Tuesday 23 February 2021 11:40 AM IST : By സ്വന്തം ലേഖകൻ

അന്ന് മിഠായി ഭരണിയും കറിപ്പൊടികളും കണ്ട് പലരും അമർത്തിച്ചിരിച്ചു, ഇന്ന് ആരോടും കൈനീട്ടാതെ സ്വന്തം ഷോപ്പ്: അദ്ഭുതമാണ് ദേവിക

devika

പ്രതിസന്ധികളിൽ തളർന്നില്ല, പരിമിതികളെ ഓർത്ത് കണ്ണീരൊഴുക്കിയതുമില്ല. ജീവിതത്തോട് പടപൊരുതി ജയിച്ച ദേവിക നമ്മോട് പറയുന്നത് ഒരു അതിജീവനത്തിന്റെ കഥയാണ്. കൂലിപ്പണിക്കാരനായ അച്ഛന്റെ തണലിൽ പട്ടയമില്ലാത്ത ഭൂമിയിൽ ആശയറ്റ് ജീവിക്കേണ്ടി വന്ന പെണ്ണ് ജീവിതത്തോട് പോരാടാന്‍ തീരുമാനിക്കുന്ന നിമിഷത്തിലാണ് ട്വിസ്റ്റ് ജനിക്കുന്നത്. നാലു മിഠായി ഭരണിയും കുറച്ചു കറിപ്പൊടികളും മാത്രമായി ജീവിക്കാൻ ഇറങ്ങിത്തിരിക്കുമ്പോഴും ദേവികയ്ക്ക് ബാധ്യതകളുടെ കൂമ്പാരം ഉണ്ടായിരുന്നു. പക്ഷേ അവിടുന്നങ്ങോട്ട് അവൾ കൈമെയ് മറന്ന് അധ്വാനിച്ചു. അദ്ഭുതവും ആദരവും തോന്നുന്ന അവളുടെ ജീവിതത്തിന്റെ ബാക്കി കഥ സോഷ്യൽ മീ‍ഡിയയിലാണ് പങ്കുവയ്ക്കപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കുറിപ്പിന്റെ പൂർണരൂപം:

ജീവിതം പടപൊരുതി വിജയം കണ്ട ദേവികയ്ക്ക് നമ്മളോട് പറയാൻ ഒരു കഥയുണ്ട് തന്റെ സ്വന്തം കഥ... ഒരു മോട്ടിവേഷന്റെ കഥ...

ജീവിതത്തിന്റെ പ്രതിസന്ധികൾ എല്ലാവർക്കും ഉണ്ട്. കൂലിപ്പണിക്കാരന്റെ വീടെന്നും പട്ടിണിയാണ്. അന്നന്ന് കഴിയാനെ അവനാകു, എന്റെഅപ്പനും വ്യത്യസ്തമല്ല. അച്ചന് മറ്റൊന്നും ചെയ്ത് അത്യാവിശ്യകാര്യങ്ങളൊഴികെ മറ്റൊന്നുംതരാൻ പറ്റുമായിരുന്നില്ല. താമസിക്കുന്ന 3 സെൻ്റ് സ്ഥലം മാത്രമാണ് പറയാനുള്ളു. പട്ടയമില്ലാത്ത കാരണം അതിലും വല്യ പ്രതീക്ഷകളില്ല..പട്ടിണിയൊക്കെ നന്നായി അറിഞ്ഞാണ് ഞാനും വളർന്നത്.

ജീവിതത്തിൻ്റെ രണ്ടറ്റവും പിളരുമെന്ന്അത് ജീവിതം കാർന്ന് തീന്നുമെന്ന് തോന്നിയ നിമിഷം ഞാനൊരു തീരുമാനം എടുത്തു. ഒരു ബിസിനസ് തുടങ്ങണം. രക്ഷപ്പെടണം.പക്ഷേ പൈസയില്ല. നമ്മളെ ഒക്കെ ആരു സഹായിക്കാൻ ഹോംനേഴ്സ് കുപ്പായമണിഞ്ഞു 1വർഷം.. അതിനൊപ്പം പാർട്ട് ടെം ഹോംമെയ്ഡായി ഫ്ലാറ്റുകളിൽ ജോലി നോക്കി. മനസിലെ ആഗ്രഹം സാധിക്കുക മാത്രമായിരുന്നു ലക്ഷ്യംഅന്നത്തെ സാലറി 3000 രൂപയാണ്.വീട്ടിൽ കൊടുത്തതിൻ്റെ ബാക്കിമിച്ചംവച്ചത് 8000 രൂപയാണ്.അതുകൊണ്ട് വീടിനോട് ചേർന്ന് ഒരു ഷെഡ്ഢിൽ ഒരു കൊച്ചു കട 3 വർഷം മുമ്പ് തുടങ്ങി വച്ചു.4 കാറ്റാടി കമ്പിൽ 4 ചുറ്റും പലക തറച്ച് ഞാനാ സ്വപ്നത്തിന് തറയിട്ടു, (ചിത്രം ഒന്നിൽ കാണാമത്) എന്നെ കളിയാക്കിയവരുണ്ട്, നാലു മിഠായി ഭരണിയും കുറച്ചു കറിപ്പൊടികളും ഒക്കെയുള്ളു എന്ന് പറഞ്ഞ് പലരും അമർത്തിച്ചിരിക്കുന്നത് ഞാൻ കണ്ടു. ഒരു പെൺകുട്ടി എത ഓടിയാലും ഇത്രേ ഉള്ളു എന്ന് നേരിട്ട് പറഞ്ഞവരുണ്ട്. വല്യ കാര്യവുമുണ്ടോ നിനക്ക്എന്ന് പറഞ്ഞവരോടും പുഞ്ചിച്ചവരോടും ഞാൻ ചിരിച്ച് പ്രതികാരം തീർത്തു.

ഒന്നുമില്ലായ്മയിൽ ഞാനിട്ടത് ജിവിതമാണ് എന്ന തിരിച്ചറിവ് എന്നെ മുന്നോട്ട് നടത്തി.ഇതിനിടയിൽ ജിവിതത്തിൽ പല തിരിച്ചടികളും വീണ്ടുംനേരിട്ടു.സ്വരുക്കൂട്ടുന്നതൊക്കെ കൈവിട്ടു പോയി. രോഗങ്ങളും വിധിയും ജിവിതത്തെ ഉലച്ചു. മഴയും വെയിലും മാറി മാറി വരുമ്പോഴൊക്കെ പേടിയോടെ ഞാനെന്റെ സ്വപ്നത്തെ നോക്കും. കാറ്റിൽ പറന്ന് പോകുമോ മഴയിൽ ഇടിഞ്ഞു വീഴുമോ എന്നൊക്കെ ഭയന്ന് കരയും അതിലിരുന്ന്. എത്ര ദിവസങ്ങൾ.... മാസങ്ങൾ,,, രാത്രിയിൽ ഏലിയും, പാമ്പും വരുമോ എന്ന് പേടിച്ച് ഉറങ്ങാതെ ഇരുന്ന ദിനങ്ങളുണ്ട്.,,,കാറ്റിൽ പറക്കാത്ത മഴയത്ത് നനയാത്ത ഒരു കൊച്ചു കട അതിലിരുന്ന് കാണുന്ന സ്വപ്നമായി.സ്വപ്നങ്ങൾക്കു കൂട്ടായ് ഒരാൾ ജീവിതത്തിലേക്ക് കടന്നുവന്നപ്പോ ആശിച്ചു സ്വപനം നിറവേറ്റാൻ ഒരാളുണ്ടല്ലോ എന്ന്. വിധി മറ്റൊന്നായിരുന്നു.. ജിവിതത്തിൽ വിധി എന്നെ ഒറ്റക്കാക്കി. രോഗങ്ങൾകുടുംബത്തിൻ്റെ അടിവേര് ഇളക്കി. അതിലേറെ വേദനിപ്പിച്ചത് മറ്റൊന്നായിരുന്നു. ഏറ്റവും കൂടുതൽ സ്നേഹിച്ച വ്യക്തി ഇട്ടിട്ട് പോകും മുമ്പ് പറഞ്ഞ വാക്കായിരുന്നു. ഇതൊക്കെ പൊട്ടിപൊളിഞ്ഞ് നീ പണ്ടാരമടങ്ങിപ്പോകുമെന്ന് .

ഇതിൽ നിന്നായിരുന്നു ഞാനാ വ്യക്തിയെ സംരക്ഷിച്ചത്. എന്നിട്ടും. പക്ഷേ തോൽക്കാൻ ഞാൻ തയ്യാറല്ലായിരുന്നു.. എന്റെ സ്വപനത്തിനായി ഞാൻ പണിയെടുക്കാൻ വീണ്ടും തുടങ്ങി. കട്ട ചുമക്കാനും, തേക്കാനും, മിറ്റല് കോരാനും., വീടുകളിൽ ജോലിക്ക് ഒക്കെ പോകും. പെണ്ണായിരുന്നു എന്നത് കൊണ്ട് സ്വപ്നം കണ്ടൂടെ, കരഞ്ഞ് തളർന്ന് പോയാൽ ജീവിതമില്ലന്ന് ഞാൻ മനസിലാക്കി.6 മാസം കൊണ്ട് ഞാനെന്റെ സ്വപ്നം പൂർത്തിയാക്കി. ആരുടെയും സഹായമില്ലാതെ. ആരോടും കടം വാങ്ങാതെ,കാറ്റും മഴയും കടക്കാത്ത ഒരു കൊച്ചു ഷോപ്പ്. ഞാനാണത് തേച്ചതും പെയിറ്റ് ചെയ്തതും ഒക്കെ., എന്നെ വേദനിപ്പിച്ച ഞാൻ നശിക്കുമെന്ന് പറഞ്ഞവ്യക്തിക്ക് മുമ്പിൽ ഞാനെന്റെ സ്വപ്നം പൂർത്തിയാക്കി.

ചുവടുറപ്പിച്ച് നിൽക്കാൻ ഈശ്വരൻ സഹായിച്ചു. വലിയ ഷോപ്പല്ല.. വലിയ വരുമാനവും ഇല്ല. ബാധ്യതകൾ ബാക്കിയാണ്. എന്റെ അച്ചൻ ഹാർട്ട് പേഷ്യന്റ് അമ്മ ക്യാൻസർ രോഗിയുമാണ്. മരുന്നുകൾ വേണം. അവരെ നോക്കണം. പുറത്തെവിടെങ്കിലും ഒരു ഷോപ്പ് ഇടണം ആരെയും ആശ്രയിക്കാത്ത നിലയിലെത്തണം എന്നാണ് ആഗ്രഹം അത് ഇവിടെ നിന്ന് തുടങ്ങണം. എങ്കിലും എനിക്ക് ഒന്നുമില്ല എന്ന് പറയുന്നവരോട് ശ്രമിക്കണം ഉണ്ടാവും എല്ലാം. തളർത്താൻ ഒരുപാട് പേരുണ്ട്. കുറ്റം പറയാൻ ആയിരം പേരുണ്ട്. നിനക്ക് നീ മാത്രമേ ഉള്ളു എന്ന തിരിച്ചറിവ് മനസിന് ബലം നൽകുന്നിടത്ത് ജീവിച്ച് തുടങ്ങും നാം,,. തളർന്ന് വീണാലും എഴുന്നേൽക്കണം. നിന്റെ സ്വപ്നം നീയാണ്.. കളിയാക്കലും കുറ്റപ്പെടുത്തലും തളരാനുള്ള വഴിയാകരുത്. വളരാനുള്ള കരുത്താവണം. പെണ്ണായാലെന്താ നീ തീയാണ്. സ്വയം നിന്നിലേക്ക് നോക്ക് നടന്നു നീങ്ങാൻ ദൈവം വഴി തുറക്കും. വിധിയെന്ന് കരുതി സമാധാനിക്കരുത്. പൊരുതണം. തോൽപ്പിച്ചവരുടെ മുമ്പിൽ ജീവിച്ചു കാണിക്കുക. നമ്മുടെ ജീവിതം എല്ലാവർക്കും മാതൃക ആവട്ടെ., നടക്കാൻ ഏറെ ദൂരമുണ്ടിനിയും കരയാൻ സമയമില്ല കാരണം ജീവിതം എന്നത് വലിയ അത്ഭുതമാണ് കണ്ടെത്തും വരെ.