Saturday 23 April 2022 05:13 PM IST : By സ്വന്തം ലേഖകൻ

ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്; ഫുട്പാത്തിലെ കുഴിയിൽ വീണ് വീട്ടമ്മയുടെ രണ്ടുകാലും ഒടിഞ്ഞു...

accident660x326

‘‘ഫുട്പാത്തിലെ പെട്ടിക്കടയിൽനിന്ന് ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചു തിരിഞ്ഞതാണ്. ചുവടു വച്ചതു നേരെ കുഴിയിലേക്ക്. വഴിയാത്രക്കാർ കുഴിയിൽ നിന്നു ഫുട്പാത്തിലേക്ക് ഇരുത്തിയപ്പോഴേക്കും രണ്ടു കാലും നിലത്തുകുത്താൻ പോലും പറ്റാതായിരുന്നു. ഒരു പരിചയക്കാരന്റെ സഹായത്തോടെ മുളവുകാടു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോൾ രണ്ടു കാലിനും പൊട്ടലുണ്ടെന്നും സൗകര്യമുള്ള ആശുപത്രിയിലേക്കു പോകാനും ആവശ്യപ്പെട്ടു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തി പ്ലാസ്റ്ററിട്ടു. സൂക്ഷിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടർ മുന്നറിയിപ്പു നൽകിയതിനാൽ കിടക്കയിൽ തന്നെയാണു ഭൂരിഭാഗം സമയവും’’– പ്രമീള പറയുന്നു.

കൊച്ചി ഏബ്രഹാം മാടമാക്കൽ റോഡിൽ ഓടയിലേക്കു വെള്ളമൊഴുക്കാൻ അശാസ്ത്രീയമായി നിർമിച്ച കുഴിയിൽ വീണു രണ്ടു കാലും ഒടിഞ്ഞ വീട്ടമ്മയാണ് പ്രമീള. പൊന്നാരിമംഗലം മുളവുകാട് കുയിലത്തു പ്രകാശന്റെ ഭാര്യ പ്രമീളയുടെ കാലിന്റെ ഉപ്പൂറ്റിയോടു ചേർന്നുള്ള എല്ലിനു ഗുരുതരമായി പൊട്ടലുണ്ട്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ് പ്രമീള. കഴിഞ്ഞ 7ന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു പഴയ ഹൈക്കോടതി കെട്ടിടത്തിനു സമീപം നേവി ക്വാർട്ടേഴ്സിനു മുൻപിലുള്ള കുഴിയിൽ പ്രമീള വീണത്.

കോൺവന്റ് റോഡിൽ ടെയ്‌ലറിങ് ഷോപ് നടത്തുന്ന പ്രമീള കിടപ്പിലായതോടെ ജോലിയും വരുമാനവും നിലച്ചു.കോർപറേഷനു പരാതി നൽകുമെന്നും നിയമനടപടി സ്വീകരിക്കാൻ ആലോചിക്കുന്നുണ്ടെന്നും പ്രമീളയുടെ ഭർത്താവു പ്രകാശൻ പറഞ്ഞു. പ്രമീള വീണു പരുക്കേറ്റതോടെ സമീപത്തെ കടയുടമ വലിയൊരു കല്ലെടുത്തു വച്ചു ഭാഗികമായി കുഴിയടച്ചിട്ടുണ്ട്. കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിനു മുൻപിലുൾപ്പെടെ ഇത്തരത്തിലുള്ള ഒട്ടേറെ കുഴി ഇവിടെയുണ്ട്. കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ്, സ്മാർട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഏബ്രഹാം മാടമാക്കൽ റോ‍‍ഡും ഫുട്പാത്തുമുൾപ്പെടെ നവീകരിച്ചത്. എന്നാൽ ഫുട്പാത്തിനു താഴെ ഓടയിലേക്കു വെള്ളമൊഴുകിപ്പോകാനുള്ള കുഴികൾ തുറന്നു കിടക്കുകയാണ്.