Wednesday 12 January 2022 10:49 AM IST : By സ്വന്തം ലേഖകൻ

‘എന്റെ മോന്റെ അടുത്തേക്ക് എനിക്കും പോണം, ഞാനിപ്പോൾ മരിച്ചുപോകും’: നെഞ്ചുനീറി കാത്തിരിപ്പ്: ധീരജ് തീരോനോവ്

dheeraj-mom

നീണ്ട 34 മണിക്കൂറുകളാണ് ആ അമ്മയും അച്ഛനും മകനായി കാത്തിരുന്നത്. അവസാനമായി പൊന്നുമോനെ ഒരു നോക്കു കാണാൻ... മൂന്നു ദിവസം മുൻപ് പ്രോജക്ടുകൾ തീർക്കാനുണ്ടെന്നു പറഞ്ഞ് ഇടുക്കിയിലെ കോളജിലേക്കു പോയതാണ് ധീരജ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മകന്റെ മരണവിവരം അറിഞ്ഞതുമുതൽ ആ നാലു കണ്ണുകളും തോർന്നിട്ടില്ല. വീട്ടിലെത്തുന്ന രാഷ്ട്രീയ നേതാക്കളോടെല്ലാം ഇരു കൈകളും നെഞ്ചോടു ചേർത്ത് ആ അച്ഛൻ പറയുന്നത് എന്റെ കുഞ്ഞിനെ തരൂ എന്നാണ്. എന്റെ പൊന്നുമോന്റെ അടുത്തേക്ക് എനിക്കും പോകണം, എന്നെ ഒന്നു കൊന്നു തരൂ എന്ന് അമ്മ പുഷ്കലയും നെഞ്ചുകീറി നിലവിളിക്കുന്നുണ്ടായിരുന്നു.

ഒരിറ്റു വെള്ളം പോലും കുടിക്കാതെയും ഉറങ്ങാതെയുമായിരുന്നു ആ നീണ്ട മണിക്കൂറുകൾ അവർ തള്ളി നീക്കിയത്. ഇടയ്ക്കെല്ലാം ശരീരം ക്ഷീണിച്ച് അവർ കട്ടിലിലേക്കു തളർന്നു വീണു. നിമിഷങ്ങൾക്കുള്ളിൽ വലിയ നിലവിളിയോടെ ചാടിയെഴുന്നേറ്റ് അലറിക്കരഞ്ഞു. പൊന്നുമോന്റെ പേര് വിളിച്ച് നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പുഷ്കലയെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയായിരുന്നു രാത്രിയും പകലും ബന്ധുക്കളും അയൽവാസികളും.നെഞ്ചുവേദനിച്ച് ഞാൻ ഇപ്പോൾ മരിച്ചുപോകുമെന്ന് സങ്കടത്തിന്റെ ഭാരം താങ്ങാനാകാതെ ആ അമ്മ പറയുന്നുണ്ടായിരുന്നു.

കണ്ണടയ്ക്കാൻ പോലും കഴിയാതെ അടുത്ത മുറിയിൽ തളർന്ന് കിടക്കുകയായിരുന്നു ധീരജിന്റെ പിതാവ് രാജേന്ദ്രനും അനുജൻ അദ്വൈതും. അടുത്ത പാർട്ടി പ്രവർത്തകരും അയൽവാസികളും ബന്ധുക്കളും ഇവർക്ക് കൂട്ടായി വീട്ടിൽ ഉറക്കമുപേക്ഷിച്ച് കാവലിരുന്നു. പലപ്പോഴും വലിയ ശബ്ദത്തിലുള്ള കൂട്ടനിലവിളികൾ ആ വീട്ടിൽ നിന്നുയർന്നു. കഷ്ടിച്ച് ഒരു വർഷമേ ആയുള്ളൂ പുഷ്കലയും രാജേന്ദ്രനും ഇവിടെ താമസത്തിന് എത്തിയിട്ട്. അവധിയിൽ വരുമ്പോഴാണ് ധീരജിനെ നാട്ടുകാർ കാണാറുള്ളത്.

സൗമ്യശീലനായ ധീരജ് നാട്ടിലെ ക്ലബുകളിലും കളിക്കളങ്ങളിലും സജീവമായി വരുന്നതേയുണ്ടായിരുന്നുള്ളൂ. പാലക്കുളങ്ങരയിൽ വീട്ടിൽ നിന്ന് തിങ്കളാഴ്ച രാത്രി തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഷിബിൻ കാനായി എന്നിവരും 3 ബന്ധുക്കളും ഇടുക്കിയിലേക്ക് തിരിച്ചിരുന്നു. ഇന്നലെ വിലാപയാത്രയോടൊപ്പമാണ് അവർ തിരിച്ചെത്തിയത്.

More