Saturday 15 August 2020 03:34 PM IST : By സ്വന്തം ലേഖകൻ

വെര്‍ച്വല്‍ലോകത്ത് അവര്‍ ഒത്തുകൂടി, 30 കൊല്ലത്തെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിച്ചു; നന്മയും നല്ലോര്‍മ്മകളുമായി ഡിബി ബോയ്‌സ് 91

db

ജീവിതത്തിലെ സുന്ദരമായ ഏട്... അത് നമ്മുടെ സ്‌കൂള്‍ ജീവിതം തന്നെയായിരിക്കും. എത്ര ഉയരത്തില്‍ പറന്നാലും, ഏറെ ദൂരം മുന്നോട്ട് പോയാലും ഒരിക്കല്‍ കൂടി ആ സുന്ദര തീരത്തേക്ക് എത്താന്‍ നമ്മള്‍ കൊതിക്കും. സ്‌കൂള്‍ കാല ഓര്‍മ്മകള്‍ അത്രമേല്‍ സുന്ദരം. തൃശൂര്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ 1991 ബാച്ച് ആ സുന്ദരമായ ഓര്‍മ്മകളെ തിരികെ വിളിക്കുകയാണ്. സ്‌കൂള്‍ ജീവിതത്തിന്റെ 30 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി യൂ ട്യൂബ് വെര്‍ച്വല്‍ വിഡിയോ പുറത്തിറക്കുകയാണ് ഈ സൗഹൃദക്കൂട്ടം. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഡിയോയിലാണ് 30 വര്‍ഷത്തെ ഓര്‍മ്മകള്‍ വെര്‍ച്വല്‍ രൂപത്തില്‍ പുനര്‍ജനിച്ചത്. 

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ജീവിക്കുന്ന 125 പൂര്‍വ വിദ്യാര്‍ത്ഥികളേയും അന്നത്തെ അധ്യാപകരേയും പ്രധാന അധ്യാപകരേയും കോര്‍ത്തിണക്കിയാണ് ഈ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. 

തങ്ങളുടെ തന്നെ സ്‌കൂളിലെ 8,9, 10 ക്ലാസുകളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇരുപതോളം വിദ്യാര്‍ത്ഥികളുടെ പഠന ചെലവ് ഏറ്റെടുത്തും മുക്കാട്ടുകര ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള പഠന സാമഗ്രികള്‍ക്കുള്ള ചെലവ് വഹിച്ചു കൊണ്ടും ഇവര്‍ നന്മയുടെ ഉദാത്ത മാതൃക തീര്‍ക്കുന്നു. ഹൃദയം നിറയ്ക്കുന്ന നന്മയും സൗഹൃദത്തിന്റെ ഓര്‍മ്മകളും സമ്മേളിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയും ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്.