Saturday 04 July 2020 10:41 AM IST : By സ്വന്തം ലേഖകൻ

തെരുവിൽ നിന്നും എടുത്തുവളർത്തിയ ഉടമസ്ഥയുടെ മരണം താങ്ങാനായില്ല, വളർത്തുനായ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു!

dog-suicide

വളർത്തുമൃഗങ്ങളും ഉടമയും തമ്മിലുള്ള ആത്മബന്ധം പലപ്പോഴും നമ്മളെ അമ്പരപ്പിക്കാറുണ്ട്. മനുഷ്യ ബന്ധങ്ങളേക്കാൾ ആഴത്തിൽ അവ നമ്മുടെ മനസ്സിനെ തൊടാറുമുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വൃക്കരോഗം മൂർച്ഛിച്ച് ഉടമസ്ഥ മരണപ്പെട്ട  വേദന താങ്ങാനാകാതെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവിതം അവസാനിപ്പിച്ചിരിക്കുകയാണ് ഒരു വളർത്തുനായ.  ഉത്തർപ്രദേശിലെ കാൻപൂരിലാണ് വിചിത്രമായ സംഭവം നടന്നത്. അനിതാ രാജ് സിംഗ് എന്ന ഡോക്ടറുടെ പ്രിയപ്പെട്ട വളർത്തു നായയാണ് ജയ. ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഏറെ നാളായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഡോ. അനിത കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ച് മരണപ്പെട്ടു. ആശുപത്രിയിൽ വച്ച് മരണപ്പെട്ട ഡോക്ടറുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ജയ മരണവിവരം അറിയുന്നത്. ബോഡി കൊണ്ടുവന്ന നിമിഷം മുതൽ നിർത്താതെ മോങ്ങുകയും കുരയ്ക്കുകയുമായിരുന്നു ജയ. മരണവിവരമറിഞ്ഞ നിമിഷം തൊട്ട് ഭക്ഷണം കഴിക്കാനോ, ഒരു തുള്ളി വെള്ളം കുടിക്കാനോ അവൾ തയാറായിരുന്നില്ലെന്നും മരിച്ച ഡോക്ടറുടെ മകൻ തേജസ് പറയുന്നു.

ഫ്ലാറ്റിന്റെ ടെറസ്സിലേക്ക് കോണിപ്പടികൾ കയറിപ്പോയി മട്ടുപ്പാവിൽ നിന്ന് എടുത്തു ചാടുകയായിരുന്നു നായ. ഗുരുതരമായി പരുക്കേറ്റ ജയയെ തേജസ് അടുത്തുള്ള മൃഗാശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോ. അനിതയുടെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വന്ന കുടുംബക്കാർ വീട്ടുവളപ്പിൽ തന്നെ ജയയുടെ മൃതദേഹവും സംസ്കരിച്ചു. ഒരിക്കൽ നടക്കാൻ ഇറങ്ങിയപ്പോൾ പരുക്കേറ്റ് പുഴുവരിച്ച നിലയിൽ തെരുവിൽ കണ്ടെത്തിയ ജയയെ 12 വർഷങ്ങൾക്കു മുമ്പാണ് അമ്മ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതെന്ന് തേജസ് ഓർക്കുന്നു.