Monday 19 August 2019 01:00 PM IST : By സ്വന്തം ലേഖകൻ

ആരോരുമില്ല, ലോട്ടറി വിറ്റാണ് പഠനം; ഇല്ലായ്മയിലും അവൻ പറഞ്ഞു, ‘ചേട്ടാ നമുക്ക് അവരെ സഹായിക്കണേ’

dhanesh-anand44566

മനുഷ്യരെ മനസ്സിലാക്കാൻ മലയാളിയ്ക്ക് ഒരവസരം ലഭിക്കുകയായിരുന്നു പ്രളയകാലത്തിലൂടെ. ഒരു ദുരന്തം വന്നപ്പോൾ എല്ലാവരും ഒപ്പം നിന്നു. പിന്നീട് കൈപ്പിടിച്ചു കര കയറാനുള്ള ശ്രമത്തിലായി. രാഷ്ട്രീയ- മതാതീതമായ നന്മയുടെ കാഴ്ചകൾക്ക് നമ്മുടെ നാട് വേദിയായി. ഇല്ലായ്മയിലും പലരും കൈയയച്ച് സഹായിച്ചു. അത്തരമൊരു അനുഭവം കുറിക്കുകയാണ് നടൻ ധനേഷ് ആനന്ദ്.  

ധനേഷ് ആനന്ദ് പങ്കുവച്ച കുറിപ്പ് വായിക്കാം; 

അഞ്ചു മിനിറ്റ് മുന്നേ ഒരു കോൾ വന്നു. അറ്റന്റ് ചെയ്തപ്പോൾ ഒരു ചെറിയ പയ്യന്റെ ശബ്ദം. അവൻ പറഞ്ഞു തുടങ്ങി. "ന്റെ പേര് വിനയ്ന്നാണെ.. ചേട്ടൻ ലില്ലിയിൽ അഭിനയിച്ച ആളല്ലേ.. ഞാൻ ചേട്ടനെ ഒരു ഫങ്ഷനിൽ വെച്ചു പരിചയപ്പെട്ടിരുന്നു.. മാനന്തവാടി ഭാഗത്തേക്ക് സഹായം വേണം എന്ന് പറഞ്ഞു പോസ്റ്റ് ഇട്ടിരുന്നില്ലേ.. അതു കണ്ടിട്ട് വിളിക്കുകയാണ്. എനിക്ക് സഹായിക്കണം എന്നുണ്ട്. എനിക്ക് ഭയങ്കര interest ആണേ ഇങ്ങനെ സഹായിക്കാൻ ഒക്കെ.. എന്താ ചെയ്യാ" എന്ന്..

ഭയങ്കര നിഷ്കളങ്കത നിറഞ്ഞ രസമുള്ള സംസാരം. കക്ഷി +2 കഴിഞ്ഞിരിക്കുകയാണ്. എന്നാ ഒന്ന് വിശദ്ധമായി പരിചയപ്പെടാം എന്ന് കരുതി സംസാരിച്ചു തുടങ്ങി.. എന്താ അനിയാ സഹായിക്കാൻ ഇത്ര interest..? പെട്ടന്ന് തന്നെ മറുപടി വന്നു.

"അതേ ചേട്ടാ.. ഞാൻ ഒറ്റയ്ക്കാണേ ജീവിക്കുന്നെ. അച്ഛനേം അമ്മേനെയും പണ്ടേ നഷ്ടപ്പെട്ട് പോയി. അപ്പോൾ പ്രളയത്തിൽ കുടുംബക്കാരെ നഷ്ടപ്പെട്ടവരുടെ വെഷമം എനിക്കറിയാ.. ഞാൻ ജോലി ചെയ്യണുണ്ട്. ലോട്ടറി വിൽപ്പന.. അത് വെച്ചിട്ടാ പഠിക്കുന്നെ ഒക്കെ.. ഹനുമാൻ കോവിലിന്ന് 4 നേരം ഭക്ഷണം കിട്ടും. അതോണ്ട് കുഴപ്പം ഇല്ല. ഒരു മാസത്തെ പൈസ എന്റെ കയ്യിൽ ഉണ്ട്. അത് മതിയാകോ നമുക്ക് സാധനങ്ങൾ വാങ്ങാൻ.?"

അവൻ തുടർന്നും എന്തൊക്കെയോ പറഞ്ഞു. ഞാൻ ഒന്നും കേട്ടില്ല.. കണ്ണും മനസ്സും ആകെ നിറഞ്ഞ അവസ്ഥ ആയിരുന്നു. ഫോൺ കട്ട് ചെയ്യാൻ നേരവും അവൻ പറഞ്ഞു.. "ചേട്ടാ നമുക്ക് അവരെ സഹായിക്കണേ" എന്ന്..

അനിയാ.. നിന്നെ പോലെ ഉള്ളവർ ഉള്ളപ്പോൾ നമ്മൾ എങ്ങനെ തോറ്റുകൊടുക്കാനാ.. നമുക്ക് അവരെ സഹായിക്കാംന്നേ.. പറ്റിയാൽ ഒരുമിച്ച് തന്നെ പോകാം. എനിക്ക് അനിയനെ ഒന്ന് കാണണം.. ഒന്നിച്ച് ഒരു ഫോട്ടോ എടുക്കണം ആ വലിയ മനസ്സിന്റെ ഉടമയ്ക്ക് ഒപ്പം.. 

Tags:
  • Spotlight
  • Social Media Viral