Wednesday 12 January 2022 10:31 AM IST : By സ്വന്തം ലേഖകൻ

ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിട നൽകി; ഇടുക്കിയിൽനിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര സഞ്ചരിച്ചത് 380 കിലോമീറ്റർ

SFI-Dheeraj-Rajendran-Tribute.jpg.image.845.440

ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് നാട് കണ്ണീരോടെ വിട നൽകി. രാഷ്ട്രീയ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റു മരിച്ച ധീരജിന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ഇടുക്കിയിൽനിന്നു 380 കിലോമീറ്റർ പിന്നിട്ട് രാത്രി വൈകിയാണ് തളിപ്പറമ്പിലെ വീട്ടിലെത്തിയത്. വിവിധ കേന്ദ്രങ്ങളിൽ ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു.

തളിപ്പറമ്പ് തൃച്ചംബരം പാലകുളങ്ങര പട്ടപ്പാറയിലെ ധീരജിന്റെ വീടിന്റെ മതിലിനോടു ചേർന്ന് സിപിഎം വിലയ്ക്കു വാങ്ങിയ സ്ഥലത്താണ് അന്ത്യവിശ്രമം ഒരുക്കിയത്. ധീരജിന്റെ സഹോദരൻ അദ്വൈത് ചിതയ്ക്കു തീ കൊളുത്തി. മാതാപിതാക്കളായ പുഷ്ക്കലയെയും രാജേന്ദ്രനെയും അനുജൻ അദ്വൈതിനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാത്ത അവസ്ഥയിലായിരുന്നു നേതാക്കളും പ്രവർത്തകരും. മന്ത്രി എം.വി.ഗോവിന്ദൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, മന്ത്രി പി.രാജീവ്, ഇ.പി.ജയരാജൻ എന്നിവരടക്കം നേതാക്കൾ വീട്ടിലെത്തി. തളിപ്പറമ്പിൽ ഉച്ചയ്ക്കു ശേഷം ഹർത്താൽ ആചരിച്ചു.

ഇടുക്കി മെഡിക്കൽ കോളജിൽനിന്നു രാവിലെ പതിനൊന്നരയോടെയാണു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെയുള്ള നേതാക്കൾ ഏറ്റുവാങ്ങി. കോഴിക്കോട് മലാപ്പറമ്പ് ജംക്‌ഷനിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മറ്റു നേതാക്കളും പുഷ്പചക്രം അർപ്പിച്ചു. 

കൊലയ്ക്കു കാരണം രാഷ്ട്രീയ വിരോധമെന്ന് എഫ്ഐആർ

ധീരജ് രാജേന്ദ്രനെ കുത്തിക്കാലപ്പെടുത്തിയതു രാഷ്ട്രീയ വിരോധത്തെ തുടർന്നാണെന്നു പൊലീസ് എഫ്ഐആർ. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് പീടികത്തറയിൽ നിഖിൽ പൈലി (29), ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് തടിയമ്പാട് ഇടയാൽ ജെറിൽ ജോജോ (22) എന്നിവരെ ചോദ്യം ചെയ്തുവരുന്നു. ഇടുക്കി എൻജിനീയറിങ് കോളജ് കെഎസ്‍യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ (21) അടക്കം 2 പേർ പൊലീസ് കസ്റ്റഡിയിലുണ്ട്.

Tags:
  • Spotlight