Friday 29 May 2020 06:34 PM IST

ചികിത്സാചിലവ് കുതിച്ചേറുന്ന കാലത്ത് എങ്ങനെ ഇൻഷുറൻസിലൂടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാം!

Roopa Thayabji

Sub Editor

ins2

ജോലി കിട്ടിയാൽ പിന്നെ കാറും വീടും ഒക്കെയാണ് സ്വപ്നങ്ങളിൽ ആദ്യം സ്ഥാനം പിടിക്കുക. വിവാഹവും വിദേശയാത്രയും ഒക്കെ ആ സ്വപ്നങ്ങളിൽ പെടും. സ്വപ്‌നങ്ങൾ ഓരോന്നായി നേടിക്കൊണ്ടിരിക്കുമ്പോഴാകും ചിലപ്പോൾ അപ്രതീക്ഷിതമായി ഒരു രോഗമോ അപകടമോ എത്തുന്നത്. അതോടെ എല്ലാം തകിടം മറിയും. ആശുപത്രി വാസവും കനത്ത ബില്ലും ഒക്കെ കഴിഞ്ഞു വീട്ടിൽ എത്തുന്നതു മുതൽ ഇ എംഐ തൊട്ടു കുടുംബ ബജറ്റ് വരെ എല്ലാം തകിടം മറിഞ്ഞുതുടങ്ങും.

എത്ര നേരത്തെ സാമ്പത്തിക കാര്യങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയാലും ഹെൽത് ഇൻഷുറൻസിന് പ്രഥമ പരിഗണന കൊടുക്കണം എന്നു വിദഗ്ധർ പറയുന്നത് ഇക്കാരണങ്ങൾ കൊണ്ടാണ്. ചികിത്സാ ചെലവ് വർഷം തോറും കുതിച്ചു കയറുന്നതിനൊപ്പം നിപ്പയും കൊറോണയുമൊക്കെയായി അറിയാ രോഗങ്ങളും നാടു വാഴുകയാണ്. ആരോഗ്യസുരക്ഷയ്ക്ക് ഇനി കൃത്യമായി പ്ലാൻ ചെയ്യാം.

ഹെൽത് ഇൻഷുറൻസ് എന്തിന്

നാൾക്കുനാൾ ഉയരുന്ന ചികിത്സാ ചെലവുകൾ ഓ രോ വർഷവും ദശലക്ഷക്കണക്കിനു പേരെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുന്നു എന്നാണ് പബ്ലിക് ഹെൽത്ഫൗണ്ടേഷന്റെ അടുത്തിടെ പുറത്തുവന്ന പഠനങ്ങൾ പറയുന്നത്. ഹെൽത് ഇൻഷുറൻസ് പരിരക്ഷ ലഭ്യമായ കുടുംബങ്ങൾ അത്രമാത്രം കുറവാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്ന മറ്റൊരു കാര്യം.

കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആരോഗ്യ പരിരക്ഷ പ്രധാനമാണ്. മൂന്നു വയസ്സു മുതൽ 90 വയസ്സു വരെ പ്രായമുള്ള ആർക്കും വിവിധ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ ചേരാം. അപ്രതീക്ഷിതമായി എത്തുന്ന അപകടങ്ങൾക്കു മുതൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്കുവരെ ആരോഗ്യ ഇൻഷുറൻസ് ലഭിക്കും. ഹെൽത് ഇൻഷുറൻസ് പൊളിസിക്ക് ആദായ നികുതി ഇളവും കിട്ടും.

ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുക എന്നത് അത്രമാത്രം സാമ്പത്തിക ചെലവ് വരുന്ന ഒന്നല്ല. കേന്ദ്ര സർക്കാർ നടപ്പാക്കിയ ആയുഷ്മാൻ ഭാരത് അടക്കം കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ഉറപ്പാക്കാവുന്ന നിരവധി പദ്ധതികൾ ഉണ്ട്. സർക്കാർ ഇൻഷുറൻസ് ഏജൻസികൾക്കു പുറമേ സ്വകാര്യ ഇൻഷുറൻസ് കമ്പനികളും മികച്ച ഓഫറുകളും കവറേജും ഉറപ്പു നൽകുന്നു.

ഓരോ ചുവടും ശ്രദ്ധിച്ച്

എത്രയും നേരത്തെ എന്നതാണ് ഹെൽത് ഇൻഷുറൻസിലെ ആദ്യ കാര്യം. ഏറ്റവും ആരോഗ്യത്തോടെ ഇരിക്കുന്ന സമയത്തു തന്നെ ഇൻഷുറൻസ് എടുക്കുക. നിലവിലുള്ള അസുഖങ്ങൾക്ക് കവറേജ് ലഭിക്കാറില്ല. മാത്രമല്ല നിങ്ങളുടെ പ്രായവും ആരോഗ്യസ്ഥിതിയും അനുസരിച്ച് അടയ്ക്കേണ്ട പ്രീമിയത്തിലും കുറവുണ്ടാകും.

പ്രായം, ശീലങ്ങൾ, മെഡിക്കൽ ഹിസ്റ്ററി തുടങ്ങിയ നിര വധി കാര്യങ്ങൾ ആശ്രയിച്ചാണ് പ്രീമിയം നിശ്ചയിക്കുന്നത്. ചില സാഹചര്യങ്ങളിൽ നിങ്ങൾ താമസിക്കുന്ന ഏരിയയും ഇതിൽ ഘടകമാകും. മുംബൈ, ഡൽഹി പോലുള്ള മെട്രോ നഗരങ്ങൾ എ സോണിലും കൊച്ചി പോലുള്ള സെമി മെട്രോ നഗരങ്ങൾ ബി സോണിലും പെടും. മറ്റു നഗര, ഗ്രാമ പ്രദേശങ്ങൾ സി സോണിലാണ് വരുക. മെട്രോ നഗരങ്ങളിലും സെ മി മെട്രോ നഗരങ്ങളിലും ചികിത്സ തേടേണ്ടവർക്ക് പ്രീമിയം തുക ഉയരും.

നിങ്ങളുടെ ആരോഗ്യ സ്ഥിതിയും പ്രീമിയം തുകയെ സ്വാധീനിക്കുന്ന ഘടകമായി പല ഇൻഷുറൻസ് കമ്പനികളും കണക്കാക്കുന്നു. കൃത്യമായ ബോഡി മാസ് ഇൻഡക്സ് ഉള്ളവർക്ക് പ്രീമിയം തുകയിൽ കുറവ് വരും. നല്ല ആരോഗ്യമുള്ളവർക്ക് കാര്യമായ രോഗങ്ങളൊന്നും പിടിപെടാൻ സാധ്യതയില്ല എന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നിൽ.

പോളിസി എടുക്കും മുൻപ്

ഇൻഷുറൻസ് പോളിസി എടുക്കും മുൻപ് ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കണം.

ins-3

∙ എത്ര തുകയുടെ കവറേജ് വേണമെന്ന് നിശ്ചയിക്കുക. ആ കവറേജിൽ ആരൊക്കെ ഉൾപ്പെടുമെന്നും നിശ്ചയിക്കുക. വിവിധ കമ്പനികളുടെ പോളിസികൾക്ക് വ്യത്യസ്ത നിരക്കുകളാണ്. പ്രീമിയം ലാഭിക്കാൻ വേണ്ടി കവറേജ് കുറയ്ക്കുന്നത് നല്ലതല്ല. പല പോളിസികൾ താരതമ്യം ചെയ്ത് മികച്ച കവറേജ് കിട്ടുന്നത് നോക്കി തിരഞ്ഞെടുക്കണം.

∙ നിലവിലുള്ള അസുഖങ്ങൾക്ക് പരിരക്ഷ ലഭിക്കാൻ വിവിധ ഇൻഷുറൻസ് കമ്പനികൾ വ്യത്യസ്ത കാത്തിരിപ്പ് കാലാവധി നിശ്ചയിച്ചിട്ടുണ്ടാകും. ഇത് രണ്ടുവർഷം മുതൽ നാലുവർഷം വരെ നീളാം. കുറഞ്ഞ വെയ്റ്റിങ് പീരിയഡുള്ള പോളിസി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പോളിസിയെടുത്ത് 30 ദിവസത്തിനുള്ളിൽ വരുന്ന അസുഖങ്ങൾക്ക് മിക്ക കമ്പനികളും പരിരക്ഷ നൽകില്ല.

∙ നിങ്ങൾ താമസിക്കുന്ന സ്ഥലത്ത് ഏതൊക്കെ ആശുപത്രികളുമായി ഇൻഷുറൻസ് കമ്പനികൾക്ക് ടൈ അപ് ഉണ്ടെന്ന് മനസ്സിലാക്കണം. ടൈ അപ് ഇല്ലാത്ത ആശുപത്രികളിൽ ചികിത്സ തേടേണ്ടി വന്നാൽ ചെലവുകൾ സ്വയം വഹിച്ച ശേഷം പിന്നീട് ക്ലെയിം നൽകി പണം വാങ്ങേണ്ടി വരും. നിങ്ങളുടെ ഇ ൻഷുറൻസ് കമ്പനിയുടെ പരിധിയിൽ ഉള്ള ആശുപത്രികൾ ഏതാണെന്ന് അറിഞ്ഞു വയ്ക്കുക. നിങ്ങളുടെ അടുത്തുള്ളതും പോകാന്‍ എളുപ്പമുള്ളതുമായ ആശുപത്രികൾ ആ കൂട്ടത്തിൽ ഉണ്ടെന്നും ഉറപ്പാക്കുക.

∙ മിക്ക ഹെൽത് ഇൻഷുറൻസ് കമ്പനികളും ആശുപത്രി മുറിക്കു നിശ്ചിത വാടക പരിധി നിശ്ചയിച്ചിട്ടുണ്ട്. മൊത്തം കവറേജിന്റെ ഒരു ശതമാനമാകും മിക്കവാറും ഒരു ദിവസത്തെ വാടക. ഇത് നേരത്തെ അറിഞ്ഞു വയ്ക്കണം. മുറിവാടകയുടെ പരിധി 4000 രൂപ ആണെങ്കിൽ അതിനപ്പുറം വരുന്ന അധിക തുക നിങ്ങൾ നൽകേണ്ടി വരും. ഈ തുക പിന്നീട് ക്ലെയിം ചെയ്യാനുമാകില്ല.

∙ 45 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആദ്യമായി ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുമ്പോൾ മെഡിക്കൽ പരിശോധന നിർബന്ധമാണ്. ആ സമയത്തു അസുഖങ്ങൾ ഉണ്ടെന്നു കണ്ടാൽ പോളിസി നിഷേധിച്ചേക്കാം. ജീവിതകാലം മുഴുവനും ചികിത്സിക്കേണ്ടിവരുന്ന അസുഖമാണെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാതെയും വരും. നല്ല ആരോഗ്യമുള്ള സമയത്തു തന്നെ പോളിസി എടുക്കണം എന്നു പറയുന്നത് ഇതുകൊണ്ടാണ്.

∙ മുതിർന്ന പൗരന്മാർക്ക് പോളിസി പ്രീമിയമായി ഉയർന്ന തുക വേണ്ടിവരും. എന്നിരുന്നാലും ആശുപത്രിയിൽ കിടന്നുള്ള ചികിത്സയ്ക്കും വീട്ടിൽ വച്ചുള്ള ചികിത്സയ്ക്കും ഈ പോളിസി പ്രകാരം പണം ലഭിക്കും. 55 വയസ്സിനു മുമ്പ് പോളിസി എടുത്തവർക്ക് 75 വയസ്സു വരെ പരിരക്ഷ കിട്ടും.

∙ ജന്മനായുള്ള അസുഖങ്ങൾ, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കൊണ്ടുണ്ടായ രോഗങ്ങൾ എന്നിവയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. ആയുർവേദ ചികിത്സ, ഹോമിയോ, ദന്തരോഗങ്ങൾക്കുള്ള ചികിത്സ, സൗന്ദര്യവർധക ചികിത്സ, എച്ച്ഐവി തുടങ്ങിയവയും യുദ്ധം, കലാപം, തീവ്രവാദം എന്നിവയും ഇൻഷുറൻസ് പരിധിക്കു പുറത്താണ്. ഇവ സംബന്ധിച്ച വിശദാംശങ്ങൾ ഇൻഷുറൻസ് ഏജന്റിനോട് ആദ്യമേ തന്നെ ചോദിച്ചു മനസ്സിലാക്കണം.

∙ ജോലി ഉള്ളവയാളാണ് നിങ്ങളെങ്കിൽ തൊഴിലുടമ നൽകുന്ന ഇൻഷുറൻസ് ആണ് നിങ്ങൾക്ക് ലഭ്യമാകുക. കമ്പനിയുടെ പേ റോളിൽ നിങ്ങൾ ഉള്ളിടത്തോളം കാലം മാത്രമേ ഈ കവറേജ് ലഭ്യമാകൂ. അതിനാൽ വ്യക്തിഗത പോളിസി കൂടി ഉണ്ടാകുന്നത് നല്ലതാണ്.

അറിഞ്ഞു തിരഞ്ഞെടുക്കാം

െഹൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നത് ഓരോരുത്തരുടെയും ആരോഗ്യ ആവശ്യങ്ങൾക്ക് മുൻഗണന നൽകി ആകണം. പ്രായം കൂടിയ മാതാപിതാക്കൾക്കു വേണ്ടിയും ആരോഗ്യമുള്ള ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയുമൊക്കെ ഏതൊക്കെ പോളിസികൾ വേണമെന്ന് കൃത്യമായി മനസ്സിലാക്കണം. പൊതുവെ തിരഞ്ഞെടുക്കാവുന്ന പോളിസികൾ ഇവയാണ്.

മെഡിക്ലെയിം: അസുഖം മൂലം ആശുപത്രിയിൽ കിടന്നു ചികിത്സിക്കുമ്പോൾ അനുബന്ധമായി വരുന്ന മുറി വാടക, ഡോക്‌ടർ ഫീസ്‌, ഓപ്പറേഷന്‍ ചാര്‍ജ്ജ്‌, എക്‌സ്‌റെ, സ്‌കാനിങ്,എംആർഐ പോലുള്ള പരിശോധനാ ചെലവുകൾ, മരുന്നുകൾക്കുള്ള ചെലവ് തുടങ്ങിയവ മെഡിക്ലെയിം പോളിസി പ്രകാരം തിരികെ ലഭിക്കും. ഡയാലിസിസ്‌, കീമോതെറപ്പി, റേഡിയോതെറപ്പി തുടങ്ങിയവയ്‌ക്കും ഈ ആനുകൂല്യം ലഭിക്കും‌. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന്‌ 30 ദിവസം മുമ്പും ഡിസ്ചാർജായി 60 ദിവസത്തിനുള്ളിലും വരുന്ന ചികിത്സാ ചെലവുകളും ഇതിലൂടെ തിരികെ ലഭിക്കും.

പഴ്സനൽ ആക്സിഡന്റ് പോളിസി: അപകടം സംഭവിച്ചാൽ ആശുപത്രി ചെലവുകളും പിന്നീട് വീട്ടിൽ വിശ്രമിക്കേണ്ടി വന്നാൽ ആഴ്ചയിൽ നിശ്ചിത തുക കിട്ടുന്നതുമായ പോളിസിയാണ് ഇത്. പ്രതിവർഷം 700 രൂപയ്ക്ക് മുതൽ ചേരാവുന്ന പോളിസികൾ ഇതിലുണ്ട്.

ക്രിട്ടിക്കൽ ഇൽനസ് റൈഡർ: ഉയർന്ന ചികിത്സാ ചെലവുള്ള അസുഖങ്ങൾക്കുള്ള കവറേജാണ് ഇതിൽ ഉൾപ്പെടുന്നത്. കാൻസർ, വൃക്കയുടെ പ്രവർത്തനം നിലയ്ക്കൽ, അവയവം മാറ്റിവയ്ക്കൽ, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയവയ്ക്കെല്ലാം ഇതിലൂടെ ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കാം.

ഫാമിലി ഫ്ലോട്ടർ പ്ലാൻ: ഒറ്റ പോളിസിയിൽ കുടുംബത്തിലെ മുഴുവൻ പേർക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെയാകും. ഇതുപ്രകാരം വീട്ടിലെ ഏറ്റവും മുതിർന്ന ആംഗത്തെ മുതൽ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ വരെ താരതമ്യേന കുറഞ്ഞ ചെലവിൽ കവറേജിൽ ഉൾപ്പെടുത്താനാകും. ഈ പ്ലാൻ എടുക്കുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സം അഷ്വേർഡ് ഒരിക്കൽ വിനിയോഗിച്ചാലും അത്രയും തുക വീണ്ടും പോളിസിയിലേക്ക് കൂട്ടിച്ചേർക്കുന്ന റീസ്റ്റോറേഷൻ ബെനഫിറ്റ് കൂടി ഇതിൽ ഉറപ്പാക്കണം. അപ്പോൾ വ്യക്തിഗത പോളിസി എടുക്കുന്നതിന്റെ പ്രയോജനം തന്നെ കുടുംബത്തിലെ എല്ലാവർക്കും ഒറ്റ പോളിസിയിലൂടെ കിട്ടും.

ins-1

സീനിയര്‍ സിറ്റിസണ്‍ പോളിസി: 60നും 70നും ഇടയിൽ പ്രായമുള്ളവർക്കായി പ്രത്യേകമുള്ള പോളിസിയാണിത്. ഇന്ത്യയിലാകെ 3800 ആശുപ്രതികളിൽ ഈ പോളിസി പ്രകാരം ചികിത്സ ലഭിക്കും. നിലവിലുള്ള അസുഖങ്ങള്‍ക്കും ഈ പോളിസിയില്‍ കവേറജ്‌ ലഭിക്കുമെങ്കിലും പോളിസിയില്‍ ചേരുന്നതിനുമുമ്പ്‌ 12 മാസത്തിനുള്ളില്‍ നടത്തിയ ചികിത്സകള്‍ക്ക്‌ ഭാവിയില്‍ കവേറജ്‌ ലഭിക്കില്ല.

ടേം ഇൻഷുറൻസ്

പോളിസി ടേം സമയത്ത് ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ ആശ്രിതർക്ക് മരണാനുകൂല്യമായി വലിയ തുക കിട്ടുന്ന പ്ലാനുകളാണ് ഈ സ്കീമിലുള്ളത്. ചെറിയ പ്രായത്തിൽ തുടങ്ങിയാൽ ദീർഘകാലത്തേക്കുള്ള ടേം ഇൻഷൂറൻസ് ഏറ്റവും കുറഞ്ഞ പ്രീമിയത്തിൽ എടുക്കാം. അതിനാൽ ജോലി കിട്ടിയാലുടൻ ഇൻഷുറൻസ് പോളിസിയുമെടുക്കണം. പോളിസി ടേം സമയത്ത് ഇൻഷുർ ചെയ്ത വ്യക്തി മരിച്ചാൽ മരണാനുകൂല്യം ആശ്രിതർക്ക് ലഭിക്കും.

മികച്ച പോളിസി പ്ലാനുകളിൽ മൂന്നു വർഷത്തേക്കു വ രെ ഒന്നിച്ച് പണമടയ്ക്കാവുന്ന സംവിധാനമുണ്ട്. ഇങ്ങനെ അടയ്ക്കുമ്പോൾ പ്രീമിയത്തിൽ കാര്യമായ കുറവു ല ഭിക്കുമെന്നതാണ് നേട്ടം. മൂന്നുവർഷം കൂടുമ്പോൾ പോളിസി പുതുക്കുന്ന കാര്യം പ്രത്യേകം ഓർക്കണം.

മറക്കല്ലേ ഇവ

 പോളിസി പുതുക്കാൻ മറക്കരുത്. പോളിസി ക്ലെയിം ചെയ്തില്ലെങ്കിൽ അടുത്ത വർഷം കിട്ടുന്ന നോ ക്ലെയിം ബോണസ് ക്യുമുലേറ്റിവ് ബോണസായി ഇൻഷ്വേർഡ് തുകയോടൊപ്പം ചേരും. അപ്പോൾ പ്രീമിയം ഉയർത്താതെ തന്നെ അധിക കവറേജിന്റെ ഗുണം നൽകും. അതുകൊണ്ടു തന്നെ ചെറിയ തുക വേണ്ട ചികിത്സകൾക്ക് ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തതാണ് നല്ലത്.

∙ അധിക പ്രീമിയം അടച്ചാൽ ഗർഭത്തിനും പ്രസവത്തിനും ക്ലെയിം കിട്ടുന്ന പോളിസികളുണ്ട്. അവ ആവശ്യമുള്ളവർ ഇക്കാര്യം ഏജന്റിനോട് നേരത്തേ പറയണം.

∙ ആശുപത്രിയിൽ അഡ്മിറ്റ് ആയാൽ ഇൻഷുറൻസ് കമ്പനി ചുമതലപ്പെടുത്തിയ ടിപിഎയെ (തേഡ് പാർട്ടി അഷ്വറൻസ്) അറിയിച്ചാണ് കാഷ്‌ലെസ് സ്കീം ലഭ്യമാക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റായാൽ ഉടൻ ഇൻഷുറൻസ് കമ്പനിയെ വിവരമറിയിച്ചാൽ കാലതാമസം ഒഴിവാക്കാം.

∙ സ്വകാര്യ മ്പനികൾ നൽകുന്നതിനു തുല്യമായ മെഡിക്ലെയിം സേവനങ്ങൾ തന്നെ സർക്കാർ ഇൻഷുറൻസ് കമ്പനികളായ നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യാ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയവയും നൽകുന്നുണ്ട്. സർക്കാരിന്റെ ഇൻഷുറൻസ് കമ്പനികളുെട പ്രീമിയം നിരക്കുകൾ താരതമ്യേന കുറവുമാണ്. എന്നാൽ കവറേജ് തുക, ഇൻഷുർ ചെയ്യപ്പെടുന്നവരുടെ പ്രായം, എ ണ്ണം എന്നിവ കൂടുന്നതനുസരിച്ച് പ്രീമിയവും കൂടും.

∙ സർക്കാർ ഇൻഷുറൻസ് കമ്പനികളിലുള്ള പോളിസി സ്വകാര്യ കമ്പനികളിലേക്കും തിരിച്ചും പോർട്ട് ചെയ്യാനാകും. പോളിസി ആക്ടീവായിരിക്കുന്ന കാലയളവിൽ മാത്രമേ ഇതു സാധ്യമാകൂ.

∙ പോളിസി ക്ലെയിമിനെ കുറിച്ചുള്ള പരാതികൾ ആദ്യം, ടിപിഎയെയോ പോളിസി എടുത്ത ഇൻഷുറൻസ് ഒാഫീസിനെയോ ആണ് അറിയിക്കണ്ടത്. പരിഹാരം ഉണ്ടായില്ലെങ്കിൽ റീജിയണൽ സോണൽ ഓഫിസിലോ കമ്പനിയുെട പരാതി പരിഹാര സെല്ലിലോ അപേക്ഷ നൽകാം. എന്നിട്ടും ഫലമുണ്ടായില്ലെങ്കിൽ രേഖകൾ സഹിതം ഉപഭോക്തൃ പരിഹാരസമിതിയെ സമീപിക്കാം.

പൂർണ പരിരക്ഷയ്ക്ക് ഹെൽത് പോളിസി

ഓരോ പോളിസിയിലും എന്തിനെല്ലാം കവറേജ് ഉണ്ടെന്ന് മനസ്സിലാക്കണം. കവറേജിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള പല രോഗങ്ങളും ചികിൽസയും ഏതെല്ലാമെന്നുൾപ്പെടെയുള്ള കാര്യങ്ങൾ ചോദിച്ചറിയണം.

∙ പോളിസി വാങ്ങി നിശ്ചിത വർഷം കഴിഞ്ഞാലേ നിലവിലുള്ള രോഗങ്ങൾക്ക് ക്ലെയിം കിട്ടൂ. ഈ വെയിറ്റിങ് പീരിയഡ് പല പോളിസിയിലും വ്യത്യസ്തമായിരിക്കും. അതു മനസ്സിലാക്കി കുറഞ്ഞ വെയിറ്റിങ് പീരിയഡുള്ള പോളിസിക്ക് പ്രഥമ പരിഗണന നൽകുക.

∙ പല പോളിസികളും നിശ്ചിത വർഷം കഴിഞ്ഞാൽ പുതുക്കാനാകില്ല. കവറേജ് കൂടുതൽ ആവശ്യമുള്ള വാർധക്യം കൂടി പരിഗണിച്ച് ആജിവനാന്തം പുതുക്കാവുന്ന പോളിസികൾ തിരഞ്ഞെടുക്കുക.

∙ പണം കൊടുക്കാതെ ചികിൽസ തേടാവുന്ന കാഷ് ലെസ് പോളിസി നെറ്റ് വർക്ക് ഏതെല്ലാം ആശുപത്രിയിൽ ഉണ്ടെന്ന് മനസ്സിലാക്കുന്നത് ചികിത്സ തേടുമ്പോഴും മറ്റും സൗകര്യമാകും.

∙ വിവാഹത്തിന് മുന്‍പ് തന്നെ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉള്ളവരാണെങ്കിൽ വിവാഹത്തിനു ശേഷം ഭാര്യയുടെയും ഭർത്താവിന്റെയും പോളിസികൾ തമ്മിൽ ബന്ധിപ്പിക്കണം. രണ്ടു വർഷത്തിന് ശേഷം മറ്റേണിറ്റി കവറേജും ഇൻഫെർട്ടിലിറ്റി ചികിത്സക്കായുള്ള കവറേജും ഇതിലൂടെ ലഭിക്കും. കുഞ്ഞു ജനിക്കുന്ന ദിവസം മുതൽ തന്നെ കുഞ്ഞിനും കവറേജ് ലഭിക്കുമെന്നു മാത്രമല്ല, വാക്സിനേഷൻ ഉൾപ്പെടെയുള്ള ചെലവുകളും ഇതിലൂടെ നടക്കും.

∙ പോളിസി കാലാവധിയിൽ ക്ലെയിം ഒന്നും ചെയ്തിട്ടില്ലെങ്കിൽ കമ്പനി തരുന്ന അധിക ലാഭം ആണ് നോ ക്ലെയിം ബോണസ്. പ്രീമിയത്തോടൊപ്പം നിങ്ങളുടെ കവറേജ് തുക കൂടാൻ ഇത് സഹായിക്കും. ഓരോ പ്ലാനിലെയും നോ ക്ലെയിം ബോണസ് എത്രയാണെന്ന് നേരത്തെ ചോദിച്ചറിയുക.

വിവരങ്ങൾക്ക് കടപ്പാട്:

കെ.കെ. ജയകുമാർ,

പഴ്സനൽ ഫിനാൻസ് വിദഗ്ധൻ,

കൊച്ചി.



Tags:
  • Spotlight