Wednesday 12 January 2022 10:53 AM IST : By സ്വന്തം ലേഖകൻ

ഏറെ സ്നേഹിച്ചും ഓമനിച്ചും വളർത്തിയ മകൻ, നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞ് രാജേന്ദ്രനും പുഷ്കലയും; കിടപ്പുമുറിക്കരികെ മകന് അന്ത്യവിശ്രമം

dheeraj667

ഏറെ സ്നേഹിച്ചും ഓമനിച്ചുമാണു മാതാപിതാക്കൾ ധീരജിനെ വളർത്തിയത്. പഠനത്തിലും കലാരംഗത്തുമെല്ലാം മിടുക്കനായിരുന്ന ധീരജിനെ ഓർത്ത് ആ മാതാപിതാക്കൾക്ക് എന്നും അഭിമാനം മാത്രമായിരുന്നു. മികച്ച പാട്ടുകാരൻ കൂടിയായിരുന്നു ധീരജ്. മൂന്നു വയസ്സു മുതൽ വരിതെറ്റാതെ ഈണത്തിൽ അവൻ പാടാറുണ്ടായിരുന്നുവെന്നു ബന്ധുക്കളും പറയുന്നു. സർക്കാർ കോളജിൽ മെറിറ്റിൽ സീറ്റ് കിട്ടിയതിനാലാണ് ഇടുക്കി എൻജിനീയറിങ് കോളജിലേക്കു മകനെ അയയ്ക്കാൻ മാതാപിതാക്കൾ തീരുമാനിച്ചത്.

അമ്മയുടെ ബന്ധുക്കൾ ഇടുക്കിയിലുണ്ടെന്ന ആശ്വാസവുമുണ്ടായിരുന്നു. ആദ്യം ബന്ധുവീട്ടിൽ നിന്നായിരുന്നു ധീരജ് കോളജിലേക്കു പോയിരുന്നതെങ്കിലും പിന്നീട് ബസ് യാത്രയുടെ ബുദ്ധിമുട്ടുകൾ മൂലം കോളജ് ഹോസ്റ്റലിലേക്കു മാറി. തളിപ്പറമ്പ് ചിന്മയ മിഷൻ സ്കൂളിലാണ് ധീരജ് പ്ലസ്ടു വരെ പഠിച്ചത്. നാട്ടിൽ രാഷ്ട്രീയ പ്രവർത്തനങ്ങളൊന്നുമില്ലായിരുന്നു.

കോളജിൽ ചെന്ന ആദ്യ കാലത്തും രാഷ്ട്രീയ പ്രവർത്തനങ്ങളില്ലായിരുന്നു. പിന്നീടാണ് എസ്എഫ്ഐയുടെ രാഷ്ട്രീയാദർശങ്ങളിൽ ധീരജ് ആകൃഷ്ടനായത്. തുടർന്ന് സജീവ പ്രവർത്തകനായി. ഒരു വഴക്കിനും പോകാത്ത പാവം കുട്ടിയെന്നാണു നാട്ടുകാർക്കെല്ലാം ധീരജിനെപ്പറ്റിയുള്ള അഭിപ്രായം. അവൻ ഒരു രാഷ്ട്രീയക്കൊലപാതകത്തിന്റെ ഇരയായെന്നുള്ള വാർത്ത നാട്ടുകാരിലുണ്ടാക്കിയ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല.

അച്ഛന്റെയും അമ്മയുടെ മുറിക്കരികെ അന്ത്യവിശ്രമം

ധീരജിന്റെ അന്ത്യ വിശ്രമം അമ്മയുടെയും അച്ഛന്റെയും മുറിയുടെ ജനാല തുറന്നു താഴേക്കു നോക്കിയാൽ കാണാവുന്നത്ര അടുത്ത്. ഇവരുടെ വീടിനോടു ചേർന്ന് പാർട്ടി വാങ്ങിയ പറമ്പിൽ, വീടിനോടു തൊട്ടുചേർന്ന വശത്താണ് ധീരജിന്റെ ചിതയൊരുക്കിയത്. അമ്മയുടെയും അച്ഛന്റെയും മുറിയോട് അഞ്ചു മീറ്ററിൽ താഴെ മാത്രം ദൂരത്ത്. ചിതയ്ക്കുള്ള തയാറെടുപ്പുകൾ നടത്തുന്നതു മുറിയിൽ കരഞ്ഞു തളർന്നു കിടക്കുമ്പോഴും പുഷ്കല കേൾക്കുന്നുണ്ടായിരുന്നു.

യഥാർഥ്യത്തെ അംഗീകരിക്കാനാവാതെ എന്തിനാണു മണ്ണു കിളയ്ക്കുന്നതെന്നും മരങ്ങൾ മുറിക്കുന്നതെന്നും അവർ സമീപത്തിരുന്ന ബന്ധുക്കളോട് ഇടയ്ക്കിടെ ചോദിച്ചു. മൺവെട്ടിയുടേതിനെക്കാൾ വലിയ ശബ്ദത്തിൽ നെഞ്ചിടിക്കുന്നതു കേട്ടു പിടഞ്ഞെണീക്കുമ്പോൾ അവർ വീണ്ടും യാഥാർഥ്യങ്ങളുടെ ലോകത്തേക്കു തിരിച്ചെത്തും. പിന്നീട് നെഞ്ചുകീറി നിലവിളിക്കും... എന്റെ പൊന്നു മോനേ...

മകന്റെ ചിത്രം നെഞ്ചോടു ചേർത്ത് അമ്മ

ആശ്വാസ വാക്കുകളുമായി മന്ത്രി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജനുമെത്തിയപ്പോൾ രാജേന്ദ്രനും പുഷ്കലയും നിയന്ത്രണം വിട്ടു കരഞ്ഞു. എന്റെ കുഞ്ഞിനെ തരൂ എന്ന് കൈനീട്ടി അപേക്ഷിച്ചു. മന്ത്രിപ്പൊക്കമുണ്ടായിരുന്ന പ്രവർത്തകർ ധീരജിന്റെ ഫോട്ടോ പതിച്ച ആദരാജ്ഞലി കാർഡ് ധരിച്ചിട്ടുണ്ടായിരുന്നു. പുഷ്കലയുടെ കരഞ്ഞുതളർന്ന കണ്ണുകൾ ഈ കാർഡിലുടക്കി.

സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ ബാ‍ഡ്ജ് വലിച്ചെടുത്ത് എന്റെ പൊന്നുമോനേ എന്ന് അലറിക്കരഞ്ഞ് ബാഡ്ജിൽ തെരുതെരെ ഉമ്മ വച്ച് അവർ അലറിക്കരഞ്ഞു. അവർക്കൊപ്പം മുറിയിലുണ്ടായിരുന്ന സ്ത്രീകളും ആ അമ്മയുടെ ദുഖം കണ്ടുനിൽക്കാനാകാതെ വിങ്ങിക്കരഞ്ഞു. സ്തബ്ധരായ പാർട്ടി നേതാക്കൾക്ക് അൽപനേരത്തേക്ക് ഒന്നും പറയാൻ സാധിച്ചില്ല.

ബാഡ്‍ജ് കൈവിടാതെ ഇരു കൈകളും കൊണ്ടു മുഖത്തോടു ചേർത്തു കരഞ്ഞ ആ അമ്മയുടെ മുൻപിൽ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നേതാക്കൾ നിശബ്ദരായി നിന്നു. മകൻ അദ്വൈതിന്റെ കരവലയത്തിൽ തളർന്നു കിടക്കുകയായിരുന്ന അച്ഛൻ രാജേന്ദ്രനും എന്റെ കുഞ്ഞിനെ വേഗം എത്തിക്കൂ എന്നായിരുന്നു മന്ത്രിയോടും നേതാക്കളോടും പറഞ്ഞത്.

Tags:
  • Spotlight