Saturday 04 April 2020 04:59 PM IST : By Shyama

ഒരിറ്റ് വെളിച്ചം മതി ചുറ്റും പ്രകാശം പടർത്താൻ; ഭിന്നശേഷിക്കാർക്ക് താങ്ങായി അ‍ഞ്ജൻ സതീഷ്

mc1

കോറോണയും ലോക്ക്ഡൗണും ഒക്കെ നമ്മൾ ഓരോരുത്തരെയും പല തരത്തിലാണ് ബാധിക്കുന്നത്. ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുമ്പോഴും ഇവിടെ അതിജീവനം ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് കാരണം അണയാൻ മടിയാതെ കത്തുന്ന ചില പൊൻതിരി നാളങ്ങളാണ്. ഏത് കാറ്റ് വന്നുലച്ചാലും കെടാതെ മറ്റുള്ളവർക്ക് വെളിച്ചം പകർന്നു കൊടുക്കുന്നവർ. അതിലൊരാളാണ് അഞ്ജൻ സതീഷ്. സെറിബ്രൽ പാൾസിയുടെ ബുദ്ധിമുട്ടുകൾ സ്വന്തം പ്രയത്‌നവും നിശ്ചയദാർഢ്യവും കൊണ്ട് അതിജീവിച്ച് 2015ൽ ഭിന്നശേഷിക്കാർക്കുള്ള ദേശിയസർഗാത്മക പ്രതിഭാ പുരസ്‌കാരം, കേരള കാർട്ടൂൺ അക്കാഡമിയുടെ ഐക്കൺ എന്ന പദവി ഉൾപ്പെടെ പല ദേശീയ സംസ്ഥാന ആദരവുകളും നേടിയ അഞ്ജൻ ഇന്ന് ഭിന്നശേഷിക്കാരെ സഹായിക്കാൻ മുൻപന്തിയിൽ തന്നെയുണ്ട്.

നിത്യേനയുള്ള തെറാപ്പിക്കോ കളിക്കൂട്ടങ്ങൾക്കോ പഠനത്തിനോ ഒന്നും പോകാൻ പറ്റാത്ത ധരാളം ഭിന്നശേഷിക്കാരായ കുട്ടികളെ വാട്സ്ആപ്പ് ഗ്രൂപ്പ് വഴി പെയിന്റിംഗ് പഠിപ്പിക്കുകയാണ് അഞ്ജനിപ്പോൾ. ഭിന്നശേഷിക്കാരായ മുന്നോറോളം കുട്ടികളുള്ള ആദർശ് ചാരിറ്റബിൾ ട്രസ്റ്റിലെ പെയിന്റിംഗ്, കമ്പ്യൂട്ടർ അദ്ധ്യാപകനായിരുന്നു അഞ്ജൻ. കൊറോണയുടെ പശ്ചാത്തലത്തിൽ സ്ഥാപനം അടക്കേണ്ട സാഹചര്യം വന്നപ്പോൾ ഈ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും പലവിധ ബുദ്ധിമുട്ടുകളാണ് വന്നത്. തന്നാൽ കഴിയുന്ന പോലെ ആ കുട്ടികളെ സഹായിക്കണം എന്ന ചിന്തയിലാണ് വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയത്. 'ആദർശ് ഡ്രോയിങ് ക്ലാസ്സ്‌റൂം' എന്നാണ് ഇതിന്റെ പേര്. ആദ്യം ട്രസ്റ്റിൽ ഉള്ള കുട്ടികൾക്ക് വേണ്ടി മാത്രമാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ ഇത്തരം ബുദ്ധിമുട്ടനുഭവിക്കുന്ന ധാരാളം പേർ ഇതിനോടകം ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട്.

mc2

മാർച്ച് 25നാണ് ഗ്രൂപ്പ് തുടങ്ങിയ ഗ്രൂപ്പിൽ ഇപ്പോൾ തന്നെ 45പേരോളം അംഗങ്ങളായുണ്ട്. കുട്ടികൾക്ക് വരക്കാനുള്ള ചിത്രങ്ങളും അതിനുള്ള സ്റ്റേജ് ബൈ സ്റ്റേജ് നിർദേശങ്ങളും വീഡിയോ അടക്കം അഞ്ജൻ ഗ്രൂപ്പിലൂടെ നൽകും. ഉച്ചക്ക് 2 മാണിയോട് കൂടി അതൊക്ക ഇടും. കിടക്കും മുൻപ് കുട്ടികൾ തിരികെ പടം വരച്ചിടാനും പറയും. മിക്കവരും ചെയ്യ്യും, പറ്റാത്തവർ അടുത്ത ദിവസം ഇടും. എല്ലാ കുട്ടികളും മാതാപിതാക്കളും നല്ല രീതിയിൽ സഹകരിക്കുന്നുമുണ്ട്. ആളുകളുടെ എണ്ണം കൂടുന്നതനുസരിച്ച് മാറ്റ് പ്ലാറ്റുഫോമുകളിലേക്കും സൗകര്യം വ്യാപിപ്പിക്കാൻ നോക്കുന്നുണ്ട്.

N. B. ഭിന്നശേഷിക്കാരായ കുട്ടികൾക്കോ മാതാപിതാക്കൾക്കോ ഈ ഗ്രൂപ്പിൽ ചേരണമെങ്കിൽ 9567658966 എന്ന നമ്പലേക്ക് ഒരു മെസ്സേജ് അയക്കുക.

mc3
Tags:
  • Spotlight