Saturday 27 June 2020 03:54 PM IST : By സ്വന്തം ലേഖകൻ

ഭഗീരയുടെയും ജിപ്സിയുടെയും ജീവനുവേണ്ടിയുളള പോരാട്ടം ; അണലിയുടെ കടിയേറ്റ് അത്ഭുതകരമായി രക്ഷപെട്ട കഥ

snake

വളർത്തുമൃഗങ്ങൾ ജീവിതത്തിന്റെ ഭാഗം തന്നെയാണ്. പലപ്പോഴും നമ്മുടെ ജീവൻ രക്ഷിക്കുന്ന ഘട്ടത്തിലേക്ക് വരെ ഈ മിണ്ടാപ്രാണികളുടെ സ്നേഹം അവരെ കൊണ്ടെത്തിക്കും. അങ്ങനെയൊരു സംഭവകഥയാണ് സന്ദീപ്കുമാറിന് പറയാനുള്ളത്. വീടിന് മുറ്റത്ത് വച്ച് അണലിയുടെ കടിയേറ്റ ഭഗീര, ജിപ്സി എന്നി രണ്ട് നായ്ക്കളുടെ കഥ.





കഴിഞ്ഞ ശനിയാഴ്ച- അതായത്‌ ജൂൺ 20 ആം തീയ്യതി...ഇപ്പോഴും ഭയപ്പാടൊഴിഞ്ഞിട്ടില്ല.. ഉച്ചക്ക്‌ ഭക്ഷണം കഴിക്കാൻ ഞാൻ ഭഗീരയെയും അകീലയെയും ജിപ്സിയെയും കൂട്‌ തുറന്ന് വിട്ടു.. എന്തോ പിശക്‌ തോന്നിയിട്ടാവണം ഭക്ഷണത്തിനടുത്തേക്ക്‌ വരാതെ അവർ മുൻ വശത്തെ പൂന്തോട്ടത്തിനിടയിലേക്ക്‌ പോയി.ഞാൻ നോക്കിയപ്പോൾ അവർ വല്ലാത്ത മണം പിടിക്കലിലാണു.. പൂന്തോട്ടത്തിൽ അത്യാവശ്യം നല്ല വലുപ്പത്തിലുള്ള ഒരു കുളമുള്ളത്‌ കൊണ്ട്‌, അതിൽ നിറയെ തവളകൾ ഉണ്ടാകാറുണ്ട്‌.. അതായിരിക്കും എന്ന് വിചാരിച്ച്‌ ഞാൻ കാര്യമാക്കിയില്ല.. പെട്ടെന്ന് കാറിനടിയിൽ നിന്ന് ഭഗീരയുടെ അലർച്ച... ഒപ്പം എന്തോ ഒന്നിനെ തൂക്കിയെടുത്ത്‌ അവൻ പുറത്തേക്കിട്ടു... ഭഗീര ഇട്ട സാധനത്തെ നിലം തൊടാനനുവദിക്കാതെ ജിപ്സി ചാടിയെടുത്ത്‌ കടിച്ച്‌ കുടഞ്ഞു.
ഞാൻ ഓടിച്ചെന്ന് നോക്കുമ്പോൾ ഒരു അണലി ചത്ത്‌ കിടക്കുന്നു... ഇതിനു മുൻപും അണലിയും മൂർഖനുമുൾപ്പടെ തങ്ങളുടെ അതിർത്തിയിൽ അതിക്രമിച്ചു കടന്ന പല പാമ്പുകളെയും അവർ വകവരുത്തിയിട്ടുള്ളത്കൊണ്ട്‌ ഞാൻ അത്ര കാര്യമാക്കാതെ അവരെ വീണ്ടും ഭക്ഷണം കഴിക്കാൻ വിളിച്ചു... അകീല മാത്രം വന്ന് ഭക്ഷണം കഴിച്ചു... ജിപ്സിയും ഭഗീരയും രണ്ടു സ്ഥലത്തായി കിടക്കുന്നു... എനിക്ക്‌ എന്തോ പന്തികേട്‌ തോന്നി.. അപ്പോഴെക്കും ഭഗീര ചർദ്ദിക്കാൻ തുടങ്ങി... ക്ഷീണം കൂടിക്കൂടി വന്നു... അവന്റെ അടുത്ത്പോയി ഞാൻ സസൂക്ഷ്മം ശരീരമാകെ പരിശോധിച്ചു......താടിക്കടിയിൽ രണ്ട്‌ ചോര പൊടിഞ്ഞ പാടുകൾ..ഉടനെ കൊക്കാലയിലെ മൃഗാശുപത്രിയിലേക്ക്‌ വിട്ടു... അവിടെ ചെന്നപ്പോഴാണു അവർ 12 മണിക്ക്‌ അടക്കും എന്നറിഞ്ഞത്‌... സ്ഥിരമായി പട്ടികൾക്ക്‌ മരുന്നും മറ്റു സാധനങ്ങളും വാങ്ങാറുള്ള മെഡിക്കൽ ഷോപ്പിലേക്ക്‌ പോയി അയാളോട്‌ കാര്യം പറഞ്ഞു.. അയാൾ തന്റെ മൊബെയിലിൽ നിന്നും മിഥുൻ നീലുകാവിലിനെ വിളിച്ചു... അദ്ധേഹം പാട്ടുരായ്ക്കലിലെ തന്റെ ക്ലിനിക്കടച്ച്‌ വീട്ടിലേക്ക്‌ മടങ്ങുന്ന വഴിയായിരുന്നു.. എന്റെ അഭ്യർത്ഥന മാനിച്ച്‌ അദ്ധേഹം വീട്ടിലേക്ക്‌ വരാൻ തയ്യാറായി... അദ്ധേഹം വീട്ടിലെത്തുമ്പോഴെക്കും ഭഗീരയുടെ നില വല്ലാതെ വഷളായി.. വന്നയുടൻ ആന്റിവെനം കൊടുത്തു, മറ്റ്‌ ആന്റിബയോട്ടിക്കുകളും ആരംഭിച്ചു...


പോകുമ്പോൾ ഞാൻ ഡോക്ടറോട്‌ ചോദിച്ചു.. "ഡോക്ടർ, എന്തെങ്കിലും പ്രതീക്ഷയുണ്ടോ? " അദ്ധേഹം പറഞ്ഞു "ഒന്നും പറയാനാവില്ല, 48 മണിക്കൂർ കഴിയാതെ"
പിറ്റേ ദിവസം സ്ഥിതി വീണ്ടും വഷളായി, ഭഗീരക്ക്‌ അനങ്ങാൻ പറ്റാത്ത അവസ്ഥ! വായിൽ നിന്ന് നുരയും പതയും വരുന്നു, ഇടക്കിടെ ചർദ്ദിക്കുന്നു... മൂത്രത്തിൽ മുഴുവൻ രക്തം! എല്ലാ പ്രതീക്ഷയും അവിടെ അവസാനിക്കുകയായിരുന്നു... രാത്രി ഉറങ്ങാൻ പോകുമ്പോൾ ഞാൻ അവനു നെറ്റിയിൽ ഒരു ഉമ്മകൊടുത്തു... ഒരു പക്ഷെ അവനെ നാളെ ജീവനോടെ കാണാൻ കഴിയില്ല എന്ന് തന്നെ എന്റെ മനസ്സ്‌ എന്നോട്‌ പറഞ്ഞുകൊണ്ടിരുന്നു..

പിറ്റേ ദിവസം ,അത്ഭുതകരമെന്ന് പറയട്ടെ, ഞങ്ങളെയെല്ലാവരെയും അമ്പരപ്പിച്ച്‌ കൊണ്ട്‌ ഭഗീര നടന്നു തുടങ്ങി... അവൻ ഒരുപാട്‌ വെള്ളം കുടിച്ചു.. എന്റെ അടുത്തേക്ക്‌ നടന്ന് വന്ന് തല എന്റെ മടിയിൽ വച്ചു... 48 മണിക്കൂർ കഴിഞ്ഞു.. ഭഗീരക്കൊന്നും പറ്റിയില്ല.. ഞാൻ ഒരു നീണ്ട നെടുവീർപ്പിട്ടു. അതെ ഭഗീരയും ജിപ്സിയും മരണത്തിന്റെ നൂൽപ്പാലത്തിനപ്പുറം കടന്നിരിക്കുന്നു... ഇതെഴുതുമ്പോൾ ജിപ്സി പഴയതുപോലെ ഉഷാറായി എന്നെ നോക്കിയിരിക്കുന്നുണ്ട്‌... ഭഗീര ഭക്ഷണമൊന്നും കഴിച്ചു തുടങ്ങിയിട്ടില്ലെങ്കിലും എന്തോ മനസ്സു പറയുന്നു, അവന്റെ കാര്യത്തിൽ ഇനി ആശങ്ക വേണ്ടെന്ന്...

കൂടെ നിന്ന , ധൈര്യം തന്ന, എല്ലാ സുഹ്രുത്തുക്കൾക്കും അകമഴിഞ്ഞ നന്ദി! ആശുപത്രിയിലേക്ക്‌ കൂടെ വന്ന , സുമേഷ് ബെല്ലാരി ഒറ്റമൂലികൾ പറഞ്ഞു തരികയും, ആശുപത്രിയിലും വീട്ടിലുമായി വന്ന് ആശ്വാസമേകിയ സുരേഷ് പിജി ഏറ്റവും കൂടുതൽ സ്നേഹം ഡോ.മിഥുനോടാണു..കൂടെ അറിഞ്ഞു കണ്ട്‌ താങ്ങായതിനു! തക്ക സമയത്ത്‌ വേണ്ടത്‌ ചെയ്ത്‌ തന്നതിനു! ഇപ്പോഴും കൂടെ നിന്ന് വിവരങ്ങൾ തിരക്കുന്നതിനു!



Tags:
  • Spotlight