Wednesday 12 January 2022 11:07 AM IST : By സ്വന്തം ലേഖകൻ

ചലനമറ്റ് ധീരജ്, ക്യാംപസിൽ നിന്നും തീരാത്ത നിലവിളികൾ: ഐസിയുവിന് പുറത്ത് കാത്തുനിന്നു അമലും അഭിജിത്തും

dheeraj-funeral-last-moments-sfi

സൗഹൃദത്തെയും സംഗീതത്തെയും ജീവനോളം സ്നേഹിച്ച ധീരജിനെ, കോളജിലെ തന്റെ അവസാന സന്ദർശനത്തിൽ കാത്തിരുന്നത് തീരാത്ത നിലവിളികളാണ്... കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ആ ഇരുപത്തൊന്നുകാരന്റെ ശരീരം ക്യാംപസിലെത്തിയപ്പോൾ വികാരനിർഭര രംഗങ്ങൾക്ക് ഇടുക്കി എൻജിനീയറിങ് കോളജ് സാക്ഷിയായി. കോളജിന് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും തങ്ങളുടെ കൂട്ടുകാരനെ അവസാനമായി കാണാൻ ക്യാംപസ് നിറഞ്ഞ് വിദ്യാർഥികളെത്തിയിരുന്നു.

ഇന്നലെ തന്നെ ജന്മനാടായ കണ്ണൂരിൽ എത്തിക്കേണ്ടതിനാൽ ധീരജിന്റെ മൃതദേഹം കോളജിൽ പൊതുദർശനത്തിനായി ആംബുലൻസിൽ നിന്നു പുറത്തിറക്കേണ്ട എന്നായിരുന്നു ആദ്യ തീരുമാനം. സഹപാഠികൾ ഒറ്റ ശബ്ദത്തിൽ ആവശ്യപ്പെട്ടതോടെ ഭൗതിക ശരീരം 15 മിനിറ്റോളം കോളജിൽ  പൊതുദർശനത്തിനു വച്ചു. ധീരജിന്റെ മൃതദേഹം 11.30ന് സിപിഎം ജില്ലാ ആസ്ഥാനത്ത് പൊതുദർശനത്തിനു വച്ചിരുന്നു.

ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മൃതദേഹം കോളജിൽ പൊതുദർശനത്തിനു വച്ചതിനു സമീപത്തിരുന്നു കരയുന്ന സഹപാഠികൾ.

dheeraj-3 ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മൃതദേഹം കോളജിൽ പൊതുദർശനത്തിനു വച്ചതിനു സമീപത്തിരുന്നു കരയുന്ന സഹപാഠികൾ. ചിത്രം : ഗിബി സാം ∙ മനോരമ

എം.എം.മണിയും മറ്റു നേതാക്കളും ധീരജിനെ പാർട്ടി പതാക പുതപ്പിച്ചു. 12 മണിയോടെയാണു കോളജിൽ എത്തിച്ചത്. അധ്യാപകരും സഹപാഠികളും ആദരാഞ്ജലി അർപ്പിച്ചു. ശേഷം പ്രിയ സഖാവിനെ ജന്മനാട്ടിലേക്ക് യാത്രയാക്കി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും നേതാക്കൾ മൃതദേഹത്തെ അനുഗമിച്ചു. 

ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിയിൽ നിന്ന് ധീരജ് രാജേന്ദ്രന്റെ മൃതദേഹം പുറത്തിറക്കിയപ്പോൾ ഐസിയുവിൽ നിന്ന് അന്തിമോപചാരമർപ്പിക്കാനെത്തിയ എ.എസ്.അമലും അഭിജിത്ത് ടി.സുനിലും. ഇവർക്കു രണ്ടുപേർക്കുമാണ് സംഘർഷത്തിൽ ധീരജിനൊപ്പം പരുക്കേറ്റത്.

dheeraj-1 ധീരജ് രാജേന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയുടെ മോർച്ചറിക്കു മുൻപിൽ നിറകണ്ണുകളോടെ കാത്തു നിൽക്കുന്ന ബന്ധുക്കൾ

യാത്രപറഞ്ഞ് അമലും അഭിജിത്തും

പൈനാവ് ∙ ധീരജിന് യാത്രാമൊഴിയേകാൻ അമലും അഭിജിത്തും മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ആക്രമണത്തിൽ ധീരജിനൊപ്പം പരുക്കേറ്റ അമലും അഭിജിത്തും മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. നെഞ്ചിൽ പരുക്കുകളുള്ളതിനാൽ അഭിജിത്തിനെ വീൽചെയറിലാണു കൊണ്ടുവന്നത്. അഭിജിത്ത് കോളജിൽ ധീരജിന്റെ സഹപാഠിയും അമൽ ജൂനിയറുമാണ്.

More