Friday 19 July 2024 04:23 PM IST

‘കണ്ടു നിൽക്കാനായില്ല കുഞ്ഞുങ്ങളുടെ കരച്ചിൽ, ചാടി എഴുന്നേറ്റു... വയറ്റിലെ സ്റ്റിച്ചുകൾ പൊട്ടി’: ജൂണയുടെ നേട്ടങ്ങൾക്ക് പൊന്നിൻതിളക്കം

Roopa Thayabji

Sub Editor

juna-sathyan-14

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം. ചരിത്രത്തിലാദ്യമായി അങ്ങു ബ്രിട്ടനിലെ ന്യൂകാസിൽ സിവിക് സെന്ററിനു മുന്നി ൽ ഇന്ത്യൻ പതാക ഉയർന്നു. ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലറായ കോട്ടയംകാരി ഡോ. ജൂണ സത്യനാണ് ഇന്ത്യൻ പതാക ഉയർത്തിയത്.

മൈക്കൽ ഫാരഡെ പുരസ്കാരവും, മേസർ പരീക്ഷണങ്ങൾക്കായി അഞ്ചു കോടി രൂപയുടെ സ്കോളർഷിപ്പുമടക്കം നിരവധി അഭിമാന നേട്ടങ്ങളുണ്ട് ഡോ. ജൂണ സത്യന്റെ ക്രെഡിറ്റിൽ. പാലായിലെ നാട്ടുവഴികളിൽ നിന്നു തുടങ്ങി ബ്രിട്ടന്റെ അധികാരപദവിയിൽ വരെയെത്തിയ ചുവടുകളെ കുറിച്ചു ഡോ. ജൂണ സത്യൻ പറയുന്നു.

എയർഫോഴ്സ് മോഹം

‘‘പാലായിലെ സ്രാമ്പിക്കൽ കുടുംബാംഗമായ അച്ഛൻ തോമസിന് എയർഫോഴ്സിലായിരുന്നു ജോലി. അമ്മ ഡെയ്സിയും ഞാനും അനിയന്മാരായ രാകേഷും ഗിരീഷുമൊക്കെ പണ്ടു മുതലേ കേട്ടുതുടങ്ങിയതാണു പട്ടാളക്കഥകൾ. ആ കഥകളുടെ ചുവടുപിടിച്ചാണ് എയർഫോഴ്സ് സ്വപ്നം മനസ്സിൽ നട്ടത്.

പ്രീഡിഗ്രിയും ഡിഗ്രിയും അൽഫോൻ സ കോളജിലാണു പഠിച്ചത്. എയർ ഫോഴ്സിൽ കമ്മിഷൻഡ് ഓഫിസറാകാൻ പ രീക്ഷ എഴുതി സെലക‌്ഷനും കിട്ടി. മൂന്നോ നാലോ വനിതകൾക്കാണ് അന്നു സെലക‌്ഷൻ കിട്ടിയത്. പക്ഷേ, ഷോർട് ടേം സർവീസ് ആയതിനാൽ ചേരാൻ മടിച്ചു. പിജിക്കു പാലാ സെന്റ് തോമസിൽ കോളജ് ഫസ്റ്റായിരുന്നു. പിന്നെ, കേരള യൂണിവേഴ്സിറ്റിയിൽ നിന്നു ലേസർ ഫിസിക്സിൽ എംഫിൽ എടുത്തു. അപ്പോഴേക്കും ശാസ്ത്രജ്ഞയാകണമെന്ന മോഹം മനസ്സില്‍ കൂടിയിരുന്നു.

നാടുവിട്ടു പറന്നു

ആയിടയ്ക്കു ജീവിതത്തിൽ ചില സംഭവങ്ങൾ നടന്നു. അനിയൻമാരുടെ സുഹൃത്തായ സത്യൻ ഉണ്ണിയുമായി ഞാൻ പ്രണയത്തിലായി, അതു ജീവിതത്തിലെ ടേണിങ് പോയിന്റായി മാറുമെന്ന് അന്നു ക രുതിയതേയില്ല.

സത്യൻ ഉണ്ണിയുടെ സ്വദേശം ചാലക്കുടിയാണ്. ജ്വല്ലറി ഡിസൈനിങ് സ്പെഷലൈസേഷൻ ജോലികൾക്കായാണു പാലായിലേക്കു വന്നത്. ഇവിടെ ഫുട്ബോളിൽ സജീവമായിരുന്നു സത്യൻ, പാലാ ടീമിന്റെ ക്യാപ്റ്റനുമായി. പ്രണയവും കാത്തിരിപ്പും ഏഴുവർഷം നീണ്ടു. വിവാഹ ശേഷം പിഎച്ച്ഡിക്കായി ഓസ്ട്രേലിയയിലേക്കു പോ യി. മെരിറ്റിൽ വിദ്യാഭ്യാസ വായ്പ കിട്ടി അതിന്.

ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിൽ രണ്ടു സ്കോളർഷിപ്പുകളോടെയാണ് അഡ്മിഷന്‍ കിട്ടിയത്. ലേസർ ഫിസിക്സിൽ ഞാൻ ഗവേഷണം ചെയ്യുന്ന സമയത്തു സത്യേട്ടൻ ജോലിക്കു പോയി. മൂന്നു വർഷം കൊണ്ടു തീസിസ് പൂർത്തിയാക്കി വേഗം ജോലിയിൽ പ്രവേശിക്കണമെന്നു വാശിയായിരുന്നു. ബെസ്റ്റ് പിഎച്ച്ഡി സ്റ്റുഡന്റ് അവാർഡ് നേടിയാണു ഗവേഷണം പൂർത്തിയാക്കിയത്.

പരീക്ഷണം, നിരീക്ഷണം

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ് മറ്റേതെങ്കിലും യൂണിവേഴ്സിറ്റിയിൽ ചെയ്ത ശേഷം തിരികെ ഓസ്ട്രേലിയയിലേക്കു വരാമെന്നു ഞങ്ങൾ പ്ലാൻ ചെയ്തു. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയിൽ അപേക്ഷിച്ചെങ്കിലും പിഎച്ച്ഡി പരീക്ഷയും മറ്റും നീണ്ടുപോയി. എനിക്കു ചേരാനാകാതെ പോയ ആ പ്രോജക്ടിനാണ് 2017ലെ ഭൗതിക ശാസ്ത്ര നോബൽ ലഭിച്ചത്. എന്റെ പിഎച്ച്ഡി പ്രബന്ധത്തിലെ ഒരു ഭാഗം ആ പ്രോജക്ടിന്റെ റഫറൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിന്നീടു ലണ്ടനിലെ ഇംപീരിയൽ കോളജിൽ മേസർ പ്രോജക്ടിൽ റിസർച് ഫെലോയായി ചേർന്നു.‌ ലോകത്തിലെ തന്നെ ശാസ്ത്ര ഗവേഷണ പഠനങ്ങളിൽ ആദ്യ പത്തു റാങ്കിൽ വരുന്ന യൂണിവേഴ്സിറ്റിയാണിത്. ഞങ്ങളുടെ ടീമിൽ മൂന്നു പ്രഫസർമാരും മൂന്നു പോസ്റ്റ് ഡോക്ടറൽ ഫെല്ലോമാരുമാണ് ഉണ്ടായിരുന്നത്.

ഇന്നു സാറ്റലൈറ്റുകളിൽ മുതൽ സൗന്ദര്യ വർധക ചികിത്സയിൽ വരെ ഉപയോഗിക്കുന്ന ലേസറിന്റെ ആദ്യരൂപമാണു മേസർ. 1953ൽ മേസറിൽ നടത്തിയ പരീക്ഷണങ്ങളുടെ ഫലമായാണു ലേസർ കണ്ടുപിടിക്കപ്പെട്ടത്. പിന്നീടു ലേസറിലേക്കു ലോകം ശ്രദ്ധയൂന്നി.

ലേസറിന്റെയും മേസറിന്റെയും പ്രവർത്തന തത്വം ഒന്നു തന്നെയാണെങ്കിലും മേസറാണ് ആശയവിനിമയത്തിലും അനുബന്ധ പ്രവർത്തനങ്ങളിലും കൂടുതൽ കൃത്യതയോടെ ഫലങ്ങൾ തരുന്നത്. അറ്റോമിക് ക്ലോക്കിലും ബഹിരാകാശ വിനിമയത്തിലുമൊക്കെ മേസർ ഉപയോഗിക്കുന്നു. സെക്യൂരിറ്റി പരിശോധനകൾക്കും,ൃ മെഡിക്കൽ രംഗത്തുമൊക്കെ മേസറിനു വലിയ സാധ്യതകളുമുണ്ട്.

അഞ്ചു കോടി സ്കോളർഷിപ്

ഒരു ഫ്രിജിനെക്കാൾ വലുപ്പമുള്ള മേസർ യൂണിറ്റാണ് ഇതുവരെ നിർമിക്കപെട്ടിട്ടുള്ളത്. അതു പ്രവർത്തിക്കാൻ പ്രത്യേക കാലാവസ്ഥയും സാഹചര്യങ്ങളും വേണം. ഞങ്ങളുടെ ടീം കണ്ടെത്തിയ പുതിയ മേസർ സാധാരണ അന്തരീക്ഷ താപനിലയിൽ പ്രവർത്തിപ്പിക്കാം. പൾസ് മേസറും കണ്ടിന്യുവസ് മേസറും അടക്കമുള്ളവയ്ക്കു വലുപ്പം വളരെ കുറവുമാണ്. 2018ൽ ആണ് ഈ പരീക്ഷണഫലങ്ങൾ റിപ്പോർട് ചെയ്തത്. ഈ കണ്ടുപിടുത്തത്തിനാണു ടീമിനു മൈക്കൽ ഫാരഡെ സ്വർണമെഡൽ ലഭിച്ചത്.

പരീക്ഷണത്തിന്റെ പല നിർണായക ഘട്ടങ്ങളിലും തുടർച്ചയായി 36 മണിക്കൂർ വരെ ലാബിൽ ചെലവഴിച്ചിട്ടുണ്ട്. മേസർ പേറ്റന്റിനു പുറമേ ഞാൻ കണ്ടുപിടിച്ച പ്രത്യേക തരം എൽഇഡി ലൈറ്റിനു പേറ്റന്റും 3000 യുകെ പൗണ്ടിന്റെ (318000 രൂപ) അവാർഡും കിട്ടി.

ഇതിനിടെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിൽ അ സിസ്റ്റന്റ് പ്രഫസറായി ജോലി കിട്ടി. മേസറിലെ തുടർ പരീക്ഷണങ്ങൾക്കായി യുകെയിലെ എൻജിനിയറിങ് ആൻഡ് ഫിസിക്കൽ സയൻസ് റിസർച് കൗൺസിലിന്റെ അഞ്ചു കോടി രൂപയുടെ (അര മില്യൺ പൗണ്ട്) സ്കോളർഷിപ് ലഭിച്ചു. നേരത്തേ പേറ്റന്റു നേടിയ എൽഇഡി കൊണ്ടു മേസർ പമ്പു ചെയ്യാനാകുമെന്നു ഞാൻ കണ്ടുപിടിച്ചു.

ഗവേഷണ നേട്ടങ്ങൾക്കൊപ്പം പദവികളും കൈവന്നു. അസോഷ്യേറ്റ് പ്രഫസറായി സ്ഥാനക്കയറ്റവും ഫിസിക്സ് ടീമിന്റെ ആദ്യ വനിതാ ലീഡുമായി.

കുടുംബവും രാഷ്ട്രീയവും

പിഎച്ച്ഡി കഴിഞ്ഞു മതി കുട്ടികൾ എന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇംപീരിയൽ കോളജിൽ മേസർ പരീക്ഷണങ്ങൾ നടക്കുന്നതിനിടെ ഗർഭിണിയായി. ഗർഭകാലത്തിന്റെ ഏഴാം ആഴ്ച തന്നെ ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞു. ഒരു മണിക്കൂർ മെട്രോ യാത്ര ഒഴിക്കാനായി യൂണിവേഴ്സിറ്റി എനിക്കു കാർ വിട്ടു തന്നു.

ഇരട്ടക്കുട്ടികൾ വയറ്റിനുള്ളിൽ പ്രശ്നക്കാരായിരുന്നു. ആഹാരവും പോഷകങ്ങളും ഒരു കുഞ്ഞിനു മാത്രമാണ് കാര്യമായി കിട്ടുന്നത്, രണ്ടാമത്തെയാൾക്ക് അതിന്റെ പ്രശ്നങ്ങൾ ഉണ്ട്. അതു സ്ക്രീൻ ചെയ്യാൻ എല്ലാ ആഴ്ചയും സ്കാനിങ് നടത്തണം. സിസേറിയന് ഒരാഴ്ച മുൻപു വരെ ജോലിക്കു പോയി. യൂണിവേഴ്സിറ്റിയുടെ ഹോസ്പിറ്റലിലായിരുന്നു ഓപ്പറേഷൻ. കൂട്ടിനു സത്യേട്ടൻ മാത്രം.

juna-2

സിസേറിയൻ കഴിഞ്ഞതിന്റെ പിറ്റേന്നു റൂമിലേക്കു മാറ്റി. എന്നെയും കുഞ്ഞുങ്ങളെയും നഴ്സുമാരെ ഏൽപിച്ച് ഡ്രസ്സുകളെടുക്കാൻ സത്യേട്ടൻ വീട്ടിലേക്കു പോയി. കുറച്ചു കഴിഞ്ഞപ്പോൾ കുഞ്ഞുങ്ങൾ കരയുന്നു. അവരെ എടുക്കാനായി ഞാൻ ചാടി എഴുന്നേറ്റു. വയറ്റിലെ സ്റ്റിച്ചുകൾ പൊട്ടി. പിന്നെയും തുന്നലും വേദനയും. ആറുമാസം പ്രസവാവധി ഉണ്ടെങ്കിലും പ്രോജക്ട് പൂർത്തിയാക്കാനായി മൂന്നുമാസം തികയും മുൻപേ തിരിച്ചു ലാബിലെത്തി.

പിഎച്ച്ഡി കാലം മുതൽ സാമൂഹികപ്രവർത്തനങ്ങളിൽ കാര്യമായി ഇടപെടുമായിരുന്നു. കൂടുതൽ പെൺകുട്ടികളെ ഫിസിക്സ് പഠനത്തിലേക്കു കൊണ്ടുവരാനും മറ്റും മുൻകൈ എടുത്തു. അതിനായി സ്കൂളുകളിൽ ഔട്റീച് ക്ലാസ് എടുക്കും. പാരിഷ് കൗൺസിലിലും (പഞ്ചായത്ത്, മുനിസിപ്പാലിറ്റി പോലെ) പ്രവർത്തിച്ചിരുന്നു. അങ്ങനെയാണു ന്യൂകാസിലിലെ എംപിയും സയൻസ്, റിസർച് ആൻഡ് ഇന്നവേഷൻ ഷാഡോ മിനിസ്റ്ററുമായ ഷീ ഓൻവുറ എന്നോടു രാഷ്ട്രീയത്തിൽ താൽപര്യമുണ്ടോ എന്നു ചോദിച്ചത്. ആ ചോദ്യം എന്നെ രാഷ്ട്രീയക്കാരിയാക്കി.

juna-1

ബ്രിട്ടനിലെ ഇന്ത്യൻ പതാക

2019ലാണു ഞങ്ങൾ ന്യൂകാസിലിൽ വന്നത്. മൂന്നു വർഷത്തിനിപ്പുറം 2022ലെ യുകെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്കു വേണ്ടി മത്സരിച്ചു. ഫലം വന്നപ്പോൾ ന്യൂകാസിലിലെ ആദ്യ ഇന്ത്യൻ കൗൺസിലറെന്ന നേട്ടം എന്റെ പേരിലായി. സിറ്റി കൗൺസിലിൽ 78 പ്രതിനിധികളുള്ളതിൽ ആകെ ഏഴുപേരാണു യുകെയ്ക്കു പുറത്തു നിന്നുള്ളവർ. എന്റെ വാർഡിന്റെ ജനസംഖ്യയിൽ 98 ശതമാനവും തദ്ദേശീയർ തന്നെയാണ്. ഇവയൊക്കെ ചേർത്തു വയ്ക്കുമ്പോഴാണ് ഈ വിജയത്തിനു മധുരം കൂടുന്നത്. ആ വർഷമാണു ന്യൂകാസിൽ സിവിക് സെന്ററിനു മുന്നിൽ നമ്മുടെ ദേശീയ പതാക ഉയർത്തിയത്. നാലു വർഷമാണ് കൗൺസിലറുടെ കാലാവധി, അതു കഴിഞ്ഞാൽ എംപിയായി മത്സരിക്കാം.

നാഷനൽ സയന്റിസ്റ്റ് ഫോർ ലേബർ മെംബർഷിപ് സെക്രട്ടറി, ബ്ലോക്‌ലോ ബ്രാഞ്ച് ലേബർ പാർട്ടി ബ്രാഞ്ച് ചെയർപേഴ്സൺ, ന്യൂകാസിൽ സിറ്റി കൗൺസിലിലെ കാലാവസ്ഥാ വ്യതിയാന കമ്മിറ്റിയുടെ വൈസ് ചെയർപേഴ്സൺ, നോർത്താംബ്രിയ പൊലീസ് ആൻഡ് ക്രൈം പാനൽ അംഗം എന്നീ പദവികളും വഹിക്കുന്നുണ്ട്.

ടൈം മാനേജ് ചെയ്യാൻ എനിക്കു വഴികളുണ്ട്. രാവിലെ മൂന്നിന് ഉണരും. കൗൺസിൽ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇമെയിലുകൾ പരിശോധിച്ചു ജോലികൾ തീർക്കും. പിന്നീടു യൂണിവേഴ്സിറ്റി മെയിലുകളും. ക്ലാസ്സെടുക്കാനുള്ള തയാറെടുപ്പുകൾ നടത്തി കുട്ടികളെ സ്കൂളിലേക്കു വിടുന്നതിനൊപ്പം ഞാനും ഒൻപതിനു മുൻപു യൂണിവേഴ്സിറ്റിയിലെത്തും. ലാബും ക്ലാസ്സും ഞാൻ ഗൈഡ് ചെയ്യുന്ന പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ വിദ്യാർഥികളുടെ പ്രോജക്ടുമൊക്കെയായി ജോലികൾ നീളും. ആഴ്ചയവസാനം മിക്കവാറും വാർഡിന്റെ ജോലികളാണു ചെയ്യുക.

ഇതിനെല്ലാം പിന്തുണയോടെ കൂടെ നിൽക്കുന്നത് സ ത്യേട്ടനാണ്. അദ്ദേഹം യുകെ റോയൽ മെയിൽ സർവീസിലാണു ജോലി ചെയ്യുന്നത്. അണ്ടർ സെവൻ ഫുട്ബോൾ കോച്ചായും പ്രവർത്തിക്കുന്നു. ഏഴു വയസ്സുള്ള മക്കൾ മിലൻ സത്യയും മിലിന്ദ് സത്യയും ആ ടീമിലുണ്ട്.

juna-sathyan

വിദേശപഠനം മോഹിക്കുന്നവരോട്

‘‘പഠനത്തിനായി യുകെ പോലുള്ള വിദേശ രാജ്യങ്ങളിലേക്കു പോകുന്നവരോട് ഒന്നേ പറയാനുള്ളൂ. ഇ വിടെയെല്ലാം പഠനത്തോടൊപ്പം ജോലി ചെയ്യാൻ അവസരമുണ്ട്. പക്ഷേ, വളരെ കുറച്ചു സമയം മാത്രമേ അതിനായി നീക്കിവയ്ക്കാവൂ. നന്നായി പഠിക്കാനും നല്ല ഗ്രേഡ് നേടാനും പരിശ്രമിക്കണം. എങ്കിലേ മികച്ച ജോലി സാധ്യത തുറന്നുകിട്ടൂ.

സ്മാർട്ടായ പരിശ്രമവും മികച്ച പ്ലാനിങ്ങും ടൈം മാനേജ്മെന്റുമുണ്ടെങ്കിൽ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാം. മികച്ച കരിയർ സ്വപ്നം കാണുന്നവർ സിവി മെച്ചപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കണം. അവ മുൻതൂക്കം നേടിത്തരും.

മികച്ച അവസരങ്ങളും സ്കോളർഷിപ്പും മത്സരബുദ്ധിയോടെ കാണുന്നവരാണ് ഇത്തരം യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നത്. അതുകൊണ്ട് അക്കാദമിക്സിൽ വിട്ടുവീഴ്ച ചെയ്യുന്നതു നിങ്ങൾക്കു മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്താൻ ഇടയാക്കും.’’ ഡോ. ജൂണ സത്യൻ പറയുന്നു.

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

  </p>