Friday 14 December 2018 01:00 PM IST : By സ്വന്തം ലേഖകൻ

വിധിയിത്ര മേൽ ക്രൂരമോ?; ആദ്യം അച്ഛന് കാല്‌ നഷ്ടമായി, പിന്നാലെ മകനും; കാണാതെ പോകരുത് ഈ കണ്ണീർക്കഥ

handicapped

മലയാറ്റൂർ ∙ ജീവിതത്തിൽ തുടരെത്തുടരെ ആഞ്ഞടിക്കുന്ന വിധിയുടെ മുൻപിൽ പകച്ചു നിൽക്കുകയാണു മലേക്കുടി ദേവസിക്കുട്ടി. ദേവസിക്കുട്ടിക്കും മകൻ തോമസിനും രണ്ടു വ്യത്യസ്ത അപകടങ്ങളിൽ ഓരോ കാലുകൾ നഷ്ടപ്പെട്ടു. ഇവരെ നോക്കേണ്ടതിനാൽ കുടുംബനാഥ ആനിക്കു കൂലിപ്പണിക്കു പോകാൻ കഴിയുന്നില്ല. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ദേവസിക്കുട്ടിക്കു വികലാംഗ പെൻഷൻ കിട്ടുന്നുമില്ല. 

നെടുമ്പാശേരി വിമാനത്താവളത്തിൽ യൂട്ടിലിറ്റി ഹാൻഡിലിങ് കരാർ തൊഴിലാളിയായ തോമസിനു (20) കഴിഞ്ഞ ഏപ്രിൽ 30നാണു  ജോലി സ്ഥലത്തു വച്ച് അപകടമുണ്ടായത്. രാത്രിയിൽ കൺവെയർബെൽറ്റ് കണക്ട് ചെയ്യുന്ന ജോലി ചെയ്യുമ്പോൾ മുന്നോട്ടു പോകേണ്ട എക്യുപ്മെന്റ് വെഹിക്കിൾ പുറകോട്ടു വരികയും വാഹനത്തിനും ബെൽറ്റിനുമിടയിൽ തോമസിന്റെ വലതു കാൽ ചതഞ്ഞരയുകയുമായിരുന്നു. 

കാൽ മുറിച്ചു മാറ്റാതെ മാർഗമില്ലാതായി. കൃത്രിമ കാൽ വയ്ക്കുന്നതുൾപ്പെടെയുള്ള ചികിൽസാ സഹായം,  നഷ്ടപരിഹാരം, തുടർന്നും ജോലി എന്നീ വാഗ്ദാനങ്ങൾ ഡൽഹി ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി നൽകിയതു മൂലം കേസിനു പോയില്ലെന്നു തോമസ് പറഞ്ഞു. എന്നാൽ ‍ കാൽ മുറിച്ചതിനു ശേഷം കമ്പനി അധികൃതർ പ്രതികരിക്കുകയോ കാണാൻ വരുകയോ ചെയ്തിട്ടില്ല. നാട്ടുകാരാണ് ഇപ്പോൾ ചികിൽസാ സഹായങ്ങൾ നൽകുന്നത്. 

ടാറിങ് ജോലിക്കാരനായിരുന്ന ദേവസിക്കുട്ടിക്കു (60) 4 വർഷം മുൻപാണു കണ്ടെയ്നർ റോഡ് ജോലിക്കിടെ അപകടമുണ്ടായത്. പുലർച്ചെ ജോലി കഴിഞ്ഞ് ഓട്ടോറിക്ഷ കാത്തുനിൽക്കെ കയറിയ ലോറി വഴിയരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നറിൽ ഇടിക്കുകയും ദേവസിക്കുട്ടിയുടെ ഇടതുകാൽ തകരുകയും ചെയ്തു. 

കൃത്രിമക്കാൽ ഉപയോഗിച്ചാണ് ഇപ്പോൾ സഞ്ചാരം. കുറച്ചു നാൾ ലോട്ടറി വിറ്റു. പിന്നെ വിട്ടുമാറാത്ത വയറുവേദനയെത്തുടർന്നു ജോലിക്കു പോകാനാവാതെയായി. ഓണത്തിനു ശേഷം ദേവസിക്കുട്ടിക്കു വികലാംഗ പെൻഷൻ കിട്ടിയിട്ടില്ല. ഇതു സംബന്ധിച്ചു പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. രണ്ടു പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിറ്റു. 13 വർഷമായി  വാടകവീട്ടിലാണു താമസം.

More