Monday 03 January 2022 02:32 PM IST

‘കൈക്കുഞ്ഞുമായി ഇവിടേക്ക് പഠിക്കാനെത്തിയതാണ് ഞാൻ. ഇപ്പോഴവൾ ആറാം ക്ലാസിലായി...’, വിവേചനങ്ങളോട് പൊരുതി ജയിച്ച് ദീപ പി. മോഹനൻ

Roopa Thayabji

Sub Editor

deepa-p-mohanan-woman-strike-mgu-cover ദീപ പി. മോഹനൻ എം.ജി. സർവകലാശാലയ്ക്ക് മുമ്പിൽ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘‘അറിവു നേടാൻ ഒന്നും തടസ്സമാകില്ല എന്ന് ഈ ലോകത്തോടു വിളിച്ചു പറയാനാണ് ആത്മഹത്യ ചെയ്യാതിരുന്നത് ’’ ദീപ പി. മോഹനൻ വനിതയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. കോട്ടയം എംജി സർവകലാശാലയിൽ ജാതിവിവേചനത്തിന്റെ പേരിൽ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്തതിനെതിരെ നിരാഹാര സമരം നടത്തി അനുകൂല വിധി നേടിയെടുത്തു പെൺപോരാട്ടങ്ങളുടെ മുഖമായി മാറി ദീപ.

കണ്ണൂർ ജില്ലയിലെ കേളകത്താണ് ദീപ ജനിച്ചതും വളർന്നതും. അച്ഛൻ മോഹനന് ചെറിയൊരു കടയായിരുന്നു. അമ്മ സാംബവി ഐസിഡി സൂപ്പർവൈസറായിരുന്നു. ദീപയെയും അനിയത്തി ശുഭയെയും നന്നായി പഠിപ്പിക്കാൻ അവർ അധ്വാനിച്ചു.

‘‘ 2011ൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ ശേഷം ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇതൊക്കെ ഈ നാട്ടിലാണോ നടക്കുന്നതെന്നു സംശയം തോന്നുന്ന മട്ടിലായിരുന്നു. 2012ലാണ് എംഫിൽ പരീക്ഷ നടന്നത്. ആ വർഷം തന്നെ ഗവേഷണയോഗ്യതാ പരീക്ഷ പാസ്സായി. പക്ഷേ, പിഎച്ച്ഡിക്ക് റജിസ്റ്റർ ചെയ്യാൻ ടിസി കിട്ടിയില്ല. 2014 മാർച്ചിലാണ് ഗവേഷണ വിഭാഗത്തിൽ ചേരാനായത്. അപ്പോഴും എംഫിൽ പരീക്ഷാഫലം വന്നിരുന്നില്ല. പ്രതിഷേധിച്ച് ഞാനടക്കം രംഗത്തു വന്നതിനെ തുടർന്ന് 2015ൽ റിസൽറ്റ് പ്രസിദ്ധീകരിച്ചു, എനിക്ക് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു.

deepa-p-mohanan-woman-strike-mgu

വകുപ്പു മേധാവിക്കെതിരേ നൽകിയ പരാതിയിൽ എസ്‌ സി, എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടിക്ക് ശുപാർശയുണ്ടായെങ്കിലും അതൊന്നും ഗവേഷണം തുടരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ല. അങ്ങനെ ഒക്ടോബർ 29ന് സർവകലാശാലാ പടിക്കൽ നിരാഹാരസമരം ആരംഭിച്ചു. അന്നുമുതൽ 11ാം ദിവസം സമരം അവസാനിക്കുന്നതു വരെയുള്ള കാര്യങ്ങളെല്ലാം ചരിത്രം. ഇപ്പോൾ ഗവേഷണം പുനരാരംഭിച്ചിട്ടുണ്ട്. കൈക്കുഞ്ഞുമായി ഇവിടേക്ക് പഠിക്കാനെത്തിയതാണ് ഞാൻ. ഇപ്പോഴവൾ ആറാം ക്ലാസിലായി. സർവകലാശാലയിലെ ചില മോശം കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അനുഭവിച്ച വിവേചനം, പോരാടാനുള്ള ഊർജമാണ് തന്നത്.’’ ദീപ പറയുന്നു.

അഭിമുഖം പൂർണരൂപം വനിത പുതുവർഷപ്പതിപ്പിൽ