Friday 25 September 2020 12:19 PM IST : By സ്വന്തം ലേഖകൻ

‘ചെറിയ കാര്യങ്ങൾക്ക് പോലും കുഞ്ഞുങ്ങളെ എടുത്ത് മരണത്തിലേക്ക് നടക്കുന്ന അമ്മമാരോട്; പിറക്കാത്ത കുഞ്ഞിന്റെ ജീവന് വേണ്ടി ഉരുകുന്ന അമ്മമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല’; കുറിപ്പ്

dr-sabbhgugfgf

പിറക്കാത്ത കണ്മണിയ്ക്ക് വേണ്ടി ജീവൻ കളയാൻ പോലും തയാറാകുന്ന അമ്മമാരുണ്ട്. ഗൈനക്കോളജി വിഭാഗത്തിൽ തനിക്കുണ്ടായ അനുഭവം തുറന്നെഴുതിയിരിക്കുകയാണ് ഡോ. സൗമ്യ സരിൻ. "മാതൃത്വം ഒരു വികാരമാണ്. കുഞ്ഞിനെ പ്രസവിച്ചത് കൊണ്ട് ആരും അമ്മയാകുന്നില്ല. സ്വന്തം കുഞ്ഞിനെ മാത്രം സ്നേഹിക്കുന്നവർ ‘അമ്മ’ ആകില്ല എന്നെനിക്ക് തോന്നുന്നു. പണ്ട് ഉണ്ണിക്കണ്ണനെ കൊല്ലാൻ വന്ന പൂതനക്ക് പോലും ഉണ്ണിയെ കണ്ട് മുലപ്പാൽ ചുരന്നത്രെ! പിന്നെ, ചെറിയ കാര്യങ്ങൾക്ക് പോലും കുഞ്ഞുങ്ങളെ എടുത്ത് മരണത്തിലേക്ക് നടക്കുന്ന അമ്മമാരോട് കൂടി ഒരു വാക്ക്. കൊല്ലങ്ങളോളം ഒരു കുഞ്ഞിനായി മരുന്നും മന്ത്രവുമായി കഴിയുന്നവരെ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല. അതിന്റെ ജീവന് വേണ്ടി ഉരുകുന്ന അമ്മമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല. രാപ്പകലില്ലാതെ ഉറക്കമൊഴിച്ചു ആശുപത്രി വരാന്തകളിൽ കഴിച്ചു കൂട്ടുന്ന അവരെ ഞാൻ കണ്ടിട്ടുണ്ട്. ആശുപത്രി ചെലവിനായി നെട്ടോട്ടമോടുന്ന അവരുടെ ഭർത്താക്കന്മാരേയും. നിസ്സഹായരായി കണ്ണുനീർ പൊഴിക്കുന്ന അവരുടെ കുടുംബങ്ങളെയും."- സൗമ്യ ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു. 

ഡോ. സൗമ്യ സരിൻ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ഇന്ന് എന്‍റെ  ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഒരു ദിവസമാണ്! 

വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്! മാതൃത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന കലികാലം! രക്ഷിതാക്കൾ തന്നെ  തന്നെ ഒരു സങ്കോചവും കൂടാതെ സ്വന്തം കുഞ്ഞുങ്ങളുടെ ആരാച്ചാരാകുന്ന കെട്ട  കാലം! എങ്കിൽപ്പോലും പ്രതീക്ഷകളുടെ പൊൻ  കിരണങ്ങൾക്ക് ഒടുക്കമില്ല എന്ന് നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കാൻ ചിലർ ഇടക്ക് നമ്മുടെ ജീവിതത്തിൽ വന്നുകൊണ്ടിരിക്കും. ഞാനും ഒരമ്മയാണെങ്കിൽപോലും എന്നെ അത്ഭുതപ്പെടുത്തിയ എത്രയോ അമ്മമാരുണ്ട്! എന്റെ കൂടെയുള്ള ഇവർ അവരിൽ രണ്ടുപേരാണ്. ഇവരെ നമുക്ക് ആമിനയെന്നും ഫാത്തിമയെന്നും വിളിക്കാം. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു ഏഴു കൊല്ലത്തിലധികമായി! പക്ഷെ ഒരു കുഞ്ഞെന്ന സ്വപ്നം മാത്രം ബാക്കിയായി. പല ചികിത്സകളും ചെയ്തു. രണ്ടുപേരും ഗർഭിണികളാകുകയും ചെയ്തു. പക്ഷെ ആദ്യമാസങ്ങളിൽ തന്നെ അലസിപ്പോയി! 

ആമിനയെ ആണ് ഞാൻ ആദ്യം കാണുന്നത്. ലേബർ റൂമിൽ നിന്നു എമർജൻസി കാൾ വന്നു. മറുവശത്തു ഗൈനെക്കോളജിസ്റ്റ് സുഹൃത് ആണ്, "സൗമ്യ, ഒരു കേസ് വന്നിട്ടുണ്ട്. നമ്മുടെ പേഷ്യന്റ് അല്ല. വേറെ ഒരാശുപത്രിയിൽ നിന്നു വന്ധ്യതാ ചികിത്സ എടുത്ത് ഉണ്ടായ പ്രെഗ്നൻസി ആണ്. അവർ കാണിച്ചു കൊണ്ടിരിക്കുന്നതും വേറെ ആശുപത്രിയിലാണ്. ഇപ്പോൾ ഏഴാം മാസം തുടങ്ങിയിട്ടേ ഉള്ളു. അവരെ കാണിക്കുന്ന ആശുപത്രിയിൽ നവജാതശിശുക്കളുടെ ഐ. സി. യു ഇല്ലാത്തത് കൊണ്ട് ഇങ്ങോട്ട് വിട്ടതാണ്! പ്രസവവേദന തുടങ്ങിയിട്ടുണ്ട്. ഇരട്ടകുട്ടികളാണ്! തൂക്കം വളരെ കുറവാണ്‌. എപ്പോൾ വേണമെങ്കിലും പ്രസവിക്കും! സൗമ്യ വേഗം വരൂ"!

 ഞാൻ ആശുപത്രിയിലേക്ക് ഓടി. അവിടെത്തി നോക്കുമ്പോൾ ആമിനയുടെ കുടുംബം പുറത്തു നിൾക്കുന്നു. അവളുടെ ഉമ്മ കരഞ്ഞു തളർന്നിട്ടുണ്ട്. എന്റെ അടുത്ത ഉത്തരവാദിത്തം അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതാണ്. ചുരുക്കി പറഞ്ഞാൽ "എന്തും സംഭവിക്കാം. ഒരു ഉറപ്പും തരാൻ സാധിക്കില്ല. കാരണം രണ്ട് കുഞ്ഞുങ്ങളാണ്. തൂക്കം ഗ്രാമുകളേ ഉള്ളു. പരമാവധി ശ്രമിക്കാം" എന്നതാണ് അവരെ ഞാൻ പറഞ്ഞു മനസ്സിലാക്കേണ്ടത്!  അവർ എല്ലാം കേട്ടു. ഞാൻ പുറത്തേക്ക് പോകാൻ തുടങ്ങുമ്പോൾ ഉമ്മ എന്റെ കയ്യിൾ പിടിച്ചു പറഞ്ഞു, " ഡോക്ടറെ, ഇനി ഓൾക്ക് വയറ്റിലുണ്ടാവില്ല. കൊറേ നാളത്തെ മരുന്നും മന്ത്രോം കൊണ്ട് ഇണ്ടായതാണ്. എങ്ങനേലും കുട്ട്യോളെ ഞങ്ങക്ക് തരണം." ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം " ഒന്നും  സംഭവിക്കില്ല ഉമ്മ.." എന്ന്  പറഞ്ഞു ഞാൻ ലേബർ റൂമിലേക്ക് കയറി. ആദ്യത്തെ കുഞ്ഞു വന്നു.  ഞരക്കം പോലെ കരയുന്നുണ്ട്.  ഹാവൂ, അത്രയെങ്കിലുമുണ്ടല്ലോ! കുഞ്ഞിനെ ശ്വസനസഹായത്തിനായി സിപാപ് മെഷീനിലേക്ക് മാറ്റി. തൂക്കം എഴുനൂറു ഗ്രാമോളം! 

അടുത്ത കുഞ്ഞിനെ കൊണ്ടുവന്നു.  ഉള്ളിൽ നിന്നു തന്നെ എന്റെ  സിസ്റ്ററുടെ ഉച്ചത്തിൾ ഉള്ള സംസാരം എനിക്ക് കേൾക്കാം. " മാഡം, കുഞ്ഞു ബ്രീത്തിങ് ( ശ്വസനം) ഇല്ല. റെഡി ആയിക്കോളൂ!" ഞാൻ നോക്കുമ്പോൾ  കുഞ്ഞിനു അനക്കമില്ല. തൂക്കം ആദ്യത്തേതിനേക്കാൾ കുറവ്. ഹൃദയമിടിപ്പ് വളരെ പതുക്കെ, ഇല്ല എന്ന് തന്നെ  പറയാം. ഞങ്ങൾ കൃത്രിമശ്വാസം കൊടുത്തു തുടങ്ങി. ശ്വാസനാളത്തിലേക്ക് ട്യൂബ് ഇട്ടു. കുഞ്ഞു പ്രതികരിച്ചു. ഹൃദയമിടിപ്പ് കൂടി, പതുക്കെ ശ്വാസമെടുക്കാൻ തുടങ്ങി. ഞങ്ങളുടെ ശ്വാസവും നേരെ വീണു! ആ കുഞ്ഞിനേയും ശ്വസനസഹായിലേക്ക് മാറ്റി. അന്നു  തുടങ്ങിയ യുദ്ധവും കാത്തിരിപ്പും ഇതാ ഇന്നവസാനിക്കുകയാണ്! 

ഈ രണ്ട് മാസങ്ങൾ അവർ രണ്ടുപേരും പലരീതിയിൾ  ഞങ്ങളെ പരീക്ഷിച്ചു. ഞങ്ങളുടെ രാത്രികൾ  ഉറക്കമില്ലാത്തതാക്കി! പ്രത്യേകിച്ചും രണ്ടാമൻ! മെഷീനിൾ നിന്നു  മാറ്റി കുറച്ചു ദിവസങ്ങൾ  കഴിഞ്ഞപ്പോഴേക്കും വീണ്ടും അവൻ  ശ്വസനം നിർത്തിത്തുടങ്ങി. മൂപ്പെത്താത്ത കുട്ടികൾ അത് പതിവുണ്ട്. പക്ഷെ അപകടമാണ്. കുറച്ചു നിമിഷമെങ്കിലും നമ്മുടെ കണ്ണ് തെറ്റിയാൾ കുഞ്ഞിന്‍റെ  ജീവൻ അപകടത്തിലാകും! അതുകൊണ്ട് അവനെ വെന്റില്ലെറ്ററിലേക്ക്  മാറ്റേണ്ടി വന്നു.. കൂടെ അണുബാധയും! അനേകം ഇഞ്ചക്ഷനുകൾ, അടിക്കടി രക്തം കയറ്റൾ , ദേഹമാസകലം ട്യൂബുകൾ...അങ്ങിനെ അവർ രണ്ടുപേരും ജീവനായി പൊരുതിക്കൊണ്ടിരുന്നു. ഇന്നിതാ  സ്വയം വിജയിച്ചു, ഞങ്ങളെ വിജയിപ്പിച്ചു വീട്ടിലേക്ക് പോകുകയാണ്! 

ഇവർ ജനിച്ചു ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഫാത്തിമ വന്നത്.  ഫാത്തിമ എനിക്ക് അപരിചിത അല്ല. എന്‍റെ  കൂടെ നിക്കുന്ന എന്റെ ഓ. പി. യിലെ സിസ്റ്റർ  ആയിരുന്നു.  രാവിലെയും അവൾ ഡ്യൂട്ടിക്ക് വന്നിരുന്നു.. വൈകീട്ട് കണ്ടില്ല. അന്വേഷിച്ചപ്പോൾ ബി. പി.  അധികമായി ലേബർ റൂമിലാണ് എന്ന് ഒരു സ്റ്റാഫ് പറഞ്ഞു.

വൈകാതെ തന്നെ വിളി വന്നു. ബി. പി കണ്ട്രോൾ ആവുന്നില്ല. അത് മാത്രമല്ല, സ്കാൻ കുറച്ചു കുഴപ്പമാണ്. കുഞ്ഞിലേക്ക് രക്തയോട്ടം പൂർണമായും നിന്നിരുന്നു. ഇനിയും കുഞ്ഞു  ഉള്ളിലിരുന്നാൽ അപകടമാണ്. സിസ്സേറിയൻ ചെയ്തു പുറത്തെടുക്കണം. കുഞ്ഞിന്‍റെ വളർച്ചയും വളരെ കുറവാണ്‌. അറുന്നൂറു ഗ്രാമോളം മാത്രം. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ കാര്യം നോക്കിയിട്ടു കാര്യമില്ല. അമ്മക്ക് വേണ്ടി കുഞ്ഞിനെ പുറത്തെടുത്തേ പറ്റൂ. അല്ലെങ്കിൽ അമ്മയുടെ ജീവൻ ആപത്തിലാകും. ഗൈനെക്കോളജിസ്റ് ഒറ്റശ്വാസത്തിൽ കാര്യം പറഞ്ഞു. ഞാൻ ലേബർ റൂമിൽ കയറി ഫാത്തിമയെ കണ്ടു. അവൾ കരച്ചിലാണ്. രണ്ട് ദിവസം മുമ്പേ കൂടി ഞങ്ങൾ അവളുടെ പ്രസവത്തീയതിയെ പറ്റി ഒക്കെ സംസാരിച്ചതേയുള്ളു. വലിയ സന്തോഷത്തിലായിരുന്നു അവൾ. ഏഴു വർഷത്തിന് ശേഷം ഒരു കുഞ്ഞിനെ കിട്ടുകയാണ്! അവൾ ആണ് ഇപ്പോൾ "സ്വന്തം ജീവൻ രക്ഷിക്കണമെങ്കിൽ കുഞ്ഞിനെ പുറത്തെടുക്കണം" എന്ന ക്രൂര വിധിക്ക് മുന്നിൽ പകച്ചു നിൽക്കുന്നത്!

"ഡോക്ടറെ, ഒരു തരത്തിലും മുന്നോട്ട് പോകാൻ പറ്റില്ലേ?" അവളുടെ നിസ്സഹായാവസ്ഥ കണ്ണുകളിൽ നിന്നു വായിച്ചെടുക്കാമായിരുന്നു. പക്ഷെ ഇങ്ങനെ ഒരു സന്ദർഭത്തിൽ ഒരു കാരണവശാലും അമ്മയെ ബലി കൊടുക്കാൻ സാധിക്കില്ല. അതുകൊണ്ട് സിസ്സേറിയൻ ചെയ്തേ പറ്റൂ എന്ന് ഗൈനെക്കോളജിസ്റ് ഉറപ്പിച്ചു പറഞ്ഞു. പക്ഷെ കുഞ്ഞിന്റെ ജീവന് കുറച്ചെങ്കിലും ഉറപ്പ് പറയാൻ സാധിക്കണമെങ്കിൽ ശ്വാസകോശം വികസിക്കാനുള്ള മരുന്ന് അമ്മക്ക് നൽകി ചുരുങ്ങിയത് പന്ത്രണ്ട് മണിക്കൂർ എങ്കിലും കാത്തുനിൽകണം. ഞങ്ങളുടെ ഗൈനെക്കോളജിസ്റ് ആ റിസ്ക് ഏറ്റെടുത്തു. മരുന്ന് നൽകി, അവളുടെ സമീപത്തു തന്നെ ഇരുന്നു. പന്ത്രണ്ട് മണിക്കൂർ അവളുടെ ബി. പി. നോക്കിക്കൊണ്ട്. ഭാഗ്യവശാൽ ബി. പി. കൂടിയില്ല. അങ്ങിനെ അടുത്ത ദിവസം സിസ്സേറിയൻ നടന്ന്‌. 

പെൺകുഞ്ഞു ആണ്. അറുന്നൂറു ഗ്രാമോളം തൂക്കം. പക്ഷെ ആൾ ഉഷാറായാണ് വന്നത്. ആ മരുന്ന് കൊടുത്തു കാത്തിരിക്കാൻ തീരുമാനിച്ചതിൽ ഞങ്ങൾ സന്തോഷിച്ചു. ശ്വസനസഹായി ആവശ്യമായി വന്നെങ്കിലും അവൾ മിടുക്കിയായിരുന്നു. പക്ഷെ വലിയൊരു അപകടം ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞില്ല. മുലപ്പാൽ ട്യൂബിലൂടെ നൽകിയത് മുതൽ അവൾ മോശമായിത്തുടങ്ങി. പാൽ ദഹിക്കുന്നില്ല! അത് കുടലിൽ അണുബാധ ഉണ്ടാക്കി. അവളുടെ ആരോഗ്യം നാൾക്കു നാൾ മോശമായി. വെന്റില്ലെറ്ററിലായി. ഹൃദയമിടിപ്പും ബി.പി.  യും വരെ താഴ്ന്നു തുടങ്ങി. എല്ലാത്തിനും മരുന്നുകൾ വേണ്ടി വന്നു. രക്തം കട്ട പിടിക്കാതെയായി. ദിവസേന അതിനായി പ്ളേട്ലെറ്റുകൾ കൊടുക്കേണ്ടി വന്നു. ഞങ്ങളുടെ പ്രതീക്ഷ പതുക്കെ പതുക്കെ അസ്തമിച്ചു തുടങ്ങി

പക്ഷെ അവൾ ശെരിക്കും ഒരു പോരാളി ആയിരുന്നു. അവളുടെ ഉമ്മയും! അവൾ പതുക്കെ ചികിത്സയോട് പ്രതികരിച്ചു തുടങ്ങി. വെന്റില്ലെറ്ററിൽ നിന്നു പുറത്തു വന്നു. രക്ത ടെസ്റ്റുകൾ പതുക്കെ നോർമൽ ആയി തുടങ്ങി. അവളും ഈ രണ്ട് മാസമായി ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് ഉമ്മയുടെയും ഉപ്പയുടെയും കൂടെ സ്വന്തം വീട്ടിലേക്ക്. 

ഇത്രയും ദിവസങ്ങൾ കൊണ്ട് ആമിനയും ഫാത്തിമയും ഉറ്റ സുഹൃത്തുക്കളായിരുന്നു. തുടക്കത്തിൽ തുല്യ ദുഖിതർ! എന്നും നിക്ക് ന്‍റെ പുറത്തു നിന്നു കണ്ണീർ പൊഴിച്ചിരുന്നവർ. കുറച്ചു കഴിഞ്ഞപ്പോൾ അവർ പരസ്പരം അവരുടെ സങ്കടങ്ങളും സന്തോഷവുമെല്ലാം പങ്കു വെച്ചു തുടങ്ങി. സ്വന്തം കുഞ്ഞിനെ കാണാൻ വരുമ്പോൾ മറ്റെയാളുടെ കുഞ്ഞിനെ കൂടി കണ്ടിട്ടേ അവർ മടങ്ങിയിരുന്നുള്ളു. ഒരു ദിവസം ഒരാൾക്ക് കിട്ടുന്നത് സന്തോഷവാർത്തയാണെങ്കിൽ മറ്റേയാളോട് പറയാനുള്ളത് മോശം വാർത്തയായിരിക്കും. എങ്കിലും പരസ്പരം അത്താണി ആയി അവർ അവരുടെ പരീക്ഷണകാലം തരണം ചെയ്തു! അതിലൊക്കെ ഉപരി ഒരാൾക്ക് മുലപ്പാൽ കുറയുമ്പോൾ മറ്റെയാൾ സ്വന്തം കുഞ്ഞിന് വേണ്ടി എടുത്തു വെച്ച സ്വന്തം പാൽ മറ്റേ കുഞ്ഞിന് നൽകി! 

എന്നെ അത്ഭുതപ്പെടുത്തിയ  കാര്യം മറ്റൊന്നാണ്. അവർ ഞങ്ങളെ പൂർണമായി വിശ്വസിച്ചു! ഇക്കാലത്തു അത് അപൂർവ്വമായത് കൊണ്ട് തന്നെയാണ് എടുത്തു പറയുന്നത്. രണ്ടുപേരും ക്ഷമയോടെ കാത്തിരുന്നു. നല്ല വാർത്തയും മോശം വാർത്തയും ഒരു പോലെ ഉൾക്കൊണ്ടു. പലപ്പോഴും ചികിത്സയെ പറ്റി ചില അഭിപ്രായങ്ങൾ ചോദിച്ചപ്പോൾ " ഡോക്ടർക്ക് എന്താണ് നല്ലത് എന്ന് തോന്നുന്നത് അത് ചെയ്തോളു!" എന്നു ഒറ്റ സ്വരത്തിൽ പറഞ്ഞു. അതിലൊക്കെയുപരി ആ മൂന്ന്‌ കുഞ്ഞുങ്ങളും ആ രണ്ടു അമ്മമാരുടേതായിരുന്നു! അവർ ആ മൂന്ന്‌ പേരെയും ഒരു പോലെ സ്നേഹിച്ചു. 

മാതൃത്വം ഒരു വികാരമാണ്! കുഞ്ഞിനെ പ്രസവിച്ചത് കൊണ്ട് ആരും അമ്മയാകുന്നില്ല! സ്വന്തം കുഞ്ഞിനെ മാത്രം സ്നേഹിക്കുന്നവർ "അമ്മ" ആകില്ല എന്നെനിക്ക് തോന്നുന്നു. പണ്ട് ഉണ്ണിക്കണ്ണനെ കൊല്ലാൻ വന്ന പൂതനക്ക് പോലും ഉണ്ണിയെ കണ്ട് മുലപ്പാൽ ചുരന്നത്രെ! 

പിന്നെ, ചെറിയ കാര്യങ്ങൾക്ക് പോലും കുഞ്ഞുങ്ങളെ എടുത്ത് മരണത്തിലേക്ക് നടക്കുന്ന അമ്മമാരോട് കൂടി ഒരു വാക്ക്.കൊല്ലങ്ങളോളം ഒരു കുഞ്ഞിനായി മരുന്നും മന്ത്രവുമായി കഴിയുന്നവരെ നിങ്ങൾ അറിഞ്ഞിട്ടുണ്ടാകില്ല! അതിന്റെ ജീവന് വേണ്ടി  ഉരുകുന്ന അമ്മമാരെ നിങ്ങൾ കണ്ടിട്ടുണ്ടാകില്ല! രാപ്പകലില്ലാതെ ഉറക്കമൊഴിച്ചു ആശുപത്രി വരാന്തകളിൽ കഴിച്ചു കൂട്ടുന്ന അവരെ ഞാൻ കണ്ടിട്ടുണ്ട്! ആശുപത്രി ചെലവിനായി നെട്ടോട്ടമോടുന്ന അവരുടെ ഭർത്താക്കന്മാരേയും! നിസ്സഹായരായി കണ്ണുനീർ പൊഴിക്കുന്ന അവരുടെ കുടുംബങ്ങളെയും! 

ഇന്നവർ സ്വന്തം വീടുകളിലേക്ക് പോകുകയാണ്! ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ! ഞങ്ങളുടെ കുഞ്ഞുങ്ങൾ നല്ലവരായി വളരട്ടെ! 

കുഞ്ഞുങ്ങൾ നിധികളാണ്! 

എല്ലാർക്കും കിട്ടാത്ത നിധികൾ! വിലയറിയാതെ വലിച്ചെറിയരുത്! 

അപേക്ഷയാണ്! 

Tags:
  • Spotlight
  • Social Media Viral