Thursday 27 January 2022 11:24 AM IST

‘ആ സംഭവത്തിന് ശേഷം ജാതിയുടെ പേരിൽ വേർതിരിവ്, മോഷ്ടിച്ചുവെന്ന് ഇല്ലാക്കഥയുണ്ടാക്കി’: ദീപ നേരിട്ടത്

Roopa Thayabji

Sub Editor

deepa-kottayam

2021നെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് സമരവിജയം നേടിയ വനിതകളുടെ പേരിലാകും. ആരൊക്കെ പിന്നിലാക്കാൻ നോക്കിയാലും വിജയിക്കണമെന്നു നിശ്ചയിച്ചുറപ്പിച്ച മനസ്സുണ്ടെങ്കിൽ നമ്മളെ പരാജയപ്പെടുത്താനാകില്ല എന്ന് വനിതകൾ ലോകത്തോടു വിളിച്ചുപറഞ്ഞ വർഷമാണിത്.

ആ നിരയിൽ കേരളത്തിൽ നിന്നുമുണ്ട് ചിലർ. സ്വന്തം കുഞ്ഞിനു വേണ്ടിയാണ് അനുപമ കോടതി കയറിയതെങ്കിൽ മക്കളുടെ മരണത്തിലെ സത്യം പുറത്തു കൊണ്ടുവരാനാണ് വാളയാറിലെ അമ്മയ്ക്ക് സമരം ചെയ്യേണ്ടി വന്നത്.

മാതൃത്വം മാത്രമല്ല ഈ സമരച്ചൂടിൽ ഉരുകിയത്. നാടിനു വേണ്ടിയും പഠിക്കാനുള്ള അവസരത്തിനു വേണ്ടിയും ജോലി തിരിച്ചു കിട്ടാനുമെന്നു വേണ്ട, ആരൊക്കെയോ മോശക്കാരിയെന്നു മുദ്രകുത്തി പ്രചരിപ്പിച്ച ഫോൺ നമ്പർ കൊണ്ട് ഇരയാക്കപ്പെട്ട വീട്ടമ്മ വരെ പോരാടി വിജയം നേടിയവരുടെ നിരയിലുണ്ട്.

കർഷകസമരം തലസ്ഥാനത്ത് വിജയക്കൊടി പാറിച്ചപ്പോൾ ലോകം സല്യൂട്ട് ചെയ്ത ഒരു വാചകമുണ്ട്, ‘‘നിങ്ങൾക്കെന്നെ ഭ യപ്പെടുത്താനാകില്ല. നിങ്ങളുടെ പണം കൊണ്ട് എന്നെ നിശബ്ദയാക്കാനോ എന്റെ പോരാട്ടത്തിന്റെ മൂല്യമളക്കാനോ പറ്റില്ല.’’ ഇവരുടെ കൈമുതൽ സത്യവും ആത്മവിശ്വാസവുമാണ്.

-------

എന്റെ ജനനം തന്നെയാണു എനിക്കു സംഭവിച്ച ഏറ്റവും വലിയ അപകടം’, ദലിത് വിദ്യാർഥി രോഹിത് വെമുല ആത്മഹത്യാകുറിപ്പിൽ എഴുതിയ വരിയാണിത്. എന്തുകൊണ്ടാണ് രോഹിത് അങ്ങനെ പറഞ്ഞതെന്ന് ഇപ്പോൾ ദീപ പി. മോഹനന് അറിയാം. കോട്ടയം എംജി സർവകലാശാലയിൽ ജാതിവിവേചനത്തിന്റെ പേരിൽ ഗവേഷണം പൂർത്തിയാക്കാൻ അനുവദിക്കാത്തതിന്റെ പേരിൽ സമരം നടത്തി അനുകൂല വിധി നേടിയെടുത്തു ദീപ. അറിവു നേടാൻ ഒന്നും തടസ്സമാകില്ല എന്ന് ഈ ലോകത്തോടു വിളിച്ചു പറയാനാണ് ആത്മഹത്യ ചെയ്യാതിരുന്നത് എന്നാണ് ദീപ പറയുന്നത്.

കണ്ണൂർ ജില്ലയിലെ കേളകത്താണ് ജനിച്ചതും പഠിച്ചതും വളർന്നതും. അച്ഛൻ മോഹനന് ചെറിയൊരു കടയായിരുന്നു. അമ്മ സാംബവി ഐസിഡി സൂപ്പർവൈസറായിരുന്നു. ദീപയെയും അനിയത്തി ശുഭയെയും നന്നായി പഠിപ്പിക്കാൻ അവർ അധ്വാനിച്ചു.

മിടുക്കിയായി പഠനം

പത്താം ക്ലാസ്സിലും പ്ലസ്ടുവിനും ഫസ്റ്റ് ക്ലാസ്സുണ്ടായിരുന്നു ദീപയ്ക്ക്. കണ്ണൂർ എസ്എൻ കോളജിൽ നിന്ന് സുവോളജിയിൽ ഡിഗ്രിയും മെഡിക്കൽ മൈക്രോ ബയോളജിയിൽ എംഎസ്‌സിയും പാസായ ദീപ നാനോ സയൻസ് ആൻഡ് ടെക്നോളജിയിൽ എംഫിൽ അഡ്മിഷൻ കിട്ടിയാണ് കോട്ടയത്തേക്ക് വന്നത്.

‘‘പഠിച്ച എല്ലാ ക്ലാസുകളിലും നല്ല മാർക്ക് വാങ്ങുന്നതു കൊണ്ടും വീട്ടിലെ കാര്യങ്ങളൊക്കെ അറിയാവുന്നതിനാലും ടീച്ചർമാർക്കും വലിയ സ്നേഹമായിരുന്നു. 2011ൽ എംജി യൂണിവേഴ്സിറ്റി ക്യാംപസിലെത്തിയ ശേഷം ജീവിതത്തിൽ സംഭവിച്ചതെല്ലാം ഇതൊക്കെ ഈ നാട്ടിലാണോ നടക്കുന്നതെന്നു സംശയം തോന്നുന്ന മട്ടിലായിരുന്നു.

2012ലാണ് എംഫിൽ പരീക്ഷ നടന്നത്. ആ വർഷം തന്നെ ഗവേഷണയോഗ്യതാ പരീക്ഷ പാസ്സായി. പക്ഷേ, പിഎച്ച് ഡിക്ക് റജിസ്റ്റർ ചെയ്യാൻ ടിസി കിട്ടിയില്ല. 2014 മാർച്ചിലാണ് ഗവേഷണ വിഭാഗത്തിൽ ചേരാനായത്. അപ്പോഴും എംഫിൽ പരീക്ഷാഫലം വന്നിരുന്നില്ല. പ്രതിഷേധിച്ച് ഞാനടക്കം രംഗത്തു വന്നതിനെ തുടർന്ന് 2015ൽ റിസൽറ്റ് പ്രസി ദ്ധീകരിച്ചു, എനിക്ക് ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു.

ജാതിയുടെ പേരിൽ

ആ സംഭവത്തിനു പിന്നാലെ ജാതിയുടെ പേരിൽ വേർതിരിവ് പ്രകടമായി തുടങ്ങി. ഗവേഷണത്തിനാവശ്യമായ മെറ്റീരിയലുകൾ നൽകാതെയും, സുഹൃത്തുക്കളിൽ നിന്ന് അവ സംഘടിപ്പിച്ചാൽ ലാബിൽ നിന്നു മോഷ്ടിച്ചുവെന്നു പറഞ്ഞുമായിരുന്നു ആക്രമണം. ഇരിക്കാൻ സീറ്റില്ലാത്ത തു കൊണ്ട് ലൈബ്രറിയായിരുന്നു ശരണം. പരാതിപ്പെട്ടെങ്കിലും സർവകലാശാലയുടെ അനുകൂല നടപടി ഉണ്ടായില്ല. പൊലീസിനെയും പട്ടികജാതി– പട്ടികവർഗ ഗോത്ര കമ്മിഷനെയുമൊക്കെ നീതി തേടി സമീപിക്കേണ്ടി വന്നു.

വകുപ്പു മേധാവിക്കെതിരേ നൽകിയ പരാതിയിൽ എസ്‌ സി, എസ്ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നടപടിക്ക് ശുപാർശയുണ്ടായെങ്കിലും അതൊന്നും ഗവേഷണം തുടരാനുള്ള സാഹചര്യം ഉണ്ടാക്കിയില്ല. അങ്ങനെ ഒക്ടോബർ 29ന് സർവകലാശാലാ പടിക്കൽ നിരാഹാരസമരം ആരംഭിച്ചു. അന്നുമുതൽ 11ാം ദിവസം സമരം അവസാനിക്കുന്നതു വരെയുള്ള കാര്യങ്ങളെല്ലാം ചരിത്രം. ഇപ്പോൾ ഗവേഷണം പുനരാരംഭിച്ചിട്ടുണ്ട്.

കൈക്കുഞ്ഞുമായി ഇവിടേക്ക് പഠിക്കാനെത്തിയതാണ് ഞാൻ. ഇപ്പോഴവൾ ആറാം ക്ലാസിലായി. സർവകലാശാലയിലെ ചില മോശം കാര്യങ്ങളെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അനുഭവിച്ച വിവേചനം, പോരാടാനുള്ള ഊർജമാണ് തന്നത്. എന്റെ മകളടക്കം ഒരാൾക്കും അറിവു നിഷേധിക്കാൻ ജാതി തടസ്സമാകില്ലെന്നു പ്രത്യാശിക്കുന്നു.’’