Monday 28 November 2022 05:02 PM IST : By Nahas Muhammed P.

സുഹൈലിന്റെ സ്വപ്‍നങ്ങൾക്കു ചിറകു നൽകി ഫാത്തിമ ഷെറിൻ; നാടിന് അഭിമാനമായി ഭിന്നശേഷി ദമ്പതികൾ

fathima-sherin-suhail-def-couple-kasarkode-cover ഫാത്തിമ ഷെറിനും മുഹമ്മദ് സുഹൈലും, ഫൊട്ടോ: ജിബിൻ ചെമ്പോല, സുഹൈൽ

വിധി നൽകിയ കുറവുകളെ മറന്ന് ക്രിക്കറ്റിനെ പ്രണയിച്ച പി. ആർ. മുഹമ്മദ് സുഹൈൽ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് താരമാണ്. അജ്മാനിൽ നടന്ന ഡഫ് ട്വന്റി 20 ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിലെ ഏക മലയാളി താരം പി.ആർ.മുഹമ്മദ് സുഹൈൽ. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സുഹൈലിന്റെ ക്രിക്കറ്റ് സ്വപ്നങ്ങൾക്ക് കൂടെ നടന്നത് ഭാര്യ ഫാത്തിമ ഷെറിൻ. ചെറുപ്പത്തിൽ മുണ്ടിനീര് വന്നു കേൾവി നഷ്ടമായ ഫാത്തിമ പഠിക്കുന്ന കാലത്തെ താരമായിരുന്നു. ഫാത്തിമയുടെ അതിജീവന കഥ ‘വനിത’യിൽ വന്നതു കണ്ടാണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശി പി.ആർ. മുഹമ്മദ് സുഹൈലിന്റെ വിവാഹാലോചന കാസർകോട്ടെ ഫാത്തിമ ഷെറീനെ തേടിയെത്തുന്നത്. ആംഗ്യ ഭാഷയിലാണ് ഫാത്തിമയും സുഹൈലും തമ്മിൽ ആശയ വിനിമയം നടത്തുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ഒന്നുമറിയാതിരുന്ന തന്നെ ആ കളി മനസ്സിലാക്കി സുഹൈലിന് ഒപ്പം നടക്കാന്‍ പ്രേരിപ്പിച്ചത് തന്റെ പപ്പയാണെന്ന് ഫാത്തിമ.

‘‘ക്രിക്കറ്റ്‌ എന്നാൽ സുഹൈലിന് ഒരാവേശമായിരുന്നു. കുന്നോളം സ്വപ്നങ്ങളുമായി ക്രിക്കറ്റ്‌ നെഞ്ചോടു ചേർത്തു നടന്ന സുഹൈൽ താരമാകുമെന്ന് ഞാനറിഞ്ഞിരുന്നില്ല. ക്രിക്കറ്റ്‌ എന്ന് കേൾക്കുമ്പോൾ താൽപര്യമില്ലാത്ത മട്ടിൽ ഒഴിഞ്ഞു മാറിയിരുന്ന എന്നെ പപ്പായാണ് ഇക്കാന്റെ സ്വപ്‍നങ്ങൾക്കു ചിറക് നൽകാൻ താങ്ങായും തണലായും ഒപ്പം നിൽക്കാൻ പഠിപ്പിച്ചത്. പിന്നീട് ഓരോ ചുവടും ലക്ഷ്യത്തിലേക്കെത്താൻ ഞാൻ ശ്രദ്ധിച്ചു. രാത്രികളെ പകലുകളാക്കി അവൻ ആഗ്രഹങ്ങളുടെ കെട്ടഴിക്കുമ്പോയും ഞാനെല്ലാം കേട്ടിരിക്കും. ഓരോ ദിനവും എന്നോട് മാത്രമായി പറയുന്നൊരു സ്വപ്നമുണ്ടായിരുന്നു, ഇന്ത്യൻ ജേഴ്‌സിയണിയണമെന്ന്. നീണ്ട വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ക്രിക്കറ്റർ എന്ന സ്വപ്നം പൂവണ്ണിഞ്ഞപ്പോഴും അവനേറെ ആഗ്രഹിച്ചത് എന്നെന്നേക്കുമായി മാഞ്ഞുപോയ ഉപ്പയുടെ സാമീപ്യമായിരുന്നു. സ്വർഗത്തിലിരുന്ന് കൺകുളിർക്കെ ഉപ്പയും ഇതൊക്കെ കാണുന്നുണ്ടായിരിക്കണം.’’ ഫാത്തിമ ഷെറിൻ പറ‍ഞ്ഞു.

ബേക്കൽ കോട്ടിക്കുളം ഗ്രീൻവ്യൂ ഷരീഫ് കാപ്പിലിന്റെയും ഉമ്മു ഹലീമയുടെയും മകളാണ് ഫാത്തിമ ഷെറീൻ. ശ്രവണ, സംസാര ശേഷി വെല്ലുവിളികൾ അതിജീവിച്ച് ബൗണ്ടറി കടന്ന് നാടിനും രാജ്യത്തിനും അഭിമാനമാവു കയാണ് ഈ ഭിന്നശേഷി ദമ്പതികൾ.

പപ്പയുടെ സ്വന്തം ഫാത്തിമ ഷെറിൻ

fathima-sherin-suhail-def-couple-kasarkode-cricket-player-family-parents ഫാത്തിമയും സുഹൈലും മക്കളോടും ഫാത്തിമയുടെ മാതാപിതാക്കളോടുമൊപ്പം, ഫൊട്ടോ: ജിബിൻ ചെമ്പോല

സ്പെഷൽ സ്കൂളിൽ പഠിച്ച് എസ്എസ്എൽസി ഹിയറിങ് ഇംപയേഡ് പരീക്ഷയിൽ 2011ൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയത് ഫാത്തിമ ഷെറിനായിരുന്നു. 12 ാം ക്ലാസിൽ എല്ലാ വിഷയത്തിലും എ പ്ലസും ലഭിച്ചു. ആദ്യ ശ്രമത്തിൽ തന്നെ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ബികോം ജയിച്ച ഫാത്തിമ ഷെറിൻ സാരിയിലും ഗ്ലാസിലും അനായാസം നൂലും ഫാബ്രിക് പെയിന്റും കൊണ്ട് മനോഹര ചിത്രങ്ങൾ കോർക്കുകയും എഴുതുകയും ചെയ്യുന്നു. വിദൂര വിദ്യാഭ്യാസത്തിൽ എംബിഎ പഠിക്കുകയാണ് ഇപ്പോൾ. അഞ്ചാം വയസ്സിൽ വന്ന മുണ്ടിനീ‍രാണ് ഫാത്തിമയുടെ കേൾവി ശക്തി എടുത്തത്. സംസാര ശേഷി ഉണ്ട്.

‘‘പപ്പയാണ് എന്റെ എല്ലാ വിജയത്തിന്റെയും ആദ്യത്തെ അവകാശി. 4 വയസുള്ള കൊച്ചു പാവാടക്കാരിയിൽ നിന്ന് എന്റെ ഓരോ ചുവടും ഇടറാതെ മുന്നോട്ട് നയിച്ച ഊർജസ്വലനായ മനുഷ്യൻ. ഇരുൾ നിറഞ്ഞ എന്റെ വഴികൾക്ക് പ്രകാശമേകിയ മനുഷ്യൻ. എന്റെ വഴികാട്ടി. കേൾവിയില്ലായ്മയുടെ ലോകത്ത് ഒതുങ്ങികൂടിയപ്പോഴും മനോധൈര്യം കൈവിടാതെ എന്നെ കൈ പിടിച്ചുയർത്താൻ പപ്പയ്ക്കെങ്ങിനെ കഴിഞ്ഞിട്ടുണ്ടാവുക എന്ന് ഞാനിപ്പോഴും അത്ഭുതപെടാറുണ്ട്. കൂട്ടുകാരൊക്കെ എനിക്ക് കിട്ടിയ ഭാഗ്യമാണ് പപ്പയെന്നു പറയുമ്പോഴും ഇതിനേക്കാൾ മനസിനെ കോരിത്തരിപ്പിക്കുന്ന അനുഭൂതി വേറെന്താണ്.’ ഫാത്തിമ ഷെറിൻ പറയുന്നു.

ചെർക്കള മാർത്തോമ്മാ ബധിര സ്കൂളിലും മാർത്തോമ്മാ ബധിര കോളജിലും ആണ് ഫാത്തിമ ഷെറിൻ പഠിച്ചത്. മുല്ലക്കര രത്നാകരൻ കൃഷി മന്ത്രിയായിരിക്കെ മാർത്തോമ്മാ സ്കൂൾ സന്ദർശിച്ചപ്പോൾ ഫാത്തിമ ഷെറിന്റെ പേരിൽ ഒരു തൈ നട്ടിരുന്നു. അന്നു വനിതയിൽ ഫാത്തിമ ഷെറിൻ വിജയകഥ കണ്ടാണ് പരപ്പനങ്ങാടി പുത്തിരിക്കൽ പിയേഴ്സ് ഹൗസിൽ പി. ആർ. മുഹമ്മദ് സുഹൈലിന്റെ കുടുംബം കാസർകോട്ട് വിവാഹ ആലോചനയുമാ യെത്തിയത്. പരേതനായ അബ്ദുൽ റസാഖ് ഹാജിയുടെയം മടപ്പള്ളി ആസിയ ദമ്പതികളുടെ മകൻ അങ്ങനെ കാസർകോടിന്റെ മരുമകനായി.

സുഹൈൽ ഇന്ത്യൻ താരം

fathima-sherin-suhail-def-couple-kasarkode-cricket-player-family ഫാത്തിമ ഷെറിനും മുഹമ്മദ് സുഹൈലും, ഫൊട്ടോ: ജിബിൻ ചെമ്പോല

സുഹൈലിനു സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. ഡഫ് ഐപിഎല്ലിൽ ഹൈദരാബാദ് ഈഗിൾസ് ടീം നായകനാണ് മുഹമ്മദ് സുഹൈൽ. ഇടം കൈ കൊണ്ട് അതിവേഗം പന്തെറിയുന്ന വലം കൈ ബാറ്റ്സ്മാൻ. മലയാള മനോരമ കൊച്ചിയിൽ നടത്തിയ സമ്മർ കോച്ചിങ് ക്യാംപിൽ പങ്കെടുത്ത ആത്മവിശ്വാസമാണ് ഇന്ത്യൻ ടീമിലെത്തിച്ചത്. ഇന്ത്യൻ ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിൽ മാൻ ഓഫ് ദി സീരിസായിരുന്നു. 3 കളികളിൽ നിന്ന് 88 റൺസും 6 വിക്കറ്റുമാണ് അന്ന് നേടിയത്. ഈ മികവാണ് അജ്മാനിൽ ചാംപ്യൻസ് ട്രോഫി ട്വന്റി 20 ടൂർണമെന്റിലേക്ക് അവസരം ഉണ്ടാക്കിയത്. ബംഗ്ലദേശിൽ നടക്കുന്ന ഏഷ്യാ കപ്പ്, ഖത്തറിൽ നടക്കുന്ന ലോക കപ്പ് ടൂർണമെന്റുകളിൽ കളിക്കാൻ അവസരം കിട്ടുമെന്ന പ്രതീക്ഷയിലാണ് സുഹൈൽ.

കോഴിക്കോട് ഫാറൂഖ് കോളജിൽ ബിഎ സോഷ്യോളജി വിദ്യാർഥിയായിരുന്ന സുഹൈൽ പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ഫാത്തിമ ഷെറിൻ മുക്കം മെഡിക്കൽ കോളജിൽ അക്കൗണ്ടന്റായിരുന്നു. രക്ഷിതാക്കളും സഹോദരങ്ങളും മാത്രമല്ല അധ്യാപകരുടെയും നാട്ടുകാരുടെയെല്ലാം പിന്തുണയും പ്രോത്സാഹനവും ഇവരെ സ്ഥിരോൽസാഹികളാക്കിയപ്പോൾ വെല്ലുവിളികളെ മറി കടന്ന വിജയത്തിലെത്തിക്കാൻ സഹായിച്ചു. അലെഹ സൈനബ്, ഇമ്മദ് അബ്ദുല്ല എന്നിവരാണ് മക്കൾ.

ഫാത്തിമ ഷെറിനെപ്പറ്റി ‘വനിത’ പ്രസിദ്ധീകരിച്ച ഫീച്ചർ

പേജ് 1

Crisis.indd

പേജ് 2

Crisis.indd