Wednesday 02 December 2020 03:54 PM IST

‘എട്ടാം ക്ലാസ് മുതൽ തന്നെ റബർ ടാപ്പിങ്ങിനും പെയിന്റിങ്, കാറ്ററിങ് ജോലികൾക്കുമൊക്കെ പോകുമായിരുന്നു’; ഓട്ടോ ഓടിക്കും ഡോക്ടർ പറയുന്നു

Roopa Thayabji

Sub Editor

_BAP7213

പഠിപ്പുണ്ടെങ്കിൽ പിന്നെ, പത്തു മുതൽ അഞ്ചു വരെ ഫാനിനു കീഴിലിരുന്നു മാത്രമേ ജോലി ചെയ്യൂ എന്നു കരുതുന്നവർക്ക് ഒരു പാഠമാണ് ഇവരുടെ ജീവിതം..

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, അഞ്ചൽപെട്ടിയിലാണ് ഡോ. അജിത്തിന്റെ വീട്. ഓർമവച്ച നാൾ മുതൽ ഒപ്പം അമ്മ ശാന്തയും അമ്മൂമ്മ ചിന്നമ്മയുമേയുള്ളൂ അജിത്തിന്. അച്ഛൻ പണ്ടെങ്ങോ അമ്മയെ ഉപേക്ഷിച്ച് പോയതാണ്.

‘‘പൈനാപ്പിൾ തോട്ടത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്താണ് അമ്മ എന്നെ പഠിപ്പിച്ചത്. എട്ടാം ക്ലാസ് മുതൽ തന്നെ അമ്മയോടൊപ്പം പൈനാപ്പിൾ തോട്ടത്തിലും റബർ ടാപ്പിങ്ങിനും പെയിന്റിങ്, കാറ്ററിങ് ജോലികൾക്കുമൊക്കെ പോകുമായിരുന്നു.

പത്താം ക്ലാസ് പാസ്സായതോടെ പുസ്തകം മാറ്റിവച്ചു കരിങ്കൽ ക്വാറിയിൽ മുഴുവൻ സമയ കൂലിപ്പണിക്കാരനായി. വലിയ യന്ത്രങ്ങൾ വച്ച് പൊട്ടിച്ചിടുന്ന പാറ ചുമന്ന് ലോറിയിൽ കയറ്റണം. രാവിലെ മുതൽ വൈകിട്ടു വരെ പണിയെടുത്താൽ 300 രൂപ കിട്ടും. മഴക്കാലമായാൽ ലോഡ് കുറവാണ്. അപ്പോൾ ഉച്ചവരെയേ പണി കാണൂ. അങ്ങനെ ഉച്ച കഴിഞ്ഞുള്ള സമയത്ത് പെട്ടി ഓട്ടോറിക്ഷയിലെ മീൻ കച്ചവടത്തിന് സഹായിയായി കൂടി.

_BAP7226

ഒരിക്കൽ പൈങ്ങോട്ടൂർ കവലയിലെ വൈകിട്ടത്തെ കച്ചവടത്തിനിടെ സ്കൂൾ വിട്ട് ബസ് കാത്തുനിൽക്കുന്ന കുറേ കുട്ടികളെ കണ്ടു, അതോടെ പഠിത്തം നിർത്തിയതിന്റെ വിഷമം പതിയെ മനസ്സിൽ കയറി. അങ്ങനെയാണ് പ്ലസ് വണ്ണിനു ചേരുന്നത്.

ഡിഗ്രിക്ക് മലയാളമായിരുന്നു മെയിൻ. അപ്പോഴും അവധി ദിവസങ്ങളിൽ പണിക്കു പോകുമായിരുന്നു. മൂന്നാം വർഷം ആ യപ്പോഴേക്കും ശനിയാഴ്ചയും ക്ലാസ് ഉണ്ടെന്നായി. ഞായറാഴ്ച പണി ഇല്ലലോ. അതോടെ ലോൺ എടുത്ത് ഓട്ടോ വാങ്ങി. രാത്രി ഓട്ടോ ഓടിച്ചിട്ടാണ് രാവിലെ കോളജിലേക്ക് പോകുക. അതിനു ശേഷം ബിഎഡ് പഠിക്കാൻ ചേർന്നു.

തിരൂരിൽ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ ബാച്ചിൽ പിജിക്ക് മെരിറ്റിൽ അഡ്മിഷൻ കിട്ടിയപ്പോഴും വെള്ളിയാഴ്ച വൈകിട്ട് നാട്ടിലെത്തി, ശനിയും ഞായറും  ഓട്ടോ ഓടിക്കുമായിരുന്നു. സാഹിത്യരചനയിൽ പിജി പാസായ ശേഷം മലയാള സർവകലാശാലയിൽ നിന്നു തന്നെ പിഎച്ച്ഡി എടുത്തു. ഒരു കോളജിൽ കുറച്ചു കാലം ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തു. അന്നും അവധി ദിവസങ്ങളിലും വൈകിട്ട് ജോലി കഴിഞ്ഞും ഓട്ടോ ഓടിക്കൽ തുടർന്നു.

അങ്ങനെയിരിക്കെയാണ് ലോക്ഡൗണിന്റെ വരവ്. താൽകാലിക ജോലിയൊക്കെ ചെയ്തിരുന്ന പലർക്കും അത് നഷ്ടപ്പെട്ടെങ്കിലും ഒാട്ടോയ്ക്ക് ഒാട്ടം ഉള്ളതുകൊണ്ട് വരുമാനം നിലച്ചുപോയില്ല.

ഇതിനിടെ കുറേശ്ശേയായി വീടുപണി പൂർത്തീകരിച്ചു. മൂന്നു മുറിയും ഹാളും അടുക്കളയുമുള്ള വീടിന്റെ പെയിന്റിങ്ങടക്കമുള്ള എല്ലാ പണിയും തീർന്നിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. നെറ്റും എഴുതി പാസായി. സർക്കാർ പുറമ്പോക്കിലെ ഒറ്റമുറി ചെറ്റപ്പുര നിന്ന സ്ഥാനത്തു നിന്ന് 20 സെന്റ് സ്ഥലത്തെ വീട്ടിലേക്ക് വന്നത് ഈ ഓട്ടോ ഓടിച്ചാണ്. അതു പറയുമ്പോൾ അഭിമാനം മാത്രമേയുള്ളൂ...’’

Tags:
  • Spotlight
  • Inspirational Story