Saturday 25 May 2019 03:24 PM IST

‘ഒരാൾ രോഗിയാവുന്നതോടെ ആ കുടുംബം തകരും; ഈ മാനസികാവസ്ഥയെ ചൂഷണം ചെയ്യുന്നത് ദൈവനിന്ദയാണ്!’

V R Jyothish

Chief Sub Editor

dr-bbbh2
ഫോട്ടോ: അരുൺ സോൾ

കുടിയൊഴിഞ്ഞു പോകാത്ത ഗ്രാമങ്ങളാണ് നാഞ്ചിനാട്ടിന്റെ പ്രത്യേകത. ഇപ്പോൾ തമിഴ്നാടിന്റെ ഭാഗമാണെങ്കിലും തലക്കുളം മലയാളിയുടെ  രക്തത്തി ൽ രേഖപ്പെടുത്തിയ സ്ഥലമാണ്. വിദേശ ആധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ വേലുത്തമ്പി ദളവയുടെ ജന്മസ്ഥലം. ദളവയുടെ ജന്മഗൃഹത്തിനടുത്താണ് ഡോ. പി. അറുമുഖത്തിന്റെ വീട്.

വീൽചെയറിൽ ഇരുന്നു കൊണ്ട് ഒറ്റമുറി ക്ലിനിക്കിനെ മെഡിക്കൽ കോളജിനോളം വലിയ ആശുപത്രിയാക്കിയ ന്യൂറോളജിസ്റ്റ്. പത്തു രൂപ മാത്രം ഫീസ് വാങ്ങി ആയിരങ്ങൾക്ക് ആശ്വാസം പകരുന്ന ഈ ഡോക്ടറിലൂടെ തലക്കുളം വീണ്ടും ലോകശ്രദ്ധയിൽ എത്തി. മുപ്പത്തിയെട്ടാമത്തെ വയസ്സിൽ പാതി ഉടൽ തളർത്തിയ അസുഖത്തോടുള്ള പോരാട്ടമാണ് ഡോ. പി. അറുമുഖത്തിന്റെ ജീവിതം. വീൽചെയറിലിരുന്നുള്ള ചികിത്സ കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും കൂടുതൽ പേർക്ക് സാന്ത്വനമെത്തിക്കാനുള്ള സ്വപ്നങ്ങളാണ് ഈ ഡോക്ടറുടെ മനസ്സ് നിറയെ.

അച്ഛൻ പകർന്ന കാരുണ്യം

പരമ്പരാഗത കൃഷിക്കാരായിരുന്നു ഡോക്റുടെ മാതാപിതാക്കൾ. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ച പഴനിയാണ്ടി പിള്ളയുടെയും സരോജിനിയുടെയും മകന് സ്വന്തം നാടിനോടും നാട്ടുകാരോടുമുള്ള കരുതൽ എന്നുമുണ്ടായിരുന്നു.

നാട്ടിൽ ആർക്ക് അസുഖം വന്നാലും ധൈര്യമായി ആശ്രയിക്കാവുന്ന പേരായിരുന്നു പഴയനിയാണ്ടി പിള്ള. കൃഷിപ്പണികളുടെ തിരക്കിനിടയിലും ആളുകൾക്ക് നല്ല ചികിത്സ കിട്ടാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന് ഏറ്റവും തൃപ്തിയുള്ള കാര്യം.

ആശുപത്രിയിൽ കൊണ്ടുപോയി മരുന്നും ആഹാരവും വാങ്ങിക്കൊടുത്തേ അദ്ദേഹം മടങ്ങൂ. ഉള്ളതിന്റെ ഒരു പങ്ക് ഇല്ലാത്തവന് കൊടുക്കണമെന്ന ലളിതമായ കാരുണ്യ തത്വം കണ്ടാണ് അറുമുഖം വളർന്നത്.

ദീപാവലിക്കും മറ്റു വിശേഷദിവസങ്ങൾക്കും മക്കളാരെങ്കിലും പുതിയ വസ്ത്രം വാങ്ങിക്കൊടുത്താൽ അദ്ദേഹം പറയും; ‘ഒന്നുപോരാ അഞ്ചെണ്ണം വേണം.’ ബാക്കി നാലെണ്ണം കൊടുക്കേണ്ടത് ആർക്കൊക്കെ എന്നും പറയും. പിറന്ന മണ്ണിനേയും നാട്ടുകാരേയും അറിഞ്ഞു വേണം മക്കൾ വളരാൻ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

‘‘തലക്കുളം ഗവൺമെന്റ് പ്രൈമറി സ്കൂളിലും

ഇരണിയൽ ഗവൺമെന്റ് ൈഹസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. തിരുനെൽവേലി സെന്റ് സേവ്യേഴ്സ് കോളജിൽ പ്രീഡിഗ്രി. അതു കഴിഞ്ഞ് തിരുനെൽവേലി ഗവൺമെന്റ് മെഡിക്കൽ കോളജിൽ എംബിബിഎസ് പാസായി. ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളജിലും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലുമായി ഉപരിപഠനം. മധുര മെഡിക്കൽ കോളജിൽ നിന്നാണ് ന്യൂറോളജിയിൽ ബിരുദാനന്തരബിരുദം നേടിയത്. പക്ഷേ, എവിടെ പോയാലും നാട്ടിൽ തന്നെ മടങ്ങിയെത്തണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം.’’- ഡോ. അറുമുഖത്തിന്റെ വാക്കുകളിൽ സംതൃപ്തിയുടെ തിളക്കം.

വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമ ർഥനായ ഡോക്ടർ എന്ന പേര് നേടിയെങ്കിലും കൂടുതൽ വരുമാനം നേടാനുള്ള അവസരങ്ങൾ മനഃപൂർവം വേണ്ടെന്നു വച്ചു. തക്കലയ്ക്ക് അടുത്ത് െനയ്യൂരിൽ സിഎസ്ഐ മിഷൻ ആശുപത്രിയിലായിരുന്നു ആദ്യ പതിനഞ്ചു വർഷത്തെ സേവനം. അവിടെ വരുന്നവരിൽ ഏറെയും സാധാരണക്കാർ. ആ ഒറ്റകാരണം മതിയായിരുന്നു ഡോ. അറുമുഖത്തിന്, ലക്ഷങ്ങൾ ശമ്പളം വാഗ്ദാനം ചെയ്ത വിദേശത്തെ അവസരങ്ങൾ പോലും വേണ്ടെന്നു വയ്ക്കാൻ. വരുമാനത്തേക്കാൾ മൂല്യമേറിയതാണല്ലോ അച്ഛനു കൊടുത്ത വാക്ക്.

വിധിയുടെ കരിനിഴൽ

മനുഷ്യനു മേൽ ദൈവത്തിന്റെ വിധി എങ്ങനെയെന്നത് പ്രവചനാതീതം. ഡോക്ടറുടെ കാര്യത്തിലും ഉണ്ടായി അത്തരമൊരു വിധി. ഒരു ദിവസത്തെ ൈവറൽ പനി, ശരീരവേദന. പിറ്റേന്നു നേരം പുലർന്നപ്പോൾ ശരീരം അരയ്ക്കു താഴോട്ടു തളർന്നുപോയി. പിന്നീട് മാസങ്ങളോളം നീണ്ടുനിന്ന ചികിത്സ. ജീവൻ തിരിച്ചുകിട്ടിയെങ്കിലും നഷ്ടപ്പെട്ട ചലനശേഷി തിരിച്ചുകിട്ടിയില്ല. ചെയ്യാവുന്ന പ രിശോധനകൾ എല്ലാം ചെയ്തെങ്കിലും രോഗകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒറ്റ ദിവസം കൊണ്ട് പകുതി മരണം സംഭവിക്കുന്ന അപൂർവരോഗത്തെക്കുറിച്ചുള്ള അന്വേഷണത്തിലും കൃത്യമായ വിവരങ്ങൾ ഒന്നും കിട്ടിയില്ല.

ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ ആദ്യത്തെ ആറുമാസം മുന്നിൽ ഇരുട്ടു മാത്രമായിരുന്നു. വീട്ടിനകത്തെ ഒരു മുറിയിലേക്ക് തന്റെ ലോകം ചുരുങ്ങുന്നത് ഡോക്ടർ ക്രമേണ മനസ്സിലാക്കി. പഠിച്ച മെഡിക്കൽ പാഠങ്ങൾ തന്റെ ഏകാന്തതയോടൊപ്പം തുരുമ്പെടുക്കുന്നത് അറിഞ്ഞു. ഒരു ജാലകക്കാഴ്ചയിലേക്ക് ജീവിതം പാഴായിപ്പോകുന്നത് വേദനയോടെ ഡോക്ടർ തിരിച്ചറിഞ്ഞു.

dr-cr1

‘‘മനസ്സ് കൈവിട്ടു പോയ ആ ദിവസങ്ങളെക്കുറിച്ച് ഞാൻ ഓർക്കാറില്ല. ആ തിരിച്ചടിയിൽ തന്നെ വേദനിച്ചു നിന്നിരുന്നെങ്കിൽ ഒരു പക്ഷേ, ഇതൊക്കെ പറയാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല.’’ വീൽചെയറിൽ പതിയെ മുറിക്കുള്ളിൽ നീങ്ങിത്തുടങ്ങിയപ്പോൾ ഡോക്ടറെ തേടി രോഗികൾ എത്തിത്തുടങ്ങി. ആദ്യമൊക്കെ രോഗികളെ കാണാൻ തന്നെ ഡോക്ടർക്ക് മടിയായിരുന്നു. അന്വേഷിച്ചെത്തുന്നവരെ മടക്കി അയയ്ക്കാനും കഴിഞ്ഞില്ല. അങ്ങനെ വീൽചെയറിലിരുന്നു ഡോക്ടർ രോഗികൾക്ക് ചികിത്സയും സാന്ത്വനവും നൽകിത്തുടങ്ങി.

രോഗം ഭേദമായവർ തിരികെ വന്നു നന്ദി പറഞ്ഞപ്പോൾ, അവരുടെ സന്തോഷം കണ്ടപ്പോൾ ഡോക്ടറുടെ വീൽചെയ ർ പതുക്കെ വീടിന്റെ  മുറ്റത്തേക്ക്  ഉരുണ്ടു.  പ്രത്യാശയുടെ സൂര്യപ്രകാശത്തിലേക്കായിരുന്നു ആ യാത്ര. ൈദവം തിരികെക്കൊടുത്ത പകുതി ജീവിതം എന്തിനു പാഴാക്കണമെന്ന് അ ദ്ദേഹത്തിന് തോന്നി. അതോടെ ജീവിതത്തിൽ പുതുജന്മത്തിന്റെ പ്രകാശം പരന്നു.

രണ്ടാം ജന്മത്തിന്റെ കരുത്തിൽ

ജീവിതത്തിലേക്കുള്ള തിരിച്ചുവരവായിരുന്നു അത്. ഡോക്ട ർ വീട്ടിൽ ചികിത്സിക്കുന്നു എന്നറിഞ്ഞപ്പോൾ തേടിയെത്തുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു. വീൽചെയറിലായെങ്കിലും തനിക്ക് നന്നായി ജോലി ചെയ്യാൻ കഴിയുന്നുണ്ട് എന്നത് ഡോക്ടറിലും ഉന്മേഷം നിറച്ചു. വീട്ടിലെത്തുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയപ്പോൾ ഡോക്ടർ ഒരു തീരുമാനമെടുത്തു. ചെറിയൊരു ക്ലിനിക് തുടങ്ങണം. വീടിനടുത്തു തന്നെ അതിനുള്ള സ്ഥലം കണ്ടെത്തി. അങ്ങനെ ഒറ്റമുറിയിൽ തുടങ്ങിയ പഴനിയാണ്ടിപ്പിള്ളെ സരോജിനി ക്ലിനിക്കാണ് ഇന്ന് പിഎസ് മെഡിക്കൽ ട്രസ്റ്റും കോളജുമായി പടർന്നു പന്തലിച്ചു നിൽക്കുന്നത്.

ഒരു മെഡിക്കൽ കോളജിനോളം വലിയ ആശുപത്രിയാണ് ഇന്ന് പിഎസ് മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. അവിടെയൊരു യന്ത്രക്കസേരയിൽ സ്വപ്നം പോലെ ഒരു മനുഷ്യൻ സഞ്ചരിക്കുന്നു. ഇന്ത്യയിലെ തന്നെ പ്രമുഖനായ ഈ ന്യൂറോളജിസ്റ്റിനെ കാണാനുള്ള ഫീസ് പത്തു രൂപയാണ്.

അതുതന്നെ ആശുപത്രിയിൽ പേര് രജിസ്റ്റർ ചെയ്യാനാണ്. മരുന്നിനു മാത്രമാണു ൈപസ വാങ്ങുന്നത്. നിർധനരായ രോഗികൾക്ക് സൗജന്യചികിത്സയുണ്ട്. അങ്ങനെയുള്ളവർക്കു വേണ്ടി ഒരു വാർഡ് തന്നെ മാറ്റി വച്ചിട്ടുണ്ട്. അതിലുപരിയായി പിഎസ് െമഡിക്കൽ ട്രസ്റ്റ് ആശുപത്രി െചയ്യുന്ന മറ്റൊരു സേവനം നിർധനരായ വിദ്യാർഥികൾക്കു സൗജന്യമായി നഴ്സിങ് പഠിക്കാനുള്ള സൗകര്യമാണ്. പഠനം പൂർത്തിയാക്കിയതിനുശേഷം കുറച്ചുകാലം ആശുപത്രിയിൽ ജോലി ചെയ്യണം എന്നതു മാത്രമാണു നിബന്ധന.

‘‘ഒരാൾ ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നതോടെ ആ കുടുംബത്തിന്റെ മാനസികാവസ്ഥ വല്ലാതാകും. രോഗിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും വീട്ടുകാർ തയാറാകും. പല ആശുപത്രിക്കാരും ഈ മാനസികാവസ്ഥയെയാണ് ചൂഷണം െചയ്യുന്നത്. അത് ദൈവനിന്ദയാണ്. അങ്ങനെ ചെയ്യാൻ പാടില്ല. ആ സമയത്ത് പരമാവധി ഉപകാരം അവർക്കു ചെയ്യണം.’’ ഡോക്ടർ നയം വ്യക്തമാക്കുന്നു.

ന്യൂറോളജിയിലും ജനറൽ മെഡിസിനിലും മാസ്റ്റർ ബിരുദമുള്ള ഡോക്ടർ തന്നെയാണ് രോഗികളെ ആദ്യം പരിശോധിക്കുന്നത്. അതിനുശേഷമാണ് മറ്റ് വിഭാഗങ്ങളിലേക്ക് അയയ്ക്കുന്നത്. പത്തു രൂപ കൊടുത്ത് റജിസ്റ്റർ ചെയ്ത് വരുന്ന വരിൽ ചിലർക്ക് മരുന്നിന്റെ ആവശ്യം തന്നെ ഉണ്ടാകാറില്ല. ഡോക്ടറുടെ സ്നേഹം നിറഞ്ഞ ഒരു വാക്ക് മതിയാകും അ വരുടെ രോഗം കുറയ്ക്കാൻ. 65ാം വയസ്സിലും മുടങ്ങാതെ രോഗികൾക്കു വേണ്ടി സമയം കണ്ടെത്താൻ ഡോക്ടറെ പ്രചോദിപ്പിക്കുന്നത് അച്ഛൻ പറഞ്ഞ ഒരു വാചകമാണ്.

‘നമ്മുടെ ആശുപത്രിയിൽ വരുന്ന ഒരാളിനും ൈപസയില്ലാത്തതിന്റെ പേരിൽ ചികിത്സ കിട്ടാതിരിക്കരുത്.’ ‘‘മരിക്കുന്നതിനു മുൻപ് അച്ഛൻ എന്നോടു പറഞ്ഞ വാക്കുകളാണിത്. ഇന്നോളം ഞാനാ വാക്ക് പാലിക്കാൻ ശ്രമിച്ചിട്ടുണ്ട്.

എന്റെ മക്കളും അതു തുടരണമെന്നാണ് ആഗ്രഹം. രണ്ടുമക്കളും ഡോക്ടർമാർ. മകൻ പഴനിയാണ്ടി ആശാരിപ്പള്ളം ഗവൺമെന്റ്  മെഡിക്കൽ കോളജിൽ ന്യൂറോ സർജനാണ്.  മകൾ സരോജിനി ൈഗനക്കോളജിസ്റ്റ്. എന്നോടൊപ്പം നമ്മുടെ ആശുപത്രിയിൽ തന്നെ’’  ഡോ. അറുമുഖത്തിന്റെ വാക്കുകളിൽ കാരുണ്യത്തിന്റെ പുഞ്ചിരി തിളക്കം.

ദളവയുടെ ഓർമകളിൽ

‘‘എനിക്ക് ഈ നാട് വിട്ട് മറ്റൊരിടവും ചിന്തിക്കാൻ കഴിയില്ല. ഇവിടുത്തെ ചെറിയ വിശേഷങ്ങൾ പോലും എനിക്ക്  പ്രധാനപ്പെട്ടതാണ്. അറിയാമോ? വേലുത്തമ്പി ദളവയുടെ ജന്മസ്ഥലമായ തലക്കുളത്തുനിന്നു ദളവ ജീവൻ വെടിഞ്ഞ മണ്ണടിയിലേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ റേഷനും  െകഎസ്ആർടിസിയും ബസ് സർവീസ് നടത്തിയിരുന്നു. കെഎസ്ആർടിസി സർവീസ് നിർത്തിയെങ്കിലും തമിഴ്നാട് ബസ് ഇപ്പോഴുമുണ്ട്.’’ ദളവയുടെ കഥകൾ പറയുമ്പോൾ പ്രതിസന്ധികൾക്കു  മുന്നിൽ പതറാത്ത വീര്യം ഡോക്ടറുടെ കണ്ണുകളിലും നിറയുന്നു.