Friday 30 April 2021 03:50 PM IST

‘ഇവിടെയുള്ള ഓരോ നായയ്ക്കും കഥയുണ്ട്; ചിലതെല്ലാം കൂടിനു മുന്നിൽ എഴുതി വച്ചിട്ടുണ്ട്’: തെരുവ് മൃഗങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവച്ച മിനി വാസുദേവൻ പറയുന്നു

Vijeesh Gopinath

Senior Sub Editor

dog-lover ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അമേരിക്കയിൽ എൻജിനീയറായിരുന്ന മിനി വാസുദേവന്റെ ഇപ്പോഴത്തെ ജീവിതം കോയമ്പത്തൂരിലെ തെരുവ് മൃഗങ്ങൾക്ക് വേണ്ടിയാണ്...

കോയമ്പത്തൂരിലെ ‘ഹ്യുമെയ്ൻ ആനിമൽ സൊസൈറ്റി’യുടെ സീരനായ്ക്കൻ പാളയത്തെ ക്ലിനിക്. വലിയ മതിൽക്കെട്ടിനകത്ത് പച്ച ചായമടിച്ച കൂടുകളുണ്ട്. ചെന്നു കയറിയപ്പോഴേ കൂടുകളിൽ നിന്ന് വെടിച്ചില്ലു പോലെ കുരകൾ പുറത്തേക്കു തെറിച്ചു വീണു.              

ഒാരോ കൂട്ടിലുമുള്ള തെരുവുനായ്ക്കൾക്കു പറയാൻ വേദനയുടെ വലിയ കഥകളുണ്ട്. ആ കഥകളിലെ വില്ലന്മാർ പലപ്പോഴും മനുഷ്യർ തന്നെയാണ്. ചൂടുവെള്ളമൊഴിച്ചും കാൽ തല്ലിയൊടിച്ചും വണ്ടിയിടിപ്പിച്ചും കൊല്ലാക്കൊല ചെയ്ത ക ണ്ണീരുറഞ്ഞ കഥകൾ.   

ചില നായ്ക്കളുടെ കാലുകൾ മുറിച്ചു കളഞ്ഞിട്ടുണ്ട്. ഒടിഞ്ഞു പോയ കാലിന്റെ വേദനയിൽ ചിലർ തട്ടിത്തടഞ്ഞു നടക്കുന്നു. സത്യത്തിൽ ഈ മതിൽക്കെട്ട് ഇവർക്ക് മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള മണ്ണാണ്. ഈ തണലിലേക്ക് അവരെ കൊണ്ടു വന്നത് മലയാളിയായ മിനി വാസുദേവനും.

അമേരിക്കയിൽ വലിയ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന മലയാളിയായ മിനി വാസുദേവന്റെ ഇപ്പോഴത്തെ ജീവിതം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങൾക്കു വേണ്ടിയാണ്. ആ സ്നേഹം കൊണ്ടാകാം ‘സൈലൻസ്’ എന്ന് മിനി വാസുദേവൻ ഉറക്കെ പറഞ്ഞതോടെ കുരകളുടെ ഇടിവെട്ട്  ഒറ്റയടിക്ക് കുറഞ്ഞു പോയത്.  പുഞ്ചിരിയോടെ നടന്നു വന്ന മിനിക്കൊപ്പം പിന്നിലെ  കാലുകൾക്കു പകരം രണ്ടു ചക്രങ്ങൾ പിടിപ്പിച്ച വാക്കറിൽ ‘ബിന്ദി’യും വന്നു.

ബിന്ദിയുടെ കഥ

കുറുമ്പിയാണ് ബിന്ദി. കോയമ്പത്തൂരിലെ റോഡി ൽ വച്ച് പിൻകാലിലൂടെ സ്കൂട്ടർ കയറിയിറങ്ങി. രണ്ടു കാലും തകർന്നു. നട്ടെല്ലിനും പരുക്ക്. കുറേ ദിവസങ്ങൾ തെരുവിൽ മരണവും കാത്തു കിടന്നു. അങ്ങനെയാണ് ഹ്യുമെയ്ൻ ആനിമൽ സൊസൈറ്റി (എച്ച്എഎസ്) യുടെ പ്രവർത്തകരെത്തി രക്ഷിക്കുന്നത്. സർജറിക്കും ഫിസിയോതെറപ്പിക്കും ശേഷം ചക്രം പിടിപ്പിച്ച വാക്കർ പിടിപ്പിച്ചാൽ നടക്കാമെന്നായി. എന്നാൽ അധികനേരം വാക്കറിന്റെ ഭാരവും വ ലിച്ച് നടക്കാനാകില്ല. അത് അഴിച്ചു മാറ്റിയാൻ പിന്നെ, അനങ്ങാനും കഴിയില്ല.

‘‘ഇവിടെയുള്ള ഓരോ നായയ്ക്കും കഥയുണ്ട്. ചിലതെല്ലാം കൂടിനു മുന്നിൽ എഴുതി വച്ചിട്ടുണ്ട്. ഇവിടെയുള്ള എല്ലാവർക്കും അവരുടെ സ്വഭാവത്തിന് അനുസരിച്ചുള്ള പേരാണ് ന ൽകാറുള്ളത്. ആ ഒാടി വരുന്നതാണ് പുഷ്ടി, കാണുമ്പോൾ തന്നെ ഉഷാറു തോന്നുന്നില്ലേ? നന്നായി ഭക്ഷണം കഴിക്കും ആക്ടീവ് ആണ്. അതുപോലെ എപ്പോഴും ചിരിക്കുന്ന മുഖവുമായുള്ളതിന് ജോയ് എന്നാണ് പേരിട്ടത്. എപ്പോഴും മുരളുന്ന സ്വഭാവമുള്ളത് റോബിൻ...

ഇതുവരെ അൻപതിനായിരത്തിലേറെ തെരുവുനായ്ക്കളുടെ ജീവിതത്തിൽ പോസിറ്റീവായ ഇടപെടലുകൾ എച്ച്‌എ‌എസ് നടത്തിയിട്ടുണ്ട്. ഇതൊരു ആശുപത്രി തന്നെയാണ്. ഇവിടെ വരുന്ന എല്ലാ മൃഗങ്ങൾക്കും സ്വന്തമായി ഒരു റെക്കോർഡ് ഉണ്ടാകും. പൂച്ചയേയും കുതിരയെയുമെല്ലാം റെസ്ക്യു ചെയ്തിട്ടുണ്ടെങ്കിലും കൂടുതലായും തെരുവുനായ്ക്കളെ ആണ് രക്ഷിച്ചിരിക്കുന്നത്.

തെരുവുനായ്ക്കളുടെ ജനനനിയന്ത്രണങ്ങൾ മുതൽ അ പകടത്തിൽ പെടുന്ന മൃഗങ്ങളുടെ ചികിത്സ വരെ  ചെയ്യുന്നു.  ചികിത്സയ്ക്കു ശേഷം അവയ്ക്ക് പരസഹായമില്ലാതെ ജീവിക്കാൻ പറ്റും എന്നാകുമ്പോൾ എവിടെ നിന്നാണോ കിട്ടിയത് അവിടെ കൊണ്ടുപോയി വിടും.

അതുപോലെ മൃഗസ്നേഹികൾക്ക് ക്ലിനിക്കിലുള്ള ഇവരുടെ ജീവിതം ദത്തെടുക്കാം, ആ കാണുന്ന എഡ്ഗറിനെ ജർമനിയിലുള്ളവർ ദത്തെടുത്തിട്ടുണ്ട്. ഉടൻ അവൻ ജർമനിക്കു പോകും.

അംഗഭംഗം വന്ന് സ്ഥിരമായി ഇവിടെ കഴിയുന്ന ഒരുപാടു നായ്ക്കളുണ്ട്. ഞങ്ങളുടെ സൈറ്റിലൂടെ അവയുടെ  ‍ചെലവും സ്പോൺസർ ചെയ്യുന്നവരുണ്ട്.’’ എച്ച്‌എഎസ്സിന്റെ പ്രവ ർത്തനങ്ങളുെട കഥ മിനി വാസുദേവൻ പറയുന്നു.

കാരുണ്യത്തിന്റെ എൻജിനീയറിങ്

ആണ്‍കുട്ടികൾക്ക് മാത്രം പ്രവേശനമുള്ള തിരുവനന്തപുരം സൈനിക് സ്കൂളിലെ അപൂർവം പെൺകുട്ടികളിെല കനൽത്തരിയാണ് മിനി.

‘‘എന്റെ അച്ഛൻ സൈനിക് സ്കൂളിലെ ഫിസിക്സ് അ ധ്യാപകനായിരുന്നു. അധ്യാപകരുടെ മക്കൾക്ക്, അത് പെൺകുട്ടിയായാലും അവിടെ പഠിക്കാമായിരുന്നു. അതു കഴിഞ്ഞ് എൻജിനീയറിങ്. ഈ സമയത്തൊന്നും ഒരു നായ്ക്കുട്ടിയേ  യോ പൂച്ചയേയോ വളർത്താനൊന്നും പറ്റിയിട്ടില്ല. ഇഷ്ടമല്ലാഞ്ഞിട്ടല്ല, സാഹചര്യം ഉണ്ടായിരുന്നില്ല.

പണ്ടേ മൃഗങ്ങളുടെ വേദനയും പിടച്ചിലും കാണാൻ എനിക്ക് കഴിയില്ല. ആ സ്വഭാവമാണ് എച്ച്‌എ‌എസിലേക്ക് എന്നെ എത്തിക്കുന്നത്. കുട്ടിക്കാലത്ത് വെക്കേഷന് അച്ഛന്റെയും അമ്മയുടെയുമൊക്കെ തറവാടുകളിൽ പോയി നിൽക്കാറുണ്ട്. കൊല്ലം ജില്ലയിെല ഏരൂരും പരവൂരുമൊക്കെയാണ്  വീടുകൾ.

ഒരിക്കൽ ഞങ്ങൾ കുട്ടികൾ കളിക്കുകയായിരുന്നു, പെട്ടെന്ന് ഒരു ചേട്ടൻ വന്നു. അന്ന് ഉച്ചയ്ക്ക് കോഴിക്കറിയുണ്ടാക്കാൻ കൂട്ടിൽ നിന്ന് ഒരു കോഴിയെ പിടിച്ചു. ഒറ്റ വെട്ട്. തല ആ ചേട്ടന്റെ കൈയിൽ. തലയില്ലാതെ ആ കോഴി  പറമ്പു മുഴുവൻ പിടഞ്ഞു നടന്നു. പറക്കാൻ നോക്കി താഴെ വീണു. പിന്നെയും എ ഴുന്നേൽക്കാൻ നോക്കും, ഒടുവിൽ ചത്തു.  ആ കാഴ്ച എനിക്ക് വലിയ ഞെട്ടലായി. അങ്ങനെ പതിനൊന്നാം വയസ്സു മുതൽ ഞാൻ വെജിറ്റേറിയനായി. ഇപ്പോള്‍ വീഗനും ആണ്. പാൽ, നെയ്, തുകൽ, തേൻ... അങ്ങനെ ജീവികളുമായി ബന്ധപ്പെട്ട ഒരുൽപ്പന്നവും ഇപ്പോൾ ഉപയോഗിക്കില്ല.

പഠനശേഷം അമേരിക്കയിൽ പിഎച്ച്ഡി ചെയ്തു. അവിടെ വച്ചു തന്നെയാണ് മധു ഗണേഷുമായുള്ള വിവാഹം. ഞങ്ങ  ൾ എൻജിനീറിങ് മുതൽ ഒരുമിച്ചു പഠിച്ചവരാണ്. ഡോക്ടറേറ്റ് കഴിഞ്ഞതും അവിടെ ജോലി കിട്ടി.

യുഎസ്സിൽ വച്ചാണ് അനിമൽ റൈറ്റ്സിനെകുറിച്ച് അറി  യുന്നത്. നമ്മളെ പോലെ മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്.   ആ അറിവ് എന്റെ ജീവിതത്തിലെ വിപ്ലവം തന്നെയായിരുന്നു. ഇതൊന്നും കരുണയല്ല. ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.

അവിടെ വച്ച് മൃഗങ്ങളുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങളിൽ സഹകരിച്ചു. എല്ലാ കമ്പനികളിലും ആഴ്ചയിലെ  അവസാന ദിവസങ്ങളിൽ സാമൂഹിക സേവനം ചെയ്യാനുള്ള അവസരങ്ങളുണ്ട്. അങ്ങനെ  മൃഗസംരക്ഷണത്തിനു വേണ്ടി  വോളന്റിയറിങ് ജോലികൾ ചെയ്തു.’’ മിനി ഒാർക്കുന്നു.

കണ്ണീരുറഞ്ഞ സത്യം

2004 ഒാടെ മിനിയും മധുവും നാട്ടിലേക്കു വരാൻ തീരുമാനിച്ചു. എവിടെ താമസമാക്കണം എന്ന ചോദ്യത്തിന് ഉത്തരമായി ബെംഗളൂരു, കൊച്ചി, മുംബൈ ഒക്കെയുണ്ടെങ്കിലും അധികം തിരക്കില്ലാത്ത ഇടം രണ്ടുപേരും തിരഞ്ഞെടുത്തു– കോയമ്പത്തൂർ... അത് ഒരു നിയോഗം പോലെയായിരുന്നു. അവിടത്തെ കാഴ്ചകളാണ് എച്ച്‌എ‌എസ് തുടങ്ങാനുള്ള നിമിത്തമായത്.

‘‘യുഎസ്സിൽ ഞങ്ങൾക്കൊരു പട്ടിക്കുട്ടിയുണ്ടായിരുന്നു.     മാക്സ്, അതിനെ നാട്ടിലേക്കു കൊണ്ടു വന്നപ്പോഴാണ് ഇവിടെ നായ്‍ക്കൾക്കു കൊടുക്കുന്ന പരിഗണന പരിതാപകരമാണെന്ന ധാരണ കിട്ടുന്നത്. വാടകയ്ക്ക് ഒരു വീടു പോലും കിട്ടാൻ പ്രയാസമായിരുന്നു.

 ഒരിക്കൽ റോഡിലൂടെ നടക്കുമ്പോഴാണ് ആ വേദനിപ്പിക്കുന്ന രൂപം കണ്ടത്. തലയിൽ പുഴുവരിച്ച ഒരു നായ്ക്കുട്ടി. വേദന കൊണ്ട് അത് തെരുവിൽ കൂടി ഒാടി നടക്കുന്നു. അടുത്തു വരുമ്പോഴേ ദുർഗന്ധം കൊണ്ട് മൂക്കു പൊത്തിപ്പോകും, അടുത്തെത്തുമ്പോൾ ആളുകൾ കല്ലെറിഞ്ഞോടിക്കും. ആ കാഴ്ച ഭീകരമായിരുന്നു. എന്തെങ്കിലും ചെയ്യണമെന്നു തോന്നി. എനിക്കു പരിചയമുള്ള മൃഗഡോക്ടറെ വിളിച്ചു. ആ തെരുവുനായയെ പിടിച്ചു കൊടുത്താൽ അദ്ദേഹം ചികിത്സിക്കാമെന്നു പറഞ്ഞു.

അന്വേഷിച്ചപ്പോൾ ആ നായയ്ക്ക് എന്നും ഭക്ഷണം കൊടുക്കുന്ന ഒരു പെൺകുട്ടിയുണ്ടെന്നറിഞ്ഞു. അവരെ കണ്ടെത്തി. ഭക്ഷണം കൊടുക്കാനായി വീട്ടിലേക്ക് ആ നായ വരുമ്പോൾ അതിനെ പിടിക്കാൻ ഒരു ശ്രമം നടത്താമെന്നു തീരുമാനിച്ചു. പക്ഷേ,  ആ നായ ഒരു കുഴപ്പവുമില്ലാതെ അടുത്തു വന്നു നിന്നു,  ‘ഒന്നു രക്ഷിക്കാമോ’ എന്ന അപേക്ഷ അതിന്റെ നോട്ടത്തിലുണ്ടായിരുന്നു. ഡോക്ടർ ഒരു സ്‌പ്രേ അതിന്റെ ദേഹത്തടിച്ചതും പുഴുക്കൾ താഴേക്ക് ചത്തു വീഴാൻ തുടങ്ങി. അഞ്ചു ദിവസത്തിനുള്ളിൽ അസുഖം ഭേദമായി. പിന്നെ, എപ്പോൾ കണ്ടാലും അത് ഒാടി വരും.’’ മിനി ഒാർമിക്കുന്നു.

സത്യത്തിൽ ഞാൻ ഇത്തരമൊരു പ്രവർത്തനത്തിലേക്ക് എത്തിപ്പെടുകയായിരുന്നു. പിന്നീട് ഇതുപോലെ അസുഖം ബാധിച്ച, പരിക്കു പറ്റിയ തെരുവുനായ്ക്കളെ ചികിത്സിക്കാനുള്ള ശ്രമം തുടങ്ങി. കേട്ടറിഞ്ഞ് പലരും വിളിക്കാൻ തുടങ്ങി.  അതൊരു ചെറിയ കൂട്ടായ്മയായി.

മേനകാ ഗാന്ധിയുടെ ഫോൺകോൾ

അങ്ങനെയാണ് തെരുവുനായ്ക്കളുടെ വന്ധ്യംകരണ ശസ്ത്രക്രിയക്കും ഒപ്പം അപകടത്തിൽ പെടുന്നവയുടെ സംരക്ഷണത്തിനുമായി ഒരു കേന്ദ്രം തുടങ്ങണം എന്ന ചിന്ത വരുന്നത്. ഈ മേഖലയെക്കുറിച്ച് ഒന്നുമറിയാതിരുന്ന മിനി കൂടുതൽ പഠനങ്ങളിലേക്ക് കടന്നു. അങ്ങനെയാണ് കോയമ്പത്തൂര്‍ സീതനായ്ക്കൻ പാളയത്തുള്ള കോർപ്പറേഷൻ വന്ധ്യംകരണ ശസ്ത്രക്രിയ കേന്ദ്രത്തിലേക്ക് എത്തുന്നത്. ‘‘അവിടുത്തെ കാഴ്ച ക ണ്ട് തകർന്നു പോയി ഞാൻ. അത്ര ക്രൂരമായിരുന്നു ആ ദൃശ്യം. വന്ധ്യംകരണം നടത്തിയ ശേഷം കഴുത്തിൽ കുടുക്കിട്ട് കെട്ടിയിടും. പിന്നെ, അനങ്ങാനാകില്ല. മുറിവുകൾ ഉണങ്ങാതെ പഴുത്തു നിൽക്കുന്നവ, മലമൂത്രവിസർജനം നടത്തിയതിൽ കിടക്കുന്നവ... ക്രൂരമാണ് ഈ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥരോടു പറഞ്ഞെങ്കിലും അവർ കേൾക്കാൻ പോലും കൂട്ടാക്കിയില്ല. ഞാൻ അവിടുന്ന് കുറേ ഫോട്ടോകളെടുത്ത് മേനകാ ഗാന്ധിക്ക് അയച്ചു കൊടുത്തു.

അടുത്ത ദിവസം ഒൗദ്യോഗികാവശ്യത്തിനായി ഞാൻ ഓസ്ട്രേലിയയ്ക്കു പോയി. മീറ്റിങ്ങിലിരിക്കുമ്പോൾ ഒരു ഫോൺകോൾ, മേനകാ ഗാന്ധിയാണ്... മീറ്റിങിലായതു കൊണ്ട് സംസാരിക്കാനായില്ല. പിന്നീടു തിരിച്ചു വിളിച്ചപ്പോൾ ആ ദ്യം നല്ല ചീത്തയാണ് കേട്ടത്.

_REE0663

ഞാൻ ഓസ്ട്രേലിയയിൽ സ്ഥിരജോലിക്കാരിയാണെന്ന് തെറ്റിധരിച്ച് ‘ഇന്ത്യയെ ഒരു മോശം സ്ഥലമായി കാണിക്കുകയാണോ ഉദ്ദേശം’ എന്നായിരുന്നു ആദ്യ ചോദ്യം, ഞാൻ കാര്യങ്ങൾ സാവധാനം പറഞ്ഞു മനസ്സിലാക്കി. അപ്പോൾ അടുത്ത ചോദ്യം ‘ഇങ്ങനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നിങ്ങൾക്കത് ഏറ്റെടുക്കാനാകുമോ? തയാറാണെങ്കിൽ എൻജിഒ റജിസ്റ്റർ ചെയ്യുക.’

ഞാൻ നാട്ടിലെത്തി വീണ്ടും ആ സെന്ററിൽ എത്തിയപ്പോ ൾ അവർ എല്ലാ സഹായവും ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. നഗരത്തിനു നടുക്ക് കാടുപിടിച്ചു കിടക്കുന്ന സ്ഥലം അനുവദിച്ചു കിട്ടി. അവിടെ ഒരു ഷെൽറ്റർ കെട്ടിപ്പൊക്കി. പതിനാലു വർഷം കൊണ്ടാണ് എല്ലാം ഉണ്ടായത്’’ഹ്യുമെയ്ൻ ആനിമൽ സൊസൈറ്റിയുടെ ആരംഭത്തെക്കുറിച്ച് മിനി.

നാരീശക്തി പുരസ്കാരത്തിളക്കം

19 ജീവനക്കാർ ഇന്ന് എച്ച്‌എ‌എസിലുണ്ട്. നൂറു കണക്കിനു വോളന്റിയേഴ്സും, രണ്ട് ഡോക്ടർമാരും രണ്ട് വെറ്ററിനറി അ സിസ്റ്റന്റ്മാരും. കോയമ്പത്തൂരിനു പുറത്തു നിന്നും റെസ്ക്യൂ ആവശ്യങ്ങൾ വരാറുണ്ട്. ഒരു പതിറ്റാണ്ടിലേറെയായ മിനി വാസുദേവന്റെ സേവന ജീവിതത്തിന് രാജ്യം നാരീ ശക്തി പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.

‘‘ഒരു ദിവസം വരുന്ന ഫോൺ കോളുകളിൽ പത്തു ശതമാനം തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായ്ക്കളുടെ കാര്യം പറഞ്ഞിട്ടുള്ളതാണ്. ചില മനുഷ്യരുടെ മനസ്സ് ഈ കാര്യത്തിൽ കരിങ്കല്ലു പോലെയാണ്. പ്രായമായെന്ന് തോന്നിയാൽ എത്ര വലിയ ബ്രീഡാണെങ്കിലും തെരുവിലേക്ക് വിടും. ചെറിയ അ സുഖം വന്നാൽ പോലും അതൊന്ന് ചികിത്സിക്കാൻ തയാറാകാതെ ഉപേക്ഷിക്കുകയാണ് പലരും. ‘വോയ്സ് ലെസ് ജീവിതങ്ങൾ’ എന്ന തിരിച്ചറിവു പോലുമില്ലാത്തവർ.

ഡോബർമാനും ജർമൻ ഷെപ്പേഡും റോട്ട് വീലറുമെല്ലാം ഇങ്ങനെ ഉപേക്ഷിക്കപ്പെട്ടവരുടെ കൂടെയുണ്ട്. പലപ്പോഴും ബ്രീഡിങ് ചെയ്തുണ്ടാക്കുന്ന നായ്ക്കൾക്ക് പ്രതിരോധ ശേ ഷി കുറവായിരിക്കും. അൺ എത്തിക്കൽ ബ്രീഡിങ് ആണ് കാരണം. അതു പലപ്പോഴും ജനിതകപ്രശ്നങ്ങൾക്ക് കാരണമാവും. വളർത്താൻ തുടങ്ങുമ്പോഴാണ് ഇതിനെക്കുറിച്ച് പലരും തിരിച്ചറിയുന്നത്. അതോടെ തെരുവിൽ ഉപേക്ഷിക്കും.

ഈ കാലത്തിനിടയിൽ കരൾ പിളർക്കുന്ന ഒരുപാടു കാര്യങ്ങൾ കണ്ടിട്ടുണ്ട്. റെസ്ക്യൂവിനിടയിൽ ഒരുപാടു പ്രാവശ്യം  കടിയും ഏറ്റിട്ടുണ്ട്്. പക്ഷേ, ഒരു നായയെ രക്ഷിച്ച് അതിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോൾ കിട്ടുന്ന ആശ്വാസത്തിൽ ആ വേദനകളെല്ലാം മാഞ്ഞുപോകും.

ഒരിക്കൽ തൊണ്ടാമുത്തൂരിൽ  നിന്ന് ഒരു നായയെ ഞങ്ങൾ രക്ഷിച്ചു. വണ്ടിയിടിച്ച് പരിക്കേറ്റ നിലയിലാണ് കണ്ടത്. ചികിത്സയ്ക്കിടയിലാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ആ റു കുഞ്ഞുങ്ങൾ പിറന്നു. ഇതുപോലൊരമ്മയെ ഞാൻ കണ്ടി ട്ടില്ല. ചികിത്സയ്ക്കിടയിലും അത് കുഞ്ഞുങ്ങളെ സംരക്ഷിക്കാ ൻ പെടുന്ന കഷ്ടപ്പാട് വലുതായിരുന്നു. ഒടുവിൽ മൂന്നു മാസത്തിനു ശേഷം അതു നടക്കാൻ തുടങ്ങി. ആറു കുഞ്ഞുങ്ങളും പുതിയ ഉടമസ്ഥരിലേക്ക് എത്തി.

കുറച്ചു വർഷങ്ങൾ വന്നപ്പോൾ അടുത്ത രോഗം ആക്രമിച്ചു, മാമറി ട്യൂമർ സർജറിയിലൂടെ ഞങ്ങള്‍ അതു നീക്കം ചെയ്തു. പക്ഷേ, വീണ്ടും ചെള്ളുകൾ പരത്തുന്ന പനി പിടിച്ചു.   മരിച്ചുപോകും എന്നു ഞങ്ങൾ ഉറപ്പിച്ചു. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചെത്തി. ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട് അവൾ. ഇപ്പോഴും ഏത് നായ്ക്കുഞ്ഞിനെ കണ്ടാലും മറ്റാരും അടുത്തുവരാതിരിക്കാൻ അതു ശ്രദ്ധിക്കും. അമ്മ കൊടുക്കുന്ന അതേ കരുതൽ. അവൾക്ക് ഞങ്ങളിട്ട പേരാണ്– മമ്മിപ്പൊണ്ണ്.

യുഎസ്സിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്നവർ എ ന്തിനിങ്ങനെ ഒരു തീരുമാനം എടുത്തു എന്നു പലരും ചോദിക്കാറുണ്ട്. ‘വട്ടാണോ’ എന്നു ചോദിക്കുന്നവരും ഉണ്ട്. പക്ഷേ, ചില സ്നേഹം അൺകണ്ടീഷനൽ അല്ലേ? ചിലർക്ക് യാത്രയോടാകും. ഞങ്ങൾക്കത് എച്ച്‌എ‌എസ് ആണ്.’’ മിനി ഒാഫിസ് മുറിയിലേക്കു നടന്നു പോയപ്പോൾ ഒപ്പം തൊട്ടുരുമ്മി നായ്ക്കളും ഉണ്ടായിരുന്നു. അവയുടെ വാലാട്ടലിലുണ്ട് ഒരു ജന്മത്തിലേക്കുള്ള സ്നേഹത്തിന്റെ ചലനം.

സോളോ ട്രാവലർ

രണ്ട് നായ്ക്കളുടെ ചങ്ങലയും പിടിച്ച് എല്ല എത്തി. ലണ്ടൻ ആണ് എല്ലയുടെ സ്വദേശം. ഇപ്പോൾ എച്ച്എഎസ്സിലെ വോളന്റിയർ.

‘‘ഞാൻ സോളോ ട്രാവലർ ആണ്. എത്തുന്ന രാജ്യങ്ങളിൽ ഇതുപോലെ സാമൂഹിക സേവനവും ചെയ്യും. ചെറുപ്പം മുതൽക്കേ എനിക്ക് പെറ്റ്സിനെ ഇഷ്ടമാണ്. ഇന്ത്യയിലെത്തിയപ്പോൾ എച്ച്‌എ‌എസ്സിനെ കുറിച്ച് അറിഞ്ഞു. പ്രവർത്തനങ്ങൾ മനസ്സിലാക്കി. വർക്ക് എവേ ഡോട്ട് ഇൻഫോ എന്ന സൈറ്റിൽ നിന്നാണ് ഞാൻ എച്ച്‌എ‌എസ്സിനെ കുറിച്ച് അറിഞ്ഞത്. ലോകമെമ്പാടുമുള്ള പല എൻ‌ജി‌ഒ‌കളും ഇത്തരം സൈറ്റുകളിൽ ആതിഥേയരായി റജിസ്റ്റർ ചെയ്തിട്ടുണ്ട്. സേവനത്തിൽ താൽപര്യമുള്ളവർക്ക് അവർ താമസസ്ഥലവും ഭക്ഷണവും നൽകും. ഇപ്പോൾ ഞാൻ ഇവരുടെ അതിഥിയാണ്. കുറച്ചു ദിവസം ഇവർക്കൊപ്പം ഇവിടെ ഉണ്ടാകും. അതുകഴിഞ്ഞ് അടുത്ത രാജ്യത്തേക്കുള്ള യാത്ര തുടങ്ങും’’ എല്ല നായ്ക്കൾക്കൊപ്പം നടന്നു പോയി.

എല്ലയെ പോലെ ശ്രീജിത്തും വിവേകും പൊൻകവിയരശുമെല്ലാം ഇവിടെ സേവനപ്രവർത്തനവുമായുണ്ട്. എച്ച്‌എഎസ്സിന്റെ സൈറ്റുവഴിയും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളിയാവാം.

_REE0676
Tags:
  • Spotlight
  • Motivational Story