Tuesday 03 December 2019 05:01 PM IST : By സ്വന്തം ലേഖകൻ

‘വേണ്ടത് വേണ്ട നേരം ചെയ്യുകയെന്നത് മാതൃകാപരം; മണ്ണ് തിന്നേണ്ടിവന്ന കുട്ടിയുള്ള പട്ടിണിവീട് നിമിത്തമാകട്ടെ!’

bbbcj-jhgf

വിശപ്പ് സഹിക്കാതെ മണ്ണ് തിന്നേണ്ടി വന്ന കുട്ടികളുടെ പട്ടിണി വീട് നമ്മുടെ കേരളത്തിലാണ്. ഞെട്ടലോടെയാണ് ഈ വാർത്ത നമ്മൾ കേട്ടത്. സംഭവം പുറംലോകം അറിഞ്ഞതോടെ സർക്കാരിൽ നിന്ന് ഉചിതമായ നടപടിയുമുണ്ടായി. എന്നാൽ സമാനമായ സാഹചര്യത്തിൽ ജീവിക്കുന്ന കുടുംബങ്ങൾ ഇനിയും നമുക്കിടയിൽ ഉണ്ടാകും. അവരെ തിരിച്ചറിഞ്ഞ് ഉചിതമായ സംവിധാനങ്ങളുമായി കണ്ണി ചേർത്ത് കരുതലും സംരക്ഷണവും നൽകണം. ഈ വിഷയത്തിൽ ഡോക്ടർ സി ജെ ജോൺ എഴുതിയ കുറിപ്പ് ശ്രദ്ധേയമാണ്.

സി ജെ ജോൺ എഴുതിയ കുറിപ്പ് വായിക്കാം; 

പുറമ്പോക്കില്‍ താമസം. ഗൃഹനാഥന് കൂലി പണി. മദ്യപാന ശീലവുമുണ്ട്. ഏഴ് വയസ്സ് മുതൽ മൂന്ന് മാസം വരെയുള്ള ആറ് കുട്ടികളെ ഉൽപാദിപ്പിച്ച വിദ്വാൻ. ഭാര്യയുടെ അവസാന പ്രസവം കുടിലില്‍ തന്നെ. കുട്ടികളെയും ഭാര്യയെയും മർദ്ദിക്കും. ഇതാണ് സാഹചര്യം. കുട്ടികള്‍ക്ക് ആഹാരം ലഭിക്കാറില്ലെന്ന് പ്രദേശവാസികൾ അറിയിച്ചത് കൊണ്ട് ശിശു സംരക്ഷണ സംവിധാനം ഉണർന്ന് പ്രവർത്തിച്ചു.

കരുതലും സംരക്ഷണവും വേണ്ട കുട്ടികളെന്ന ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ പരിധിയിൽ പെടുത്തി ഇടപെടലുകൾ അതിവേഗം നടന്നു. അത്രയും നല്ല കാര്യം. സത്യത്തിൽ ആ കുടുംബവും സമൂഹത്തിന്റെ കരുതലും സംരക്ഷണവും വേണ്ട അവസ്ഥയിൽ അല്ലേ? ഫാമിലീസ് നീഡിങ് കെയർ ആൻഡ് പ്രൊട്ടക്ഷൻ എന്നൊരു വിഭാഗത്തെ സാമൂഹികനീതി വകുപ്പ് നിർവചിക്കേണ്ടതുണ്ട്‌. സമൂഹിക ദുരവസ്ഥയുടെ പ്രതീകമാകുന്ന ഈ പട്ടിണി വീട് അത്തരത്തിലൊന്നാണ്. 

വൃദ്ധ ജനങ്ങളും, മനോരോഗികളും കഷ്ടപ്പെടുന്ന വീടുകളുണ്ട്. രോഗങ്ങൾ മൂലം സാമ്പത്തിക പ്രതിസന്ധിയിൽ വീണ് പോകുന്ന കുടുംബങ്ങളുണ്ട്. ഇത്തരം അവസ്ഥകള്‍ കണ്ടെത്തി ഇടപെടേണ്ടത് ലോക്കല്‍ കൗൺസിലറിന്റെ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രീയ സംവിധാനം അവരെ പഠിപ്പിക്കണം. ബോധ്യപ്പെടുത്തണം. പ്രദേശവാസികളെ അറിയേണ്ടത് അവരാണ്. തിരിച്ചറിഞ്ഞ് ഉചിതമായ സംവിധാനങ്ങളുമായി കണ്ണി ചേർത്ത് കരുതലും സംരക്ഷണവും നൽകണം. 

സമൂഹിക സുരക്ഷ തക്ക സമയത്തു ലഭിക്കാതെ ഇത് പോലെയുള്ള ദുർഗതിയിൽപെട്ട് ചിലർ വാർത്തയിൽ നിറയുമ്പോൾ മാത്രം റിയാക്ടീവായി പ്രവർത്തിച്ചാൽ പോര. വേണ്ടത് വേണ്ട നേരം ചെയ്യുകയെന്നതാണ് മാതൃകാപരം. ലോക്കല്‍ സെൽഫ്‌ ഗവൺമെന്റിന്റെ വാർഡ് തലത്തിൽ ഇതിനെതിരെയുള്ള ജാഗ്രതാ സംവിധാനങ്ങൾ ഉണ്ടാക്കണം. വിശപ്പ് സഹിക്കാതെ മണ്ണ് തിന്നേണ്ടി വന്ന കുട്ടിയുള്ള ഈ പട്ടിണി വീട് അതിന് നിമിത്തമാകട്ടെ. പരിഹാരങ്ങളെ കുറിച്ച് സൃഷ്ടിപരമായ നിർദ്ദേശങ്ങൾ നൽകാതെ ഇത്തരം വേളകളിൽ വെറുതെ രാഷ്ട്രീയം വിളമ്പി ബോറാക്കല്ലേ. അത് തിന്നാല്‍ വിശക്കുന്നവരുടെ വിശപ്പ് അടങ്ങില്ല. 

Tags:
  • Spotlight
  • Social Media Viral