Monday 22 July 2019 10:31 AM IST : By സ്വന്തം ലേഖകൻ

'വാട്സാപ്പിനോട് പോകാൻപറ, നിങ്ങൾ ധൈര്യായിട്ട് കർക്കടകത്തിൽ മുരിങ്ങയില കഴിക്ക്!'; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയം

drumstickleaves66666

കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കുന്നതിനെപ്പറ്റി നിരവധി ആശയക്കുഴപ്പങ്ങൾ നമ്മുടെ സമൂഹത്തിലുണ്ട്. കർക്കടകത്തിൽ മുരിങ്ങയില വിഷമയമാകും, കഴിക്കരുത് എന്നിങ്ങനെയുള്ള സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഈ വിഷയത്തെപ്പറ്റി ഡോക്ടർ ഷിംന അസീസ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ഡോ. ഷിംന അസീസ് എഴുതിയ കുറിപ്പ് വായിക്കാം; 

ശ്രദ്ധിക്കൂ കുട്ടികളേ,

കർക്കടകത്തിൽ മുരിങ്ങയില വിഷമയമാകും എന്നൊരു വാട്ട്‌സ്ആപ്പ് മെസേജ്‌ കിട്ടിയോ? കിണറിന്റടുത്ത്‌ മുരിങ്ങ വയ്ക്കുന്നത്‌ കിണറ്റിലെ വിഷം വലിച്ചെടുക്കാനുള്ള ജാംബവാന്റെ കാലത്തെ കൊടൂര ടെക്‌നോളജി ആണെന്നറിഞ്ഞ്‌ നിങ്ങൾ ഞെട്ടിയോ? ഉണ്ടേലും ഇല്ലേലും ഇവിടെ കമോൺ.

ആദ്യത്തെ ചിത്രത്തിൽ ബൊക്കേ പോലെ പിടിച്ചിരിക്കുന്ന സാധനമാണ്‌ മുരിങ്ങയില അഥവാ Moringa oleifera ഇല. ഈ സാധനം ഒരു പാവം മരമാകുന്നു. എന്നാൽ കണക്ക്‌ വച്ച്‌ നോക്കുമ്പോൾ ഇരുമ്പ്, പ്രൊട്ടീൻ, കാർബോഹൈഡ്രേറ്റ്‌, ഫാറ്റ്‌, പൊട്ടാസ്യം, മഗ്‌നീഷ്യം, മാംഗനീസ്‌, നാരുകൾ തുടങ്ങി പോഷകങ്ങളുടെ ഒരു രക്ഷേമില്ലാത്ത കലവറയാണ്‌. ഇതിലൊന്നും വാട്ട്‌സ്ആപ് മെസേജിൽ ഉള്ള 'സയനൈഡ്‌' ഇല്ലല്ലോ എന്നാണോ ഓർത്തത്‌? അതില്ല, അത്ര തന്നെ.

ഇനി കർക്കടകത്തിൽ മാത്രം വിഷമുണ്ടാകുമോ? സോറി, മുരിങ്ങേടെ കൈയിൽ കലണ്ടറോ മഴമാപിനിയോ ഇല്ല. കർക്കടകത്തിലെ മഴയാണോ പ്രളയമാണോ എന്നൊന്നും അതിന്‌ മനസ്സിലാകുകയുമില്ല. അതിനാൽ തന്നെ, വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളിയും പച്ചമുളകും വെളുത്തുള്ളിയും ഉപ്പുമിട്ട്‌ മുരിങ്ങയില വഴറ്റി രണ്ട്‌ മുട്ടയും പൊട്ടിച്ചൊഴിച്ച്‌ 'സ്‌ക്രാംബിൾഡ്‌ എഗ്ഗ്‌ വിത്ത്‌ മുരിങ്ങയില' എന്ന ലോകോത്തര വിഭവം ടിഫിനിൽ പാക്ക്‌ ചെയ്‌ത്‌ മക്കളെ സ്‌കൂളിലേക്ക്‌ പറഞ്ഞ്‌ വിട്ടിട്ടുണ്ട്‌. 

എന്റെ പങ്ക്‌ നുമ്മടെ ചോറിന്റൊപ്പവുമുണ്ട്‌. കൂടെ തേങ്ങയും വാളൻപുളിയും ചെറിയുള്ളിയും കറിവേപ്പും പച്ചമുളകും ഒരല്ലി വെളുത്തുള്ളിയും മുളക്‌പൊടീം ഒക്കെ ചേർത്തരച്ച ചമ്മന്തീം ഉണ്ട്‌. ഒരു വഴിക്ക്‌ പോണതല്ലേ, ഇരിക്കട്ടെ. മഴ കൊണ്ട്‌ മുരിങ്ങക്ക്‌ തളിരൊക്കെ വരുന്ന കാലമാണ്‌. വാട്ട്‌സാപ്പിനോട്‌ പോവാമ്പ്ര, നിങ്ങൾ ധൈര്യായി കഴിക്കെന്ന്‌. ഇങ്ങനത്തെ മെസേജൊക്കെ പടച്ച്‌ അയക്കുന്നവർ ഓരോ മുരിങ്ങ തൈ വീതം നട്ട്‌ മനുഷ്യൻമാർക്ക്‌ ശരിക്കും ഉപകാരമുള്ള വല്ലതും കൂടി ചെയ്യാൻ ശ്രദ്ധിക്കുമല്ലോ.

അപ്പോ എല്ലാർക്കും, ഹാപ്പി മുരിങ്ങ ഈറ്റിങ്ങ്‌ ഡേ...

Tags:
  • Spotlight
  • Social Media Viral