Thursday 18 January 2018 05:29 PM IST

മീൻമുള്ളു പോലെയുള്ള ആന്റിനകൾ ഭൂതകാല ഓർമ്മകളാകുന്നു; അന്നത്തെ സൂപ്പർതാരങ്ങൾ ഇന്ന്!

Roopa Thayabji

Sub Editor

d-antenna

വീടിനു മുകളിൽ തല ഉയർത്തി നിൽക്കുന്ന ടെലിവിഷൻ ആന്റിനകൾ ഒരുകാലത്ത് ആഡംബരത്തിന്റെ കൂടി ചിഹ്‌നമായിരുന്നു. മീൻമുള്ളു പോലെയുള്ള ആ ആന്റിന പിന്നീട് കേബിൾ ടിവികൾക്കും ഡിടിഎച്ചുകൾക്കും വഴിമാറി. എങ്കിലും പഴമയുടെ പെരുമ പോലെ ചില വീടുകളിൽ ഇപ്പോഴും ആ ആന്റിന അങ്ങനെ തലയെടുപ്പോടെ നിൽപ്പുണ്ട്. ഇപ്പോഴിതാ ആ കാലഘട്ടത്തിനും അന്ത്യമാകാൻ പോകുന്നു.

കേരളത്തിലെ 14 ലോ-പവര്‍ ട്രാന്‍സ്മിറ്റര്‍ (എല്‍പിടി) ഉള്‍പ്പെടെ ഇന്ത്യയിലെ 272 പ്രസരണികള്‍ പൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ രീതിയിലുള്ള ഭൂതല സംപ്രേഷണം അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി ബോര്‍ഡ് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണിത്. ശക്തി കുറഞ്ഞ പ്രസരണികള്‍ അടച്ചുപൂട്ടി ആയിരത്തിലധികം വരുന്ന ജീവനക്കാരെ മറ്റു സ്ഥലങ്ങളില്‍ വിന്യസിക്കാന്‍ ദൂരദര്‍ശന്‍ ഡയറക്ടര്‍ ജനറല്‍ 12ന് ഇറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

ദൂരദര്‍ശന്‍ ഡിടിഎച്ച് സര്‍വീസ് ആരംഭിച്ചപ്പോള്‍ത്തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ എന്‍ജിനീയറിങ് ജീവനക്കാരുടെ പുനര്‍വിന്യാസം സംബന്ധിച്ച തര്‍ക്കംമൂലം അത് നീണ്ടുപോയി. കേബിള്‍ സര്‍വീസും സ്വകാര്യ ഡിടിഎച്ച് സംവിധാനവും വ്യാപകമായതോടെ ദേശീയപരിപാടികള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്ന ദൂരദര്‍ശന്റെ ഭൂതല സംപ്രേഷണത്തിന് തീരെ കാണികളില്ലെന്ന് സര്‍വേകളില്‍ വ്യക്തമായിരുന്നു.

പൈനാവ്, മലപ്പുറം, പാലക്കാട്, കുളപ്പുള്ളി, അട്ടപ്പാടി, കല്പറ്റ, പുനലൂര്‍ തുടങ്ങിയ ലോ-പവര്‍ ട്രാന്‍സ്മിറ്ററുകള്‍ ഇപ്പോള്‍ പൂട്ടുന്ന ലിസ്റ്റിലില്ല. ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രസാരണം സാധ്യമാക്കുന്നതിനുവേണ്ടി ഇവയില്‍ ചിലത് ഉപയോഗിച്ചേക്കും. ഡിജിറ്റല്‍ പ്രസരണികളിലൂടെ ആന്റിനയില്ലാതെ അഞ്ച് ചാനലുകള്‍വരെ ലഭിക്കും. 10 മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള ചുറ്റളവില്‍ മൊബൈല്‍ ഫോണിലും ഇത് ലഭ്യമാകും. ചില സ്ഥലങ്ങളില്‍ ആകാശവാണിയുടെ അനന്തപുരി എഫ്എം നിലയത്തിന്റെ പരിപാടികള്‍ ഈ ട്രാന്‍സ്മിറ്ററുകളില്‍ സ്ഥാപിച്ചിട്ടുള്ള റിലേ കേന്ദ്രങ്ങള്‍ വഴി പ്രക്ഷേപണം ചെയ്യുന്നുണ്ട്.

ദൂർദർശൻ മലയാളം വാർത്തകൾ അവതരിപ്പിച്ചു തുടങ്ങിയ കാലത്ത് സൂപ്പർതാരങ്ങളുടെ പകിട്ടുണ്ടായിരുന്ന ചിലരുണ്ട്. അവരുടെ കഥ ചുവടെ;

ടെലിവിഷനെന്ന ചെറിയ പെട്ടി നമ്മുടെ വീട്ടിനുള്ളിലേക്കു വന്നിട്ട് വർഷം മുപ്പതു കഴിഞ്ഞു. ദൂരദർശനിലെ ചിത്രഗീതത്തിന്‍റെയും സ്മൃതിലയത്തിന്റെയും സമയക്രമത്തിനനുസരിച്ചാണു മലയാളികള്‍ അന്നു ദിവസം ചിട്ടപ്പെടുത്തിയിരുന്നത്. ഓണമായാലും വിഷുവായാലും ടിവി പരിപാടികൾക്കു മുന്നിൽ കണ്ണുനട്ടിരുന്ന നൊസ്റ്റാൾജിയയുടെ കാലം. വാര്‍ത്താവായനക്കാരായും അവതാരകരായും വന്നവരൊക്കെ സ്നേഹത്തോെട മനസ്സില്‍ കൂടുകൂട്ടി. പഴയ കാലം ഓർമകളിൽ മറഞ്ഞെങ്കിലും മനസ്സിൽ ഓർത്തുവയ്ക്കുന്ന ചില മുഖങ്ങളുണ്ട്. ഇത്തിരി മധുരവുമായി ഇതാ അവരില്‍ ചിലര്‍.

തിരുവോണം, അമ്മയുടെ ജന്മദിനം: ഹേമലത

d-hemalatha
ഫോട്ടോ: സരിൻ രാംദാസ്

അച്ഛന്റെ നാടു കോട്ടയമാണെങ്കിലും ജോലി പ്രമാണിച്ച് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. സ്കൂൾകാലമൊക്കെ കോട്ടൺ ഹില്ലിലാണ്. പിജിക്കു ചേർന്ന കാലത്താണ് ആകാശവാണിയിൽ പരസ്യം കേട്ട് ദൂരദർശനിലേക്ക് അപേക്ഷിച്ചതും ജോലി ലഭിച്ചതും. കുറച്ചുനാൾ ട്രെയിനിങ് ഉണ്ടായിരുന്നു. 1985 ജനുവരി ഒന്നാം തീയതി ടാഗോർ തിയറ്ററിലായിരുന്നു മലയാളം ദൂരദർശന്‍റെ ഉത്ഘാടന പരിപാടികള്‍. ലൈവ് ടെലികാസ്റ്റ് ആയിരുന്നു. പിറ്റേ ദിവസം മുതൽ വാർത്താ ബുള്ളറ്റിൻ തുടങ്ങി. ആദ്യ ബുള്ളറ്റിൻ വായിച്ചത് എന്റെ ഭർത്താവ് കണ്ണനാണ്. തൊട്ടടുത്ത ദിവസം ഞാൻ വായിച്ചു. അന്നു ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. ആ കഥ പിന്നാലെ പറയാം.

രാത്രിയിലെ ഒറ്റ ബുള്ളറ്റിനേ അന്നുള്ളൂ. ടെലിപ്രിന്റര്‍ പോ ലും അന്നില്ല. ഉച്ച കഴിഞ്ഞ് ഓഫിസിലെത്തിയാൽ ആകാശവാണി വാർത്തയും ന്യൂസ്പേപ്പറും നോക്കി വാർത്ത തയാറാക്കും. വർഷങ്ങൾ കഴിഞ്ഞാണ് പിടിഐയുടെയും യുഎൻഎയുടെയും ടെലിപ്രിന്ററുകൾ വന്നത്. തയാറാക്കിയ വാർത്ത ടൈപ്പ്റൈറ്ററിൽ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്താണ് വായിക്കുന്നത്. കട്ടി കുറഞ്ഞ സാധാരണ പേപ്പറിലാണ് പ്രിന്റ് എടുക്കുക. മുകളിലെ പേപ്പർ മാറ്റുമ്പോൾ പലപ്പോഴും അടുത്തതു കൂടി നീങ്ങിപ്പോകും. വാർത്തയുടെ തുടർച്ച കണ്ടുപിടിക്കാൻ പറ്റാതെ തപ്പിത്തടയാൻ തുടങ്ങിയപ്പോൾ ഒരു വഴി കണ്ടുപിടിച്ചു, ഗ്രാഫിക്സ് ഒക്കെ എഴുതുന്ന കട്ടിയുള്ള ബോർഡിൽ ഓരോ ഷീറ്റും പിൻ ചെയ്തു വയ്ക്കുക.

പഴയ ടൈപ്പ്റൈറ്റർ പ്രിന്റിലെ ചെറിയ അക്ഷരങ്ങൾ തപ്പിപ്പെറുക്കി വായിക്കുമ്പോൾ തെറ്റിപ്പോകുമായിരുന്നു. അബദ്ധങ്ങളൊക്കെ പറ്റിയിട്ടുണ്ട്. എംഎൽഎ ആയിരുന്ന എ.വി താമരാക്ഷന്റെ പേര് ടൈപ്പ് ചെയ്തു തന്നത് ‘എ.വി. താമരായൻ’ എന്നാണ്. ഞാൻ അതുപോലെ തന്നെ വായിച്ചു. പിന്നെ പലപ്പോഴും ഇതു പറഞ്ഞ് ചീഫ് എഡിറ്റർ പേടിപ്പിക്കുമായിരുന്നു, നിയമസഭയിൽ പോയി മറുപടി പറയേണ്ടി വരുമെന്ന്.

ഒാണസദ്യ കഴിഞ്ഞ് ഒാഫിസിലേക്ക്

ദൂരദർശൻ മലയാളം വാർത്ത തുടങ്ങിയ കാലം മുതലേ തിരുവോണ ദിവസത്തെ വാർത്ത എന്റെ ചുമതലയാണ്. എന്റെ അമ്മ ശാന്തയുടെ ജന്മദിനം കൂടിയാണ് ചിങ്ങത്തിലെ തിരുവോണം. വൈകിട്ട് ഏഴു മണിയുടെ ബുള്ളറ്റിൻ വായിക്കാന്‍ ഓണസദ്യ കഴിച്ചിട്ട് വേഗം ഓഫിസിലേക്ക് പോകും. ഇപ്പോൾ ഒരു ദിവസം  ഏഴു ബുള്ളറ്റിനുകളുണ്ട്. ദൂരദർശൻ കേന്ദ്രത്തിനു തൊട്ടടുത്തു താമസിക്കുന്നതിനാൽ തിരുവോണത്തിന് ഉച്ചയ്ക്കുള്ള ബുള്ളറ്റിന്‍ മിക്കവാറും വായിക്കേണ്ടിവരും.

ആദ്യകാലത്ത് റിപ്പോർട്ടിങ്ങും ചെയ്യണമായിരുന്നു. 1985ലെ എസ്എസ്എൽസി ഒന്നാം റാങ്കുകാരി മഞ്ജുവിനെ ഇന്റർവ്യൂ ചെയ്തത് ഇപ്പോഴും ഓർമയുണ്ട്. ഇപ്പോഴത്തെ കുട്ടികൾ വലിയ ചരിത്രസംഭവങ്ങളായി പഠിക്കുന്ന പല സുപ്രധാന കാര്യങ്ങളും വാർത്തയിൽ വായിച്ചിട്ടുണ്ട്, ജർമൻ മതില്‍ പൊളിച്ചതും നെൽസൺ മണ്ടേല മോചിതനായതുമൊക്കെ.  തട്ടേക്കാട് ബോട്ടപകടം നടന്നപ്പോൾ സ്പെഷൽ ബുള്ളറ്റിൻ ചെയ്യാൻ പോയിട്ടുണ്ട്. അന്ന് പാതിരാത്രിയില്‍ വരെ വാർത്ത ലൈവായി കൊടുത്തു.

ഒട്ടും ഇമോഷണൽ ആകാതെ വാർത്ത വായിക്കണം  എന്നാണ് ഞങ്ങളെ പഠിപ്പിച്ചിരുന്നത്. ശരീരം പോലും ചലിപ്പി ക്കാനാകില്ല. വേറെ വാർത്താ അവതരണം കണ്ടിട്ടില്ലാത്തതു കൊണ്ട് പേടിയില്ലായിരുന്നു. ഡൽഹി ദൂരദർശനിലെ വാർത്താ അവതാരകരുടെ രീതിയൊക്കെ നോക്കി പഠിക്കുമെങ്കിലും എല്ലാവരും സ്വന്തമായി ശൈലി രൂപപ്പെടുത്തി എടുക്കുകയായിരുന്നു. വലിയ താരപരിവേഷമായിരുന്നു അന്ന് ഞങ്ങള്‍ക്ക്. ഉത്ഘാടനങ്ങൾക്കൊക്കെ വിളിക്കും.

അങ്ങനെയിരിക്കെയാണ് കണ്ണന്റെ വിവാഹാലോചന വന്നത്. ദൂരദർശനിലെ ഞങ്ങളുടെ പരിചയമാണ് വിവാഹത്തിൽ എത്തിച്ചതെങ്കിലും പ്രണയമൊന്നും ഇല്ലായിരുന്നു. ആകാശവാണിയില്‍ ‘റേഡിയോ അമ്മാവൻ’ ആയിരുന്ന പി. ഗംഗാധരൻ നായരും ടി.പി. രാധാമണിയുമാണ് കണ്ണന്റെ അച്ഛനുമമ്മയും.

സ്വകാര്യ ചാനലുകൾ വന്ന സമയത്തൊക്കെ ഓഫറുകളുണ്ടായിരുന്നു എങ്കിലും വേണ്ടെന്നു വച്ചു. ഇപ്പോൾ ദൂരദർശനിൽ ന്യൂസ് എഡിറ്ററാണ്. അതാത് സമയത്തെ ബുള്ളറ്റിനുകളിലേക്കുള്ള വാർത്തകൾ തിരഞ്ഞെടുക്കുന്നതും തയാറാക്കുന്നതുമെല്ലാമാണ് ഇപ്പോഴത്തെ ചുമതല. ഇടയ്ക്ക് വാർത്ത വായനയുമുണ്ട്.

(ഏഴുമാസം ഗർഭിണിയായിരുന്നപ്പോൾ വരെ വാർത്ത വായിക്കുമായിരുന്നു. മുമ്പിലിരിക്കുന്ന മേശയിൽ വയറു മുട്ടുന്ന സമയമായപ്പോൾ ലീവെടുത്തു. പ്രസവം കഴിഞ്ഞ് മൂന്നുമാസം ലീവുണ്ടായിരുന്നെങ്കിലും രണ്ടുമാസം കഴിയും മുമ്പേ തന്നെ മറ്റൊരാളിന്റെ ഗ്യാപ്പിൽ അത്യാവശ്യമായി എന്നെ വിളിപ്പിച്ചു. ഇപ്പോൾ മോൾ പൂർണിമ മാർ ഇവാനിയോസിൽ നിന്ന് ബിഎയും മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് മീഡിയ കമ്മ്യൂണിക്കേഷനും കഴിഞ്ഞ് റേഡിയോ മാംഗോയിൽ അസിസ്റ്റന്റ് പ്രൊഡ്യൂസറാണ്.)

കസറ്റിൽ റിക്കോർഡ് ചെയ്തു കേട്ട ശബ്ദം: ഇന്ദു

d-indu

എന്നെക്കുറിച്ച് വീട്ടുകാർ പറയുന്ന ഒരു കാര്യമുണ്ടായിരുന്നു, അവതാരകയാകാൻ വേണ്ടി ജനിച്ചവൾ എന്ന്. പഴയ ടേപ്പ് റിക്കോർഡറിൽ സ്വന്തം ശബ്ദം റിക്കോർഡ് ചെയ്തു കേട്ടിരുന്നു പണ്ട്. പിന്നീട് അവതാരകയാകാനുള്ള നിയോഗം എന്നെ തേടിയെത്തി, അതും മലയാളം ദൂരദർശന്റെ ആദ്യദിനത്തിൽ തന്നെ.

തിരുവനന്തപുരത്താണു വീട്. ഓൾ സെയിന്റ്സ് കോളജിലായിരുന്നു ഡിഗ്രി പഠിച്ചത്. പ്രൈവറ്റായി എംഎയും ചെയ്തു. ഡൽഹി ദൂരദർശൻ പതിവായി കാണുമായിരുന്നു. 1983ലെ ഏഷ്യാഡിന്റെ സമയത്താണ് നാട്ടിൽ ഡൽഹി ദൂരദർശൻ കിട്ടിത്തുടങ്ങിയത്. അന്നേ വാർത്താ അവതാരകരെ കാണുമ്പോൾ കൊതിയാണ്. സാധനാ ശ്രീവാസ്തവയാണ് എന്റെ മോഹത്തിന് ശക്തി കൂട്ടിയത്. ഒരു ദിവസം ഞാൻ ഓഡിയോ കസറ്റിൽ ശബ്ദം റിക്കോർഡ് ചെയ്തു കേട്ടുനോക്കി. കൂട്ടുകാരെയൊക്കെ കേൾപ്പിച്ചപ്പോൾ അവർക്ക് എന്റെ ശബ്ദമാണെന്ന് മനസ്സിലായതേയില്ല. അങ്ങനെയിരിക്കെയാണ് മലയാളത്തിൽ അവതാരകരെ ക്ഷണിച്ചു കൊണ്ട് ഡൽഹി ദൂരദർശനിൽ അറിയിപ്പ് കണ്ടത്. ആദ്യത്തെ സെലക്ഷനിൽ അമ്പതോളം പേരുണ്ടായിരുന്നു. പിന്നെ അത് 20 ആയി ചുരുങ്ങി.

തത്സമയം ഒരു പെണ്‍കുട്ടി

ദൂരദർശന്റെ ഉത്ഘാടന പരിപാടിയിൽ പല തരം സാംസ്കാരിക പരിപാടികൾ ഉണ്ടായിരുന്നു. ഓരോ പരിപാടിയും അവതരിപ്പിക്കാന്‍ ഒാരോരുത്തര്‍. താരാ കല്യാണ്‍ അവതരിപ്പിച്ച മോഹിനിയാട്ടത്തിന്റെ ഇൻട്രൊഡക്ഷനാണ് ഞാൻ ചെയ്തത്. തത്സമയം പറയുന്നതിന്‍റെ ടെൻഷനൊന്നും ഇല്ലായിരുന്നു. പിറ്റേ ദിവസം മുതൽ സ്റ്റുഡിയോ അനൗൺസ്മെന്റുകൾ ചെയ്തു തുടങ്ങി. വൈകിട്ട് ആറര മുതൽ ഒരു മണിക്കൂറു മാത്രമുള്ള മലയാളം ടെലികാസ്റ്റിന്റെ അറിയിപ്പായിരുന്നു അത്.

ചിത്രഗീതവും ചിത്രഹാറുമൊക്കെ ആരംഭിച്ച കാലത്താണ് മലയാളം ടെലികാസ്റ്റിന്റെ സമയം നീട്ടിയത്. അപ്പോൾ കത്തുകൾക്ക് മറുപടി പറയുന്ന പ്രതികരണം, തിരനോട്ടം, പ്രത്യേക പരിപാടികളുടെ കോമ്പയറിങ് ഒക്കെ ചെയ്യുമായിരുന്നു. ആ സമയത്ത് അബദ്ധമൊക്കെ പതിവായിരുന്നു. പല അബദ്ധങ്ങളും ഞങ്ങൾക്കു മാത്രമേ മനസ്സിലാകൂ. അതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെട്ടു പോകും. ശങ്കരനാരായണൻ നമ്പി എന്നു പറയുന്നതിനു പകരം ശങ്കരനാരായണൻ നമ്പൂതിരി എന്നൊക്കെ അനൗൺസ് ചെയ്തിട്ടുണ്ട്. ലൈവ് ചെയ്യുന്നതിനിടെ എപ്പോഴാണ് നാക്കുടക്കുക എന്നു പറയാനാകില്ലല്ലോ.

ചിലപ്പോള്‍ െപട്ടെന്ന് ഒാഫിസില്‍ നിന്നു വിളി വരും. അതാണു െടന്‍ഷന്‍. സ്ക്രിപ്റ്റൊക്കെ പെട്ടെന്ന് എഴുതി തയാറാക്കി അവതരിപ്പിക്കുമ്പോൾ എന്തെങ്കിലുമൊക്കെ അബദ്ധം പറ്റാം. ദൂരദർശനിലെ ഓണ പരിപാടികളുടെ സ്ഥിരം അവതാരകയായിരുന്നു ഞാൻ. പരിപാടി അവതരിപ്പിക്കുന്നതിന് സെറ്റുസാരിയൊക്കെ ഉടുത്ത് നമ്മൾ ചെല്ലുമ്പോൾ നിലവിളക്കും നിറപറയുമൊക്കെയായി സെറ്റ് തയാറായിരിക്കും. നമ്മളെ കൊണ്ടു തന്നെ വിളക്ക് തെളിയിച്ചിട്ടാണ് പരിപാടി അനൗൺസ് ചെയ്യിച്ചിരുന്നത്.

ഒരു കൂട്ടുകാരിയാണ് കാസർകോടു നിന്ന് കല്യാണാലോചന കൊണ്ടുവന്നത്. ദൂരദർശനിൽ നിന്ന് പിന്നീട് ഏഷ്യാനെറ്റിലേക്ക് മാറിയിരുന്നു. അവിടെ പ്രഭാതപരിപാടിയായ ‘സുപ്രഭാതം’ തുടർച്ചയായി അഞ്ചുവർഷം അവതരിപ്പിച്ചു. പിന്നീട് അവിടെ നിന്നും വിട്ടു. ഇപ്പോൾ ഇടയ്ക്ക് അനിയനും ഞാനും കൂടി ദൂരദർശനു വേണ്ടി പരിപാടികൾ ചെയ്യാറുണ്ട്.

(ഭർത്താവ് വിജയകുമാര്‍ എസ്ബിഐയിൽ ചീഫ് മാനേജരാണ്. മൂത്ത മോനെ ഗർഭിണിയായിരുന്ന സമയത്ത് പ്രസവത്തിനു ഒരു ദിവസം മുമ്പുവരെ ദൂരദർശനിൽ പരിപാടി അനൗൺസ് ചെയ്തിട്ടുണ്ട്.  രണ്ടാമത്തെ മോന്റെ സമയത്ത് അത്രയും റിസ്ക്കെടുത്തില്ല. ഇപ്പോൾ മൂത്ത മകൻ പ്രണോയ് കരുൺ വിജയ് ഷില്ലോങ്ങിൽ ഐഐഎമ്മിലും ഇളയ മകൻ പ്രഹ്ലാദ് കരുൺ വിജയ് ബെംഗളുരുവിൽ ബിടെക്കിനും പഠിക്കുന്നു.)

എപ്പോഴും ചിരിയോടെ:  ഷീല രാജഗോപാൽ

d-rajes
ഫോട്ടോ: സരിൻ രാംദാസ്

ഡൽഹിയിലെ സ്കൂളിലും കോളജിലും പഠിച്ച ഞാൻ മലയാളം വാർത്ത വായിക്കുന്നത് ഒന്നു ആലോചിച്ചു നോക്കൂ. അദ്ഭുതം തോന്നുന്നില്ലേ. വാർത്താ വായനയ്ക്കാണു തിരഞ്ഞെടുത്തതെങ്കിലും പിന്നീട് അവതരണത്തിലേക്ക് മാറിയത് എന്റെയീ മറുനാടൻ പരിവേഷം കൊണ്ടാണ്. അച്ഛന് എയർലൈൻസിലായിരുന്നു ജോലി, അമ്മയ്ക്ക് ബാങ്കിലും. ആറന്മുളയാണ് നാടെങ്കിലും ഞാനും ചേട്ടനും ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. കേരളാ സ്കൂളിലും ഗാർഗി കോളജിലുമായി പഠനം. ഡിഗ്രി കഴിഞ്ഞ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ് ചെയ്ത സമയത്താണ് വിവാഹാലോചന വന്നത്. ഭർത്താവ് രാജഗോപാലിന് തിരുവനന്തപുരത്ത് സി– ഡാക്കിലായിരുന്നു ജോലി. അങ്ങനെ ഞാന്‍ ഇവിടെയെത്തി.

ഒട്ടും വഴങ്ങാത്ത പുതിയ ലിപി

ഒരു പക്കാ മലയാളി പെൺകുട്ടിയായി തിരുവനന്തപുരത്തു കഴിയുന്ന കാലത്താണ് ദൂരദർശനിൽ അവതാരകരെയും ന്യൂസ് റീഡർമാരെയും ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പുകള്‍ വന്നത്. ഡിഗ്രിയും മലയാളത്തിൽ നന്നായി സംസാരിക്കാനുള്ള കഴിവുമായിരുന്നു യോഗ്യത.

കേട്ടപ്പോൾ രസം തോന്നി, അപേക്ഷിച്ചു. ഇന്റർവ്യൂവും ഓ ഡിഷനും ട്രെയിനിങ്ങും കഴിഞ്ഞ് ന്യൂസ് റീഡറായാണ്  ചേർന്നത്. പക്ഷേ, പുതിയ ലിപി എത്ര ശ്രമിച്ചിട്ടും വഴങ്ങുന്നില്ല. ആദ്യമായി ന്യൂസ് വായിച്ചപ്പോൾ വലിയ പാടായിരുന്നു. ലൈവായി വായിക്കുന്നതിനിടെ തപ്പിത്തടയാൻ പറ്റില്ലല്ലോ. അങ്ങനെയാണ് അവതാരകയായി മാറ്റം വാങ്ങിയത്.

അപ്പോഴത്തെ വലിയ തലവേദന കാണാപ്പാഠം പഠിക്കുന്നതായിരുന്നു. അവതരിപ്പിക്കുന്ന പരിപാടിയുടെ ഇൻട്രൊ മുഴുവൻ കാണാപ്പാഠം  പഠിച്ച് ലൈവായി അവതരിപ്പിക്കണം. ഒരുവിധം അതൊക്കെ മാനേജ് ചെയ്തു. ആദ്യസമയത്ത് ഉച്ചരിക്കാൻ പാടുള്ള കുറേ വാക്കുകളുണ്ടായിരുന്നു. പലവട്ടം വായിച്ച് കാണാതെ പഠിച്ചിട്ടാണ് ക്യാമറയുെട മുന്നില്‍ വരിക. കാണാപ്പാഠം പഠിച്ചത് മറന്നു പോയി ബ്ലാങ്ക് ആയി ഇരുന്ന അവസരങ്ങളൊക്കെയുണ്ട്. അപ്പോൾ ഒരു നിമിഷം എന്തുചെയ്യണമെന്നു കൺഫ്യൂഷനാകും. പിന്നെ കൈയിലുള്ള സ്ക്രിപ്റ്റ് നോക്കി വായിച്ച് രക്ഷപെടും.

ആദ്യസമയത്തെ ഒരു അവതരണം എന്നെ ശരിക്കും വെള്ളം കുടിപ്പിച്ചു. മന്ത്രിമാരുമായി ജനങ്ങൾക്ക് സംവദിക്കാൻ അവസരം നൽകുന്ന ‘മുഖാമുഖം’ എന്ന പരിപാടി. മന്ത്രിയെ പരിചയപ്പെടുത്തേണ്ട ജോലി എനിക്കാണ്. മന്ത്രിയുടെ ജനനം മുതലുള്ള എല്ലാ കാര്യങ്ങളും നേട്ടങ്ങളുെട പട്ടികയും നിരനിരയായി ഉൾപ്പെടുത്തിയ വലിയ സ്ക്രിപ്റ്റാണ് തന്നത്. ഏതാണ്ട് ഒന്നൊന്നര പേജുണ്ട്. പഠിച്ചതു മുഴുവൻ പറഞ്ഞുതീരുമ്പോഴേക്കും ശരിക്കും വെള്ളം കുടിക്കും.

സ്ക്രീൻ കാഴ്ചയിൽ നല്ല ഭംഗിയുള്ള വലിയ വിലയില്ലാത്ത സാരികളാണ് അന്നു വാങ്ങിയിരുന്നത്. കാരണം ഒരു തവണ ഉടുത്ത സാരി മിനിമം ആറു മാസമെങ്കിലും കഴിഞ്ഞേ ഉടുക്കാറുള്ളൂ. പിന്നെ ബാക്ഗ്രൗണ്ട്, ഒപ്പമുള്ള അവതാരകരുെട ഡ്രസിന്‍റെ നിറം ഒക്കെ ശ്രദ്ധിക്കുകയും വേണം.

കുടുംബത്തിലെ ചടങ്ങുകള്‍ക്കും യാത്രക്കിടയിലും ഒക്കെ നല്ല ഗ്ലാമര്‍ പരിവേഷമായിരുന്നു. സിനിമാതാരങ്ങളെ കാണും പോലെ ആരാധനയോെട പലരും േനാക്കും. ഒരിക്കൽ മൂകാംബിക ക്ഷേത്രത്തിൽ വച്ച് ആന്ധ്രയിൽ നിന്നു വന്ന ഒരു മലയാളി കുടുംബം അടുത്തു കൂടി. ഒപ്പം നിന്നു ഫോട്ടോയെടുക്കണം എന്നു പറഞ്ഞ്. ഇന്ന് ഒാര്‍ക്കുമ്പോള്‍ രസമാണെങ്കിലും അന്നതൊക്കെ വലിയ ചമ്മലായിരുന്നു. ഇപ്പോള്‍ ചിലരൊക്കെ വന്നു ചോദിക്കും, ‘റിട്ടയർ ചെയ്യാറായില്ലേ..’ എന്ന്. ‘അതിനുള്ള സമയമായിട്ടില്ല, ഞാനിപ്പോഴും ചെറുപ്പമല്ലേ ’എന്നു മറുപടി െകാടുക്കും.

(മോനെ പ്രസവിക്കുന്ന സമയത്ത് അച്ഛന്റെയും അമ്മയുടെയും കൂടെ ഡൽഹിയിലായിരുന്നു. ആറു മാസം കഴിഞ്ഞാണ് ഡ്യൂട്ടിക്ക് കയറിയത്. രണ്ടുവർഷം കഴിഞ്ഞ് ഒരു ശനിയാഴ്ച ‘തിരനോട്ടം’ അവതരിപ്പിച്ചു കഴിഞ്ഞ് നേരെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. അതു മോള്‍ ആയിരുന്നു. മോൻ ശ്രീജിത് ഇപ്പോൾ ടിസിഎസിൽ എൻജിനിയറാണ്, മരുമകൾ ഐശ്വര്യയും  ആങ്കറിങ് ചെയ്യും. മോൾ സ്വാതിയും മരുമകൻ ശ്യാമും യുഎസ്ടി ഗ്ലോബലില്‍ ജോലി ചെയ്യുന്നു. അവരുടെ മോന്‍ റിഹാന് നാലുമാസമേ പ്രായമുള്ളൂ.)

തൃശൂർ ഭാഷയും വാർത്ത വായനയും: മായ ശ്രീകുമാർ

d-maya

മര്യാദയ്ക്കു പത്രം പോലും വായിക്കാത്ത, നന്നായി തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ആൾ വാർത്ത വായിച്ചാൽ എങ്ങനെയുണ്ടാകും. അതായിരുന്നു അക്ഷരാർഥത്തിൽ എന്റെ കാര്യത്തിൽ സംഭവിച്ചത്. പഠിത്തവും വിവാഹവുമൊക്കെ കഴിഞ്ഞ് കുട്ടിയുടെ കാര്യം നോക്കി വീട്ടിൽ നിന്ന ഞാനാണ് വാർത്താ അവതാരകയാകാൻ അപേക്ഷിച്ചത്.
തൃശൂരിലെ ചേലക്കരയാണ് സ്വദേശം. എറണാകുളം സെന്റ് തെരേസാസ് കോളജിലായിരുന്നു ഡിഗ്രി പഠിച്ചത്. എംഎയ്ക്ക് കാര്യവട്ടത്ത് ചേർന്ന കാലത്തായിരുന്നു വിവാഹം. ഞങ്ങളുടെ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ചേച്ചി സ്വന്തം അനിയനു വേണ്ടി എന്നെ ആലോചിക്കുകയായിരുന്നു. ഭർത്താവ് ശ്രീകുമാറിന് തിരുവനന്തപുരത്ത് അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കിലായിരുന്നു ജോലി. പിജി പൂർത്തിയാക്കി വീട്ടമ്മയായി ഇരിക്കുന്ന സമയത്താണ് മലയാളം ദൂരദർശൻ വരുന്നുണ്ടെന്ന് അറിയുന്നത്. അന്ന് മോൾക്ക് മൂന്നര വയസ്സാണ്.

തൃശൂരുകാരുടെ ചാഞ്ഞും ചരിഞ്ഞുമുള്ള മലയാളവും വച്ച് ഓഡിഷനു പോകാൻ എനിക്ക് വലിയ മടിയായിരുന്നു. ചേച്ചിയാണ് നിർബന്ധിച്ചത്. ഭാഗ്യത്തിന് ആദ്യ ചാൻസിൽ തന്നെ കിട്ടി. പക്ഷേ, എന്റെ തൃശ്ശൂർ ഭാഷ ഇടയ്ക്ക് കയറി വരുന്നുണ്ടോ എന്നൊരു സംശയം. അതൊക്കെ ഒഴിവാക്കിയെടുക്കാം എന്നു പറഞ്ഞാണ് സെലക്ട് ചെയ്തത്. ഒരു ടെൻഷനുമില്ലായിരുന്നു ലൈവായി വാർത്ത വായിക്കാൻ. കാരണം ടെൻഷൻ അടിക്കണമെങ്കിൽ കുറച്ചെങ്കിലും അറിവു വേണ്ടേ. അന്ന് ഞാൻ ടിവി കണ്ടിട്ടു പോലുമില്ല. ട്രെയിനിങ്ങിന് ചെന്നപ്പോഴാണ് ആദ്യമായി ടിവി കാണുന്നതു പോലും.

‘ശ്രീ’ വരുത്തി വച്ച വിന

ചെറിയ തെറ്റു പറ്റിയാൽ പോലും ന്യൂസ് എഡിറ്റർ അപ്പോൾ തന്നെ വിളിച്ചു തിരുത്തുമായിരുന്നു. പക്ഷേ, എത്ര ശ്രമിച്ചാലും ഇടയ്ക്ക് ചില നാക്കുടക്കലുകൾ പതിവാണ്.
വ്യക്തികളുടെ പേരിനൊപ്പം ‘ശ്രീ’ ചേർത്തു വായിക്കുന്നതു ദൂരദർശന്റെ രീതിയാണ്. അപ്പോള്‍ ‘ശ്രീ’ എന്നു പറഞ്ഞ് ഒരു െസക്കന്‍റ് നിര്‍ത്തിയിട്ടാണ് പേരു പറയുക. ഒരുതവണ റോക്കറ്റ് വിക്ഷേപണ വാർത്ത വായിച്ചപ്പോള്‍ ‘ശ്രീഹരിക്കോട്ട’ എന്നതിന് ‘ശ്രീ’  ‘ഹരിക്കോട്ട’ എന്നു രണ്ടായിട്ടാണ് ഞാന്‍ വായിച്ചത്. പറ്റിയ അബദ്ധമോർത്ത് എല്ലാവരും അന്നു ചിരിച്ചു.

മലനാട് വെടിക്കെട്ട് അപകടത്തിന്റെ വാർത്ത വായിച്ചത് ഇപ്പോഴും ഓർമയുണ്ട്. അപകടവാർത്ത നേരത്തേ അറിഞ്ഞെങ്കിലും അതിന്റെ വിഷ്വൽസ് കണ്ടത് ലൈവ് പോയ സമയത്താണ്. നെഞ്ചിനകത്ത് വല്ലാത്ത വിങ്ങൽ തോന്നി. വാർത്ത വായിച്ചിറങ്ങുമ്പോൾ മനസ്സിൽ വല്ലാത്ത ഭാരമായിരുന്നു. രാജീവ് ഗാന്ധിയുടെ മരണവാർത്ത വായിച്ചതും വേദനയാണ്.
പത്തര വർഷം ദൂരർശനിലുണ്ടായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയപ്പോൾ അങ്ങോട്ടു മാറി. അവിടെയും പത്തര വർഷം. പിന്നീട് അമൃതയിൽ. 32 വർഷത്തെ വാർത്താ ജീവിതത്തിന് കഴിഞ്ഞ വർഷമാണ് വിരാമമിട്ടത്.

സർക്കാർ മാധ്യമത്തിലും പ്രൈവറ്റ് മാധ്യമത്തിലും ജോലി ചെയ്യാനുള്ള അവസരം എനിക്കുണ്ടായി. ദൂരദർശനിൽ അവരുടെ നിയമാവലിയ്ക്കനുസരിച്ചു മാത്രമേ വാർത്ത വായിക്കാനാകൂ. ഏഷ്യാനെറ്റ് തുടങ്ങിയ സമയത്ത് ശശികുമാർ സാറായിരുന്നു എംഡി. അദ്ദേഹം മുമ്പ് ഡൽഹി ദൂരദർശനിൽ വാർത്ത വായിച്ചിരുന്ന ആളാണ്. ആ നിഴലിൽ നിന്നുമാറിയുള്ള വാർത്താ അവതരണരീതിയാണ് അദ്ദേഹം ഇവിടെ നടപ്പാക്കിയത്. ഏഷ്യാനെറ്റിന്റെ ആദ്യകാലത്ത് ഫിലിപ്പീൻസിൽ നിന്നും സിംഗപ്പൂരിൽ നിന്നുമായിരുന്നു വാർത്ത വായിച്ചിരുന്നത്.

(ടെലിവിഷനിലെ സെലിബ്രിറ്റി ഇമേജ് നന്നായി ആസ്വദിച്ചിരുന്ന ആളാണു ഞാന്‍. കുറേ സിനിമയിലും അഭിനയിച്ചു. മിക്കവയിലും വാർത്താ അവതാരകയുടെയോ ന്യൂസ് റിപ്പോർട്ടറുടെയോ റോളായിരുന്നു. പിടക്കോഴി കൂവുന്ന നൂറ്റാണ്ടിലും തച്ചോളി വർഗീസ് ചേകവരിലും ചില ടെലിഫിലിമുകളിലും നല്ല വേഷങ്ങൾ ചെയ്തു. നൃത്തം പഠിച്ചിരുന്നതു െകാണ്ട് മോൾക്കൊപ്പവും നിരവധി സ്റ്റേജുകളിൽ ഭരതനാട്യം അവതരിപ്പിച്ചിട്ടുണ്ട്. മോൾ ധന്യയും മരുമകൻ സുരേഷും ദന്തഡോക്ടർമാരാണ്. കൊച്ചുമോൾ ദിയ സുരേഷ് അഞ്ചാം ക്ലാസിൽ പഠിക്കുന്നു.)