Tuesday 16 March 2021 12:52 PM IST : By സ്വന്തം ലേഖകൻ

കോവാക്സീൻ വികസിപ്പിച്ച സംഘത്തിൽ തിരുവനന്തപുരം സ്വദേശിനി ഡോക്ടർ ഹരിപ്രിയയും; കേന്ദ്ര സർക്കാരിന്റെ പ്രശംസാപത്രം

covaccine334

ഇന്ത്യൻ കോവിഡ് വാക്സീനായ കോവാക്സീൻ വികസിപ്പിച്ച പരീക്ഷണ സംഘത്തിൽ തിരുവനന്തപുരം സ്വദേശിയായ ഡോ. എച്ച്. ഹരിപ്രിയയും.  പട്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ ജൂനിയർ റസിഡന്റാണ്.  

ഭാരത് ബയോടെക്കും ഇന്ത്യൻ കൗൺസിൽ ഫോർ ബയോടെക്കും ചേർന്ന് കോവിഡിനെതിരായ വാക്സീൻ വികസിപ്പിക്കാനുള്ള പരീക്ഷണം ആരംഭിച്ചത് കഴിഞ്ഞ ജൂലൈയിൽ പട്ന എയിംസിൽ ആണ്. വാക്സീൻ മനുഷ്യർക്കു നൽകുന്നതിനു മുന്നോടിയായി മൂന്നു ഘട്ടങ്ങളായുള്ള പരീക്ഷണങ്ങളാണ് നടന്നത്.  

ഡോ. ഹരിപ്രിയ ഉൾപ്പെടെയുള്ള ജീവനക്കാരാണ് ഒന്നാം ഘട്ടത്തിൽ വാക്സീൻ സ്വീകരിച്ചത്. കോവാക്സീൻ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചവർക്കുള്ള കേന്ദ്ര സർക്കാരിന്റെ പ്രശംസാപത്രം എയിംസിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി കുമാർ ചൗബേയിൽ നിന്ന് ഹരിപ്രിയയും ഏറ്റുവാങ്ങി. 

തിരുവനന്തപുരം കുണ്ടമൺഭാഗം ശങ്കരൻ നായർ റോഡ് സൗപർണിക ഗാർഡൻസ് ഹരിശ്രീയിൽ മിലിറ്ററി എൻജിനീയറിങ് സർവീസിൽ നിന്ന് അസി. എൻജിനീയറായി വിരമിച്ച എസ്. ഹരിശർമയുടെയും ശ്രീലതയുടെയും മകളാണ്.

Tags:
  • Spotlight
  • Inspirational Story