Monday 04 July 2022 12:07 PM IST : By സ്വന്തം ലേഖകൻ

നായ കുരച്ചത് ഇഷ്ടപ്പെട്ടില്ല; നായയെയും ഉടമസ്ഥരെയും ഇരുമ്പുവടി കൊണ്ടടിച്ച് പരുക്കേൽപ്പിച്ച് യുവാവ്, നടുക്കുന്ന ദൃശ്യങ്ങള്‍

man-hits-dddo9987

നായ തന്നെ നോക്കി കുരച്ചത് ഇഷ്ടപ്പെട്ടില്ല. പ്രകോപിതനായ യുവാവ് നായയെയും ഉടമസ്ഥരെയും ഇരുമ്പുവടി കൊണ്ടടിച്ച് പരുക്കേല്‍പ്പിച്ചു. ഡൽഹി പശ്ചിംവിഹാർ പ്രദേശത്താണ് സംഭവം നടന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

ചുവന്ന ബനിയൻ ധരിച്ച യുവാവ് ഇരുമ്പു വടിയുമായി എത്തുന്നതും നായയുടെ തല ഉന്നമാക്കി ആഞ്ഞടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. നായയെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തിയ വീട്ടുടമയെയും സ്ത്രീയെയും മകനെന്നു കരുതുന്ന ചെറുപ്പക്കാരനെയും യുവാവ് ഇരുമ്പ് വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

അടിയേറ്റ് നായയും വീട്ടുകാരനും നിലത്തു വീഴുന്നതും നായ പിന്നീട് നടക്കുമ്പോൾ ഒരു വശത്തേക്ക് മറിഞ്ഞു പോകുന്നതും വിഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയെങ്കിലും എഫ്ഐആർ ഇതുവരെയും റജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ വ്യക്തമാക്കി. പരുക്കേറ്റ മൂവരും ചികിൽസയിലാണ്. അക്രമി ഇവരുടെ അയൽവാസിയാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

Tags:
  • Spotlight