Monday 16 December 2019 12:07 PM IST : By സ്വന്തം ലേഖകൻ

‘രാത്രി ഒരു മണിയ്ക്കുള്ള ആ ഫോണ്‍കോള്‍, എടുത്തപ്പോള്‍ മറുവശത്ത് അണപൊട്ടിയ കരച്ചില്‍!’; ഹൃദയംതൊടും ഡോക്ടറുടെ കുറിപ്പ്

reji889hij

ഒരു ഡോക്ടറുടെ ജീവിതത്തില്‍ രോഗികളില്‍ നിന്ന് ഹൃദയസ്പര്‍ശിയായ അനുഭവങ്ങളുമുണ്ടായേക്കാം. അത്തരമൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഇൻഫെർട്ടിലിറ്റി സ്പെഷലിസ്റ്റുമായ ഡോ. റെജി ദിവാകർ.

ഡോ. റെജി ദിവാകർ പങ്കുവച്ച കുറിപ്പ് വായിക്കാം;

‘അന്നൊരു തിങ്കളാഴ്ച ആയിരുന്നു. കൃത്യമായി പറഞ്ഞാൽ 2015 ഡിസംബറിലെ ഒരു തിങ്കളാഴ്ച. ഉച്ചയ്ക്കു ശേഷമാണ് എനിക്ക് യുകെയിൽനിന്ന് അവളുടെ ഫോൺവിളി എത്തുന്നത്. അപ്പോൾ ഒരു പ്രസവ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു ഞാൻ. വളരെ തിരക്കുള്ള ദിവസം. ശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചധികം രോഗികളെ നോക്കേണ്ടതുമുണ്ട്. നാലു മണി കഴിഞ്ഞു. കുട്ടികളെയും ഭാര്യയെയും കൂട്ടി ഒരു സിനിമയും അവർക്ക് ഇഷ്ടപ്പെട്ട റസ്റ്ററന്റിൽനിന്ന് ഭക്ഷണവും വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇപ്പോൾതന്നെ സമയം വൈകിയിരിക്കുന്നു. ഇതെല്ലാം കൊണ്ടുതന്നെ വിശദമായ സംഭാഷണത്തിനുള്ള മാനസികാവസ്ഥയിലല്ലായിരുന്നു താനും. 

എന്നാ‍ൽ ഫോണെടുത്ത ഞാൻ ഒരു കരച്ചിലാണ് കേട്ടത്. അത് എന്റെ ഹൃദയത്തെ സ്പർശിച്ചു. ഒരു വാക്കുപോലും സംസാരിക്കാൻ അവൾക്കു സാധിക്കുന്നുണ്ടായിരുന്നില്ല. സങ്കടമൊക്കെ മാറി സംസാരിക്കാൻ സാധിക്കുമ്പോൾ വിളിച്ചാൽ മതിയെന്ന് ഞാനവളോടു പറഞ്ഞു. ഒന്നും പറയാതെ അവൾ ഫോണും വച്ചു. വന്ധ്യതയുമായി ബന്ധപ്പെട്ട ഒരു വിളിയാണ് ഇതെന്ന് എനിക്കു തോന്നി. കാരണം ഭൂരിഭാഗം പേരും അവരുടെ അവസ്ഥ പറയാൻ പറ്റാത്ത രീതിയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് വിളിക്കാറുള്ളത്.

എന്നാൽ ഇവിടെ എന്തായിരിക്കും അവൾക്കു പറയാനുള്ളത് എന്നു ഞാൻ ചിന്തിച്ചു. എന്തുതന്നെ ആയാലും അവർക്കു വേണ്ടി ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്തു കൊടുക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചു. ഡിന്നറിനു പോയപ്പോൾ ഈ ഫോൺവിളിയെക്കുറിച്ച് ഞാൻ ഭാര്യയോടും പറഞ്ഞു. അവളും ആകാംക്ഷയിലായിരുന്നു. കുറച്ചു ദിവസങ്ങൾ ഞാനവളുടെ കോൾ പ്രതീക്ഷിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞപ്പോൾ വീണ്ടും അവളുടെ കോൾ എന്നെത്തേടിയെത്തി.

അവളെ നമുക്ക് മീര എന്നു വിളിക്കാം. ഐടി ഉദ്യോഗസ്ഥനെ വിവാഹം കഴിച്ച 34 വയസ്സുകാരി. മധ്യതിരുവിതാംകൂറിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം. അച്ഛനും അമ്മയ്ക്കും ഏക മകൾ. ഭർത്താവും അവളെപ്പോലെ ഏകമകനാണ്. അതുകൊണ്ടുതന്നെ ഗർഭിണിയാകാൻ വൈകിയാൽ എന്താകും സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു. സമ്മർദവും ടെൻഷനും കൂടി തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഒരുവിധം ആശുപത്രികളിലെല്ലാം ഈ പ്രശ്നപരിഹാരത്തിനായി ഇവർ സമീപിച്ചിരുന്നു. എല്ലായിടത്തും പരിശോധനകൾ പലതു കഴിഞ്ഞെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. അതുകൊണ്ടുതന്നെ നിരാശരായി ഇതാകും വിധിയെന്നു കരുതി സമാധാനിച്ചു ജീവിക്കുകയായിരുന്നു.

ഈ സമയത്താണ് ഒരു ഫാമിലി ഫങ്ഷനിൽവച്ച്, എന്റെ പേഷ്യന്റായിരുന്ന രാധയെ (സാങ്കൽപിക പേര്) കാണുന്നത്. രാധയാണ് എന്റെ കോൺടാക്ട് നമ്പർ മീരയ്ക്കു നൽകിയത്. 18 പ്രാവശ്യം അവർ എന്നെ വിളിക്കാൻ ശ്രമിച്ചെങ്കിലും ആശങ്ക കാരണം വേണ്ടെന്നു വയ്ക്കുകയായിരുന്നത്രേ. ഒടുവിൽ 19–ാമത്തെ പ്രാവശ്യമാണ് എന്നെ വിളിച്ചത്. ഈ അവസരത്തിൽ എന്റെ ശബ്ദം കേട്ടപ്പോൾ അവർ കരഞ്ഞുപോയതാണ്. അവരുടെ റിപ്പോർട്ടുകളെല്ലാം എനിക്ക് അയച്ചുതന്നു. അതു പരിശോധിച്ചപ്പോൾ രണ്ടു പേർക്കും കാര്യമായ കുഴപ്പങ്ങളൊന്നുമില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. അവർക്കുവേണ്ടത് ഒരു നല്ല കൗൺസിലിങ്ങും പിന്തുണയും മാത്രമായിരുന്നു. 

പതിയെ അവളുടെ ഭർത്താവും എന്നെ വിളിക്കാൻ തുടങ്ങി. എപ്പോഴാണ് ഞങ്ങൾക്കിടയിൽ ഒരു സഹോദരൻ– സഹോദരി ബന്ധം തുടങ്ങിയതെന്ന് എനിക്ക് ഓർമയില്ല. അവസാനം ഒരു ദിവസം അവർ എന്നെ കാണാൻ വന്നു. പിന്നെ ഇടയ്ക്കിടെ സന്ദർശനം ഉണ്ടായി. കുറച്ച് നാളുകൾക്കു ശേഷം അവർ വീണ്ടും വന്ന് മടങ്ങിപ്പോയി. വീണ്ടും ഒരു ദിവസം അവളുടെ ഫോൺകോൾ എനിക്കു കിട്ടി. ഫോണെടുത്തപ്പോൾ കരച്ചിലാണ് കേട്ടത്. പിന്നെ പതുക്കെ പറഞ്ഞു ‘സാർ ഞാൻ ഗർഭിണിയാണ്’. അപ്പോൾ സമയം വെളുപ്പിന് ഏകദേശം ഒരു മണി ആയിരുന്നു. ആ നിമിഷം എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ധന്യനിമിഷമാണ്. 

ഉടൻ ‍ഞാൻ ഭാര്യയെ വിളിച്ചുണർത്തി കാര്യം പറഞ്ഞു. സന്തോഷമായെങ്കിലും പ്രഗ്നൻസിയിൽ ചെറിയ ആശങ്ക തോന്നി. എന്തെങ്കിലും പ്രശ്നമുണ്ടാകുമോ എന്നൊരു ടെൻഷൻ. അങ്ങനെ തെറ്റായി ചിന്തിക്കേണ്ടെന്നു കരുതി. ഭാര്യ അവൾക്കു വേണ്ടി കൃഷ്ണനോടു പ്രാർഥിച്ചു. ഭഗവാൻ കൃഷ്ണന് ഓരോന്നു വാഗ്ദാനം ചെയ്ത് ചില കാര്യങ്ങൾ അവൾ നിറവേറ്റാറുണ്ട്.  എങ്ങനെയായാലും അതൊരു ഹെൽത്തി പ്രഗ്നൻസി ആയിരുന്നു. ഒരു കുഞ്ഞു മാലാഖപ്പെൺകുഞ്ഞിന് അവൾ ജൻമം നൽകി. ഒരു വർഷത്തിനു ശേഷം കുഞ്ഞുമായി അവർ എന്നെ കാണാനെത്തി. കണ്ടപ്പോൾ അവൾ വീണ്ടും കരയാൻ തുടങ്ങി. കുഞ്ഞിന്റെ പേരു ചോദിച്ച ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എന്റെ മോളുടെ പേരായ മീനാക്ഷി എന്ന പേരാണ് അവർ കുഞ്ഞിനു നൽകിയിരിക്കുന്നത്. പക്ഷേ, ഞങ്ങടെ മീനാക്ഷിക്ക് ഇതു കേട്ടപ്പോൾ ചെറിയൊരു കുശുമ്പൊക്കെ തോന്നിയിരുന്നു. എന്റെ ജീവിതത്തിലെ ഒരു സുന്ദരനിമിഷമായിരുന്നു ഇതെന്നു പറയാതെ വയ്യ.

ഞാനിവിടെ അദ്ഭുതകരമായി ഒന്നും ചെയ്തിട്ടില്ല. ഒരുപക്ഷേ ദൈവം വിചാരിച്ചിരുന്നിരിക്കണം മീരയ്ക്ക് എന്റെ കൈകളിലൂടെ അങ്ങനെയൊരു ഭാഗ്യം ലഭിക്കണമെന്ന്. ഇപ്പോൾ യാതൊരു ചികിത്സകളുമില്ലാതെ മീര രണ്ടാമതൊരു കുഞ്ഞിനെയും ഉദരത്തിലേറ്റിയിരിക്കുകയാണ്. അവരുടെ സന്തോഷം പോലെതന്നെ ഒരു സഹോദരൻ, ഒരു ഡോക്ടർ എന്ന രീതിയിൽ ഇവിടെ ഞാനും സന്തോഷിക്കുന്നു.

Tags:
  • Spotlight
  • Social Media Viral