Thursday 01 August 2024 02:58 PM IST : By സ്വന്തം ലേഖകൻ

മഴക്കാലമാണ്... ഡെങ്കിപ്പനിയെ പേടിക്കണം: ഒരിക്കലും സ്വയം ചികിത്സയ്ക്കു മുതിരരുതേ: ശ്രദ്ധിക്കാം ഈ 5 കാര്യങ്ങൾ

dengue-fever45566000

മഴക്കാലം ആരംഭിച്ചതോടെ ഡെങ്കിപ്പനി പോലുള്ള മഴക്കാല രോഗങ്ങളും പിടിമുറുക്കിത്തുടങ്ങി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയാൽ പടിക്കു പുറത്തു നിർത്താവുന്ന ഒന്നാണ് ഡെങ്കിപ്പനിയും. അഥവാ രോഗം പിടികൂടി കഴിഞ്ഞാൽ സ്വയം ചികിത്സയ്ക്കു മുതിരാതെ എത്രയും പെട്ടെന്ന് വിദഗ്ദ ചികിത്സ ഉറപ്പാക്കണം. ഡെങ്കിപ്പനിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പൊതുവായ കാര്യങ്ങളാണ് താഴെപ്പറയുന്നത്.

1. എങ്ങനെയാണ് ഡെങ്കിപ്പനി പകരുന്നത്?

ഈഡിസ് വിഭാഗം കൊതുകുകള്‍ വഴി പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഫ്‌ളേവി വൈറസുകളാണ് ഡെങ്കിപ്പനിക്ക് കാരണം. ഈഡിസ് ഈജിപ്തി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നീ വിഭാഗം കൊതുകുകളാണ് കേരളത്തിൽ വൈറസ് പരത്തുന്നത്. രോഗാണുബാധിതനായ വ്യക്തിയെ കടിക്കുന്ന കൊതുകുകൾ ഏഴു ദിവസങ്ങൾക്കു ശേഷം മറ്റുള്ളവരിലേക്ക് രോഗം പരത്തുന്നതിനുള്ള കഴിവ് നേടുന്നു. ഈഡിസ് കൊതുകുകള്‍ പകല്‍സമയത്താണ് കടിക്കുന്നത്. അതുകൊണ്ട് പകല്‍നേരത്ത് കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

2. എന്തൊക്കെയാണ് രോഗ ലക്ഷണങ്ങൾ?

മനുഷ്യരിൽ രോഗാണു പ്രവേശിക്കുന്നത് മുതൽ വൈറസ് ബാധ ഉണ്ടായാല്‍ ആറു മുതല്‍ 10 ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. കടുത്ത പനി, തലവേദന, കണ്ണുകള്‍ക്കുപിന്നില്‍ വേദന, പേശികളിലും സന്ധികളിലും വേദന, ക്ഷീണം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍. ചിലപ്പോള്‍ ശരീരത്തില്‍ ചുവന്നപാടുകളും വരാം.

3. രോഗലക്ഷണങ്ങൾ ഉണ്ടായാൽ എന്ത് ചെയ്യണം?

പനി വന്നാല്‍ ഒരിക്കലും സ്വയം ചികിത്സിക്കരുത് എന്നതാണ് ഏറ്റവും പ്രധാനം. ഉടൻ തന്നെ അടുത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കുകയാണ് ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ചെയ്യേണ്ടത്. ഡെങ്കിപ്പനി വന്നവര്‍ക്ക് പൂര്‍ണവിശ്രമം അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം. പനി കുറയാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകഴിക്കാം. തുടര്‍ന്നും ലക്ഷണങ്ങള്‍ കഠിനമായി നിലനില്‍ക്കുകയാണെങ്കില്‍ ഉടന്‍ ആശുപത്രിയിലെത്തിക്കണം.

4. ഡെങ്കിപ്പനി വരാതിരിക്കാൻ എന്തെല്ലാം ചെയ്യാം?

വീടും പരിസര പ്രദേശങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വീടിന്റെയോ ജോലിസ്ഥലങ്ങളുടെയോ പരിസര പ്രദേശങ്ങളിൽ യാതൊരു കാരണവശാലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്‌. കിണറുകൾ, ടാങ്കുകൾ, വെള്ളം സംഭരിച്ചു വയ്ക്കുന്ന പാത്രങ്ങൾ എന്നിവ കൊതുകു കടക്കാത്ത വിധ കൊതുകുവലയിട്ടു മൂടുകയോ തുണികൊണ്ട് മൂടുകയോ ചെയ്യണം. നമ്മുടെ ചുറ്റുപാടിൽ കൊതുകുകൾക്ക് വളരാനുള്ള സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.

സാധാരണ ഡെങ്കിപ്പനി തിരിച്ചറിയാൻ സഹായിക്കുന്ന രോഗലക്ഷണങ്ങൾ: 

. തീവ്രമായ പനി 

. കടുത്ത തലവേദന 

. കണ്ണുകൾക്ക് പിന്നിൽ വേദന 

. പേശികളിലും സന്ധികളും വേദന 

. നെഞ്ചിലും മുഖത്തും അഞ്ചാം പനിപോലെ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകൾ 

. ഓക്കാനവും ഛർദിയും 

തീവ്രമായ ഡെങ്കി ഹെമറാജിക് പനി തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ 

നേരത്തെ പറഞ്ഞ ഡെങ്കിപ്പനിയുടെ ലക്ഷണം കൂടാതെ താഴെ പറയുന്ന ഏതെങ്കിലും ഒരു രോഗലക്ഷണം ഉണ്ടെങ്കിൽ 

. വിട്ടുമാറാത്ത, അസഹനീയമായ വയറുവേദന 

. മൂക്കിൽ നിന്നും വായിൽ നിന്നും മോണയിൽ നിന്നും രക്‌തസ്രാവം 

. രക്‌തത്തോടു കൂടിയതോ ഇല്ലാതെയോ ഇടവിട്ടുള്ള ഛർദി 

. കറുത്ത നിറത്തിൽ മലം പോകുക 

. അമിതമായ ദാഹം (വായിൽ വരൾച്ച), നാഡിമിഡിപ്പ് കുറയൽ, ശ്വാസോഛാസത്തിന് വൈഷമ്യം 

. ചർമം വിളറിയും ഈർപ്പമേറിയതും ഒട്ടിപ്പിടിക്കുന്നതുമാകുക 

. അസ്വസ്‌ഥത, ബോധക്ഷയം. 

ചികിത്സ 

വൈറസ് രോഗമായതിനാൽ ഡെങ്കിപ്പനിക്ക് പ്രത്യേകം മരുന്നില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ച് ചികിത്സ നൽകിവരുന്നു. യഥാസമയം ചികിത്സ ലഭിച്ചാൽ രക്ഷപ്പെടാവുന്നതാണ്. രോഗം സ്‌ഥിരീകരിച്ചാൽ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതാണ് ഉത്തമം, ഗുരുതരമായ രോഗം ബാധിച്ച രോഗികൾക്ക് രക്തം, പ്ലാസ്‌മ, പ്ലേറ്റ്‌ലറ്റ് ചികിത്സ നൽകിവരുന്നു. ഡെങ്കിപ്പനിക്ക് പ്ലേറ്റ്‌ലറ്റ് കൗണ്ട് വർധനയ്‌ക്ക് പപ്പായയുടെ ഇല ഉത്തമമാണെന്ന വാദം ഉയർന്നിട്ടുണ്ട്. ഇതു സംബന്ധിച്ച് അനുഭവം പങ്കുവയ്‌ക്കലല്ലാതെ ശാസ്‌ത്രീയമായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല. 

രോഗനിർണയം

അണുവിനെ വേർതിരിക്കലും തിരിച്ചറിയലും, മോളിക്കുലാർ പരിശോധനാ രീതികൾ, സീറോളജിക്കൽ പരിശോധനാ രീതികൾ 

Tags:
  • Health Tips
  • Glam Up