Friday 17 April 2020 11:30 AM IST

വീട്ടില്‍ മര്യാദക്കാരനായിക്കോ... ഇല്ലെങ്കിൽ ‘ഒറ്റ എസ്.എം.എസ് മതി ജീവിതം മാറി മറിയാൻ’! ഗാർഹിക അതിക്രമങ്ങൾ വാട്സ്ആപ്പും എസ്.എം.എസും വഴി റിപ്പോർട്ട് ചെയ്യാം

Shyama

Sub Editor

house

ലോക്ക്ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ കേൾക്കുന്നൊരു വാചകമാണ് 'വീടുകളിൽ സുരക്ഷിതരായിരിക്കൂ' എന്നത്. പൊതുവായി ഇങ്ങനെ പറയുമ്പോഴും വീടുകളിൽ ഒട്ടും സുരക്ഷിതരല്ലാത്ത പലയാളുകൾക്കും നമ്മുടെ നാട്ടിലുണ്ട്, പ്രധാനമായും സ്ത്രീകളും കുട്ടികളും. അവർക്കൊരു ആശ്വാസമായി എത്തുകയാണ് 9400080292എന്ന വാട്സാപ്പ്/എസ്.എംഎസ്.നമ്പർ. വനിതാശിശുവികസന, ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രത്യേക താല്പര്യപ്രകാരം കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ച ഹൽപ്പ്ലൈൻ നമ്പറാണ് ഇത്. സംസ്ഥാന വനിത ശിശു വികസന വകുപ്പും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും ചേർന്നാണ് ഈ സംവിധാനം നടത്തുന്നത്.
പരാതികൾ കിട്ടിയാൽ എത്രയും വേഗത്തിൽ നടപടിയുണ്ടാകും എന്നതാണ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രതേകത.
* വാട്സ്ആപ്പ്/ എസ്‌എം‌എസ് വഴി പരാതി അയക്കുമ്പോൾ പേര്, കൃത്യമായ അഡ്രസ്, കോൺടാക്റ്റ് നമ്പർ എന്നിവ വെക്കാൻ ശ്രദ്ധിക്കുക. കഴിയുമെങ്കിൽ ലൊക്കേഷൻ കൂടി ഷെയർ ചെയ്യുക.
ഉടനടി വിവരങ്ങൾ പരിശോധിക്കാൻ ഇതുവഴി സാധിക്കും.
*ആദ്യം ഇത് ശരിയായ പരാതിയാണോ എന്ന് വകുപ്പുതല സംവിധാനങ്ങൾ ഉപയോഗിച്ച് അന്വേഷിക്കും. തുടർന്ന് ഫോണീലൂടെ ബന്ധപ്പെടുകയും, ഫോണിലൂടെ പറയാൻ ബുദ്ധിമുട്ടുള്ളവരെ നേരിട്ട് പോയി കണ്ട് സംസാരിക്കുമകയും ചെയ്യും. മുൻപ് കേസുകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും. ഉടൻ തന്നെ നടപടി എടുക്കും.
* ഓരോ ജില്ലകളിലെയും വനിത സംരക്ഷണ ഓഫീസർമാർ അതാത് ഉദ്യോഗസ്ഥരുമായി ചേർന്ന് നടപടികളെടുക്കും. പോലീസിന്റെ താക്കീത്, മാറ്റിപ്പാർപ്പിക്കൽ എന്നിവയൊക്കെ ചെയ്യും. കുട്ടികളുടെ കേസുകളാണെങ്കിൽ അതത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനു കേസ് കൈമാറും.
*വാട്സ്ആപ്പ് ഇല്ലാത്തവർക്ക് വനിതകൾക്കുള്ള ഹെല്പ് ലൈൻ നമ്പറായ 181 ചൈൽഡ് ലൈൻ 1098 എന്നിവ വഴിക്കും പരാതികൾ നൽകാവുന്നതാണ്.
* നിങ്ങളുടെ വീട്ടിൽ നടക്കുന്നത് മാത്രമല്ല അയല്പക്കത്തോ അറിയാവുന്നവർക്കോ ഒക്കെ ഉണ്ടാകുന്ന അതിക്രമങ്ങളും കൃത്യമായ വിവരങ്ങൾ വെച്ച് റിപ്പോർട്ട്‌ ചെയ്യാം. വിളിക്കുന്ന വ്യക്തിയെ കുറിച്ചുള്ള ഒരു വിവരവും പുറത്തറിയുമെന്ന പേടി വേണ്ട.
വിദേശത്ത് നിന്ന് നാട്ടിലുള്ള വീട്ടിൽ നടക്കുന്ന അതിക്രമത്തെ കുറിച്ച് പരാതി വന്നിരുന്നു, നടപടി എടുത്തു. അന്യസംസ്ഥാനത്തുള്ള മലയാളികൾ വിളിച്ചപ്പോഴും നമുക്ക് അവിടുത്തെ പോലീസിനെ അറിയിച്ച് വേണ്ട ഇടപെടൽ നടത്താൻ സാധിച്ചു.
* ഹെല്പ്ലൈൻ നമ്പർ ആയത്കൊണ്ട് ഇതിലൂടെ ലഭിക്കുന്ന എല്ലാത്തരം പരാതികളും അതാത് വകുപ്പുകളെ അറിയിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ട്.
* സൈബർ കുറ്റകൃത്യങ്ങളും ഈ സംവിധാനം വഴി റിപ്പോർട്ട്‌ ചെയ്യാം.അശ്ലീല സന്ദേശങ്ങൾ അയക്കുക, ചിത്രങ്ങളും വീഡിയോസും അയക്കുക, ഭീഷണിപെടുത്തുക, അപകീർത്തിപെടുത്തുക എന്നിങ്ങനെ എന്ത് തരം പ്രശ്നങ്ങളും ഇതിലൂടെ റിപ്പോർട്ട്‌ ചെയ്യാം. കഴിവതും സ്ക്രീൻഷോർട്ടുകൾ സൂക്ഷിക്കുക. സ്നേഹം കാണിച്ചിട്ട് പിന്നീട് കുരുക്കിൽ പെടുത്തുന്ന പലതരം കേസുകളുണ്ട്, മറച്ചു വെക്കാതെ അതിനെതിരെ ധൈര്യമായി മുന്നോട്ട് വരിക. കുറ്റക്കാർക്കെതിരെ സൈബർ കേസ് എടുക്കുകയും അവരെ വിളിച്ച് വരുത്തി ഫോണുകൾ പരിശോധിക്കാനും ഒക്കെയുള്ള നടപടികൾ വെച്ച് താമസിപ്പിക്കാതെ ഉടൻ നടപ്പിലാക്കും.
വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി വി അനുപമ ഐ‌എ‌എസിന്റെ കീഴിലാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.