Tuesday 03 September 2024 12:54 PM IST

‘അറ്റുപോയ കൈകാലുകൾ, ശിരസറ്റ ശരീരങ്ങൾ! പലർക്കും ഉറങ്ങാൻ പോലുമാകുന്നില്ല’: വയനാടിന്റെ മനസുകണ്ട ഡോ.എബ്രഹാം പറയുന്നു

Binsha Muhammed

Senior Content Editor, Vanitha Online

dr-abraham-cover

കാലം മുറിവുകൾ മായ്ക്കുമെന്ന് പറയുന്നത് വെറുതെയാണോ? ക്ഷണനേരം കൊണ്ട് കുത്തിയൊലിച്ചു പോയ മുണ്ടക്കൈയിലേയും പുഞ്ചിരിമട്ടത്തേയും മേപ്പാടിയിലേയും കുറേയേറെ ജീവിതങ്ങൾ എല്ലാം മറന്ന് പ്രതീക്ഷകളുടെ മറുകരകൾ തേടാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കണ്ണടയ്ക്കുമ്പോൾ അവർ കാണുന്നത് പാതിയറ്റുപോയ ശരീരങ്ങളും അടയാളങ്ങള്‍ പോലും ബാക്കിവയ്ക്കാതെ ചെളിയിലും മണ്ണിലും കുഴഞ്ഞു പോയ സ്വത്തു സമ്പാദ്യങ്ങളുമാണ്. ഒപ്പമുണ്ടെന്ന് നാടും നന്മമനസുകളും നൂറാവൃത്തി പറയുമ്പോഴും ദുരന്തത്തിന് സാക്ഷിയായവരുടെ കാതുകളിലിപ്പോഴും രക്ഷിക്കണേ... എന്ന നിലവിളി മുഴങ്ങുന്നു, കണ്ണടയ്ക്കുമ്പോൾ പിഞ്ചുകുഞ്ഞുങ്ങളുടെ ആർത്തനാദം കേൾക്കുന്നു. ആ മനസുകളെ തണുപ്പിക്കാനാണ് പ്രായത്തിന്റെ അവശതകളൊന്നും വകവയ്ക്കാതെ ഡോ. എബ്രഹാം മാത്യു തോപ്പിൽ എന്ന 80കാരൻ ചുരംകയറി എത്തിയത്.

ജീവനും ജീവിതവും നഷ്ടപ്പെട്ടുപോയവരെ കൈപിടിച്ചു കയറ്റാൻ അണമുറിയാതെ നന്മയൊഴുകി. പക്ഷേ ഉരുളിന്റെ ഹുങ്കാര ശബ്ദവും ശിരസറ്റുപോയി ചെളിയിൽ കുഴഞ്ഞ ശരീരങ്ങളും കാണേണ്ടി വന്ന് മനസുലഞ്ഞു പോയ ആ പാവങ്ങൾക്ക് ആരുണ്ട്. ആ ചിന്തയാണ് രായ്ക്കുരാമാനം ബസിൽ കയറി വയനാടിന്റെ മണ്ണിലെത്താൻ ഡോ. എബ്രഹാമിനെ പ്രേരിപ്പിച്ചത്. ആരും ക്ഷണിക്കാതെ സ്വന്തം പ്രായത്തെ പോലും വകവയ്ക്കാതെ ഈ സൈക്യാട്രിസ്റ്റ് ഉടഞ്ഞും ഉലഞ്ഞും പോയ വയനാടിന് സാന്ത്വനമായ കഥയാണിത്. കണ്ണീരുപ്പു കലർന്ന ജീവിതങ്ങൾ, ഒരൊറ്റ രാത്രിയിൽ അനാഥരായവർ, സ്വരുക്കൂട്ടി വച്ച സ്വത്തു സമ്പാദ്യങ്ങളെ ഉരുളിനും വിട്ടുകൊടുത്തവർ. ആർദ്രതയോടെ കേട്ടിരുന്ന ചങ്കുപിടയുന്ന അനുഭവ സാക്ഷ്യങ്ങൾ, ഇടറുന്ന സ്വരത്തോടെ ഡോ. എബ്രഹാം വനിത ഓൺലൈനോടു പങ്കുവയ്ക്കുകയാണ്.

അവർ എന്നോട് സംസാരിക്കുന്ന പോലെ

ചില കാഴ്ചകൾ, സങ്കടങ്ങൾ, അനുഭവങ്ങൾ... ഇതൊന്നും നമ്മളെ വെറുതെയിരുത്തില്ല. കാനഡയിലെ 40 വർഷത്തെ സൈക്യാട്രിക് കരിയർ കൊണ്ട് സംതൃപ്തനായി കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ റിട്ടയർമെന്റ് കാലം ആഘോഷിക്കുന്ന ഒരു ശരാശരി മനുഷ്യനായിരുന്നു ഞാനും. പക്ഷേ നേരമിരുട്ടി വെളുത്തപ്പോൾ ആളും അടയാളങ്ങളും മേൽവിലാസവും ചെളിമണ്ണിൽ കുഴഞ്ഞു പോയ കുറേ മനുഷ്യരെ കണ്ടു. അവരുടെ നാട് കണ്ടു. അതു കണ്ടപ്പോൾ അടങ്ങിയിരിക്കാൻ തോന്നിയില്ല. 80 വയസിൽ പ്രായാധിക്യം കൊണ്ട് ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊന്നും ഒന്നുമല്ലെന്ന് തോന്നി. ഉരുൾ എടുത്തെറിഞ്ഞ ആ മണ്ണിന്റെ വേദന, ആ മനുഷ്യരുടെ വേദന അത്രമാത്രം വലുതായിരുന്നു. ആരോടും അനുവാദം ചോദിക്കാന്‍ നിന്നില്ല. അവിടെ പോയാൽ എനിക്കെന്തെങ്കിലും ചെയ്യാനാകുമോ എന്നു പോലും ഉറപ്പില്ല, ഈ വയസനു വയനാട്ടിൽ ചെന്നാൽ തലചായ്ക്കാൻ ഒരു ഷെൽട്ടർ ഹോം ഉണ്ടോ എന്നു പോലും അറിയില്ലായിരുന്നു. പക്ഷേ ഞാൻ പോയി... ബസ് കയറി– ഡോ. എബ്രഹാം പറഞ്ഞു തുടങ്ങുകയാണ്.

ടിവിയിൽ ന്യൂസ് കാണുമ്പോൾ ഒരു സ്ത്രീ കരയുകയാണ്. അവരുടെ പേര് ഞാൻ ഓർക്കുന്നില്ല. 26 വയസുണ്ട്, അധ്യാപികയാണ്. ഉരുളിൽപെട്ടവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അവരുടെ ഭർത്താവ് മരിച്ചു. ആറു മാസം പ്രായമുള്ള കുഞ്ഞിനെ നോക്കി നിസഹായതയുടെ കരച്ചിൽ. ആശ്വാസ വാക്കുകളൊന്നും അവിടെ വിലപ്പോവുന്നേയില്ല. ‘എനിക്കിനി ആരുണ്ട്, എനിക്കിനി ജീവിതമില്ല...’ എന്നൊക്കെ കണ്ണീരുവറ്റാതെ പറഞ്ഞു കൊണ്ടേയിരിക്കന്നു. അങ്ങനെയുള്ള ഒത്തിരി ജീവിതങ്ങളെ ഞാന്‍ കണ്ടിട്ടുണ്ട്. ഒന്നുകിൽ ഭ്രാന്തമായ അവസ്ഥയിലേക്ക് പോകും, അതുമല്ലെങ്കിൽ ആജീവനാന്ത ട്രോമയിലേക്കായിരിക്കും അവരുടെ യാത്ര. ഇതു രണ്ടിന്റേയും മൂർധന്യാവസ്ഥ ആത്മഹത്യയായിരിക്കും. ആ കരച്ചിൽ, അവരുടെ വാക്കുകൾ... അതൊക്കെ ഡോക്ടറായ എന്നോട് പറയുന്നതു പോലെ തോന്നി. ആ കണ്ണീരാണ് എന്നെ അവിടെ എത്തിച്ചത്.

dr-abraham-8

മെഡിക്കൽ സർവീസ് ബോർഡ് എന്ന പേരിലുള്ള ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയെയാണ് വയനാട് എത്തിയപ്പോൾ ഞാൻ ആദ്യം ബന്ധപ്പെട്ടത്. അവരോട് സംസാരിച്ച് എനിക്കെന്തെങ്കിലും ചെയ്യാനാകുമോ എന്ന് ആരാഞ്ഞു. എന്റെ സേവനത്തെ അവർ സന്തോഷത്തോടെ സ്വാഗതം ചെയ്തു. അവിടുന്നങ്ങോട്ട് ഞാൻ കേട്ടത് ഹൃദയം മരവിക്കുന്ന കഥകൾ, കാഴ്ചാനുഭവങ്ങൾ, തകർന്നുപോയ മനസ്സുകളുടെ ആത്മഗതങ്ങൾ.

കുടുംബം മുഴുവൻ നഷ്ടപ്പെട്ട മനുഷ്യൻ. ഇനിയാർക്കു വേണ്ടി ജീവിക്കണം, മരിച്ചാലാർക്കു ഛേദം എന്ന ചിന്തയിൽ മദ്യപാനത്തിലേക്കു വീണു. തൊട്ടു മുമ്പത്തെ ദിവസത്തിലും നെഞ്ചില്‍ കിടന്നുറങ്ങിയ മക്കളെ വെള്ളത്തുണിയിൽ പൊതിഞ്ഞ് മണ്ണിലേക്കു വച്ച കാഴ്ച കാണേണ്ടി വന്ന മനുഷ്യൻ. അയാളെ ആശ്വസിപ്പിക്കാൻ പക്ഷേ എന്റെയടുക്കൽ വാക്കുകളൊന്നുമില്ല. പക്ഷേ സ്നേഹത്തോടെയുള്ള ഉപദേശങ്ങളും ഞാൻ നൽകിയ ആന്റി ഡിപ്രസന്റുകളും കൗൺസലിങ്ങും അയാളെ ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്നു. ആ മണ്ണിൽ കാലുറപ്പിച്ചു നിർത്തുന്നു.

മറ്റൊരു സ്ത്രീ... തോട്ടം തൊഴിലാളിയാണവർ. അവർക്ക് നഷ്ടപ്പെട്ടത് ഭർത്താവിനെയാണ്. നഷ്ടപ്പെട്ടതിനെ ഓർത്ത് അവർ ഭ്രാന്തമായി പുലമ്പുന്നു. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്നു. അവരുടെ മനസിലും ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന വെളിച്ചമുണ്ട്. ഞാനുൾപ്പെടുന്ന ആരോഗ്യ പ്രവർത്തകർ നൽകിയ സാന്ത്വനത്തിന്റെ തണുപ്പുണ്ട്.

dr-abraham-3

സർക്കാർ കണക്കുകളിൽ ഉള്ളതും ഇല്ലാത്തതുമായ മണ്ണിൽ പുതഞ്ഞ ശരീരങ്ങള്‍ തേടി ഇറങ്ങിയ കുറേയേറെ നാട്ടുകാർ, രക്ഷാപ്രവർത്തകർ. അവരുടെ അനുഭവങ്ങളും ഭീതിദമാണ്. അറ്റുപോയ ൈകകാലുകളും ശിരസില്ലാത്ത നെഞ്ചുമൊക്കെ രക്ഷാപ്രവർത്തനത്തിനിടെ കണ്ടെത്തിയ അവരിൽ പലർക്കും ഇന്നും ഉറങ്ങാനാകുന്നില്ല. കണ്ണടയ്ക്കുമ്പോൾ അവർ കാണുന്നത് പേടിപ്പിക്കുന്ന ഈ കാഴ്ചകളാണ്. പലരും ഉറക്കത്തിനിടെ ഞെട്ടിയുണരുന്നു. ആ കഥകളും ഞങ്ങൾ കേട്ടു. മുറിപ്പെട്ടുപോയ ആ മനസുകൾക്ക് മരുന്നു നൽകി. എന്നു തിരികെ നാട്ടിലേക്ക് എന്ന ചോദ്യത്തിന് പ്രസക്തിയില്ല, മറുപടിയുമില്ല നാൾക്കു നാൾ കഴിയേ മുറിവേറ്റ മനസുകളുടെ കഥകള്‍ പെരുകുന്നു, അനുഭവസ്ഥർ കൂടിക്കൂടി വരുന്നു. പിന്നെയെങ്ങനെ തിരിച്ചു വരാനാണ്. ഈ കണ്ണീരെല്ലാം തോരട്ടെ, ഞങ്ങൾ ഞങ്ങളാലാകുന്നതു ചെയ്യുന്നു.

നന്മയ്ക്ക് കൂട്ട് കുഞ്ഞൂഞ്ഞ്

വിരസമായ റിട്ടയർമെന്റ് ഇടവേളയിൽ നിന്നുള്ള വെറുമൊരു നേരമ്പോക്കല്ല ഇത്. ദുരന്തം വിതച്ച മണ്ണിന്റേയും മനുഷ്യരുടെയും കണ്ണീർ കരിയറിന്റെ നല്ല കാലത്തും കേട്ടിട്ടുണ്ട്. അവിടേക്ക് മടിയില്ലാതെ ഓടിയെത്തിയിട്ടുമുണ്ട്. തൊണ്ണൂറുകളുടെ ആദ്യം സംഭവിച്ച ബംഗ്ലാദേശിലെ വെള്ളപ്പൊക്ക കാലത്ത് ഒഴുകിപ്പോയ കുടിലുകളും വെള്ളംകയറി വീർത്തുപോയ ശവശരീരങ്ങളും കണ്ട് വിറങ്ങലിച്ചു നിന്നവർക്കരികിലേക്ക് ഓടിയെത്തിയിട്ടുണ്ട്. അന്ന് അവരുടെ വേദനകൾ കേട്ടിട്ടുണ്ട്. കടലിൽ ഒഴുകി നടന്ന ശവശരീരങ്ങളിൽ ഞങ്ങളുടെ പ്രിയപ്പെട്ടവരുണ്ടോ എന്ന് തേടി നടന്ന ശ്രീലങ്കയിലെ സുനാമി ബാധിതരുടെ കഥയും ഞാൻ അനവുഭവിച്ചറിഞ്ഞ നടുക്കുന്ന ഓർമകളാണ്.

dr-abraham-2 ഡോ. എബ്രഹാം ആരോഗ്യ പ്രവർത്തകർക്കൊപ്പം

പുതുപ്പള്ളിക്കാരനായ എബ്രഹാമിനെ സാധാരണക്കാരന്റെ കണ്ണീർ കേൾക്കാൻ പ്രേരിപ്പിച്ചതിനു പിന്നിൽ ബിരുദമോ അനുഭവങ്ങളോ മാത്രമല്ല ഉണ്ടായിരുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂളിലെ പഴയൊരു സഹപാഠിയുടെ കൂട്ടുകെട്ടിന്റെ ഗുണം കൂടിയുണ്ട്. ഉമ്മൻ ചാണ്ടിയെന്ന കേരളം കണ്ട മനുഷ്യ സ്നേഹിയായ മുഖ്യമന്ത്രിയുടെ കൂട്ടുകാരനാണ് എന്നു പറയുമ്പോൾ ഇന്നും അഭിമാനമാണ്. ബാലജനസഖ്യം കാലത്തു ഞങ്ങൾ തുടങ്ങിയ കരുണയുടെയും കാരുണ്യത്തിന്റേയും പാഠങ്ങൾ ഇന്നും ഈ ജീവിതവഴിയിൽ വിളക്കാണ്. കാനഡയിൽ നിന്നും അവധിക്കാലത്തു നാട്ടിലെത്തുമ്പോൾ കുഞ്ഞൂഞ്ഞ് പറയും. ‘എബ്രഹാമേ... എനിക്കു പരിചയമുള്ള ഒരാളുണ്ട്, അയാളെ നീയൊന്നു കാണണം. മനസു തകർന്നിരിക്കുന്ന ആ മനുഷ്യനു നിന്റെ സഹായം വേണം. ഒട്ടും മടിയില്ലാതെ ഞാൻ അവരെ പോയി കാണും’ യുഎസ് പര്യടനത്തിനു വരുമ്പോൾ നാടു കാണാനിറങ്ങാറില്ല ആ മനുഷ്യൻ. മറിച്ച് അവശത അനുഭവിക്കുന്ന പ്രവാസി മനുഷ്യർക്കു നടുവിലായിരിക്കും ഞങ്ങൾ പഴയ സഹപാഠികൾ.

മകൻ ഡോ. ജെബുവും എന്നെപ്പോലെ സമയവും നേരവും ഷിഫ്റ്റും നോക്കാതെ ഇന്ന് വേദന അനുഭവിക്കുന്നവർക്കടയിലും ദുരന്ത പ്രദേശങ്ങളിലും ഓടിയെത്താറുണ്ട്. ഭാര്യ ജയശ്രീയും കാനഡയിൽ മകനൊപ്പമാണ്. അവര്‍ നൽകുന്ന പിന്തുണയും ഈ നിസ്വാർഥ സേവനങ്ങൾക്ക് കരുത്താണ്.