Tuesday 21 September 2021 10:51 AM IST : By സ്വന്തം ലേഖകൻ

വെള്ളക്കെട്ടുള്ള റെയിൽവേ അടിപ്പാതയിലൂടെ കാറോടിക്കാൻ ശ്രമം; വാഹനം മുങ്ങി വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം

doctor-death-hosss

വെള്ളക്കെട്ടുള്ള റെയിൽവേ അടിപ്പാതയിലൂടെ കാറോടിക്കാൻ ശ്രമിക്കവേ യുവ വനിതാ ഡോക്ടർ മുങ്ങി മരിച്ച സംഭവത്തിനു പിന്നാലെ ഈ പാത സ്ഥിരമായി അടച്ചിടാൻ തീരുമാനം. കൃഷ്ണഗിരി ഹൊസൂർ സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.എസ്. സത്യയാണ്(31) വെള്ളിയാഴ്ച രാത്രി അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ഭർതൃമാതാവ് ജയമ്മാളിനെ(63) എതിർദിശയിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ ലോറിയിലെ ജീവനക്കാർ രക്ഷിക്കുകയായിരുന്നു.

പുതുക്കോട്ട ജില്ലയിലെ തുടൈയൂരിനടുത്തുള്ള റെയിൽവേ അടിപ്പാതയിലാണ് അപകടമുണ്ടായത്. ഭർതൃമാതാവിനൊപ്പം സ്വന്തം പട്ടണമായ തുടൈയൂരിലേക്ക് പോവുകയായിരുന്നു സത്യ. അടിപ്പാതയിലേക്ക് ഒരു ലോറി വരുന്നത് കണ്ട് കാര്യമായ വെള്ളക്കെട്ടുണ്ടാവില്ലെന്ന ധാരണയിൽ സത്യയും വെള്ളക്കെട്ടിലൂടെ കാർ ഓടിക്കാൻ ശ്രമിക്കുകയായിരുന്നു. ലോറിയുടെ ക്യാബിന്റെ മുകൾത്തട്ടോളം വെള്ളത്തിൽ താണതോടെ അതിലെ തൊഴിലാളികൾ നീന്തി പുറത്തുകടന്നു. ഇതിനിടെ എതിരെ വന്ന കാർ പൂർണമായും മുങ്ങുകയായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്ന ഡോക്ടർക്ക് പെട്ടെന്ന് പുറത്തിറങ്ങാനായില്ല.

കാറിനുള്ളിലിരുന്ന് എൻജിനീയറായ ഭർത്താവിനെ മൊബൈൽ ഫോണിലൂടെ ബന്ധപ്പെട്ടതോടെ ഭർത്താവ് സമീപവാസികളിൽ ചിലരെ സഹായം തേടി വിളിക്കുകയായിരുന്നു. ഇതിനിടെ കാർ മുങ്ങുന്നത് കണ്ടു സമീപത്തെത്തിയ ലോറി ജീവനക്കാർക്ക് സീറ്റ് ബെൽറ്റ് ധരിച്ച ഡോക്ടറെ വാതിൽ തുറന്നു പുറത്തിറക്കാൻ കഴിഞ്ഞില്ല. സ്ഥലത്ത് വെളിച്ചമില്ലാതിരുന്നതും രക്ഷാപ്രവർത്തനം വൈകിപ്പിച്ചു. കാർ മുങ്ങുന്നതിനിടെ ഡോർ തുറന്നു പുറത്തിറങ്ങാൻ സാധിച്ച ഭർതൃമാതാവിനെ ലോറി ജീവനക്കാരാണ് രക്ഷിച്ചത്.

മഴക്കാലത്ത് വെള്ളം നിറയുന്ന അടിപ്പാതയ്ക്കു പകരം മേൽപ്പാലത്തിനു വേണ്ടി നാട്ടുകാർ ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഡോക്ടറുടെ മരണമുണ്ടാകുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തുടൈയൂർ, വെല്ലന്നൂർ, പൊമ്മാഡിമലൈ തുടങ്ങിയ സമീപപ്രദേശങ്ങളിലെ നാട്ടുകാർ പുതുക്കോട്ട–തൃച്ചി പാതയും അടുത്തിടെ ഉപരോധിച്ചിരുന്നു. അപകടത്തിനു പിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും റോഡ് ഉപരോധം നടത്തി. തുടർന്ന് നടന്ന ചർച്ചയിലാണ് അടിപ്പാത സ്ഥിരമായി അടച്ചിടാനും താൽക്കാലികമായി സമീപത്ത് റെയിൽവേ ഗേറ്റ് ഉറപ്പാക്കി ഗാർഡിന്റെ സേവനം ഉറപ്പാക്കാനും തീരുമാനമായത്.

Tags:
  • Spotlight