Tuesday 02 June 2020 11:42 AM IST : By സ്വന്തം ലേഖകൻ

ഞാൻ പോകുന്നു! ഓൺലൈൻ ക്ലാസ് നഷ്ടമായപ്പോൾ നെഞ്ചുനീറി; തീനാളങ്ങളിൽ ഒടുങ്ങി ദേവിക

malappuram

കോവിഡ് കാലത്തെ വെർച്വൽ ക്ലാസുകൾ കൊണ്ട് നേരിടുകയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല. വീടിന്റെ നാലു ചുമരിന്റെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ട് ഓൺലൈനിലൂടെയും ടെലിവിഷനിലൂടയും വിദ്യ അഭ്യസിക്കുകയാണ് പുതുതലമുറ. സൗഭാഗ്യങ്ങൾക്കു നടുവിലിരുന്ന് പുതിയ കാലത്തെ വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുമ്പോള്‍ ഒരു വാർത്ത ഏവരുടേയും ഹൃദയം പൊള്ളിക്കുകയാണ്. മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരില്‍... ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ പേരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത വാർത്ത! മലപ്പുറം വളാഞ്ചേരി ഇരിമ്പിളിയത്ത് പത്താം ക്ലാസ്സുകാരി ദേവികയാണ് ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മനഃപ്രയാസത്തില്‍ ആത്മഹത്യ ചെയ്തത്.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങുന്നുണ്ടെന്ന വിവരം ദേവിക അറിഞ്ഞിരുന്നു. ഇക്കാര്യം അമ്മയോട് സംസാരിച്ചു. കേടായ ടി.വി നന്നാക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്മാര്‍ട്ട്‌ഫോണില്ലാത്തതും കുട്ടിയെ അസ്വസ്ഥയാക്കിയിരുന്നു. അടുത്ത ദിവസങ്ങളില്‍ ടിവി ശരിയാക്കാം എന്നായിരുന്നു അമ്മയുടെ മറുപടി. എന്നാല്‍ ആദ്യ ദിവസത്തെ ക്ലാസ്സ് മുടങ്ങിയ വിഷമം ദേവികയ്ക്ക് ഉണ്ടായിരുന്നു. രാവിലെ മുതല്‍ ആരോടും സംസാരിക്കാതെയിരുന്നു. ഉച്ചയോടെ ദേവികയെ കാണാതായി.

ഉറങ്ങുകയായിരിക്കുമെന്നാണ് ആദ്യം കരുതിയത്. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ദേവികയുടെ ആത്മഹത്യാ കുറിപ്പ് വീടിനുള്ളില്‍നിന്നു കണ്ടെത്തി. നോട്ട്ബുക്കില്‍ 'ഞാന്‍ പോകുന്നു' എന്നു മാത്രമാണ് കുട്ടി കുറിച്ചിരിക്കുന്നത്.

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കുപോകാൻ കഴിഞ്ഞിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്ന ദേവിക പഠനം തടസപ്പെടുമോയെന്ന് ആശങ്കപെട്ടിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പണം ഇല്ലാത്തതിനാൽ കേടായ ടി.വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല. ക്ലാസുകള്‍ കാണുന്നതിനായി സ്‍മാര്‍ട്ട് ഫോണ്‍ ഇല്ലാഞ്ഞതും കുട്ടിയെ മാനസികമായി തളര്‍ത്തിയതായി മാതാപിതാക്കള്‍ പറഞ്ഞു.

അതേസമയം ദേവികയുടെ മരണത്തിൽ സർക്കാർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി മലപ്പുറം ഡിഡിഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.