Tuesday 02 June 2020 04:55 PM IST : By സ്വന്തം ലേഖകൻ

ഡിജിറ്റൽ അക്ഷരങ്ങൾക്കിടയിലെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം; എരിഞ്ഞടങ്ങിയ ദേവിക നെഞ്ചിലെ കനലാകുമ്പോൾ

devika-death

ഓൺലൈൻ ടെലിവിഷൻ ക്ലാസുകൾ വിദ്യാഭ്യാസ മേഖലയുടെ മാറ്റം അടയാളപ്പെടുത്തുകയാണ്. പക്ഷേ ആ സൗഭാഗ്യം ലഭിക്കാതെ പോയ ദേവികയെന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി നെഞ്ചിലെ തീയാകുകയാണ്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനപ്രയാസത്തില്‍ തീയിൽചാടിയാണ് ദേവിക ആത്മഹത്യ ചെയ്തത്. ദേവികയുടെ മരണം വിങ്ങലായി അവശേഷിക്കുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ജെ ബിന്ദുരാജ്. ഫെയ്സ്ബുക്കിലൂടെയാണ് ബിന്ദുരാജിന്റെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആ മനസ്സ് വല്ലാതെ നൊന്തുകാണും. ആ വേവലാകാം സ്വന്തം ശരീരം എരിച്ചുകളയുന്നതിലേക്ക് ദേവികയെ കൊണ്ടെത്തിച്ചത്. മാങ്കേരി ദളിത് കോളനിയിലെ അന്തേവാസിയായിരുന്ന ഈ പെൺകുട്ടിയും സർക്കാരിന്റെ ഓൺലൈൻ ക്ലാസ്സുകളെപ്പറ്റി കേട്ടിരുന്നു. പക്ഷേ വീട്ടിലുള്ള ടെലിവിഷൻ കേടായിരുന്നു. സ്മാർട്ട് ഫോൺ ഒട്ടില്ലതാനും. അതുകൊണ്ട് കേരള സർക്കാർ സാഘോഷം വിക്ടേഴ്‌സ് ചാനലിലൂടെ വിദ്യാഭ്യാസത്തിന് ജൂൺ ഒന്നിന് തുടക്കം കുറിച്ചപ്പോൾ ആ പുതിയ 'സ്‌കൂളിന്' പുറത്താക്കപ്പെട്ട മിടുക്കിയായ വിദ്യാർത്ഥിനിയുടെ മനസ്സു നൊന്തു.

അച്ഛൻ കൂലിപ്പണിക്കാരനാണ്. രോഗിയായപ്പോൾ പണിക്കുപോകാതെയായി. എങ്ങനെയാണ് ദേവികയ്ക്ക് അച്ഛനോട് ടിവി നന്നാക്കണമെന്നും തനിക്ക് സ്മാർട്ട് ഫോൺ വാങ്ങിത്തരണമെന്നും പറയാനാകുക? വീട്ടിൽ അത്താഴത്തിന് അരി വേവുന്നതുപോലും ആഡംബരമായ ഒരു കുടുംബത്തിൽ താൻ ഒരധികപ്പറ്റാണെന്നും തന്റെ വിദ്യാഭ്യാസം മാതാപിതാക്കൾക്ക് ഒരു അധികഭാരമാണെന്നും ആ കുട്ടിക്ക് തോന്നിയതിൽ അത്ഭുതമില്ല.

ദേവികയെപ്പോലെ ചിന്തിക്കുന്ന എത്രയോ കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് ഒരു ഡിജിറ്റൽ വിടവിലൂടെ കൂടുതൽ കൂടുതൽ വലുതാകുന്നതു കണ്ടപ്പോൾ ആ കുഞ്ഞു മനസ്സു വല്ലാതെ വേദനിച്ചു കാണും. നോട്ട് പുസ്തകത്തിൽ 'ഞാൻ പോകുന്നു' എന്ന വാക്കുകൾ അവൾ എഴുതുമ്പോൾ അവളുടെ മനസ്സിൽ പുകഞ്ഞുകൊണ്ടിരുന്ന ആ അഗ്‌നിപർവതം ഇപ്പോൾ എന്റെ മനസ്സിലും പുകയുന്നുണ്ട്. ആ അഗ്‌നിപർവതത്തിൽ നിന്നുള്ള ലാവ കണ്ണുകളിലൂടെ ഊർന്നിറങ്ങുന്നുമുണ്ട്.

എന്തൊക്കെയാകും ഇന്നലത്തെ ആ ദിനത്തിൽ ദേവികയുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാകുക? നല്ല ഭക്ഷണത്തിനു വേണ്ടി, നല്ലൊരു വസ്ത്രത്തിനു വേണ്ടി അവൾ പണ്ടൊക്കെ മോഹിച്ചു കാണില്ലേ? ഉണ്ടാകാം. സ്‌കൂൾ തുറക്കുന്ന വേളയിൽ പുത്തനുടുപ്പിന്റേയും കുടയുടേയും ബാഗിന്റേയും പത്രാസ്സിൽ കൂട്ടുകാർ സ്‌കൂളിലേക്ക് പോകുമ്പോൾ പോലും അവൾക്കിത്രയും മനോവിഷമം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

പഠനത്തിൽ അവൾ മിടുക്കിയായിരുന്നുവെന്നാണ് വാർത്തകൾ. ഇല്ലായ്മകളെ മറികടക്കാൻ വിദ്യാഭ്യാസത്തിലൂടെ കഴിയുമെന്ന് അവൾ പ്രത്യാശിച്ചിരുന്നിരിക്കണം. സ്‌കൂളിൽ നിന്നും ലഭിക്കുന്ന ഉച്ചയൂണിൽ അവൾ സംതൃപ്തയായിരുന്നിരിക്കണം. പക്ഷേ ഓൺലൈൻ ക്ലാസ്സുകൾ വന്നപ്പോൾ, വിക്ടേഴ്‌സ് ചാനലിലൂടെ ക്ലാസ്സുകളെത്തിയപ്പോൾ, വിദ്യാഭ്യാസവും തന്നെപ്പോലുള്ള പാവപ്പെട്ടവർക്ക് അന്യമാകുകയാണെന്ന് അവൾക്ക് തോന്നിയിരിക്കണം.

ഭക്ഷണത്തിന് വകയില്ലാത്ത കാലത്ത് എങ്ങനെയാണ് മാതാപിതാക്കളോട് ടെലിവിഷൻ നന്നാക്കാൻ പറയുക? എങ്ങനെയാണ് സ്മാർട്ട് ഫോൺ വാങ്ങാനും അതിൽ ഡാറ്റയിട്ടു നൽകാനും പറയുക?

അതുകൊണ്ടാണ് അവൾ നെഞ്ചുപൊട്ടി ആ വരികളെഴുതിയത്. അതിനുശേഷം തന്റെ ശരീരത്തെ സ്വയം ദഹിപ്പിച്ചത്. അതിനായി അവൾ ഉപയോഗിച്ചത് സർക്കാരിന്റെ റേഷനായി കിട്ടിയ മണ്ണെണ്ണ! മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിലിരുന്നു പഠിച്ച് പത്താം ക്ലാസിൽ വിജയം നേടിയ പത്രക്കഥകൾ അവളും കുട്ടിക്കാലത്ത് വായിച്ചിരുന്നിരിക്കണം.

ഇതിൽ അന്വേഷണമൊന്നും ആവശ്യമില്ല. അന്വേഷണത്തിന്റെ റിപ്പോർട്ട് ആരിലേക്ക് എത്തുമെന്ന് നമുക്കറിയാം. അവരത് പുല്ലുവിലയ്‌ക്കെടുത്തേക്കാം. ഡിജിറ്റൽ കാലത്തിനനുസരിച്ച് കോലം കെട്ടാനാകാത്തവർ സ്വയം ദഹിപ്പിച്ചേക്കൂ എന്നവർ മനസ്സിൽ പറഞ്ഞേക്കാം.

ദേവിക എഴുതിയതാണ് ശരി: 'ഞാൻ പോകുന്നു.'
ഓൺലൈൻ വിദ്യാഭ്യാസത്തിന് സംസ്ഥാനത്ത് ഇതാദ്യമായി ഒരു രക്തസാക്ഷിയെ ലഭിച്ചിരിക്കുന്നു!
ഈ ഡിജിറ്റൽ അക്ഷരങ്ങൾക്കൊക്കെ കരിഞ്ഞ മാംസത്തിന്റെ ഗന്ധം തോന്നുന്നത് എനിക്ക് മാത്രമാകാനിടയില്ല.