Thursday 05 July 2018 03:20 PM IST

‘ഈ മീനുകളൊക്കെ ചിരിച്ചു ചത്തതാണോ?’ ധർമ്മജന്റെ ധർമ്മൂസ് ഹബ്ബിൽ ഫോർമാലിൻ ഇല്ലാത്ത പിടയ്ക്കണ മീൻ

Binsha Muhammed

dharmajan-over1

സിനിമയിൽ പേരെടുത്ത് പത്തു കാശൊക്കെയാകുമ്പോഴായിരിക്കും നടൻമാരുടെ തലയിൽ‌ ആ ബൾബു കത്തുന്നത്. ‘സിനിമാ നിർമ്മാണത്തിലേക്ക് കളം മാറ്റിച്ചവിട്ടിയാലെന്താ?’. അതുമല്ലെങ്കിൽ വല്ല ബിസിനസിലേക്കും തിരിയാം. അങ്ങനെ സ്വന്തം നിർമ്മാണ കമ്പനിയും മറ്റ് ബിസിനസ് സംരംഭങ്ങളുമൊക്കെയായി സിനിമയ്ക്ക് പുറത്ത് മറ്റു പല വേഷങ്ങളും കെട്ടി വിജയം കൈവരിച്ച എത്രയോ പേർ. നടിമാരും മോശമല്ല, വല്ല ബ്യൂട്ടി പാർലറോ, ബൊട്ടീക്കോ ഇനി അതുമല്ലെങ്കിൽ ഫാഷൻ ഡിസൈനിങ്ങുമൊക്കെയായി നമ്മുടെ ഇടയിലുണ്ടാകും.

ഇവർക്കിടയിലാണ് ധർമ്മജന്റെ രംഗപ്രവേശം. സിനിമ നൽകിയ സകല സൗഭാഗ്യങ്ങളുടെയും നടുവിൽ നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട ധർമ്മനും ആ പതിവ് തെറ്റിച്ചില്ല. ഭദ്രമായ ഭാവി ജീവിതം മുന്നിൽക്കണ്ട് നല്ല ഒന്നാന്തരമൊരു ബിസിനസിലേക്ക് തിരിഞ്ഞു. പച്ചതൊടാത്ത ഫോർമാലിൻ കലർന്ന മീനുകൾ തീൻമേശയിലും വയറ്റിലുമെത്തുന്ന ഇക്കാലത്ത് നല്ല ‘അഡാർ ഒരു മീൻ കട’ തുടങ്ങിയാണ് ധർമ്മജൻ സംരംഭകരായ സിനിമാ താരങ്ങൾക്കിടയിൽ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്.

ധർമ്മജനിൽ നല്ല ഒന്നാന്തരം ഹൈടെക്ക്–ഗ്ലാമർ കച്ചവടക്കാരനെ ഉറ്റുനോക്കിയവർ ഞെട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ? മിമിക്രിക്കാരൻ എന്ന ബ്രാൻഡ് നെയിമിൽ നിൽക്കുമ്പോഴും കൊച്ചിക്കായലിൽ മീൻ പിടിച്ചു വളർന്ന ധർമ്മജൻ മീൻ കട തുടങ്ങിയതിൽ അത്ഭുതമില്ലെന്ന് അടുത്തറിയുന്നവർ പറയുന്നു. ഒരു സിനിമാക്കാരന്റെയും തലയിലുദിക്കാത്ത ഈ കിടുക്കാച്ചി ഹൈടെക്ക് ഐഡിയ ഇന്ന് കൊച്ചിക്കാരുടെ ഹൃദയഭാഗത്തുണ്ട്. ധർമ്മൂസ് ഫിഷ് ഹബ്ബെന്ന പേരിൽ.

dharmu

സിനിമാക്കാരൻ മോഡേൺ മീൻകട മുതലാളിയായതിനെ ചിലർ കളിയാക്കുമായിരിക്കും. പക്ഷേ ഫിഷ് ഹബ്ബെന്ന ആശയം ഒരു സുപ്രഭാതത്തിൽ പൊട്ടിമുളച്ചതല്ലെന്ന് ധർമ്മജൻ വനിത ഓൺലൈനോട് പറയുന്നു.

‘മീനില്ലാതെ ജീവിതമില്ലെന്ന് പറയുന്ന മലയാളി ഇന്ന് കാശെത്ര മുടക്കിയായാലും അത് തന്റെ തീൻ മേശയിലെത്തിക്കും. വലവീശി മീൻ പിടിച്ച് തിന്നിരുന്ന കാലമൊക്കെ പോയി, ഇപ്പോ നേരും നെറിയും നോക്കാതെ കാശ് വീശിയാണ് നമ്മുടെ മീൻപിടുത്തം. പക്ഷേ ഈ മീനിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന വിഷാംശങ്ങളെക്കുറിച്ച് ആർക്കെങ്കിലും ബോധ്യമുണ്ടോ?’– ധർമ്മജൻ തനി കച്ചവടക്കാരനായി.

‘തമിഴ്നാട്, കർണാടക,, എന്തിനേറെ ഗുജറാത്തിൽ നിന്നു വരെ നമ്മുടെ തീൻ മേശയിലേക്ക് മീനെത്തുന്നുണ്ട്. പക്ഷേ സകല കച്ചവടക്കാരുടെയും കണ്ണ്, അട്ടയുടെ കണ്ണ് കണ്ട മാതിരി കണ്ട മലയാളി നല്ല മീനേതാ ചീഞ്ഞ മീനേതാ എന്ന് ചോദിച്ചാൽ കൈമലർത്തും. ഫോർമാലിനും അമോണിയവുമെല്ലാം കലർന്ന ഈ മീനുകളൊക്കെ എത്ര നാൾ നമ്മളിങ്ങനെ തൊണ്ട തൊടാതെ വിഴുങ്ങും ചേട്ടാ..?’–ധർമ്മജൻ ചോദിക്കുന്നു.

‘അങ്ങനെയിരിക്കെയാണ് മലയാളിക്ക് വൃത്തിയുള്ളതും വിഷരഹിതവുമായ മീൻ തീൻമേശയിലെത്തിക്കുന്ന ഐഡിയ തലയിൽ മുളച്ചത്. ഗുണമേന്മയുള്ളതും വൃത്തിയുള്ളതുമായ മീൻ ഒരു കുടക്കീഴിൽ, അതാണ് ധർമ്മൂസ് ഫിഷ് ഹബ്ബ്.

മീനിന്റെ കാര്യത്തിൽ ധർമ്മൂസ് ഫിഷ് ഹബ്ബിനെ നൂറിൽ നൂറ് ശതമാനം വിശ്വസിക്കാമെന്ന് ധർമ്മജൻ പറയുന്നു. ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് വില്‍പനയ്ക്കെത്തിക്കുന്നു എന്നാതാണ് ധർമ്മജന്റെ ഈ ന്യൂ ജെൻ മീൻ കടയുടെ രീതി. ചെറുമീനുകള്‍ വൃത്തിയാക്കി ഒാര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്ലാറ്റുകളിലുമെത്തിച്ചും നല്‍കുന്ന പരിപാടിയുമുണ്ട്’.– ധർമ്മജൻ പ്രവർത്തന രീതി വിശദീകരിക്കുന്നു.

പിന്നെ എന്റെ തലയും ഫുൾ ഫിഗറും ബ്രാൻഡും വച്ചിട്ട് ആൾക്കാരെ പറ്റിക്കില്ല എന്ന് ഹൃദയത്തിൽ തൊട്ട് ഞാൻ ഉറപ്പു തരുന്നു. കൊച്ചിക്കാരുടെ പിടയ്ക്കുന്ന കായൽ മീനുകളോടുള്ള ഇഷ്ടം പറയേണ്ടതില്ലല്ലോ? അതാണ് നമ്മുടെ ട്രേഡ് സീക്രട്ടും.– ധർമ്മജൻ പറഞ്ഞു നിർത്തി.

കൊച്ചി അയ്യപ്പൻകോവിൽ ചന്ദ്രോത്ത് ബിൽഡിങിൽ വ്യാഴാഴ്ച 12 മണിയെന്ന ശുഭമുഹൂർത്തത്തോടെ ധർമ്മജന്റെ ഫിഷ്ഹബ്ബ് കൊച്ചിക്കാരുടെ രുചികൂട്ടിന്റെ ഭാഗമായിരിക്കുകയാണ്. സിനിമയിൽ പച്ച തൊട്ട പോലെ തന്റെ പിടയ്ക്കുന്ന പച്ച മീനും കൊച്ചിയിൽ പച്ച തൊടുമെന്ന വിശ്വാസമാണ് ധർമ്മജനുള്ളത്.

ധര്‍മ്മജന്റെ ഉറ്റസുഹൃത്തുക്കള്‍ കൂടിയായ 11 പേരുമായി ചേര്‍ന്നാണ് ഫിഷ് ഹബ്ബ് യാഥാര്‍ഥ്യമാക്കുന്നത്. കൊച്ചിയില്‍ ഉടനീളം വൈകാതെ ശൃംഖലകള്‍ വ്യാപിപ്പിക്കാനാണ് ഇവരുടെ ശ്രമവും.

dharmajan