്യാനിരുന്ന കുട്ടി ഇതാ ഡെയ്ൻ എത്തുന്നു...നമ്മുടെ അതിഥി എത്തുന്നു എന്നൊക്കെ പറഞ്ഞ് ഒരു വാം വെൽക്കം നൽകി. ഈ പിക്ചറിൽ ഇല്ലാത്ത വേദിയിലിരുന്ന കുട്ടികൾ കൈയ്യടികളോടെ സ്വീകരിക്കുകയും ചെയ്തു. അതു വരെ എല്ലാം ക്ലിയർ....

എന്നാൽ സ്റ്റേജിലേക്ക് കയറിയിരിക്കുമ്പോഴാണ് രംഗം വഷളാകുന്നത്. പ്രിൻസിപ്പലും പിള്ളേരും തമ്മിൽ വാക്കേറ്റം നടക്കുകയായിരുന്നു. പ്രശ്നത്തിനിടയ്ക്ക് അദ്ദേഹം ആദ്യം ആങ്കർ ചെയ്യുന്ന പെൺകുട്ടിയുടെ നേരെ പാഞ്ഞടുത്തു. ആര് പറഞ്ഞു നിന്നോട് ആങ്കർ ചെയ്യാനെന്ന് ചോദിച്ച് ഫുൾ കലിപ്പ് മോഡിലായി.

പിന്നീട് എന്റെ നേർക്കായി. ‘ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്. ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നതും ഞാനാണ്. ഇറങ്ങിപ്പോടാ...’. വിറച്ചു കൊണ്ട് ഇദ്ദേഹം ഇത് പറയുമ്പോൾ ഞാനാകെ വണ്ടറടിച്ചിരിക്കുകയായിരുന്നു. എന്താണ് അവിടെ സംഭവിക്കുന്നത് എന്ന് അറിയാത്ത ഞാൻ. അങ്ങനെയുള്ള എന്റെയടുത്ത് ഒരു ബന്ധവുമില്ലാതെ ഈ മനുഷ്യൻ പാഞ്ഞടുക്കുകയാണ്– ഡെയ്ൻ ആ നിമിഷം ഓർത്തെടുക്കുന്നു.

രംഗം വഷളാകുന്നു കണ്ടപ്പോൾ, ആ മനുഷ്യനോട് ഞാൻ വളരെ ശാന്തമായി തന്നെ പറഞ്ഞു, രണ്ട് വാക്ക് ഈ കുട്ടികളോട് പറഞ്ഞിട്ട് ഉടൻ തന്നെ പൊയ്ക്കൊള്ളാമെന്ന്. എന്നിട്ടും അദ്ദേഹം കൂട്ടാക്കിയില്ല. മൈക്കിനടുത്തേക്ക് നീങ്ങിയ എന്നോട് ‘നാണമില്ലേ ഇവിടെയിരിക്കാൻ, ഇറങ്ങിപ്പോടാ’ എന്നായി സ്വരം. സഹികെട്ടാണ് ഞാൻ പറഞ്ഞത്, ‘നിങ്ങൾ ഈ കുട്ടികളുടെ പ്രിൻസിപ്പിലാണ്, അല്ലാതെ എന്റെയല്ല’ എന്ന്. ഇതോടെ അദ്ദേഹത്തിന്റെ നിലതെറ്റി. എൻറെ നേർക്ക് ചീറിപ്പാഞ്ഞെത്തി. കൂടെയുണ്ടായിരുന്ന സഹ അധ്യാപകർ ‘ഞങ്ങളുടെ പ്രിൻസിപ്പലിനെ ചോദ്യം ചെയ്യാനായോടാ’ എന്ന മട്ടിൽ എന്റെ നേർക്ക് തിരിഞ്ഞു.

അവിടെ നിന്ന് തിരിച്ചിറങ്ങാൻ തീരുമാനിക്കുമ്പോഴാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ അടുത്തേക്ക് വന്നു. ‘ചേട്ടാ ഈ സംഭവം ഞങ്ങൾക്കും ചേട്ടനും ഒരേ പോലെ വിഷമമുള്ള കാര്യമാണ്. ചേട്ടൻ ഇപ്പോൾ ഇവിടുന്ന് പോയാൽ അത് രണ്ട് കൂട്ടർക്കും നാണക്കേടാണ്’ എന്ന് പറഞ്ഞു. ‘അറ്റ്‍ലീസ്റ്റ് ഈ പരിപാടി ഉദ്ഘാടനം ചെയ്തു എന്നെങ്കിലും അറിയിക്കണം എന്ന് അവർ നിർബന്ധിച്ചു. അതോടെ അവരുടെ നടുവിൽ ഒരു കസേരയിൽ കയറി നിന്ന് ഉദ്ഘാടനം നടത്തിയതായി ഞാൻ പ്രഖ്യാപിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ എക്സ്പീരിയൻസ് ആണെന്നും, ഇങ്ങനെയൊക്കെ സംഭവിച്ചതിൽ താൻ കാരണക്കാരനായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അറിയിച്ച ശേഷമാണ് അവിടം വിട്ടത്.– ഡെയ്ൻ പറഞ്ഞു നിർത്തി.

അതേസമയം ആഘോഷത്തിന്റെ പേരിൽ ഒരു കൂട്ടം വിദ്യാർത്ഥികൾ പരിപാടി അലമ്പാക്കാൻ ശ്രമിച്ചതോടെയാണ് തങ്ങൾ ഇടപെട്ടതെന്ന് ബ്ലോസം ആർട്സ് കോളേജ് പ്രിൻസിപ്പൽ ടിപി അഹമ്മദ് വനിത ഓൺലൈനോട് പ്രതികരിച്ചു. ‘നിശ്ചയിച്ച സമയത്തിലും വൈകിയാണ് പരിപാടി തുടങ്ങിയത്. ഇതിനിടയിൽ കുറേ പേർ പരിപാടി അലമ്പാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. പ്രിൻസിപ്പൽ എന്ന നിലയ്ക്ക് കോളേജിന്റെ സമാധാനാന്തരീക്ഷവും കുട്ടികളുടെ സുരക്ഷയും എന്റെ കർത്തവ്യമാണ്. അപ്പോഴാണ് ഞാൻ ഇടപെടുന്നതും സാഹചര്യം കണക്കിലെടുത്ത് ഡെയ്‍നിനോട് പിൻവാങ്ങാൻ പറഞ്ഞതും. കാശ് തന്ന് വിളിച്ചു വരുത്തിയവരോട് തനിക്ക് ഉത്തരവാദിത്തം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.  കോളേജിന് മാത്രമാണ് താൻ പ്രിൻസിപ്പലെന്നും അദ്ദേഹത്തിന് പ്രിൻസിപ്പൽ അല്ലെന്നും പറഞ്ഞതോടെയാണ് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. – പ്രിൻസിപ്പൽ പറയുന്നു.