ബിസിനസിന്റെ യാതൊരു പശ്ചാത്തലവും ഇല്ലെങ്കിലും സ്വന്തം ബ്രാൻഡ് എന്ന സ്വപ്നം മനസ്സിൽ വന്നപ്പോൾ തന്നെ കൊല്ലം പട്ടാഴി സ്വദേശിയായ ലക്ഷ്മി അരുൺ തീ രുമാനിച്ചു, ആ ബിസിനസിന് സാമൂഹിക പ്രതിബദ്ധത കൂടി വേണം. പണം മാത്രമാകരുതു ലക്ഷ്യം. പല പ്ലാനുകൾക്കു ശേഷം ലക്ഷ്മിയും ഭർത്താവ് അരുണും ചേർന്നു സ്ത്രീകൾക്കു വേണ്ടിയുള്ള ഡെലോണെ മെൻസ്ട്രുവൽ കപ് വിപണിയിലെത്തിച്ചതിനു പിന്നിലെ ആദ്യ ചുവടുവയ്പ് അങ്ങനെ.
കൊച്ചിയിലെ ഡെലോണെ ഓഫിസിലിരുന്ന് ലക്ഷ്മി ബിസിനസിലേക്കിറങ്ങിയ കഥ പറഞ്ഞു. ‘‘എന്റേത് ബിസി നസ് ഫാമിലിയല്ല. അച്ഛൻ രമേഷ് കുമാർ പ്രവാസിയായിരുന്നു, അമ്മ ഗീതാകുമാരി അധ്യാപികയും. പഠിച്ചു ജോലി നേടുക എന്നതായിരുന്നു കുട്ടിക്കാലത്തെ സ്വപ്നം.
കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നു ബിടെക്കും നാഗർകോവിൽ രാജാസ് കോളജിൽ നിന്ന് എംടെക്കും പാസ്സായി. കടയ്ക്കൽ എസ്എച്ച്എം എൻജിനീയറിങ് കോളജിൽ അധ്യാപികയായി ജോലി ചെയ്തു തുടങ്ങിയപ്പോൾ ജീവിതം സെറ്റിൽഡ് ആയി എന്ന തോന്നലായിരുന്നു.
ഷിപ്പിങ് കമ്പനിയിൽ ജോലിയുള്ള അരുൺ പിള്ളയുമായുള്ള വിവാഹത്തിനു ശേഷം ഞങ്ങൾ രണ്ടും യുഎഇയിലേക്കു വിമാനം കയറി. അവിടെ ഷാർജ മുനിസിപ്പാലിറ്റി അപ്രൂവ്ഡ് എൻജിനീയറായി മൂന്നു വർഷം ജോലി ചെയ്തു. ആ കാലത്താണ് സ്വന്തം ബിസിനസ് സംരംഭം തുടങ്ങണമെന്ന മോഹം വന്നത്. അങ്ങനെ സർജിക്കൽ ഉത്പന്നങ്ങളുടെ ഫേം തുടങ്ങി. അതിന്റെ കാര്യങ്ങൾക്കായി നാട്ടിൽ വന്നു, അപ്പോലേക്കും ഭർത്താവിന് എറണാകുളത്തെഷിപ്പിങ് കമ്പനിയിൽ ജോലിയായി.
സ്വന്തം ബ്രാൻഡ് സ്വപ്നം
സാമൂഹിക പ്രതിബദ്ധതയുള്ള സ്വന്തം ബ്രാൻഡ് വേണമെന്ന മോഹത്തിനു പിന്നാലെ മനസ്സു നടന്നു തുടങ്ങിയത്
ആ കാലത്താണ്. ആർത്തവ ശുചിത്വവും സാനിറ്ററി പാഡ് ഉപയോഗവും ചർച്ചകളിൽ സജീവമായ സമയം. സാനിറ്ററി പാഡ് ഉണ്ടാക്കുന്ന മാലിന്യപ്രശ്നം വലുതാണ്. അതിനു പുറമേയാണു യാത്രകളിലും മറ്റും പാഡ് മാറ്റാൻ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാട്.
വിദേശത്തു ജീവിച്ചതു കൊണ്ട് മെൻസ്ട്രുവൽ കപ്പിനെ കുറിച്ചും അതിന്റെ സൗകര്യങ്ങളെ കുറിച്ചുമൊക്കെ നന്നായി അറിയാം. സ്ത്രീകൾക്ക് ഏറ്റവും പ്രയോജനകരമാകുന്ന ബിസിനസ് എന്ന നിലയ്ക്കാണു ഡെലോണെ മെൻസ്ട്രുവൽ കപ് വിപണിയിലെത്തിക്കാൻ തീരുമാനിച്ചത്. ബെംഗളൂരുവിലെ മാനുഫാക്ചറിങ് യൂണിറ്റ് നേരിട്ടു പോയി കണ്ട് ഐഎസ്ഒ സർട്ടിഫൈഡ് നിർമാണരീതി കണ്ടു മനസ്സിലാക്കി. 100 ശതമാനം മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് ചർമത്തിനു യാതൊരു അസ്വസ്ഥതയും ഉണ്ടാക്കാത്ത തരത്തിലാണു ഡെലോണെ നിർമിക്കുന്നതെന്നും ഉറപ്പാക്കി. കുറച്ചു കാശ് സ്വന്തം കയ്യിൽ നിന്നിട്ടു, ബാക്കിക്കു വേണ്ടി മുദ്ര ലോൺ എടുത്തിട്ടുണ്ട്.
മെഡിക്കൽ സ്റ്റോറുകളും സൂപ്പർ മാർക്കറ്റുകളും വഴിയാണു വിൽപന. ആമസോണിലും ഫ്ലിപ്കാർടിലും ഡെലോണെ ഉണ്ട്. സെയിൽസും മാർക്കറ്റിങ്ങുമെല്ലാം ഞാനാണു നോക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ഡിമാൻഡും ഉത്പാദനവും കൂടിയിട്ടുണ്ട്. കൂടുതൽ സ്ത്രീകൾക്കു മെൻസ്ട്രുവൽ കപ് ഉപയോഗിക്കാനുള്ള അവബോധം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. മക്കളായ അൻവിദയ്ക്കും ആദവിനും അമ്മയെ അടുത്തു കിട്ടുന്നതിന്റെ ഇരട്ടി സന്തോഷമുണ്ട്.