Wednesday 07 November 2018 12:17 PM IST : By സ്വന്തം ലേഖകൻ

മദ്യപിച്ച് ലക്കുകെട്ട അജ്ഞാതൻ ദീപാവലി ആഘോഷിച്ചത് 18 വാഹനങ്ങള്‍ക്ക് തീയിട്ട്; വിഡിയോ വൈറൽ

drunkard-celebrates

വ്യത്യസ്തമായ ഒരു ദീപാവലി ആഘോഷത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. മദ്യപിച്ച് ലക്കുകെട്ട ഒരാൾ ദീപാവലി ആഘോഷിച്ചത് നിർത്തിയിട്ടിരുന്ന 18 വാഹനങ്ങൾക്ക് തീയിട്ടാണ്. ദക്ഷിണ ഡല്‍ഹിയിലെ മദന്‍ഗിറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. നാല് കാറുകളും 14 ബൈക്കുകളുമാണ് ഇയാൾ അഗ്നിയ്ക്കിരയാക്കിയത്.

പ്രതി വാഹനം കത്തിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒരു ബൈക്കിന്റെ ഫ്യുവല്‍ പൈപ്പ് ഊരി ഇയാള്‍ തീ വയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് അജ്ഞാതനായ പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. ലഹരിയുടെ മയക്കത്തിൽ കാലുറയ്ക്കാത്ത പ്രതി പിന്നീട് ഓടി രക്ഷപ്പെടുന്നതും വിഡിയോയില്‍ കാണാം.

അജ്ഞാതനായ പ്രതിയ്ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊലീസിന് വാഹനങ്ങള്‍ കത്തിയ വിവരം ലഭിച്ചത്. ഉടന്‍തന്നെ പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണച്ചു. പ്രതിയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ബൈക്കുകളില്‍ നിന്നും ഒഴുകിയിറങ്ങിയ പെട്രോള്‍ കാരണമായിരുന്നു മറ്റു വാഹനങ്ങളിലേക്ക് എളുപ്പത്തിൽ തീ പടര്‍ന്നത്.