Wednesday 15 April 2020 05:47 PM IST

ഷാജിയേട്ടാ, ടൈംപാസിനായി നമ്മുക്കൊര് കിണർ കുഴിച്ചാലോ? ബീനയുടെ ചോദ്യം ചെന്നു നിന്നത് ഹോം മെയിഡ് കിണറിൽ, 15 ദിവസത്തിൽ വെള്ളം ഫുൾ

Vijeesh Gopinath

Senior Sub Editor

kinar

മാർച്ച് 24 ആം തീയതിയാണ് കൊറോണയെ തോൽപ്പിക്കാൻ രാജ്യം ആ തീരുമാനമെടുത്തത്. 21 ദിവസം വീട്ടിൽ ഇരിക്കുക. ഇത്രയും ദിവസം എന്ത് ചെയ്യും എന്നോർത്ത് ആശങ്കപ്പെട്ട ഒരുപാട് പേരുണ്ട്.

 എന്നാൽ കണ്ണൂർ പിണറായിയിലുള്ള നരിക്കോടൻ  ഷാജിയും ഭാര്യ ബീനയും ഷാജിയുടെ അനിയൻ ഷനീഷും ഒക്കെ കൂടി ഒരു തീരുമാനം എടുത്തു. ഈ ദിവസങ്ങളിൽ വെറുതെ ഇരിക്കാൻ പാടില്ല. അതുകൊണ്ട് വീട്ടുമുറ്റത്ത് ഒരു കിണർ കുഴിക്കാം...

 മൊട്ടയടിക്കൽ മുതൽ ചക്കക്കുരു ഷേക്ക് വരെ ഹൗസ് ഫുൾ ആയി ഓടിയ ഈ ലോക് ഡൌൺ  കാലത്ത് കിണർ കുഴിക്കാനോ... തീരുമാനം കേൾക്കുമ്പോൾ ആർക്കും അത്ഭുതം തോന്നിയേക്കാം. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് സംശയം തോന്നിയേക്കാം. എന്നാൽ 15 ദിവസം കൊണ്ട് കിണറ്റിൽനിന്ന് തണുത്ത, കണ്ണീർ പോലെ തെളിഞ്ഞ വെള്ളം കോരി അവർ കുടിച്ചു. ലോക് ഡൗൺ മാതൃകാപരമായി ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്ത കഥ പറയുകയാണ് കണ്ണൂർ പിണറായി എരുവട്ടിയിലുള്ള  പാലാഴി വീട്ടിലെ ബീന.

kinar1



 ലോക് ഡൌൺ  വാർത്ത കേട്ട് എന്ത് ചെയ്യണമെന്നറിയാതെ  ഇരുന്ന രാത്രിയിൽ ഭർത്താവ്  ഷാജിയേട്ടൻ പറഞ്ഞു, നമുക്ക് ആ കിണർ കുഴിച്ചാലൊ... ഷാജിയേട്ടൻ ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുകയാണ്. പണ്ട് കിണറു പണിക്ക് പോയിരുന്നു അനിയൻ ഷനീഷ് കോഴിക്കോട് ഇലക്ട്രോണിക്സ്  കടയിലാണ്. എനിക്കാണെങ്കിൽ ഇതൊന്നും ഒരു പരിചയവുമില്ല. എങ്ങനെ നടക്കും എന്ന് ഒരു പിടിയും ഇല്ല. ഭർത്താവിന്റെ ഏട്ടൻ മുൻപ് കിണറു പണിക്ക് പോയിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ വീട്ടിൽ  ഉപകരണങ്ങൾ ഒക്കെ ഉണ്ടായിരുന്നു.
ലോക്  ഡൗൺ തുടങ്ങിയ തന്നെ ആദ്യ ദിവസം തന്നെ ഞങ്ങളത്  വാങ്ങിക്കൊണ്ടുവന്നു... വിജയിക്കുമോ എന്ന് ഒരുറപ്പുമില്ല. എങ്കിലും കിണർ കുഴിക്കുക അതുറപ്പിച്ചു.

ആറുവർഷം മുമ്പ് കിണർ കുഴിക്കാൻ സ്ഥാനം  കാണുകയും രണ്ടു കോലോളം  കുഴിക്കുകയും ചെയ്തിരുന്നു. പക്ഷേ അന്ന് അത് പൂർത്തിയാക്കാൻ പറ്റിയില്ല. തൊട്ടടുത്തുള്ള തറവാട്ടിൽ കിണർ ഉള്ളതുകൊണ്ട് ഇതിന്റെ  പണി പിന്നീടാകാം എന്നു തീരുമാനിച്ചു. അങ്ങനെ അത് പാതിവഴിക്ക് ഉപേക്ഷിച് മൂടിയിട്ടു....
അവിടെ തന്നെ കുഴിക്കാൻ ഞങ്ങൾ തീരുമാനിച്ചു. തീരുമാനം അത്ര എളുപ്പമല്ലെന്ന് ആദ്യ ദിവസം തന്നെ മനസ്സിലായി . ഒന്നാമത്തെ ദിവസം മണ്ണിട്ട് മൂടിയ രണ്ടു കോൽ കുഴിച്ചു. അപ്പോൾ തന്നെ കയ്യൊക്കെ ഉരഞ്ഞു പൊട്ടി. ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു ടിവിയുടെയും മൊബൈലിന്റെയും മുന്നിൽനിന്ന് മകൾ ബിൻഷ യും മകൻ അഭിജയ്യും സഹായിക്കാൻ കൂടി. മൂന്നാമത്തെ ദിവസം ഉരുളും കമ്പയും കൊണ്ടുവന്നു  കുഴിച്ചു...  കിണറ്റിൽ ഇറങ്ങാൻ എനിക്ക് ആദ്യം പേടിയായിരുന്നു വീടുപണി സമയത്ത് വെള്ളമൊഴിക്കാൻ കയറിയപ്പോൾ തലകറങ്ങി ആളാണ് ഞാൻ... കിണറ്റിലെ ആഴം കണ്ടാൽ പോലും തല കറങ്ങും.



 6 കോൽ ആയപ്പോൾ ഇറങ്ങി നോക്കാമെന്ന് തോന്നി . പിന്നെ മുത്തപ്പനെ  മനസ്സിൽ ധ്യാനിച്ച് ഇറങ്ങി. ഞാനും ഷാജിയേട്ടൻ ഉം കിണറിനുള്ളിൽ. അനുജനും മക്കളും കിണറിനു പുറത്തുനിന്ന് മണ്ണു കോരി.

പല ദിവസങ്ങളിലും വൈകുന്നേരമാകുമ്പോഴേക്കും ഇത് ഉപേക്ഷിക്കാം എന്ന് തീരുമാനിക്കും. അത്ര ശരീരവേദന. കുട്ടയിൽ മണ്ണ് വലിച്ച് മക്കളുടെ, കൈ എല്ലാം പൊട്ടി. പക്ഷേ രാവിലെ ആകുമ്പോൾ പിന്നെയും ഇറങ്ങും. ഏട്ടന്റെ അമ്മ ഇടയ്ക്കിടെ വെള്ളവുമായി വന്നു എന്തായി എന്ന് നോക്കും. ഞങ്ങള്ക്ക് ആത്മവിശ്വാസം തരും...

എല്ലാം ശരിയാകും എന്ന തോന്നൽ എങ്ങനെയോ മനസ്സിൽ വന്നു. ഞായറാഴ്ച പോലും വിശ്രമമില്ലാതെ ജോലി ചെയ്തു.അവസാന ദിവസങ്ങൾ ആയപ്പോഴേക്കും ഷാജിയേട്ടന്റെ  ചേട്ടനും സഹായിക്കാനെത്തി. തറവാട്ടിലേ കിണറിന് 25 കോൽ ആഴമുണ്ട്. അത്രയും ആഴത്തിൽ കുഴിക്കണം എന്ന് പലരും പറഞ്ഞു. ഇതൊക്കെ നടക്കുമോ എന്ന് സംശയിച്ചവരും ഉണ്ട്.
 പക്ഷേ ഭാഗ്യം, 15 ദിവസം കൊണ്ട് 16 കോലിൽ വെള്ളം കണ്ടു. എല്ലാം മുത്തപ്പന്റെ അനുഗ്രഹം. വെള്ളം കണ്ട ദിവസം ഞാൻ കിണറിൽ ഇറങ്ങിയിട്ടില്ലായിരുന്നു. അടുക്കളയിൽ നിൽക്കുമ്പോൾ 'വെള്ളം കണ്ടു  ബീനേ'  എന്ന ഏട്ടൻ  കിണറ്റിൽ നിന്നും വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല. സത്യത്തിൽ ഞങ്ങളെല്ലാം കരയുകയായിരുന്നു.

 കിണറ്റിൽനിന്ന് ആദ്യ തൊട്ടി വെള്ളം കോരി അതുകൊണ്ട് പായസം ഉണ്ടാക്കി അടുത്ത വീടുകളിൽ എല്ലാംകൊടുത്തു. കൊറോണ കിണർ എന്ന പേരും വീണു.

 രണ്ടുലക്ഷം രൂപയെങ്കിലും ചിലവ് വരും എന്നാണ് എല്ലാവരും പറയുന്നത്. പൈസ കാളും കൂടുതൽ ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ഒരു കിണർ ഉണ്ടല്ലോ സന്തോഷമാണ് ഞങ്ങൾക്കെല്ലാവർക്കും....