Saturday 15 December 2018 04:56 PM IST : By സ്വന്തം ലേഖകൻ

‘ഒരു സ്ത്രീ രാവിലെ ഓണ്‍ ആക്കുകയും രാത്രി ഓഫ് ആക്കുകയും ചെയ്യുന്ന സ്വിച്ചുകളുടെ ഇടയില്‍ നടക്കുന്ന ഒരു സംഭവമാണ് നമ്മുടെയൊക്കെ ജീവിതം’; ഡെന്നിസ് അറയ്ക്കൽ എഴുതിയ കുറിപ്പ് വായിക്കാം

leady-new

‘‘നമ്മള്‍ അറിയേണ്ടതുണ്ട്! സമൂഹത്തിന്റെ മുന്‍പില്‍ നീതിക്ക് വേണ്ടി പൊരുതി ധൈര്യപൂര്‍വ്വം എണീറ്റ് നില്‍ക്കുന്ന അവളെ സൈബര്‍ ആക്രമണം നടത്തി തോല്‍പ്പിച്ചും, എന്തിനും ഏതിനും അവളുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തു അവളെ നിശബ്ധയാക്കുകയും ചെയുമ്പോള്‍, നമ്മള്‍ നമ്മളെ തന്നെയാണ് തോല്‍പ്പിച്ചു കളയുന്നതെന്ന്! സ്ത്രീകള്‍ സംസാരിക്കാത്ത വീടുകളിലെ കുട്ടികള്‍ മോഴകള്‍ ആയി പോകുമെന്ന്!’’.

ഡെന്നിസ് അറയ്ക്കൽ എന്ന ചെറുപ്പക്കാരന്‍ തന്റെ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലെ ഒരു ഭാഗമാണിത്. സ്ത്രീകളെ അവരുടെ കഷ്ടപ്പാടുകളുടെയും ത്യാഗത്തിന്റെയും പശ്ചാത്തലത്തിൽ ബഹുമാനത്തോടെയും ആദരവോടെയും പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡെന്നിസ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു. സ്ത്രീകളെ പുരുഷപക്ഷ കാഴ്ചപ്പാടിൽ അവഹേളിക്കുന്ന, വിമർശന വിധേയമാക്കുന്ന സാമൂഹിക അന്തരീക്ഷത്തിനെതിരെയാണ് ഡെന്നിസിന്റെ കുറിപ്പ്...


ഡെന്നിസ് അറയ്ക്കലിന്റെ കുറിപ്പ് വായിക്കാം:


ഒരു സ്ത്രീ രാവിലെ ജോലി സ്ഥലത്തേയ്ക്ക് ഓടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

സ്വന്തം കുടുംബത്തെ മനസ്സില്‍ എടുത്തു കൊണ്ട്, ഒരു സ്ത്രീ താഴെ നില്‍ക്കാതെ ഓടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? തന്റെ മകന്‍ അന്ന് രാവിലെ ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് ആവലാതിപ്പെട്ടു കൊണ്ട്, ഇന്നലെ പത്താമതും പെന്‍സില്‍ കളഞ്ഞു വന്നതിനു ചെറിയ കുട്ടിക്ക് കൊടുത്ത അടിക്കു ശക്തി കൂടി പോയോ എന്ന് വ്യസനിച്ചു കൊണ്ട്, പുതിയതായി വാങ്ങിയ അരിക്ക് വേവ് കൂടിയതോര്‍ത്തു കൊണ്ട്, അമ്മായിയമ്മയുടെ ചൊവാഴ്ച്ചയുള്ള മെഡിക്കല്‍ ചെക്കപ്പിനു കൂടെ പോകാന്‍ ലീവ് കിട്ടുമോ എന്നൊക്കെ ചിന്തിച്ചു കൊണ്ട്, ഇടയ്ക്ക് വാച്ചില്‍ നോക്കി, ഒരു സ്ത്രീ സ്കൂട്ടെര്‍ ഓടിച്ചു പോകുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഒരു സ്ത്രീ ജോലിക്ക് പോകാതെ വീട്ടമ്മയായി സ്വന്തം കുടുംബത്തിനും കുട്ടികള്‍ക്കും വേണ്ടി നിറുത്താതെ പൊരുതുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ?

ഭര്‍ത്താവിന്റെ ചിട്ടവട്ടങ്ങള്‍ തെറ്റാതിരിക്കാന്‍ സ്വന്തം ചിട്ടകള്‍ തെറ്റിച്ചു അവള്‍ ഓടുന്നത് കണ്ടിട്ടുണ്ടോ ? അവന്‍റെ നെറ്റ് ബാങ്കിംഗ് പാസ്സ്‌വേര്‍ഡ് ഓര്‍ത്തു പറയാനും, ടാക്സ് റിട്ടേണ്‍ ചെയ്യേണ്ട ലാസ്റ്റ് ഡേറ്റ് ഓര്‍ത്തു വെയ്ക്കാനും, കുട്ടികളുടെ ക്ലാസ്സും ഡിവിഷനും തെറ്റാതെ പറയാനും, സ്കൂള്‍ ഫീസ് കൊടുക്കാനുള്ള അവസാനത്തെ ഡേറ്റ് മറക്കാതിരിക്കാനും ശ്രമിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? അടുക്കളയില്‍ തിരിഞ്ഞു നോക്കാത്ത ഭര്‍ത്താവു ഫ്രിഡ്ജിലെ ചീഞ്ഞ പച്ചക്കറികള്‍ ചൂണ്ടി കാട്ടി വഴക്കിടുമ്പോള്‍, അറിയാതെ ഒന്ന് വല്ലപ്പോഴും പാല് തിളച്ചു തൂവുമ്പോള്‍, ഗോള്‍ഡ് ലോണ്‍ എടുത്തപ്പോള്‍ കിട്ടിയ റെസീപ്റ്റ് എവിടെ സൂക്ഷിച്ചു വെച്ചു എന്ന് മറന്നു പോകുമ്പോള്‍, ദോശ മാവിന് വെള്ളം കൂടുമ്പോള്‍, വിരുന്നുകാര്‍ എത്തും മുന്‍പ് വാഷ് ബേസിന്‍ കഴുകി വൃത്തിയാക്കാന്‍ പറ്റാത്തപ്പോള്‍, അവള്‍ “അയ്യോ! ശോ!” എന്ന് സ്വയം പറയുന്നത് നിങ്ങള്‍ കേട്ടിടുണ്ടോ?

നിങ്ങളോടാണ് ഞാന്‍ ചോദിച്ചത്! നിങ്ങള്‍ കേട്ടിടുണ്ടോ? കണ്ടിട്ടുണ്ടോ? ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതിനൊക്കെ ഇടയില്‍ എവിടെയോ അവള്‍ അവളുടെ ജീവിതം ജീവിക്കുന്നു. ഇടയ്ക്ക് ഒരു കാപ്പി ഇട്ടു കുടിച്ചു , ഒന്നോ രണ്ടോ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ നിശബ്ദയായി ഇരുന്നു എല്ലാം വായിച്ചു ചിരിച്ച്, ആ ഗ്രൂപ്പിലെ തന്നെ ചിലരുടെ ആരും കാണാതെയുള്ള “ഹലോ! സുഖമാണോ?’ പേര്‍സണല്‍ മെസ്സജുകള്‍ക്ക് ഒറ്റ വക്കില്‍ മറുപടി കൊടുത്ത്, ഇടയ്ക്ക് എപ്പോഴോ ഓടി പോയി മുടിയൊക്കെ ഒന്ന് വെട്ടിച്ചു, Amazon ലും, Myntra യിലും ചുമ്മാ അതും ഇതും നോക്കി കൊതിച്ചും, കുട്ടികളോട് ചിരിച്ചും, ബാല്‍ക്കണിയിലെ ചെടിക്ക് വെള്ളമൊഴിച്ചും, ബന്ധുക്കളുടെ ലാന്‍ഡ്ഫോണ്‍ വിളികള്‍ക്ക് മറുപടി പറഞ്ഞും, ഇടയ്ക്ക് ടി വി യില്‍ വരുന്ന സിനിമകള്‍ പകുതി കണ്ടും, വീട്ടില്‍ ദൈവങ്ങളുടെ മുന്‍പില്‍ വിളക്ക് തെളിച്ചും, അവള്‍ അവളുടെ ജീവിതം നിശബ്ധമായി ജീവിക്കുന്നു. അവള്‍ക്കു വേണ്ടി അവള്‍ക്കു എന്ത് സമയമുണ്ട് ?

denis-2

സ്ത്രീകള്‍ അവര്‍ക്ക് വേണ്ടി ഒന്ന് എണീറ്റ് നില്‍ക്കുമ്പോള്‍ അവരെ തോല്‍പ്പിച്ചു കളയാനുള്ള ചിലരുടെ ആഗ്രഹം ഈയിടയായി കാണുമ്പോള്‍ ഇതൊക്കെ പറയാതെ വയ്യ, ഓര്‍മ്മിപ്പിക്കാതെ വയ്യ ! സിനിമാക്കാരുടെ ഫാന്‍സ് ആയാലും കൊള്ളാം, നിറങ്ങളുള്ള കൊടി പിടിക്കുന്ന പാര്‍ട്ടിക്കാര്‍ ആയാലും കൊള്ളാം, സ്വന്തം sexuality മനസിലാക്കിയ, individuality യുള്ള, ജീവിതത്തെ വിലമതിക്കുന്ന, സ്ത്രീകള്‍ ചിലത് വിളിച്ചു പറയുമ്പോള്‍ അവര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല! ഇങ്ങനെ പോയാല്‍ നാല് പുസ്തകം വായിക്കുന്ന സ്ത്രീയുടെ ഹൃദയത്തില്‍ കയറാന്‍ കെല്‍പ്പില്ലാത്തവരുടെ നാടായി പോകും നമ്മുടെ നാട്!

നമ്മള്‍ അറിയേണ്ടതുണ്ട്! സമൂഹത്തിന്റെ മുന്‍പില്‍ നീതിക്ക് വേണ്ടി പൊരുതി ധൈര്യപൂര്‍വ്വം എണീറ്റ് നില്‍ക്കുന്ന അവളെ സൈബര്‍ ആക്രമണം നടത്തി തോല്‍പ്പിച്ചും, എന്തിനും ഏതിനും അവളുടെ ചാരിത്ര ശുദ്ധിയെ ചോദ്യം ചെയ്തു അവളെ നിശബ്ധയാക്കുകയും ചെയുമ്പോള്‍, നമ്മള്‍ നമ്മളെ തന്നെയാണ് തോല്‍പ്പിച്ചു കളയുന്നതെന്ന്! സ്ത്രീകള്‍ സംസാരിക്കാത്ത വീടുകളിലെ കുട്ടികള്‍ മോഴകള്‍ ആയി പോകുമെന്ന്!

നമ്മള്‍ മനസിലാക്കേണ്ടതുണ്ട്! ആണിനെ പോലെ പെണ്ണിനും ലോകത്തിലെ എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയാമെന്നും, ഇഷ്ട്ടമുള്ളപ്പോള്‍ ഇഷ്ട്ടമുള്ള സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, മോട്ടോര്‍ സൈക്കിള്‍ ഓടിക്കാമെന്നും, മഴയെത്തു നടക്കാമെന്നും, സ്വന്തം ശരീരത്തെ പറ്റി തീരുമാനം എടുക്കാമെന്നും! അവള്‍ ഇതൊക്കെ ചെയ്യാം, ചെയ്യാതെ ഇരിക്കാം. വേണമെന്ന് വെയ്ക്കുന്നവരുണ്ട്. വേണ്ടെന്നു വെയ്ക്കുന്നവരുമുണ്ട്. അത് അവളുടെ ഇഷ്ട്ടം. അവളുടെ മാത്രം ഇഷ്ട്ടം. പക്ഷെ അവള്‍ അങ്ങനെ ചെയ്യുമ്പോള്‍ മാനസികമായി , ശാരീരികമായി ആക്രമിച്ചു കീഴടക്കുന്ന ഒരു രീതിയുണ്ടല്ലോ, അതാണ് പേടിപ്പിക്കുന്നത്. സ്ത്രീ വിരുദ്ധമായ പ്രസ്താവനകളും ആഘോഷങ്ങളും എല്ലാം തന്നെ അവളുടെ നിശബ്ദമായ ത്യാഗങ്ങള്‍ക്ക് നമ്മുടെ സംഭാവനകള്‍ ആണ്.

നമ്മള്‍ ഓര്‍ക്കണം. എല്ലാരും കിടന്ന് കഴിഞ്ഞു അടുക്കളയിലെ സിങ്കിനോട് മല്ലിട്ടു, ലൈറ്റ് ഓഫാക്കി തോര്‍ത്തില്‍ കൈ തുടച്ചാണ് അവര്‍ ഭാര്യയായി കിടക്കയില്‍ എത്തുന്നത്‌. ഇവള്‍ ഉറക്കം തീരാതെ രാവിലെ എണീറ്റ്‌, മുടി കെട്ടി വെച്ച്, അടുക്കളയിലെ ലൈറ്റ് തെളിച്ചു തുടങ്ങി തരുന്ന നന്മയാണ് നമ്മുടെയൊക്കെ ദിനങ്ങള്‍. ഗ്യാസ് സ്ടോവ് കത്തിക്കുന്ന ആദ്യത്തെ സ്പാര്‍ക്കിലാണ് ഒരു ദിനം തുടങ്ങുന്നത്.

ഒരു സ്ത്രീ രാവിലെ ഓണ്‍ ആക്കുകയും രാത്രി ഓഫ്‌ ആക്കുകയും ചെയുന്ന സ്വിച്ച്കളുടെ ഇടയില്‍ നടക്കുന്ന ഒരു സംഭവമാണ് നമ്മുടെയൊക്കെ ജീവിതം.

നിങ്ങള്‍ അത് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

ഡെന്നിസ് അറയ്ക്കല്‍