Thursday 28 June 2018 05:23 PM IST

ദിലീപ് ഓൺലൈൻ ഫെയ്സ്ബുക് പേജ് ദിലീപിന്റെ സ്വന്തമോ? പോസ്റ്റുകൾ നടന്റെ അറിവോടു കൂടിയോ?

Binsha Muhammed

dileep-online

‘മാധ്യമങ്ങളെ, ഫെമിനിച്ചികളെ, അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കാത്ത ഒരാളെ എന്തിനു തിരിച്ചെടുക്കണം എന്ന് ചിന്തിക്കാനുള്ള കഴിവ്‌ നിങ്ങൾക്ക്‌ ഇല്ല എന്ന് ഞങ്ങൾ കരുതുന്നില്ല. നിങ്ങൾക്ക്‌ ദിലീപിനെ എങ്ങിനെയും തകർക്കണം എന്ന അജണ്ട മാത്രമെയുള്ളൂ എന്ന് നിങ്ങൾ നടത്തുന്ന ചർച്ചകളിൽ നിന്നും, സോഷ്യൽമീഡിയാ പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കാൻ മാത്രം കഴിവില്ലാത്തവരല്ല മലയാളികൾ.

ദിലീപിനെ പുറത്താക്കിയ വാർത്ത ചർച്ച ചെയ്ത്‌ ആഘോഷം ആക്കിയതിന്റെ നാണക്കേട് മാധ്യമങ്ങൾക്ക്‌ മാത്രമല്ല, ദിലീപിനെ പുറത്താക്കാൻ പണിയെടുത്ത "സഹപ്രവർത്തകർക്കും" ഉണ്ടായിരിക്കുമല്ലൊ? അമ്മപോലൊരു സ്വകാര്യ സംഘടനയ്ക്ക്‌ അവരുടെ ബൈലോ പ്രകാരം ഒരു തീരുമാനം എടുക്കാനുള്ള അവകാശം പോലും കൊടുക്കാതെ അവഹേളിക്കുന്നവരൊക്കെയാണു, ജനാധിപത്യത്തിനും, സ്ത്രീ സമത്വത്തിനുമൊക്കെ വേണ്ടി മുറവിളികൂട്ടുന്നതെന്നോർക്കുമ്പോൾ ഒരു റിലാക്സേഷനുണ്ട്‌’.

നടൻ ദിലീപിനെ അമ്മ സംഘടനയിലേക്ക് തിരിച്ചെടുത്തുവെന്ന വാർത്തയില്‍ ദിലീപ് ഓൺലൈൻ എന്ന ഫാൻ പേജിൽ വന്ന പ്രതികരണമാണ് മുകളിലുള്ളത്. ‘അമ്മ’യിൽ നിന്ന് നാലു നടിമാരുടെ രാജി ചർച്ചയാകുമ്പോൾ നടൻ ദിലീപിന് പിന്തുണയുമായി ഫെയ്സ്ബുക്കിൽ വീണ്ടും സജീവമാകുകയാണ് ദിലീപ് ഓൺലൈൻ എന്ന ഫാൻസ് പേജ്.

വിവാദ വിഷയങ്ങളിൽ ദിലീപ് മൗനം പാലിക്കുമ്പോൾ പലപ്പോഴും തീവ്ര പ്രതികരണങ്ങളാണ് ദിലീപ് ഓൺലൈൻ പേജിൽ പ്രതികരണമായി വരുന്നത്. സിനിമയിൽ ദിലീപ് ഒന്ന മഹാമേരു ഒറ്റപ്പെട്ടപ്പോൾ പ്രതിരോധിക്കാനായി രംഗത്തു വന്നതോടെയാണ് ദിലീപ് ഓൺലൈൻ ശ്രദ്ധിക്കെപ്പെടുന്നത്. പിന്നീടിങ്ങോട്ട് ദിലീപിന്റെ അനൗദ്യോഗിക മാധ്യമമായി പേജ് മാറുകയായിരുന്നു.

നിയമ വഴിയിൽ വീണു പോയ അവസരങ്ങളിൽ, തിരിച്ചു വരവിന്റെ പാതയിൽ, ആരോപണങ്ങളുടെ മുനയൊടിക്കുന്നതിൽ അങ്ങനെ പല സന്ദർഭങ്ങളിലും ഈ ‘ഫാൻ പേജ്’ ദിലീപ് എന്ന നടന്റെ നാവിനു സമാനമായി മാറി. ഇഷ്ട നായകന്റെ സിനിമയിറങ്ങുമ്പോൾ പാലഭിഷേകം നടത്തുന്ന അല്ലെങ്കിൽ ആർപ്പു വിളിക്കാനും ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിരത്ത് അലങ്കരിക്കാനും വരുന്നവരല്ല അവർ. പിന്നെയോ, ദിലീപ് എന്ന നടന് സുരക്ഷാ കവചം ഒരുക്കുന്ന സൈബർ ശൃംഖലയാണ് ദിലീപ് ഓൺലൈൻ.

എന്താണ് ഇവരുടെ പ്രവർത്തന ശൈലി, ആരൊക്കെയാണ് ഇവർക്ക് പിന്നിൽ, ഇവരുടെ പ്രവർത്തനം ദിലീപിന്റെ അറിവോടെയോ?. ഇത്തരം ചോദ്യങ്ങൾ ബാക്കിയാകുമ്പോൾ ദിലീപ് ഓൺലൈനിന്റെ അഡ്മിനിൽ ഒരാളും ദിലീപ് ഫാൻസ് സ്റ്റേറ്റ് കോ–ഓർഡിനേറ്റിംഗ് ചെയർമാനുമായ റിയാസ് മറുപടി പറയുകയാണ്.

dlp3

ദിലീപേട്ടനും ചങ്കുകളും’

ദിലീപ് ഫാൻസിന്റെ സൈബർ കൂട്ടായ്മയാണ് ദിലീപ് ഓൺലൈൻ എന്ന ഫെയ്സ്ബുക്ക് പേജ്. ഒരു ലക്ഷത്തി നാൽപ്പത്തി അയ്യായിരത്തിൽപ്പരം പേരാണ് ഈ പേജ് ലൈക്ക് ചെയ്തിട്ടുള്ളത്. ഒരു ലക്ഷത്തി അമ്പത്തിയാറായിരത്തിൽപ്പരം ഫോളോവേഴ്സ് വേറെയുമുണ്ട്.

ഇഷ്ട താരത്തിന്റെ സിനിമയെ പ്രൊമോട്ട് ചെയ്യുന്ന വെറും പേ‍ജ് മാത്രമല്ല, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ് ഞങ്ങൾ. ഒരു താരത്തിന്റെ വീഴ്ചയിൽ കൈവിട്ടു പോകുന്നവരല്ല ഞങ്ങൾ എന്നതിന് ഞങ്ങളുടെ പ്രവർത്തന ശൈലി തന്നെ ഉദാഹരണമാണ്. പ്രത്യേകിച്ച് പ്രതിസന്ധികളെ അതിജീവിക്കുമ്പോഴും ദിലീപ് എന്ന നടൻ തിരിച്ചു വരുമ്പോഴും അതറിഞ്ഞ് മനസിലാക്കി ഞങ്ങൾ ഒപ്പമുണ്ടായിരുന്നു. ഇനിയും അങ്ങനെ തന്നെയായിരിക്കും.–ദിലീപ് ഓൺലൈൻ നയം വ്യക്തമാക്കുന്നു.

dlp1

നിയമ പോരാട്ടങ്ങളിൽ ദിലീപിന്റെ ശബ്ദം’

‘ഈ ഫാൻ പേജ് ഇതിനു മുമ്പും ഇവിടെയുണ്ടായിരുന്നു. പിന്നെ ഞങ്ങളെ നിങ്ങൾ (മാധ്യമങ്ങളും പൊതുജനങ്ങളും) ശ്രദ്ധിച്ചു തുടങ്ങിയത് നടിയെ അക്രമിച്ച വിഷയങ്ങളില്‍ ഞങ്ങൾ ദിലീപേട്ടനു കൊടുത്ത പിന്തുണയും ഞങ്ങളുടെ പ്രതികരണങ്ങളുമൊക്കെ കൊണ്ടു കൂടിയാകാം.

ചില മാധ്യമങ്ങളുടെ സ്ഥാപിത താത്പര്യത്തിന്റെയും ചിലരുടെ വൈരാഗ്യ ബുദ്ധിയുടെയുമെല്ലാം ഇരയാണ് ദിലീപേട്ടൻ. സമൂഹ മാധ്യമങ്ങളും ചില സ്ത്രീപക്ഷ സംഘടനകളും ദിലീപേട്ടനെ ഒറ്റതിരിഞ്ഞ് അക്രമിക്കുകയാണ്. നിയമ വഴികൾ പോലും ദിലീപേട്ടന് മുന്നിൽ അനുകൂലമാകുന്നത് നമ്മൾ കണ്ടു. എന്നിട്ടും അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിലായിരുന്നു ചിലർക്ക് താത്പര്യം.

പലകുറി ഒഴിഞ്ഞു മാറിയിട്ടും അത് തുടർന്നപ്പോഴാണ് വിഷയത്തിൽ ക്രിയ്ത്മകമായി ഇടപെടാൻ ഞങ്ങൾ തീരുമാനിക്കുന്നത്. മാധ്യമങ്ങൾ ആഘോഷിക്കുന്ന ഈ സംഭവങ്ങൾക്കു പിന്നിൽ വലിയൊരു സത്യമുണ്ട്. ദിലീപേട്ടന്റെ മേൽ പലതും കെട്ടിവയ്ക്കാൻ വെമ്പുന്നവർ ഒരിക്കൽ സത്യം മനസിലാക്കും. അതു വരേക്കും ഞങ്ങൾ കൂടെയുണ്ടാകും.–റിയാസ് പറഞ്ഞു നിർത്തി.

dlp2

ദിലീപിന്റെ നാവാണ് ഈ സൈബർ കൂട്ടായ്മ’

‘ദിലീപേട്ടന്റെ നാവാണ് ഞങ്ങൾ എന്ന പ്രയോഗം പൂർണമായും ശരിയല്ല. ദിലീപേട്ടനെതിരെ വ്യാജ വാർത്തകൾ വരുമ്പോൾ ഞങ്ങൾ അത് കൃത്യമായി അന്വേഷിക്കും. അത് അദ്ദേഹവുമായി നേരിട്ടോ അടുത്ത സുഹൃത്തുക്കൾ മുഖാന്തിരമോ ആയിരിക്കും.

ഈയിടക്ക് ദിലീപേട്ടൻ മമ്മൂട്ടിയെ നായകനാക്കി സിനിമയെടുക്കുന്നു എന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത പടച്ചു വിട്ടിരുന്നു. ഈ വിഷയത്തിൽ കൃത്യമായ മറുപടി കൊടുത്തത് ഞങ്ങളുടെ ഫാൻ പേജിലൂടെയായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റുകളും സപ്പോർട്ടുമെല്ലാം ദിലീപേട്ടന്റെ അറിവോടെ ഞങ്ങൾ പുറത്തു വിടുന്നതല്ല. ഒരു ഫാൻ പേജ് എന്ന നിലയ്ക്ക് ദിലീപേട്ടനെ ചുറ്റിപ്പറ്റിയുള്ള വാർത്തകളോട് ഞങ്ങൾ പ്രതികരിക്കുന്നത് സ്വാഭാവികം. പിന്നെ ഒന്നു കൂടി, ഫാൻസുകാർ എന്ന നിലയ്ക്ക് ഒരു തരത്തിലും അദ്ദേഹം ഞങ്ങളെ മുതലെടുത്തിട്ടില്ല’– റിയാസ് പ്രവർത്തന ശൈലി വിശദീകരിക്കുന്നു.

ഡബ്ല്യൂസിസി എതിർ ചേരിയിൽ

അവരുടെ (ഡബ്ല്യൂസിസി ) വാദങ്ങളും ആരോപണങ്ങളുമെല്ലാം പപ്പടം പൊടിയുന്നത് പോലെയല്ലേ പൊടിഞ്ഞത്. ദിലീപേട്ടനെ മനപൂർവ്വം കരിവാരി തേയ്ക്കുക എന്നത് മാത്രമാണ് അവരുടെ ഉദ്ദേശ്യം. സംഭവം നടന്ന് അന്നു തൊട്ടിന്നു വരെ ദിലീപിനെ ടാർഗറ്റ് ചെയ്യുക മാത്രമാണ് അവരുടെ ഉദ്ദേശ്യം.

അവരുടെ പൊള്ളയായ വാദങ്ങളും ആരോപണങ്ങളും ഇനിയും ഞങ്ങൾ എതിർക്കും. ദിലീപിനെ അമ്മയിൽ തിരിച്ചെടുത്തത് കൊണ്ട് പ്രശ്നങ്ങൾ തീരുമോ? പ്രശ്നങ്ങളുടെ തുടക്കം നമ്മൾ കണ്ടു ഇനി ഇതിന്റെ ഒടുക്കം എന്തെന്ന് കാണാൻ കാത്തിരിക്കുകയാണ് ഞങ്ങൾ. ദിലീപേട്ടൻ നിരപരാധി എന്നുള്ളത് കാലം തെളിയിക്കും. –റിയാസിന് ഉറപ്പ്.

dlp4