Saturday 23 February 2019 03:13 PM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരോട് എനിക്കൊരിക്കലും പറയാനാകില്ല, എന്റെ ഡാഡ ജീവനോടെയില്ലെന്ന്! ഹൃദയം നൊന്ത് മകൾ അച്ഛനെഴുതിയ കത്ത്

deeya123 PC: Sheetal Jain

വീരമൃത്യു വരിച്ച പട്ടാള ഉദ്യോഗസ്ഥൻ നായിക് തിമ്മയ്യയുടെ മകളാണ് ദീയ. ഈ കൊച്ചു പെൺകുട്ടി അച്ഛനെഴുതിയ ഹൃദയസ്പർശിയായ കത്താണ് സൈബർ ലോകത്ത് വായനക്കാരുടെ കണ്ണു നനയിക്കുന്നത്. ബീയിങ് യു എന്ന ഫെയ്സ്ബുക് പേജിലാണ് ദീയയുടെ കത്ത് പങ്കുവച്ചിരിക്കുന്നത്. ജീവിതത്തിൽ ആകെ മൂന്നു തവണ മാത്രമാണ് തിമ്മയ്യ മകളെ കണ്ടിട്ടുള്ളത്. 2007 ജൂലൈ 24 നു നടന്ന ഭീകരാക്രമണത്തിലാണ് തിമ്മയ്യ കൊല്ലപ്പെടുന്നത്. സൈന്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ വോളണ്ടറി റിട്ടയർമെന്റ് എടുക്കാമെന്ന് ഭാര്യ നിർദ്ദേശിച്ചിട്ടും തിമ്മയ്യ അത് നിരസിക്കുകയായിരുന്നു. സ്വന്തം ജീവനെക്കാളും രാജ്യസേവനത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നൽകിയത്. 

ദീയ പിതാവിന് എഴുതിയ കത്ത് വായിക്കാം; 

പ്രിയപ്പെട്ട ഡാഡ, 

ചിലപ്പോൾ ഞാൻ അതിശയത്തോടെ ഓർക്കും എന്തു വിളിച്ചാലായിരിക്കും താങ്കൾക്ക് കൂടുതൽ ഇഷ്ടപ്പെടുക എന്ന്. അപ്പാ? പപ്പാ? ഡാഡി? പക്ഷെ, എനിക്കെപ്പോഴും താങ്കളെന്റെ ഡാഡയാണ്. എനിക്ക് 13 വയസ്സ് തികയാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രം. അതിനുശേഷം ഞാനൊരു ടീനേജുകാരിയാകും, വലിയ പെൺകുട്ടി! 

ഡാഡയ്ക്കറിയോ... ഞാൻ പഠനത്തിൽ മിടുക്കിയാണ്. ഹിന്ദിയ്ക്ക് 12 ൽ 11.5 ഉം സയൻസിൽ 10 ൽ 9.5 മാർക്കും ഞാൻ സ്‌കോർ ചെയ്യാറുണ്ട്. എന്റെ ക്ലാസ്സ് ടീച്ചർ അമ്മയോട് പറഞ്ഞു ഞാനാണ് ക്ലാസ്സിലെ ടോപ്പർ എന്ന്. എന്നോട് ഒരു ആർമി ഡോക്ടർ ആകാനാണ് അമ്മ ആവശ്യപ്പെട്ടിരിക്കുന്നത്. തീർച്ചയായും ഞാനൊരു ഡോക്ടറാകും! പക്ഷെ, ഞാനെന്റെ അമ്മയെ ജീവിതത്തിൽ ഒരിക്കലും തനിച്ചാക്കില്ല. പിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് അഷിതയാണ്. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്റെ അതേ സ്റ്റാൻഡേർഡിലാണ് അവളും പഠിക്കുന്നത്. പക്ഷെ, വേറെ സ്‌കൂളിലാണ്.   

ചിലപ്പോഴൊക്കെ ഞാൻ അതിശയത്തോടെ ഓർക്കും ഡാഡ എന്റെ അരികിൽ ഉണ്ടായിരുന്നെങ്കിലെന്ന്. അപ്പോൾ എന്നെ പാർക്കിൽ കൊണ്ടുപോകാനും, സ്പോർട്സ് ഡേയുടെ ഭാഗമായി എന്നെ തോളിലെടുത്ത് കൊണ്ടുപോകാനുമൊക്കെ ഡാഡയ്ക്ക് കഴിയുമായിരുന്നില്ലേ? പക്ഷെ, അതിനെപ്പറ്റി ഞാൻ കൂടുതലൊന്നും ചിന്തിക്കാറില്ല. എന്റെ മനസ്സിൽ മാത്രമല്ല, എനിക്കൊപ്പം എപ്പോഴും ഡാഡയുണ്ട്. ഞാനും അമ്മയും ദാദയും മാത്രമുള്ള ബെസ്റ്റ് ഫാമിലി. 

ഇനി ഞാനൊരു രഹസ്യം പറയാം. എന്റെ സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിരിക്കുന്നത് ഡാഡ ഇപ്പോഴും ബോർഡറിൽ ജോലി ചെയ്യുകയാണെന്നാണ്. അവരോടെനിക്ക് ഒരിക്കലും പറയാൻ കഴിയില്ല താങ്കൾ ജീവനോടെയില്ലെന്ന്. കാരണം എന്റെ കൂടെ ഡാഡയുണ്ട്. താങ്കളാണെന്റെ ഹീറോ ദാദാ. ഞാൻ കാരണം താങ്കൾക്ക് അഭിമാനം തോന്നുന്ന ഒരു ദിവസം വരും. ഞാൻ താങ്കളെ ഒരുപാട് സ്നേഹിക്കുന്നു.

എന്ന് സ്വന്തം ദിയ... 

being-you-deeya