Thursday 16 September 2021 02:36 PM IST

പെൺപിള്ളേർ ബുള്ളറ്റ് നന്നാക്കിയാൽ എന്താ കുഴപ്പം?: പുളിക്കപ്പറമ്പിലെ ബുള്ളറ്റ് ഡോക്ടർ ദിയ ചോദിക്കുന്നു

Binsha Muhammed

diya-bullet

‘ആ ചെറ്യേ സ്ക്രൂഡ്രൈവറിങ്ങെടുത്തേ.’

തൃശൂർ പൂരത്തിന് കൊമ്പൻമാർ തിടമ്പേറ്റി നിൽക്കും പോലെ ബുള്ളറ്റുകൾ നിരന്നിരിക്കുന്ന കോട്ടയം പള്ളിക്കുന്നിലെ പുളിക്കപ്പറമ്പിൽ വീട്. ആ വീടിന്റെ മുറ്റത്തിരുന്ന് ജോസഫ് ഡൊമിനിക്ക് സ്ക്രൂഡ്രൈവര്‍ ചോദിച്ചത് സഹായിയോടാണ്. പക്ഷേ, അന്ന് വിളികേട്ടത് സഹായിയല്ല. അച്ഛനരികിൽ സ്പെയർ പാർട്സ് കിറ്റുമായി ഓടിയെത്തിയത് മകൾ ദിയ ജോസഫ്. മെക്കാനിക്കായ അച്ഛനെ ചുറ്റിപ്പറ്റി ബുള്ളറ്റിന്റെ അറ്റകുറ്റ പണിയുടെ തട്ടും മുട്ടും കേട്ടു വളർന്ന പെൺകുട്ടി അപ്പറഞ്ഞ ‘ചെറ്യേ സ്ക്രൂ ഡ്രൈവറുമായി’ ഓടി അരികിലെത്തി. പക്ഷേ, അച്ഛന്റെ വിളിക്കുത്തരം നൽകി അവൾ ചുമ്മാ അങ്ങ് തിരികെ പോയില്ല.

‘അച്ഛേ... എനിക്കും പഠിക്കണം ഈ മെക്കാനിക്ക് പണി.’

പത്താം ക്ലാസുകാരി മകൾ അതുപറയുമ്പോൾ ജോസഫിന് മറുത്തു പറയാൻ തോന്നിയില്ല. വണ്ടികൾക്കു നടുവിൽ ഗ്രീസ് പുരണ്ട സ്പെയർ പാർട്സിനും കേബിളുകൾക്കുമിടയിൽ ഓടിക്കളിച്ച മകൾ, അങ്ങനെ ചോദിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്ന് ജോസഫിനറിയാം. അന്നവിടെ വച്ച് ഗ്രീസ് പുരണ്ട സ്പാനർ ദിയയുടെ കൈകളിലേക്ക് വച്ചു കൊടുത്ത് ജോസഫ് ബുള്ളറ്റ് മെക്കാനിസത്തിന്റെ ഹരിശ്രീ കുറിപ്പിച്ചു.

അവിടെ നിന്നായിരുന്നു തുടക്കം. പെൺപിള്ളേർ സ്കൂട്ടി മാത്രമോടിച്ചാൽ പോരേ എന്ന് ഞെളിഞ്ഞിരുന്ന് പ്രഖ്യാപിക്കുന്ന ആണധികാരങ്ങളുടെ തലയ്ക്കു മുകളിലിരുന്ന് ഇന്നവൾ ബുള്ളറ്റിന്റെ ‘എ ടു ഇസഡ്’ പണി ചെയ്യുകയാണ്. പുളിക്കപ്പറമ്പിലെ വീട്ടുമുറ്റത്തിരുന്ന് ബുള്ളറ്റിന്റെ ഹൃദയം തൊട്ടറിയുന്ന ചുണക്കുട്ടിയുടെ കഥയാണിത്. അച്ഛന്റെ സഹായിയായി, ഒടുവിൽ അച്ഛനൊപ്പം തന്നെ വിദഗ്ധയായി മാറിക്കൊണ്ടിരിക്കുന്ന പത്തൊമ്പതുകാരി ലേഡീ മെക്കാനിക്ക് പറയുന്നു, ബുള്ളറ്റിന്റെ ഹൃദയം തൊട്ടറിഞ്ഞ കഥ...

മുറ്റം നിറയെ ബുള്ളറ്റ്

‘ഇഷ്ടമുള്ള പണി ചെയ്യുന്നതിന് ആണെന്നോ പെണ്ണെന്നോ ഉണ്ടോ... ഇനി അതല്ല പെണ്ണുങ്ങളെ കൊണ്ട് ഇതൊന്നും പറ്റുകേലാ എന്നാണോ... തെറ്റിദ്ധാരണ വേണ്ട. മനസിനിഷ്ടപ്പെട്ട് ചെയ്താൽ ഏതു ജോലിയും ഈസിയാ...’– ദിയ ചിരിയോടെ പറഞ്ഞു തുടങ്ങുകയാണ്.

ബുള്ളറ്റിനെ തന്നോളം തന്നെ അറിഞ്ഞ അച്ഛന്റെ മകളാണ് ഞാൻ. 2008 ലാണ് മരിക്കാർ മോട്ടോഴ്സിലെ ജോലി അച്ഛൻ വിടുന്നത്. അതിനു ശേഷം വീട്ടുമുറ്റത്ത് ഒന്നാന്തരമൊരു വർക് ഷോപ്പ് സെറ്റ് ചെയ്തു. ബുള്ളറ്റുമായുള്ള ബന്ധം അച്ഛനിൽ നിന്നും മുറ്റം വരെയെത്തിയത് അങ്ങനെയാണ്. അച്ഛന്റെ പണി അറിയാവുന്ന ഒത്തിരിപ്പേർ വീട്ടിലേക്ക് വരും. മോശമല്ലാത്ത രീതിയിൽ വർക്കും ഉണ്ടായിരുന്നു. ഞാനും അനിയത്തി മരിയയും പലപ്പോഴും കൺമിഴിച്ചു തുടങ്ങുമ്പോഴേ കേൾക്കുന്നത് ബുള്ളറ്റിന്റെ തട്ടും മുട്ടുമാണ്. വീടിനു ചുറ്റും ആകെയൊരു വർക് ഷോപ്പിന്റെ അന്തരീക്ഷം. വേറൊന്നും വേണ്ട, കയ്യിലും ദേഹത്തും ഗ്രീസും കരിയും പുരണ്ടിരിക്കുന്ന പപ്പ. ഇത്രയൊക്കെ പോരെ ബുള്ളറ്റുമായുള്ള ഞങ്ങളുടെ ആത്മബന്ധം തുടങ്ങാൻ.

ഒരു രഹസ്യം കൂടിയുണ്ട്. ബുള്ളറ്റ് ഓടിക്കാനൊക്കെ പഠിച്ച് എനിക്കും അനിയത്തി മരിയക്കും ഒരു വലിയ ട്രിപ്പ് പോകണമെന്ന മോഹം പണ്ടേയുണ്ട്. അതിനിടയിൽ വണ്ടിക്ക് എന്തെങ്കിലും സംഭവിച്ചാലോ... അതു കൊണ്ട് അത്യാവശ്യം പണികളൊക്കെ പഠിച്ചു വയ്ക്കുന്നത് നല്ലതല്ലേ. പോരാത്തതിന് അച്ഛനെപ്പോലെ നല്ലൊരു ആശാൻ അടുത്തുണ്ടു താനും.

diya-bullet-4

ആദ്യമൊക്കെ പണിക്കായി കൊണ്ടു വരുന്ന ബുള്ളറ്റിന്റെ കണക്കും കാര്യങ്ങളും കംപ്ലെയിന്റുമൊക്കെ ബുക്കിൽ രജിസ്റ്റർ ചെയ്യുന്നതായിരുന്നു എന്റെ ഡ്യൂട്ടി. അതും പഠനത്തിന്റെ ഇടവേളകളിൽ. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ബുള്ളറ്റിനെ അടുത്തറിയാൻ തീരുമാനിച്ചത്. ഞാനും കൂടി കൂടിക്കോട്ടേ... അച്ഛാ... എന്ന് ചോദിച്ചു. അച്ഛൻ സന്തോഷത്തോടെ സമ്മതം മൂളി. അതിൽപ്പിന്നെ ഞാനും ബുള്ളറ്റും കൂട്ടായി. പ്ലസ്ടു കാലമായപ്പോഴേ ബുള്ളറ്റ് മെക്കാനിസത്തിന്റെ ബാലപാഠങ്ങൾ പഠിച്ചെടുത്തു.

ഓയിൽ ചേഞ്ച് ചെയ്യുക, ക്ലച്ച് കേബിളുകൾ ശരിയാക്കുക തുടങ്ങിയ കാര്യങ്ങളാണ് ആദ്യമാദ്യം ചെയ്തു തുടങ്ങിയത്. വണ്ടിയുടെ ഓരോ പാർട്സും ഓരോ സെറ്റിങ്ങും പ്രധാനമാണ്. പ്രത്യേകിച്ച് ബുള്ളറ്റിന്. ചെറിയൊരു അശ്രദ്ധ കൊണ്ട് സുഗമമായ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടായി എന്നു വരാം. അതുകൊണ്ടു തന്നെ നമ്മളെ വിശ്വസിച്ച് വണ്ടി ഏൽപ്പിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് അച്ഛൻ പറയും. ഓരോ ജോലിയും ശ്രദ്ധയോടെ തന്നെ ചെയ്യാൻ പറയും. ജോലി നേരങ്ങളിൽ ഇത്തിരി ബുദ്ധിമുട്ടാറുള്ളത്. കട്ടിയും കനവുമൊക്കെയുള്ള നട്ടൊക്കെ മുടുക്കാൻ നേരത്താണ്. എന്റെ ഈ ആരോഗ്യവും ബുള്ളറ്റിന്റെ പാർട്സുകളും തമ്മിൽ ഒത്തു പോകാറില്ലന്നേ. ഇത്തിരി നന്നായി ഭക്ഷണമൊക്കെ കഴിച്ച്, ആരോഗ്യം വയ്ക്കണം. മൽപ്പിടുത്തം നടത്തേണ്ടത്, യമണ്ടൻ ബുള്ളറ്റിനോടാണേ.– ദിയ തമാശയൊളിപ്പിച്ച് പറയുന്നു.  

diya-bullet-1 ദിയ അച്ഛനൊപ്പം പണി സ്ഥലത്ത്

അച്ഛന്റെ കൂട്ടുകൂടി ബുള്ളറ്റിനൊപ്പം ലൈഫ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ മറുവശത്ത് എന്നെയോർത്ത് വേറൊരാൾ ടെൻഷനടിക്കുന്നുണ്ടായിരുന്നു. അമ്മ ഷൈൻ മാത്യു, ഞാൻ പഠനത്തിൽ ഉഴപ്പിക്കളയുയോ എന്നായിരുന്നു അമ്മയുടെ പേടി. പക്ഷേ ഞാൻ വിട്ടുകൊടുത്തില്ല, 98 ശതമാനം മാർക്കോടെ തന്നെ പാസായി.

മുന്നിൽ ആ സ്വപ്നം

മറക്കാനാകാത്ത അനുഭവങ്ങളും മെക്കാനിക്ക് പണി തന്നിട്ടുണ്ട്. അച്ഛനൊപ്പം എൻജിൻ പണി ചെയ്ത് കൊണ്ടിരിക്കുമ്പോൾ, ഒരിക്കൽ എന്റെ കൈ മെഷീനിടയിലായി. ഇടത്തേ കയ്യിലെ മോതിര വിരൽ ശരിക്കും പറഞ്ഞാൽ ചതഞ്ഞു പോയി. കുറേനേരം വേദന കൊണ്ട് പുളഞ്ഞു. പക്ഷേ ഞാനുണ്ടോ വിടുന്നു, കൈവച്ചു കെട്ടി ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഞാന്‍ വീണ്ടും പണിക്കിറങ്ങി. അതാണ് നമ്മൾ ഇഷ്ടപ്പെടുന്ന ജോലിയുടെ സ്പിരിറ്റ്.

പെമ്പിള്ളേർ ക്യൂട്ടക്സും വെളുത്തു തുടുത്തു സുന്ദരിയാകാനുള്ള മേക്കപ്പുമൊക്കെ ഇട്ട് നടക്കുമ്പോള്‍ ഞാനിങ്ങനെ ഗ്രീസും ഓയിലുമൊക്കെ കയ്യിൽ പുരണ്ട് മെക്കാനിക്ക് പണി ചെയ്യുന്നുവെന്ന അപകർഷതാബോധമൊന്നും എനിക്കില്ല. ഗ്രീസും കരിയുമൊക്കെയല്ല, സാരമില്ലന്നേ. കഴുകിയാലും തുടച്ചാലും പോകാത്ത അഴുക്കൊന്നും ഈ ഭൂമിയിൽ ഇല്ലന്നേ...

കൂട്ടുകാർക്കൊന്നും എന്റെ ഈ ജോലിയുടെ കാര്യം അറിയില്ലായിരുന്നു. പക്ഷേ ഇപ്പോ സോഷ്യൽ മീഡിയയിൽ കണ്ടതോടെ പലരും അദ്ഭുതത്തോടെ എന്നെ വിളിക്കാറുണ്ട്, അഭിനന്ദിക്കാറുണ്ട്. വാർത്ത കണ്ട് ഒത്തിരി പെൺകുട്ടികളുടെ അച്ഛൻമാർ എന്റെ അച്ഛനെ വിളിച്ച് മനസു നിറഞ്ഞ് അഭിനന്ദിക്കുമ്പോൾ എനിക്കും സന്തോഷം. അവരുടെ മക്കളേയും ബുള്ളറ്റ് ഓടിക്കാനും അത്യാവശ്യം അറ്റകുറ്റ പണികളും പഠിപ്പിച്ചു കൊടുക്കണം എന്നു പറഞ്ഞിട്ടുണ്ട്.

മുന്നിൽ രണ്ട് സ്വപ്നങ്ങളാണുള്ളത്. ഒന്നുകിൽ ഓട്ടമൊബീൽ എൻജിനീയറിങ് പഠിച്ച് കൈപ്പുണ്യമുള്ള മെക്കാനിക്കാകുക, അല്ലെങ്കിൽ സൈക്ക്യാട്രിസ്റ്റാകുക. രണ്ടും രണ്ടു വഴികളാണെന്നറിയാം. എങ്കിലും എന്റെ ഇഷ്ട മേഖലകളാണ്. കൂട്ടത്തിൽ ഓട്ടമൊബീൽ എൻജിനീയറിങ്ങിനോട് പൊടിക്ക് ഇഷ്ടം കൂടുതലുണ്ടേ...– ദിയ പറഞ്ഞു നിർത്തി.

diya-bullet-3