Monday 20 August 2018 01:58 PM IST : By സ്വന്തം ലേഖകൻ

മൂന്ന് ദിവസമായി ഉറക്കമില്ല, ഇരിക്കാന്‍ പോലും നേരമില്ല; ദുരിതാശ്വാസ ക്യാമ്പില്‍ ഓടി നടന്ന് സേവനം നൽകുന്ന ഡോക്ടർ ദമ്പതിമാർക്ക് ബിഗ് സല്യൂട്ട്

docs

പ്രളയക്കടലിനു നടുവിലും അണമുറിയാത്ത സ്നേഹക്കടൽ തീർത്ത് ഡോക്ടർ ദമ്പതിമാർ. രാവെന്നോ പകലെന്നോ ഇല്ലാതെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓടിനടന്ന് സേവനം നൽകുകയാണ് ഡോക്ടർമാരായ നജീബ് നസീമ എന്നിവർ. ആലുവ യുസി കോളേജിൽ പ്രവർത്തിക്കുന്ന ക്യാമ്പില്‍ കഴിഞ്ഞ മൂന്നുദിവസമായി ഊണും ഉറക്കവുമില്ലാതെയാണ് ഇവരുടെ സേവനം.

രാത്രിയില്‍ സമയക്രമം നിശ്ചയിച്ച് മൂന്നു മണിക്കൂര്‍ മാത്രമാണ് ഉറക്കം. നേരാംവണ്ണം ഭക്ഷണമോ വെള്ളമോ ലഭിക്കാതെയും ഒന്നിരിക്കാന്‍ പോലും കഴിയാതെയും മണിക്കൂറുകളോളം ഒരേ നില്‍പില്‍ നിന്നാണ് ചികിത്സ നല്‍കുന്നത്. യുസി കോളേജിനടുത്തുതന്നെ താമസിക്കുന്ന ഇരുവരും ദുരിതബാധിതര്‍ എത്തുന്നതറിഞ്ഞ് സ്വമേധയാ ക്യാമ്പിലേക്കെത്തുകയായിരുന്നു.

500 പേരെ മാത്രം പ്രതീക്ഷിച്ച ക്യാമ്പില്‍ ആയിരങ്ങള്‍ പിന്നിട്ടതോടെ ഇവര്‍ക്ക് വിശ്രമമില്ലാതായി. പ്രായമായവരും കൈക്കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിനുപേരാണ് ചികിത്സ കാത്തു നില്‍ക്കുന്നത്. ബിനാനിപുരം ഇഎസ്‌ഐ ഡിസ്‌പെന്‍സറിയിലാണ് ഡോ നജീബിന്റെ ജോലി. ഡോ നസീമ അങ്കമാലി താലൂക്ക് ആശുപത്രിയിലും.

കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും ഈ സമയത്ത് നാടിനുവേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേയെന്നാണ് ഇവരുടെ ചോദ്യം. തിരക്കിനിടയില്‍ മരുന്നുകള്‍ കൃത്യമായി എടുത്തു നല്‍കാന്‍ കഴിയണമേയെന്ന പ്രാര്‍ഥനയിലാണ് ഇവര്‍ക്കുള്ളത്. ഊണും ഉറക്കവുമില്ലാതെ ക്ഷീണിച്ചതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചാണ് നില്‍ക്കുന്നതെന്നും ഇരുവരും പറഞ്ഞു.