Wednesday 20 November 2019 02:20 PM IST : By സ്വന്തം ലേഖകൻ

സ്ത്രീധനമായി 11 ലക്ഷം നൽകി, പണം നിരസിച്ച് വരൻ; പകരം ആവശ്യപ്പെട്ടത് കേട്ട് ഞെട്ടി വധുവിന്റെ കുടുംബം!

dowry-jithendra

സ്ത്രീധനമായി പെൺവീട്ടുകാർ നൽകിയ 11 ലക്ഷം രൂപ നിരസിച്ച് വരൻ. പകരം ആവശ്യപ്പെട്ടത് പതിനൊന്നു രൂപയും ഒരു തേങ്ങയും. ജയ്പൂരിലെ ഒരു വിവാഹ മണ്ഡപത്തിലാണ് ഹൃദയനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. സിഐഎസ്എഫ് ജവനായായ ജിതേന്ദ്ര സിങ്ങാണ് വധുവിന്റെ പിതാവ് നൽകിയ പണം സ്നേഹത്തോടെ നിരസിച്ചത്. വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ജിതേന്ദ്രയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആശംസാ പ്രവാഹമാണ്. 

നവംബർ എട്ടിനായിരുന്നു ജിതേന്ദ്രയുടെ വിവാഹം. ചടങ്ങുകൾ നടക്കുന്നതിനിടെ താലത്തിൽ പണവുമായി വധുവിന്റെ പിതാവ് എത്തി. താലം മരുമകന് നൽകാനൊരുങ്ങിയപ്പോൾ എന്തിനാണ് ഇത്രയും പണം എന്നായിരുന്നു ജിതേന്ദ്രയുടെ ചോദ്യം. ഒരു ചെറിയ സമ്മാനമാണെന്ന് ഭാര്യാപിതാവ് പറഞ്ഞതോടെ തനിക്ക് ഈ സമ്മാനം വേണ്ടെന്നായിരുന്നു കൈകൂപ്പിയുള്ള  ജിതേന്ദ്രയുടെ മറുപടി. 

"എന്റെ ഭാര്യ ജുഡീഷ്യൽ സർവീസിലെത്താനുള്ള കഠിന പരിശീലനത്തിലാണ്. അതിൽ വിജയിക്കുകയാണെങ്കിൽ അതാണ് പണത്തേക്കാൾ മൂല്യമുള്ളത്. സ്ത്രീധനം വാങ്ങുന്നത് ശരിയല്ല."- ജിതേന്ദ്ര പറയുന്നു. നിയമത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം പിഎച്ച്ഡി ചെയ്യുകയാണ് ജിതേന്ദ്രയുടെ ഭാര്യ.  

മരുമകന്റെ വാക്കുകൾ കേട്ടതോടെ കരഞ്ഞുപോയെന്ന് ഭാര്യാപിതാവ് ഗോവിന്ദ സിങ് പറയുന്നു. ജിതേന്ദ്രയെ പോലെയൊരാൾ തങ്ങളുടെ കുടുംബത്തിൽ എത്തിയത് മഹാഭാഗ്യമാണെന്നും, അതിനു ദൈവത്തോട് നന്ദി പറയുന്നുവെന്നും പെൺവീട്ടുകാർ പറഞ്ഞു. മറ്റുള്ളവർക്ക് മാതൃകയാണ് ജിതേന്ദ്രയുടെ പ്രവൃത്തിയെന്നാണ് സൈബർ ലോകം വിശേഷിപ്പിക്കുന്നത്. 

Tags:
  • Spotlight
  • Inspirational Story