Friday 14 January 2022 12:05 PM IST : By സ്വന്തം ലേഖകൻ

എന്റെ കുഞ്ഞേ... എന്നു വിളിച്ച് കൈകൾ ചിതയിലേക്കു നീട്ടും, വിങ്ങിക്കരയും: പെയ്തു തോരുന്നില്ല ധീരജെന്ന നോവ്

dheeraj-852

തളർന്ന ശരീരത്തിന്റെയും പ്രതീക്ഷയറ്റ മനസ്സിന്റെയും ഭാരമേന്തി ധീരജിന്റെ അച്ഛൻ രാജേന്ദ്രൻ, വീടിനോടു തൊട്ടുചേർന്ന് മകൻ എരിഞ്ഞടങ്ങിയ ചിതയ്ക്കു സമീപത്തേക്ക് ഇടയ്ക്കിടെ പോകും. കൈകൾ കൂപ്പി വിങ്ങിവിങ്ങിക്കരയും. ബന്ധുക്കൾ ചേർത്തണച്ചു വീട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുമ്പോഴും എന്റെ കുഞ്ഞേ എന്നു വിളിച്ച് ഇരു കൈകളും ചിതയിലേക്കു നീട്ടും. തൃച്ചംബരം പാലക്കുളങ്ങര പട്ടപ്പാറയിലെ അദ്വൈതം എന്നു പേരുള്ള ധീരജിന്റെ വീട്ടിൽ കണ്ണീർ തോരുന്നില്ല.

കരഞ്ഞുതളർന്ന് കട്ടിലിൽ തന്നെയാണു ധീരജിന്റെ അമ്മ പുഷ്കലയും. എന്റെ മകൻ കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ചതാണെന്ന് ആ അമ്മ ഇടയ്ക്കിടെ പറയുന്നുണ്ട്. എന്റെ പൊന്നുമോനേ എന്ന് ഇടതടവില്ലാതെ വിളിക്കുന്നുമുണ്ട്. ധീരജിന്റെ അനുജൻ അദ്വൈതും കരഞ്ഞു തളർന്നു കിടപ്പുതന്നെ. ധീരജ് ഇനിയില്ലെന്നു ചിന്തിക്കാനാവുന്നില്ലെന്ന് അമ്മയുടെ സഹോദരി ഗീത പറയുന്നു.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ഗീതയുടെ വീട്ടിൽ താമസിച്ചാണ് ധീരജ് കഴിഞ്ഞ വർഷം വരെ കോളജിൽ പോയിരുന്നത്. അവനു സജീവ രാഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നതായി അറിവില്ലെന്നും ഗീത പറയുന്നു. ഇന്നലെ പുലർച്ചെ 2 ന് ആയിരങ്ങളെ സാക്ഷിയാക്കി അനുജൻ അദ്വൈതാണ് ധീരജിന്റെ ചിതയ്ക്ക് അഗ്നി പകർന്നത്.

സംസ്കാരച്ചടങ്ങുകൾക്കു ശേഷം പട്ടപ്പാറയിൽ അനുശോചന യോഗവും നടത്തി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അധ്യക്ഷത വഹിച്ചു.

രണ്ടു പേർ പൊലീസിൽ കീഴടങ്ങി

ഇടുക്കി എൻജിനീയറിങ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിപ്പട്ടികയിലുള്ള രണ്ടു പേർ പൊലീസിൽ കീഴടങ്ങി. കെഎസ്‍യു ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, കെഎസ്‍യു ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് ടോണി തേക്കിലക്കാടൻ എന്നിവരാണ് കുളമാവ് പൊലീസിനു മുന്നിൽ കീഴടങ്ങിയത്. ധീരജിനെ കൊലപ്പെടുത്തുന്ന സമയത്ത് മുഖ്യപ്രതിയായ നിഖിൽ പൈലിക്ക് ഒപ്പമുണ്ടായിരുന്നവരാണിവർ. ഇന്നലെ വൈകിട്ട് അഞ്ചിനാണ് ഇരുവരും കീഴടങ്ങിയത്.

പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം മാത്രമേ അറസ്റ്റ് ഉണ്ടാകൂ. 6 പ്രതികളുള്ള കേസിൽ ഇനി രണ്ടു പേർകൂടി പിടിയിലാകാനുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്ന 6 കെഎസ്‌യു പ്രവർത്തകരെ ഇന്നലെ വിട്ടയച്ചു. റിമാൻഡിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയെയും ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിൻ ജോജോയെയും കസ്റ്റഡിയിൽ നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്നലെ കോടതിയിൽ അപേക്ഷ നൽകി.

ഇരുവരെയും പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാണ് പൊലീസിന്റെ ആവശ്യം.  അപേക്ഷ ഇടുക്കി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. അതേസമയം, കേസിൽ സിപിഎമ്മിന്റെ തിരക്കഥയ്ക്ക് അനുസരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നതെന്ന ആരോപണവുമായി ഇടുക്കി ഡിസിസി രംഗത്തെത്തി. കൊലപാതകം ആസൂത്രിതമാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആരോപിച്ചു. ഇടുക്കി എൻജിനീയറിങ് കോളജിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം മുള്ളുവിള എസ്എച്ച്ജി നഗർ പുണർതം വീട്ടിൽ എ.എസ്.അമലിനെ ഇന്നലെ വിട്ടയച്ചു.

മുറിവ് ഭേദമായിത്തുടങ്ങിയതോടെയാണ് ബന്ധുക്കളോടൊപ്പം വിട്ടയച്ചത്. അതേസമയം, നെഞ്ചിനു ഗുരുതരമായി പരുക്കേറ്റ തൃശൂർ മഴുവൻചേരി തുളപറമ്പിൽ അഭിജിത് ടി.സുനിലിനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നെഞ്ചിൽ നേരിയ അണുബാധ ഉണ്ടായതിനെത്തുടർന്ന് ബന്ധുക്കളുടെ താൽപര്യപ്രകാരമാണ് തൃശൂരിലേക്ക് കഴിഞ്ഞദിവസം കൊണ്ടുപോയത്.