Tuesday 04 December 2018 04:59 PM IST : By സ്വന്തം ലേഖകൻ

ജനിച്ചയുടൻ രണ്ടര കിലോയിൽ താഴെ ‌ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടുവരുമ്പോൾ?

infanf-incubator

നിശ്ചിത തൂക്കമില്ലാതെ ജനിക്കുന്ന നവജാത ശിശുക്കളെ സംരക്ഷിക്കാൻ ചില ടെക്നിക്കുകളുണ്ട്. പക്ഷെ, ഭൂരിഭാഗം മാതാപിതാക്കൾക്കും ഇതറിയില്ല. ഇതുമൂലം കുഞ്ഞുങ്ങളെയും കൊണ്ട് എത്രയും പെട്ടെന്ന് ആശുപത്രിയിൽ നിന്ന് വീടെത്താൻ ധൃതി കാണിക്കുന്നവരാണ് ഇവർ. ആശുപത്രിയിൽ പ്രത്യേക പരിഗണയിൽ കഴിയേണ്ടവരാണ് രണ്ടര കിലോയിൽ താഴെ ഭാരമുള്ള കുഞ്ഞുങ്ങൾ. ഇത്തരം സാഹചര്യത്തിൽ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പങ്കുവയ്ക്കുകയാണ് ഡോ. ഷിംന അസീസ്.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും; കല്യാണച്ചെലവിനുള്ള രണ്ട് ലക്ഷം ആശുപത്രിക്ക്; ‘സന്ദേശം’ ഈ വിവാഹം–ചിത്രങ്ങൾ

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)


റെഡ് കാർപ്പറ്റിനെ വെല്ലുന്ന പ്രഭയിൽ താരസുന്ദരികൾ; ദീപിക- രൺവീർ വിവാഹസൽക്കാരം പൊടിപൊടിച്ചു

ഡോ. ഷിംന അസീസിന്റെ കുറിപ്പ് വായിക്കാം; 

"ഭാര്യ പ്രസവിച്ചു, പെൺകുഞ്ഞാണ്‌. ഒന്നര കിലോ ഭാരമേയുള്ളൂ, ഐസിയുവിലാണ്‌." പോലെയുള്ള അനുഭവങ്ങളിലൂടെ നിങ്ങളോ നിങ്ങളറിയുന്നവരോ കടന്നുപോയിട്ടുണ്ടോ? ടെൻഷനടിച്ച് നിന്നിട്ടുണ്ടോ? ഐസിയുവിലുള്ള ഇത്തിരിക്കുഞ്ഞൻമാരെ ഡോക്‌ടറും പരിവാരവും നോക്കിക്കോളും. ആശുപത്രിയിൽ അവർ സുരക്ഷിതരാണ്‌. പക്ഷേ, രണ്ടര കിലോയിൽ കുറവ്‌ ഭാരമുള്ള കുഞ്ഞുങ്ങളെ മൂടിപ്പൊതിഞ്ഞ്‌ വീട്ടിലേക്ക്‌ കൊണ്ടു പോന്നാൽ എന്ത് ചെയ്യും? എങ്ങനെയാണ്‌ നോക്കുക? ആ പൊന്നുംകുടത്തിനെ പുതപ്പിട്ട്‌ പൊതിഞ്ഞ്‌ നെഞ്ചിന്റെ ചൂടോട്‌ ചേർക്കുകയാണ്‌ ഇന്നത്തെ സെക്കന്റ് ഒപ്പീനിയനിൽ.

ജനനസമയത്ത്‌ രണ്ടര കിലോയിൽ കുറവ്‌ ഭാരമുള്ള ശിശുക്കളെയാണ്‌ ഭാരക്കുറവുള്ളവരായി കണക്കാക്കുക. ഇതിൽ തന്നെ, ഒന്നര കിലോയിൽ താഴെയുള്ളവർ വെരി ലോ ബർത്ത്‌ വെയിറ്റും ഒരു കിലോയിൽ താഴെ ഭാരമുള്ള പൊടിക്കുഞ്ഞുങ്ങൾ എക്‌സ്‌ട്രീംലി ലോ ബർത്ത്‌ വെയിറ്റുമാണ്‌. ഇവരുടെ ഭാരം രണ്ടര കിലോ എത്തുന്നത്‌ വരെ വളരെയേറെ ശ്രദ്ധയോടെ പരിപാലിച്ചേ മതിയാകൂ. കുഞ്ഞിന്‌ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെങ്കിൽ, കുഞ്ഞിന്റെ ശരീരത്തിലെ താപനില ക്രമമായി നിലനിൽക്കുന്നുവെങ്കിൽ, കുഞ്ഞിന്റെ ഭാരം ആനുപാതികമായി വർദ്ധിക്കുന്നുണ്ടെങ്കിൽ, അമ്മയും കുഞ്ഞുമായുള്ള ബന്ധം പുറമേ തന്നെ ദൃഢമാകുകയും അവർക്ക്‌ കുഞ്ഞിനെ നോക്കാനുള്ള ആത്മവിശ്വാസം എത്തുകയും ചെയ്‌തിട്ടുമുണ്ടെങ്കിൽ ആശുപത്രി വിടാൻ സാധിക്കും. വീടെത്തിയ ശേഷമാണ്‌ ആശങ്കകളും പുകിലും തുടങ്ങുന്നത്‌.

ആദ്യമറിയേണ്ടത്‌, കുഞ്ഞുവാവയ്‌ക്ക്‌ ശരീരത്തിൽ ചൂടിനെ പിടിച്ച്‌ വെക്കാൻ ആവശ്യത്തിന്‌ കൊഴുപ്പില്ലാത്തതിനാൽ വലിയ തോതിൽ താപനഷ്‌ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നതാണ്‌. രണ്ടര കിലോ ഭാരമെത്തും വരെ കുളിപ്പിക്കാൻ പാടില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഇളംചൂടുവെള്ളത്തിൽ നനച്ച്‌ തുടയ്‌ക്കാം. അതിന്‌ ശേഷം ഉടൻ തന്നെ വൃത്തിയുള്ള കോട്ടൻ ഉടുപ്പ്‌, തൊപ്പി, സോക്‌സ്‌ എന്നിവ ധരിപ്പിച്ച്‌ കോട്ടൻ തുണിയിൽ നന്നായി പൊതിഞ്ഞ്‌ മുഖം മാത്രം പുറമേ കാണുന്ന രീതിയിൽ അമ്മയുടെ അരികിൽ കിടത്തുക. ശരീരത്തിൽ ഏറ്റവുമധികം താപം നഷ്‌ടപെടുന്നത്‌ തല വഴി ആയതിനാൽ തല മൂടിയിരിക്കണം.

'ഹൈപ്പോതെർമിയ' എന്ന അപകടകരമായ രീതിയിൽ ചൂട്‌ കുറയുന്ന അവസ്‌ഥ ഉണ്ടോയെന്നറിയാൻ കുഞ്ഞിന്റെ നെഞ്ചും കാലടിയും തൊട്ട്‌ നോക്കണം. കാലടി മാത്രം തണുത്തിരിക്കുന്നെങ്കിൽ നന്നായി പുതച്ച്‌ മൂടിയാൽ മതി. രണ്ടിടവും തണുത്തിരിക്കുന്നെങ്കിൽ, കുഞ്ഞിന്റെ പ്രതികരണങ്ങളിൽ വ്യത്യാസം തോന്നിയാൽ, ഉടൻ ആശുപത്രിയിൽ എത്തിക്കുക. ഈ ഒരവസ്‌ഥയിൽ അശ്രദ്ധരായാൽ കടുത്ത രീതിയിൽ ബ്ലഡ്‌ ഷുഗർ കുറയാനും ശരീരത്തിലെ ഓക്‌സിജൻ കുറയാനും കുഞ്ഞിന്റെ മരണമുൾപ്പെടെയുള്ള സങ്കീർണതകൾ പോലും സംഭവിക്കാനിടയുണ്ട്‌.

അമ്മയും ഒരു സഹായിയും മാത്രമേ കുഞ്ഞിന്‌ വേണ്ട കാര്യങ്ങൾ ചെയ്യാവൂ. അവർ രോഗങ്ങൾ ഇല്ലാത്തവരാകണം. ഓരോ തവണ കുഞ്ഞിനെ എടുക്കുന്നതിന്‌ മുന്നേയും സോപ്പിട്ട്‌ കൈ കഴുകി വൃത്തിയായി തുടയ്‌ക്കണം. കുഞ്ഞുള്ള മുറിയിലേക്ക്‌ സന്ദർശകർ വരാൻ പാടില്ല. കുഞ്ഞിന്‌ ഉമ്മ കൊടുക്കുന്നതെല്ലാം പാടേ നിരുൽസാഹപ്പെടുത്തേണ്ടതുണ്ട്‌. കുഞ്ഞിനെ രണ്ട്‌ മണിക്കൂർ ഇടവിട്ട്‌ മുലയൂട്ടുക. പെറ്റ്‌ കിടക്കുന്ന അമ്മയെ മാത്രം ശ്രദ്ധിച്ച്‌ മുലപ്പാൽ നൽകാതെ അവഗണിക്കപ്പെട്ട്‌ കുഞ്ഞിന്‌ ബ്ലഡ്‌ ഷുഗർ കുറയുന്ന അവസ്‌ഥ വരരുത്‌. കൃത്യമായി മുലയൂട്ടുന്നത്‌ വഴി ഭാരക്കുറവ്‌ വേഗം പരിഹരിക്കപ്പെടും. മുലപ്പാൽ നേരിട്ട്‌ വലിച്ച്‌ കുടിക്കാനാവാത്ത കുഞ്ഞുങ്ങൾക്ക്‌ വൃത്തിയായി തിളപ്പിച്ച്‌ അണുനശീകരണം നടത്തിയ പാത്രത്തിലേക്ക്‌ പാൽ പിഴിഞ്ഞെടുത്ത്‌ നൽകാം. ഇതിനായി നേരിട്ട്‌ പിഴിയുന്ന വേദനിപ്പിക്കുന്ന രീതി ഒഴിവാക്കി ബ്രസ്‌റ്റ്‌ പമ്പ്‌ ഉപയോഗിക്കാം. പാൽപ്പൊടി നൽകുന്നുവെങ്കിൽ അത്‌ ഡോക്‌ടറുടെ നിർദേശപ്രകാരം മാത്രമായിരിക്കണം.

shimna-a-infants

കുഞ്ഞിന്‌ ഒരു മാസം കഴിയുമ്പോൾ തൊട്ട്‌ ഇരുമ്പടങ്ങിയ തുള്ളിമരുന്ന്‌ നൽകണം. കുഞ്ഞിന്റെ ജനനഭാരം ഇരട്ടിക്കുന്നത്‌ വരെ ഉപയോഗിക്കാനുള്ളത്ര ഇരുമ്പേ കുഞ്ഞിന്റെ ശരീരത്തിൽ സൂക്ഷിക്കപ്പെട്ട രീതിയിലുണ്ടാകൂ. അതിനാൽ തന്നെ, കരുതി വെച്ച അയൺ തീരുകയും കുഞ്ഞിന്‌ വിളർച്ച വരാനും സാധ്യതയുള്ളതിനാൽ ആണിത്‌. മുലപ്പാൽ നൽകുന്നതിലൂടെ മാത്രം ഈ പ്രത്യേക സാഹചര്യത്തിലെ നഷ്‌ടം നികത്താൻ സാധിക്കില്ല. പ്രസവതിയ്യതിയായി അറിയിച്ചിരുന്ന നാൽപത്‌ ആഴ്‌ച തികയുന്നത്‌ വരെ കാൽസ്യം സപ്ലിമെന്റും ഒരു വയസ്സ്‌ തികയും വരെയെങ്കിലും വൈറ്റമിൻ ഡി തുള്ളിമരുന്നും നിർബന്ധമായും നൽകേണ്ടതുണ്ട്‌.

ഡോക്‌ടർ നിർദേശിച്ച ഇടവേളകളിൽ കുഞ്ഞിനെ കാണിക്കാൻ ശ്രദ്ധിക്കുക. വാക്‌സിനേഷൻ നൽകുന്നതിനുള്ള നിർദേശങ്ങളിലും സാധാരണയിൽ നിന്നും വ്യത്യാസമുണ്ടാകാം. തള്ളക്കോഴി ചിറകിനകത്ത്‌ ഒളിപ്പിക്കുന്ന പോലെ ആ അമ്മപ്പെണ്ണ്‌ കുഞ്ഞിനെ ഒതുക്കുമ്പോൾ അവൾക്ക്‌ ധൈര്യവും ആശ്വാസവും സ്വകാര്യതയും സ്‌നേഹവും പകരുക. പത്ത്‌ മാസം ഒന്നിച്ച്‌ കഴിഞ്ഞ്‌ കൂടിയവരാണ്‌ ആ രണ്ട്‌ പേരും. ഇനിയും കഴിയും, വേണ്ടത്‌ കുടുംബത്തിന്റെ സഹകരണമൊന്ന്‌ മാത്രമാണ്‌. ഈ ദിവസങ്ങളും കൊഴിഞ്ഞു പോകും, ആ കുഞ്ഞിപ്പൂമ്പാറ്റയും നിറമുള്ള ചിറകുകൾ വിരിക്കും...

വാൽക്കഷ്‌ണം : ഈ കുഞ്ഞിപ്പൈതങ്ങളുടെ ശരീരത്തിന്റെ ചൂട്‌ നില നിർത്താനും, ഭാരം വർദ്ധിപ്പിക്കാനും, ഹൃദയമിടിപ്പും ശ്വാസനിലയും കൃത്യമാക്കാനും നന്നായുറങ്ങാനും വളർച്ചയെ സഹായിക്കാനുമെല്ലാം ഉതകുന്നൊരു സൂത്രമുണ്ട്‌. കാംഗരു മദർ കെയർ എന്ന ഈ രീതി മദറിനെപ്പോലെ ഫാദറിനും ഗ്രാന്റ്‌ മദറിനും ഗ്രാന്റ്‌ പിതാശ്രീക്കുമൊക്കെ ചെയ്യാം. സംഗതി ഇത്രേള്ളൂ, ഒരു ലൂസ്‌ ടീ ഷർട്ട്‌ എടുത്തിടുക. കുഞ്ഞിനെ ഉടുപ്പ്‌ മുഴുവൻ അഴിച്ച്‌ ആരാണോ കാംഗരുവിനെപ്പോലെ കുഞ്ഞിനെ പൊതിയാൻ പോകുന്നത്‌, അവരുടെ നഗ്‌നമായ മാറിൽ വച്ച്‌ ടീഷർട്ടിനകത്താക്കുക. കുഞ്ഞിനൊരു തൊപ്പി വെച്ച്‌ കൊടുത്ത്‌ തല മാത്രം ടീഷർട്ടിന്‌ വെളിയിലാക്കുക. കുഞ്ഞുവാവയ്‌ക്ക്‌ മടുത്ത്‌ കരയുന്നത്‌ വരെ ഇങ്ങനെ തുടരാം. കുഞ്ഞിന്റെ ഭാരം രണ്ടര കിലോ എത്തുന്നത്‌ വരെ ആവുന്നത്ര കാംഗരു നേരങ്ങൾ ഉണ്ടാക്കാം. ആ പഞ്ഞിക്കെട്ടിനെ നെഞ്ചിലെ മിടിപ്പിനിടയിലേക്ക്‌ ചേർത്തുവച്ച്‌ നോക്കിയിട്ടുണ്ടോ? ഒന്ന്‌ ശ്രമിച്ച്‌ നോക്കൂ... അമ്മയാവാൻ പ്രസവിക്കണമെന്ന്‌ ആരാ പറഞ്ഞേ... !!

ചോർന്നൊലിക്കുന്ന കൂരയല്ല, കിഴക്കമ്പലത്തുകാർ ഇനി ഗോഡ്സ്‍വില്ലയുടെ സുരക്ഷിതത്വലേക്ക്

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം